Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിഷ്ണു പ്രണോയിയെ 'ഔദ്യോഗിക രക്തസാക്ഷി'യാക്കാത്ത എസ്എഫ്ഐ പ്രസിഡന്റിനെ തിരുത്തി സെക്രട്ടറി; രക്തസാക്ഷികൾ ഔദ്യോഗികവും അനൗദ്യോഗികവും ഇല്ലെന്ന് വിജിൻ; താനെന്തൊരു തോൽവിയാണെന്ന് ജെയ്കിനോട് സോഷ്യൽമീഡിയ

ജിഷ്ണു പ്രണോയിയെ 'ഔദ്യോഗിക രക്തസാക്ഷി'യാക്കാത്ത എസ്എഫ്ഐ പ്രസിഡന്റിനെ തിരുത്തി സെക്രട്ടറി; രക്തസാക്ഷികൾ ഔദ്യോഗികവും അനൗദ്യോഗികവും ഇല്ലെന്ന് വിജിൻ; താനെന്തൊരു തോൽവിയാണെന്ന് ജെയ്കിനോട് സോഷ്യൽമീഡിയ

അരുൺ ജയകുമാർ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും പഠനസൗകര്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്തി ജീവൻ കൊടുക്കേണ്ടിവന്ന ജിഷ്ണു പ്രണോയ് എസ്എഫ്ഐയുടെ ഔദ്യോഗിക രക്തസാക്ഷിയല്ലെന്ന സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിനെ തിരുത്തി സംസ്ഥാന സെക്രട്ടറി എം വിജിൻ. എസ്എഫ്ഐക്ക് രക്തസാക്ഷികളിൽ ഔദ്യോഗികമെന്നോ അനൗദ്യോഗികമെന്നോ ഇല്ലെന്നും ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും വിജിൻ മറുനാടൻ മലയാൽയോടു പറഞ്ഞു.

എസ്എഫ്ഐയുടെ രക്തസാക്ഷികളിൽ ജിഷ്ണു പ്രണോയ് ഉൾപ്പെടില്ലെന്നു നാരദാ ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് ജെയ്ക് പറഞ്ഞത്. ജെയ്കിന്റെ പ്രസ്താവനയെ വളച്ചൊടിച്ചാണു പ്രസിദ്ധീകരിച്ചതെന്നു താൻ കരുതുന്നതായും വിജിൻ പറഞ്ഞു.

വിജിന്റെ വാക്കുകളിലേക്ക്

പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം എന്താണെന്നാൽ എസ്എഫ്ഐക്ക് രക്തസാക്ഷികളുടെ കാര്യത്തിൽ ഔദ്യോഗികം അനൗദ്യോഗികം എന്ന വേർതിരിവൊന്നും ഇല്ല. അത്തരത്തിൽ പുറത്ത് വരുന്ന വാർത്തകൾ തെറ്റാണ്്. എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ 32 രക്തസാക്ഷികളുടെ പട്ടികയാണ് ഉള്ളത്. അതിൽ ജിഷ്ണു പ്രണോയ് ഉൾപ്പെടില്ലെന്നാണ് ജെയ്ക് സി തോമസ് പറഞ്ഞത്. ആ പറഞ്ഞ 32 എസ്എഫ്ഐ പ്രവർത്തകരും രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ടതാണ്. അതുകൊണ്ടാണ് ആ പട്ടികയിൽ ജിഷ്ണു ഉൾപ്പെടാത്തത്. രാഷ്ട്രീയ എതിരാളികളായ ആർഎസ്എസ്, എൻഡിഎഫ് എന്നിവരാൽ കൊല്ലപ്പെട്ടവരാണ് ആ പട്ടികയിലുള്ളത്.

സ്വാശ്രയ മാനേജ്മെന്റുകളുടെ ഗുണ്ടായിസത്തിനെതിരെയുള്ള പോരാട്ടത്തിലെ കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി തന്നെയാണ് ജിഷ്ണുവെന്നും വിജിൻ പറയുന്നു. ജിഷ്്ണു രക്തസാക്ഷിയണെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട. വായിക്കുന്ന ഏതൊരാൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് വാർത്ത പുറത്തുവന്നത്. സ്‌കൂൾ കാലഘട്ടം മുതൽ എസ്എഫ്ഐ സമ്മേളത്തിൽ ഉൾപ്പടെ സജീവമായി പ്രവർത്തിച്ചയാളാണ് ജിഷ്ണു പ്രണോയ്. ജിഷ്ണുവിന്റെ വീട്ടിൽ നാലു തവണ പോയതാണ്. അവൻ എസ്എഫ്ഐ പ്രവർത്തകനാണെന്നും സമ്മേളനത്തിൽ പങ്കെടുത്ത ബാഡ്ജ് ഉൾപ്പടെ വീട്ടുകാർ കാണിച്ച് തന്നിട്ടുണ്ട്.

പിന്നീട് പാമ്പാടി നെഹ്റു കോളേജിൽ ചേർന്നെങ്കിലും അവിടെ എസ്എഫ്ഐ സംഘടന ഇല്ലായിരുന്നു. അവന്റെ മരണത്തിന് ശേഷമാണ് കോളേജിൽ യൂണിറ്റ് രൂപീകരിച്ചത്. ജിഷ്ണുവിന്റെ മരണത്തിന് ശേഷം കാസർഗോഡ് ഉൾപ്പടെയുള്ള സമ്മേളനങ്ങൾ നടന്നത് പോലും ജിഷ്ണു പ്രണോയ് നഗറുകളിലാണ്. സ്വാശ്രയ മാനേജ്മെന്റുകളുടെ ക്രൂരതയ്ക്കിരയായി മരിച്ച രജനി എസ് ആനന്ദിന്റെ ഉൾപ്പെടെ അനുസ്മരണ ദിനങ്ങൾ എല്ലാ വർഷവും
ക്യാമ്പസുകളിൽ നടത്താറുണ്ട്. ഇതേ വാക്കുകൾ തന്നെയാണ് ജെയ്ക് സി തോമസ് ഉപയോഗിച്ച വാക്കുകളെന്നും വിജിൻ പറയുന്നു. പക്ഷേ വാർത്ത വന്നത് ജിഷ്ണുവിനെ മോശപ്പെടുത്തുന്ന രീതിയിലാണെന്നും വിജിൻ പറയുന്നു.

ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരിടേണ്ടി വന്ന അനുഭത്തിൽ എസ്എഫ്ഐ മൗനം പാലിക്കുന്നു എന്ന പറയുന്നത് ഏതർഥത്തിലാണെന്നും മനസിലാകുന്നില്ലെന്നും വിജിൻ പറയുന്നു. ജിഷ്ണുവിന്റെ അമ്മയുടെ കണ്ണീരിനെക്കുറിച്ചാണ് എല്ലാ പത്രങ്ങളും ഇന്ന് സംസാരിക്കുന്നത്. ഈ അമ്മ ഇതിലും നെഞ്ച്പൊട്ടി കരഞ്ഞ ഒരു ദിവസമുണ്ടായിരുന്നു ജനുവരി ഏഴിന് ജിഷ്ണുവിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ. അന്ന് ആ അമ്മയുടെ കണ്ണീർ ആദ്യം കണ്ടത് എസ്എഫ്ഐയാണ്. ഇവിടെയുള്ള ഓൺലൈൻ പത്രങ്ങളും സോഷ്യൽ മീഡിയയും ഒഴികെയുള്ള എല്ലാ മുഖ്യധാര മാധ്യമങ്ങളും നെഹ്റു കോളേജ് എന്ന പേര് പോലും നൽകാൻ മടിച്ചവരാണ്. ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കോളേജ് അടിച്ചു തകർത്തപ്പോൾ ആദ്യം പുറത്ത് വന്ന വാർത്ത പോലും എസ്എഫ്ഐ കോളേജ് അടിച്ച് തകർത്തു എന്നരീതിയിലാണ്.

ജിഷ്ണുവിന്റെ മരണത്തിന് ശേഷം നാലു തവണ വീട്ടിൽ പോയിരുന്നു. ജിഷ്ണുവിന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നും ചൂണ്ടിക്കാണിച്ച് ഉത്തരവാദികളെ പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞത് ആ അമ്മ ഞങ്ങളോടാണ്. അത് ഏറ്റെടുത്തുകൊണ്ട് സമരത്തിലേക്ക് പോകുമ്പോൾ ഞങ്ങൾക്ക് അറിയാമായിരുന്നു കൃഷ്ണദാസിനെതിരെ ഒരു മാധ്യമങ്ങളും വാർത്ത നൽകില്ലെന്നും അതുകൊണ്ട് തന്നെ ഫേസ്‌ബുക്ക് ലൈവ് നൽകിയാണ് സമരത്തിന് പ്രചാരണം നൽകാൻ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP