Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൊഴിയെടുക്കലിന് പോയപ്പോൾ വനിതാപൊലീസുകാർ ഒരുതീവ്രവാദിയോടെന്ന പോലെയാണ് പെരുമാറിയത്; മുടിയും വസ്ത്രങ്ങളുമെല്ലാം വളരെ പരുക്കനായി അഴിച്ചുപരിശോധിച്ചു; എന്റെ ഭാവിക്ക് ഒരുദോഷവും വരില്ലെന്നും ജോലി തിരിച്ചുകിട്ടുമെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞപ്പോൾ എനിക്ക് നീതി കിട്ടിയാൽ മതിയെന്നായിരുന്നു മറുപടി; കമ്മിറ്റിയിൽ ഇന്ദിര ബാനർജി നിഷ്പക്ഷയായിരുന്നു; ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണ പരാതി മൂന്നംഗ സമിതി തള്ളിയപ്പോൾ താൻ തകർന്നുപോയെന്നും പരാതിക്കാരി

മൊഴിയെടുക്കലിന് പോയപ്പോൾ വനിതാപൊലീസുകാർ ഒരുതീവ്രവാദിയോടെന്ന പോലെയാണ് പെരുമാറിയത്; മുടിയും വസ്ത്രങ്ങളുമെല്ലാം വളരെ പരുക്കനായി അഴിച്ചുപരിശോധിച്ചു; എന്റെ ഭാവിക്ക് ഒരുദോഷവും വരില്ലെന്നും ജോലി തിരിച്ചുകിട്ടുമെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞപ്പോൾ എനിക്ക് നീതി കിട്ടിയാൽ മതിയെന്നായിരുന്നു മറുപടി; കമ്മിറ്റിയിൽ ഇന്ദിര ബാനർജി നിഷ്പക്ഷയായിരുന്നു; ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണ പരാതി മൂന്നംഗ സമിതി തള്ളിയപ്പോൾ താൻ തകർന്നുപോയെന്നും പരാതിക്കാരി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'ഒക്ടോബർ മുതൽ മോശം കാലമാണ്. ഇപ്പോൾ ആരെയും വിശ്വാസമില്ലാതെയും ആയിരിക്കുന്നു. സത്യം മാത്രമേ പറഞ്ഞുള്ളുവെങ്കിലും എല്ലാവരും എനിക്കെതിരായിരിക്കുന്നു'. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ വാക്കുകളാണിത്. ആഭ്യന്തര അന്വേഷണ സമിതി പരാതി തള്ളിയതിനെ തുടർന്ന് ദി വയർ, കാരവൻ, സ്‌ക്രോൾ.ഇൻ എന്നീ ഓൺലൈൻ മാധ്യമങ്ങൾ പരാതിക്കാരിയുമായി സംസാരിച്ചു. തനിക്കുണ്ടായ ദുരനുഭവങ്ങൾ അവർ മാധ്യമങ്ങളോട് വിശദീകരിച്ചു.

ലൈംഗിക പീഡനാരോപണങ്ങളെ തന്റെ സ്ഥാനത്തെ അസ്ഥിരമാക്കാനുള്ള ഗൂഢാലോചനയായാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യാഖ്യാനിച്ചത്. ' ഒരുതരത്തിലുള്ള ഗൂഢാലോചനയുടെയും ഭാഗമല്ല ഞാൻ. സത്യവാങ്മൂലത്തിൽ എന്തൊക്കെ കാര്യങ്ങൾ ബോധിപ്പിച്ചുവോ അതിനൊക്കെ തെളിവും സമർപ്പിച്ചിട്ടുണ്ട്. എനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് വരുത്തി തീർക്കാനായിരുന്നു പിന്നീടുള്ള ശ്രമം. 2016 ൽ തീർപ്പായ ഒരു കേസാണ് അവർ പൊക്കിക്കൊണ്ടുവന്നത്. അത്തരം ആരോപണങ്ങൾ വിലപ്പോവില്ലെന്ന് കണ്ടപ്പോൾ, എനിക്ക് അനിൽ അംബാനിയുമായി ബന്ധമുണ്ടെന്ന് വരുത്തിതീർക്കാനും പരിശ്രമിച്ചു. എവിടെ നിന്നാണ് ഇത്തരം ആരോപണങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന് അറിയില്ല. സത്യവാങ്മൂലം നൽകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയതേയില്ല. നീതി കിട്ടുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ, തെളിവുകൾ നൽകിയിട്ടുപോലും എന്റെ പരാതി നിഷ്‌ക്കരുണം തള്ളിക്കളഞ്ഞിരിക്കുന്നു.

എസ്എ ബോബ്‌ഡെ കമ്മിറ്റിയുടെ പ്രവർത്തനം

പരാതിയിൽ മൂന്നംഗ ജഡ്ജിമാരുടെ നോട്ടീസ് കിട്ടിയപ്പോൾ മുതൽ ഞാൻ എനിക്ക് നടപടിക്രമങ്ങളിൽ സഹായത്തിന് ഒരാളെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിശാഖ കേസിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നടപടിക്രമങ്ങൾ വേണമെന്നും വീഡിയോ റെക്കോഡിങ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതൊന്നും അവർ പരിഗണിച്ചില്ല. ആകെ ഒരുആവശ്യത്തിന് മാത്രം പച്ചക്കൊടി കാട്ടി. ജസ്‌ററിസ് ഗൊഗോയിയുമായി അടുപ്പമുള്ള ജസ്റ്റിസ് രമണ കമ്മിറ്റിയിൽ നിന്നൊഴിവായി. പകരം ഇന്ദു മൽഹോത്ര വന്നു. എന്റെ വലതുചെവിക്ക് കാര്യമായ കേൾവിക്കുറവുണ്ട്. ഇടതുചെവിക്കും ചിലപ്പോൾ കേൾവിക്കുറവ് സംഭവിക്കാറുണ്ട്. പലപ്പോഴും ബഹുമാനപ്പെട്ട ജസ്റ്റിസുമാരോട് ചോദ്യങ്ങൾ ആവർത്തിക്കാൻ പറയേണ്ടി വന്നു. ഇത് എന്നിൽ വല്ലാതെ ഭയമുണ്ടാക്കി. അതുകൊണ്ടാണ് സഹായിയെ ആവശ്യപ്പെട്ടത്.

മൊഴിയെടുക്കലിന് എത്തിയപ്പോൾ ഒരുതീവ്രവാദിയോടെന്ന പോലെയാണ് എന്നോട് പെരുമാറിയത്. മൂന്നോ, നാലോ പൊലീസുകാരികളാണ് എന്നെ പരിശോധിച്ചത്. എന്റെ വസ്ത്രങ്ങൾ, മുടി എല്ലാം അഴിച്ചുപരിശോധിച്ചു. വളരെ പരുക്കനായിരുന്നു പെരുമാറ്റം. ആസമയത്തൊക്കെ ഞാൻ കരയുകയായിരുന്നു.

ആദ്യദിവസം ജഡ്്ജിമാർ നന്നായി പെരുമാറി

ആദ്യ ദിവസം തന്നെ ജഡ്ജിമാർ പറഞ്ഞു;' ഞങ്ങൾ ഇവിടെ ഒരു ലൈംഗിക പീഡനാന്വേഷണ കമ്മിറ്റിയായല്ല പ്രവർത്തിക്കുന്നത്. ഇത് വകുപ്പുതല അന്വേഷണവുമല്ല. ഇൻഹൗസ് അന്വേഷണം പോലുമല്ല. ഇത് നിങ്ങളുടെ പരാതിയിൽ മേൽ വളരെ അനൗപചാരികമായ അന്വേഷണമാണ്. ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു: ' നിങ്ങളുടെ ഭാവിക്ക് ഒരുദോഷവും വരില്ല. നിങ്ങൾക്ക് ജോലി തിരിച്ചുകിട്ടും.' അപ്പോൾ ഞാൻ പറഞ്ഞു; വേണ്ട ലോഡ്ഷിപ്പ്. എനിക്ക് ജോലിയിൽ തിരിച്ചുകയറേണ്ട. എനിക്ക് നീതിയാണ് ആവശ്യം. എനിക്ക് ജോലി തിരിച്ചുകിട്ടാൻ വേണ്ടിയല്ല ഇതൊക്കെ ചെയ്യുന്നത്. ആ സംഭവത്തിന് ശേഷമുള്ള ഇരയാക്കലുണ്ടല്ലോ, അതവസാനിപ്പിക്കണം.

സുപ്രീം കോടതിയിൽ ചേർന്ന നാൾ മുതലുള്ള രഞ്ജൻ ഗൊഗോയിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദീകരിച്ചു. ആദ്യ ദിവസം അങ്ങനെ പോയി. പോരും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ചട്ടം കെട്ടി. മാധ്യമങ്ങൾ എത്തരക്കാരാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അഭിഭാഷകരോടും ഇക്കാര്യങ്ങൾ സംസാരിക്കരുതെന്നും നിഷ്‌കർഷിച്ചു. പിന്നീട് ഏപ്രിൽ 29 നാണ് എന്നെ വിളിപ്പിച്ചത്. അഭിഭാഷകരോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടത് ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ്. എന്തുകൊണ്ടാണ് ജസ്റ്റിസ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. അഭിഭാഷകരൊക്കെ അങ്ങനെയാണെന്ന് മാത്രം പറഞ്ഞു. ഏതായാലും വളരെ അനൗപചാരികമായിരുന്നു ആദ്യ ദിവസം.

എന്നെയും ഭർത്താവിനെയും ചിലർ ബൈക്കിൽ ചെയ്‌സ് ചെയ്തു

മൊഴിയെടുപ്പ് നടന്ന സുപ്രീംകോടതി ഗസ്റ്റ് ഹൗസ് വിട്ടിറങ്ങി വീട്ടിലേക്ക് പോയപ്പോൾ, അജ്ഞാതരായ ഒരുകൂട്ടർ ഞങ്ങളെ ബൈക്കിൽ ചെയ്‌സ് ചെയ്തു. 26,29,30 തീയതികളിലും അതാവർത്തിച്ചു. തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകി. അതറിഞ്ഞപ്പോൾ ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു: നിങ്ങളുടെ കുടുംബത്തിലെ മിക്കവാറും എല്ലാവരും പൊലീസിൽ അല്ലേ? നിങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് അവർക്കറിയേണ്ടതാണ്. മറ്റു ജഡ്ജിമാർ ഇക്കാര്യത്തെ കുറിച്ചൊന്നും ചോദിച്ചില്ല. എന്തുകൊണ്ടാണ് ഞാൻ വീട്ടിൽ വൈകി എത്തിയതെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു. അർദ്ധരാത്രിയോടെയാണ് ഞാൻ വീട്ടിലെത്തിയത്. മോട്ടോർ ബൈക്കിൽ പിന്തുടർന്നവർ സ്ഥലം വിട്ടുപോകാൻ വേണ്ടി കാത്തുനിന്നത്‌കൊണ്ടാണ് വൈകിയതെന്നും ഞാൻ വിശദീകരിച്ചു. അപ്പോഴാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ കമന്റ്. അതിൽ ഞാൻ ആകെ നിരാശയായി. ലോഡ്ഷിപ്പ്...എന്റെ കുടുംബത്തിലെ എല്ലാവരും പൊലീസിലാണെങ്കിലും, ഡൽഹി പൊലീസാണ് എന്നെയും കുടുംബത്തെയും പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതും ആരുടെയോ നിർദ്ദേശപ്രകാരം.

രണ്ടാം ദിവസം മുതൽ കമ്മിറ്റിയെ ഭയമായി

ആദ്യദിവസം ഇതൊരു സെക്ച്വൽ ഹരാസ്‌മെന്റ് അന്വേഷണ കമ്മിറ്റി അല്ലെന്ന് പറഞ്ഞവരുടെ പെരുമാറ്റം രണ്ടാം ദിവസം എന്റെ കത്ത് വായിച്ചതോടെ ഭയങ്കര സ്ട്രിക്കറ്റായി. സത്യവാങ്മൂലത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ വിശേഷിച്ചും. എങ്ങനെയാണ് സംഭവം നടന്നത്, ഏതുസമയത്ത്, എന്തിനാണ് ഈ സമയത്ത് ഈ പരാതി നൽകിയത്, പരാതി നൽകാൻ ഇത്ര വൈകിയത് എന്തുകൊണ്ട്..എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. എന്നാൽ, എന്റെ മറുപടി അവർ മുഖവിലയ്‌ക്കെടുത്തില്ല. അങ്ങനെയല്ല കാര്യങ്ങൾ സംഭവിക്കുക എന്നായിരുന്നു ജഡ്ജിമാരുടെ പ്രതികരണം. എനിക്ക് സഹായത്തിന് ഒരാളെ വേണമെന്ന് ആവശ്യപ്പെട്ട് ഞാൻ വീണ്ടും കത്ത് അയച്ചു.

ജഡ്ജിമാരുടെ സമീപനം

ജസ്റ്റിസ് ബോബ്‌ഡെയാണ് കൂടുതലും ചോദ്യങ്ങൾ ചോദിച്ചത്. ഇന്ദു മൽഹോത്രയും ചോദിച്ചു. എന്നാൽ, ജസ്റ്റിസ് ഇന്ദിര ബാനർജി അത്ര സജീവമായില്ല. പ്രശാന്ത് ഭൂഷൺ, വൃന്ദ ഗ്രോവർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവരുടെ നിർദ്ദേശപ്രകാരമായിരിക്കും പരാതി ഫയൽ ചെയ്തത് അല്ലേയെന്നും ചോദിച്ചു. എന്നാൽ, അത് തെറ്റായിരുന്നു. ജസ്റ്റിസ് ഇന്ദിര ബാനർജി നിഷ്പക്ഷമായിരുന്നു. ജസ്റ്റിസ് ബോബ്‌ഡെയുടെ ചോദ്യങ്ങളെ ആധാരമാക്കിയുള്ള ഉപചോദ്യങ്ങളാണ് ഇന്ദു മൽഹോത്ര ചോദിച്ചത്.

അവസാനദിവസം ഞാൻ കമ്മിറ്റിയുടെ നടപടിക്രമങ്ങളിൽ നിന്ന് പിന്മാറിയപ്പോൾ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു: നിങ്ങൾ നന്നായി കാര്യങ്ങൾ പറയുന്നുണ്ടല്ലോ. ചിലപ്പോൾ ചോദ്യങ്ങൾ മനസ്സിലാകുന്നില്ലെന്നും, കൃത്യമായി കേൾക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞപ്പോൾ, അങ്ങനെയൊന്നുമില്ല, നിങ്ങൾക്ക് എല്ലാ കാര്യവു നന്നായി അറിയാം, പിന്നെന്തിനാണ് പിൻവാങ്ങുന്നതെന്നും മൽഹോത്ര ചോദിച്ചു.

ബുദ്ധിമുട്ടിലാക്കിയ ചോദ്യം

സുപ്രീം കോടതിയിൽ നിന്നും പുറത്താക്കിയതിനെതിരെ അപ്പീൽ നൽകാതിരുന്നത് എന്തുകൊണ്ട്? ഇവിടേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മറുപടി കേട്ടപ്പോൾ, അപ്പീൽ ഫയൽ ചെയ്യേണ്ടിയിരുന്നുവെന്ന് ബോബ്‌ഡെ പറഞ്ഞു. ചീഫ് ജസ്റ്റിസിന് അപ്പീൽ കൊടുത്താൽ അതുതീർച്ചയായും തള്ളും, ഞാൻ പറഞ്ഞു.

ലൈംഗിക പീഡന പരാതിയെ കുറിച്ചുള്ള ചോദ്യങ്ങൾ

ഒക്ടോബർ 10 നും 11 നും നടന്ന ലൈംഗിക പീഡനത്തെ കുറിച്ച് പറഞ്ഞപ്പോൾ ജഡ്ജിമാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു; അവർ പരാതി മുഴുവൻ കേട്ടു. ഒന്നോ രണ്ടോ ചോദ്യങ്ങൾ മാത്രം. എത്ര മണിക്ക് എന്ന് ചോദിച്ചപ്പോൾ രാവിലെ 8.30 നും 9 നും ഇടയ്ക്ക് എന്ന് പറഞ്ഞു.നിങ്ങൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറമെന്തായിരുന്നു? ഓറഞ്ചും പച്ചയും നിറമുള്ള ദുപ്പട്ടയാണ് അണിഞ്ഞിരുന്നത്.

പരാതി തള്ളിയപ്പോൾ

ഞാൻ ആകെ തകർന്നുപോയി. ആകെ ഒരു ഞെട്ടലായിരുന്നു. എനിക്ക് എന്റെ ജോലി പോയി. എല്ലാം നഷ്ടപ്പെട്ടു. എന്റെ കുടുംബാംഗങ്ങൾക്ക് ജോലി നഷ്ടമായി. വലിയ അനീതിയാണ് എന്നോടും കുടുംബത്തോടും ചെയ്തത്. പരാതിയിൽ കഴമ്പില്ലെന്ന വിധി കേട്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP