Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടിറച്ചിയും മദ്യവുമെല്ലാം കൃത്യമായി എത്തിച്ചാൽ ഊരുകളിലെ മേലാളായി; വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തൊടില്ല; നിലമ്പൂരിലെ ചോലനായ്ക്കരുടെ ഊരുകളിൽ വേട്ടക്കാരുടെ എണ്ണമേറിയപ്പോൾ നിസ്സഹായരായി ഇരകൾ; ഉത്തരവാദി ആരെന്നുപോലുമറിയാതെ 13വയസ്സുകാരിക്ക് ഗർഭം; മറ്റൊരു 13കാരി വയറ്റിൽ ചുമക്കുന്നത് രണ്ടാംകുഞ്ഞിനെ; പോക്‌സോ കേസായിട്ടും എല്ലാം സാധാരണമെന്ന് തള്ളി പൊലീസും

കാട്ടിറച്ചിയും മദ്യവുമെല്ലാം കൃത്യമായി എത്തിച്ചാൽ ഊരുകളിലെ മേലാളായി; വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തൊടില്ല; നിലമ്പൂരിലെ ചോലനായ്ക്കരുടെ ഊരുകളിൽ വേട്ടക്കാരുടെ എണ്ണമേറിയപ്പോൾ നിസ്സഹായരായി ഇരകൾ; ഉത്തരവാദി ആരെന്നുപോലുമറിയാതെ  13വയസ്സുകാരിക്ക് ഗർഭം; മറ്റൊരു 13കാരി വയറ്റിൽ ചുമക്കുന്നത് രണ്ടാംകുഞ്ഞിനെ; പോക്‌സോ കേസായിട്ടും എല്ലാം സാധാരണമെന്ന് തള്ളി പൊലീസും

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ മേഖലയിൽ വസിക്കുന്ന നാമാവശേഷമായി കൊണ്ടിരിക്കുന്ന ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികൾ ഗർഭിണികളായി. നിലമ്പൂർ മാഞ്ചീരി ആദിവാസികോളനിയിലെ ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട രണ്ട് പതിമൂന്ന് വയസ്സുകാരികൾക്കാണ് ഗർഭമുള്ളത്. ഇതിൽ ഒരാളുടെ ഗർഭത്തിന് ഉത്തരവാദി ആരാണെന്നുപോലും ആർക്കും അറിയാത്ത അവസ്ഥയാണ്. മറ്റൊരുപെൺകുട്ടി വയറ്റിൽചുമക്കുന്നത് രണ്ടാംകുഞ്ഞിനെയാണ്. നേരത്തെ വിവാഹിതയായ ഈ പെൺകുട്ടിക്ക് ഒന്നര വയസ്സുള്ള മറ്റൊരുകുഞ്ഞുകൂടിയുണ്ട്.

വിവാഹംകഴിയാതെ നാലുമാസം ഗർഭിണിയായ പെൺകുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടതാണ്. മുത്തശ്ശന്റെ കൂടെയാണ് ഈ പെൺകുട്ടിയുടെ താമസം. ഒന്നിലധികം വിവാഹം കഴിച്ച ഇയാളുടെ സ്വഭാവ രീതിക്കെതിരെ നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഏഷ്യാഉപഭൂഖണ്ഡത്തിലെ ഏക പ്രാക്തന ആദിവാസി വിഭാഗവും ഗുഹാവാസികളുമായ ചോലനായ്ക്ക വിഭാഗത്തിപ്പെട്ട പ്രാപുർത്തിയാകാത്ത പെൺകുട്ടികളാണ് ഗർഭിണികളായിട്ടുള്ളത്.

നിലവിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈ വിഭാഗത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവർ അഞ്ഞൂറിൽ താഴെയുള്ളവർ മാത്രമായിട്ടും ഇക്കൂട്ടർ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനോ, ആവശ്യമായ വിദ്യാഭ്യാസം നൽകാനോ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല, ഈരണ്ടുപെൺകുട്ടികളും നേരത്തെ പഠനം നിർത്തിയവരാണ്. ഈ വിഭാഗത്തിൽ നിന്നുള്ള യുവാവായ വിനോദ് ബിരുദാനന്തര ബിരുദംവരെ നേടിയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ചോലനായക്ക വിഭാഗം പീഡനത്തിനിരയാകുന്നത് മുഖവിലക്കെടുക്കാൻ അധികൃതർ തെയ്യാറാകുന്നില്ല, കുട്ടികൾ ഗർഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിൽ കൃത്യമായ നിയമ നടപടി സ്വീകരിക്കാൻ പ്രയാസമുണ്ടെന്നുമാണ് നിലമ്പൂർ ഐ.ടി.ഡി.പി.ഓഫീസർ ടി.ശ്രീകുമാർ പറയുന്നത്. ഇവർക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നുണ്ടെന്നും, മറ്റുസഹായങ്ങളും ആവശ്യമാണെങ്കിൽ എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ താമസിക്കുന്ന സ്വന്തം കൂരയിൽ പോലും യാതൊരു സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണിവർക്ക്. വിദ്യാഭ്യാസംപോലും പാതിവഴിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ മരണപ്പെട്ട 13 വയസ്സുകാരി നാലുമാസം ഗർഭിണിയായ വിവരം അറിഞ്ഞിട്ടും പോക്സോ കേസായിട്ടും സംഭവത്തിൽ ഒരു നിയമ നടപടിപോലും സ്വീകരിക്കാതെ ഇത് ഇവിടെ സ്ഥിരമുണ്ടാകുന്നതാണെന്ന് പറഞ്ഞ് എഴുതിത്ത്ത്തള്ളുന്ന നിലപാടിലാണ് അധികൃതർ.
നേരത്തെ മാഞ്ചീരി കോളനിയിലെ ഭർതൃമതിയായ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്കുകൂടി കൂട്ടിക്കൊടുത്ത ജീപ്പ് ഡ്രൈവർ അറസ്റ്റിലായിരുന്നു. ചോലനായ്ക്കരെ കാട്ടിൽനിന്നു നാട്ടിലെക്കെത്തിക്കുന്ന ജീപ്പ് ഡ്രൈവർ ചള്ളിപ്പാടൻ മുഹമ്മദ് എന്ന ചെറിയാണ് അന്ന് അറസ്റ്റിലായിരുന്നത്. ഇയാളിൽ നിന്ന് യുവതിക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. മകന്റെ പിതാവ് ചെറിയാണെന്നു യുവതി മൊഴി നൽകിയതോടെ കുഞ്ഞിനു ചെലവിനു നൽകാൻ ചെറിയോട് കോടതി നിർദ്ദേശിച്ചിരുന്നു.

മാഞ്ചീരി, പാട്ടക്കരിമ്പ്, മുണ്ടക്കടവ് കോളനികളിൽ ഇപ്പോഴും അവിവാഹിത അമ്മമാരുണ്ട്. വനത്തിൽ കൂപ്പുജോലിക്കും മറ്റുമായി എത്തുന്നവർക്കു നിയന്ത്രണങ്ങളില്ലാത്ത സ്ഥിതിയായിരുന്നു. ജോലിക്കെത്തുന്ന ആദിവാസിസ്ത്രീകൾക്കു മദ്യം നൽകിയാണു പലപ്പോഴും പീഡനത്തിന് ഇരയാക്കിയിരുന്നത്. അമ്പുമല, പ്ലാക്കൽചോല, അപ്പൻകാപ്പ്, സുൽത്താൻപടി തുടങ്ങിയ ആദിവാസി കോളനികളിൽ പുറത്തുനിന്നുള്ളവർ ദുരുദ്ദേശ്യത്തോടെ കടക്കുന്നതായി വ്യാപകപരാതിയുണ്ട്. ആശുപത്രികളിൽപോലും പോകാതെ ഊരുകളിലും, ഗുഹകളിലും വരെ പ്രസവിക്കുന്ന ആദിവാസി യുവതികൾ ഇപ്പോഴും മാഞ്ചീരി കോളനിയിലുണ്ട്.

മദ്യം നൽകിയുള്ള ചൂഷണവും പീഡനവും

സാമ്പത്തികചൂഷണത്തിനു പുറമേ, ചോലനായ്ക്ക യുവതികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നതും കൂടുതലും പുറത്തുനിന്നുള്ളവരാണ്. മൂന്നുവർഷം മുമ്പ് മാഞ്ചീരി കോളനിയിലെ ഭർതൃമതിയായ ഇരുപത്തിമൂന്നുകാരിയുടെ അനുഭവംതന്നെ ഉദാഹരണം. അവളെ പീഡിപ്പിച്ചതും പിന്നീടു മറ്റുള്ളവർക്കു കൂട്ടിക്കൊടുത്തതും ചോലനായ്ക്കരെ കാട്ടിൽനിന്നു നാട്ടിലെക്കെത്തിക്കുന്ന ജീപ്പ് ഡ്രൈവർ ചള്ളിപ്പാടൻ മുഹമ്മദ് എന്ന ചെറിയാണ്.ഇയാളിൽനിന്ന് യുവതിക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തു. മകന്റെ പിതാവ് ചെറിയാണെന്നു യുവതി മൊഴി നൽകിയതോടെ കുഞ്ഞിനു ചെലവിനു നൽകാൻ കോടതി നിർദ്ദേശിച്ചു. ഇതേത്തുടർന്നാണു യുവതിക്കു മദ്യം നൽകി ആറുപേർകൂടി പീഡിപ്പിച്ചത്.
ചെറിതന്നെയാണ് അവളെ അവർക്ക് എത്തിച്ചുനൽകിയത്. സർക്കാർ ഉദ്യോഗസ്ഥരെക്കാൾ സ്വാധീനമായിരുന്നു ചെറിക്കു കോളനിയിൽ.

ആദിവാസികൾ ഇയാളെ ബഹുമാനത്തോടെ മേലാൾ എന്നാണു വിളിച്ചിരുന്നത്. 2016 മെയ്‌ 23-നാണ് ചെറി യുവതിയെ നാട്ടിലെത്തിച്ചു നിരവധിപേർക്കു കാഴ്ചവച്ചത്. മദ്യംനൽകി യുവതിയേയും ഭർത്താവിനെയും വശത്താക്കുകയായിരുന്നു. മദ്യലഹരിയിൽ യുവതി കരുളായി ടൗണിൽ നിൽക്കുന്നതു മഹിളാ സമഖ്യ സേവിനി ഫസീലയെ ആരോ അറിയിച്ചതോടെയാണു പീഡനവിവരം പുറത്തായത്. തുടർന്ന് യുവതിയെ കോളനിയിലേക്കു മടക്കിയയച്ചെങ്കിലും ജീവനു ഭീഷണിയുള്ളതിനാൽ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. 10 വർഷമായി കോളനിയിലേക്കു സ്വന്തം ജീപ്പിൽ ട്രിപ്പ് നടത്തുകയായിരുന്ന ചെറി, സാരിയും മദ്യവും വാഗ്ദാനം ചെയ്താണു ഭർത്താവിനും കുഞ്ഞിനുമൊപ്പം യുവതിയെ കൂട്ടിക്കൊണ്ടുപോയത്. നിർധനരും നിരക്ഷരരുമായ ചോലനായ്ക്കരെ എത്ര നിസാരമായി ചൂഷണത്തിനു വിധേയരാക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു. ഏഴുപ്രതികളിൽ ചെറിയടക്കം നാലുപേർ ആദ്യം അറസ്റ്റിലായി. തുടർന്നാണു നിലമ്പൂർ മജിസ്ട്രേറ്റ് മുമ്പാകെ യുവതി രഹസ്യമൊഴി നൽകിയത്.

ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരെ ഓർത്തായിരുന്നു അധികൃതരുടെ വേവലാതി. സംഭവത്തിൽ ജീപ്പ് ഡ്രൈവറെ കുടുക്കിയതാണെന്ന മട്ടിലായിരുന്നു പ്രചാരണങ്ങൾ. കാട്ടിറച്ചിയും മദ്യവുമെല്ലാം എത്തിച്ചുനൽകി ഇയാൾ ചെക്പോസ്റ്റിലെ വനംവകുപ്പ് ജീവനക്കാർക്കും പ്രിയപ്പെട്ടവനായിരുന്നു. ആദിവാസികൾക്കു നൽകേണ്ട മരുന്നുകൾ ഇയാൾവശം കൊടുത്തയച്ച് ജോലി എളുപ്പമാക്കിയിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ഇയാൾ വേണ്ടപ്പെട്ടവനായി. കാട്ടിൽനിന്നു രഹസ്യവിവരങ്ങൾ എത്തിച്ചുനൽകി പൊലീസ് ഉദ്യോഗസ്ഥരുടെ ഇൻഫോർമർ ആയും ഇയാൾ പ്രവർത്തിച്ചു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ യുവതിക്കു സ്വഭാവദൂഷ്യമുണ്ടെന്നു വരുത്തിത്തീർക്കാൻ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ മത്സരിച്ചു. പ്രശ്നം ഗുരുതരമാകുന്നത് അറിഞ്ഞപ്പോൾ ഇവരെല്ലാം തലയൂരുകയും ചെയ്തു.

മനസിന്റെ താളം തെറ്റുമ്പോൾ

മാനസികവെല്ലുവിളി നേരിടുന്ന ചോലനായ്ക്കരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്. മാഞ്ചീരി മേഖലയിലെ ബാലൻ, മണ്ണള സച്ചിൻ, മണ്ണള കുങ്കൻ, കൂട്ടുമല ചാത്തൻ, കുപ്പുമല ചാത്തൻ, മാതു, കുപ്പുമല കാളൻ, ജയരാജ്, പൂച്ചപ്പാറ ആനി, കരിക്ക, വീരൻ, ചാത്തൻ, അച്ചനള ചാത്തി, മണ്ണള വീരന്റെ മകൻ, പാട്ടക്കരിമ്പിലെ നിഷയുടെ സഹോദരി എന്നിവരെല്ലാം മനസിന്റെ താളം തെറ്റിയവരാണ്. ഉൾക്കാടുകളിൽ കഴിയുന്ന ഇവരെ ചികിത്സിക്കാനോ കൗൺസലിങ് നൽകാനോ സംവിധാനങ്ങളൊന്നുമില്ല. നാട്ടിലെത്തിച്ചാൽതന്നെ ഇവർക്കു ഡോക്ടർമാരോട് ആശയ വിനിമയം സാധ്യമാകുന്നില്ല. ചികിത്സ നൽകിയാലും തുടർപരിചരണത്തിനും പുനരധിവാസത്തിനും മാർഗമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP