Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഇന്ത്യയിൽ ഒരു ദിവസം ശരാശരി നടക്കുന്നത് 90 പീഡനങ്ങൾ; ശിക്ഷിക്കപ്പെടുന്നത് 16 ശതമാനം കേസുകളിൽ മാത്രം; 'റേപ്പ് കാപ്പിറ്റലായി' മാറിയ ഉന്നാവോയിൽ മാത്രം ജനുവരി മുതൽ നവംബർ വരെ റിപ്പോർട്ടു ചെയ്തത് 86 പീഡനങ്ങളും 185 ലൈംഗികാതിക്രമ കേസുകളും; രാഷ്ട്രീയ ക്രിമിനലുകളെ നേതാക്കൾ തീറ്റിപ്പോറ്റുമ്പോൾ കിടക്കപ്പൊറുതി ഇല്ലാതാകുന്നത് സ്ത്രീകൾക്ക്; നീതി നിർവ്വഹണത്തിലെ കാലതാമസം ജനക്കൂട്ടം ഹൈദരാബാദ് മോഡലിന് കൈയടിക്കുന്നു; നീതി വേഗം കൂട്ടാൻ രാജ്യത്ത് 1,023 ഫാസ്റ്റ്ട്രാക്ക് കോടതികൾ വരുന്നു

ഇന്ത്യയിൽ ഒരു ദിവസം ശരാശരി നടക്കുന്നത് 90 പീഡനങ്ങൾ; ശിക്ഷിക്കപ്പെടുന്നത് 16 ശതമാനം കേസുകളിൽ മാത്രം; 'റേപ്പ് കാപ്പിറ്റലായി' മാറിയ ഉന്നാവോയിൽ മാത്രം ജനുവരി മുതൽ നവംബർ വരെ റിപ്പോർട്ടു ചെയ്തത് 86 പീഡനങ്ങളും 185 ലൈംഗികാതിക്രമ കേസുകളും; രാഷ്ട്രീയ ക്രിമിനലുകളെ നേതാക്കൾ തീറ്റിപ്പോറ്റുമ്പോൾ കിടക്കപ്പൊറുതി ഇല്ലാതാകുന്നത് സ്ത്രീകൾക്ക്; നീതി നിർവ്വഹണത്തിലെ കാലതാമസം ജനക്കൂട്ടം ഹൈദരാബാദ് മോഡലിന് കൈയടിക്കുന്നു; നീതി വേഗം കൂട്ടാൻ രാജ്യത്ത് 1,023 ഫാസ്റ്റ്ട്രാക്ക് കോടതികൾ വരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തെലുങ്കാനയിൽ മൃഗഡോക്ടറെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കത്തിച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നപ്പോൾ ജനക്കൂട്ടം കൈയടിക്കുന്നതിന്റെ പ്രധാന കാരണം നീതി നിർവ്വഹണത്തിലെ മെല്ലേപ്പോക്കാണ്. രാജ്യത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായ പീഡന കേസുകളിൽ ഇരകൾക്ക് നീതി നിഷേധിക്കപ്പെട്ട സംഭവം വലിയ തോതിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. നിർഭയ കേസിന് ശേഷം രാജ്യത്ത് ശക്തമായ എതിർപ്പുകളെ തുടർന്ന് കേസുകൾ തീർപ്പാക്കാൻ കുടുതൽ കോടതികൾ നിയമിക്കുമെന്ന കേന്ദ്രസർക്കാർ തീരുമാനം പോലും വേണ്ട വിധത്തിൽ നടപ്പിലായില്ല. ഈ അലംഭാവം അടക്കം പൊലീസ് എൻകൗണ്ടറുകൾക്ക് കൈയടിക്കുന്ന മാനസിക നിലയിലേക്ക് ജനങ്ങളെ മാറ്റിയെന്നണ് തെലുങ്കാന സംഭവത്തിന് ശേഷം ഉണ്ടായ പൊതുവിലയിരുത്തൽ.

Stories you may Like

തെലുങ്കാന സംഭവത്തിന് ശേഷം ഉന്നാവോയിൽ യുവതിയെ കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ഉടൻ നീതി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഉന്നാവോയിൽ യുവതിയെ പീഡിപ്പിച്ചവർ പെട്രോളൊഴിച്ചു തീകൊളുത്തിയ സംഭവം ഉത്തരേന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. ഉത്തർ പ്രദേശ് സർക്കാറിനവാണ് ഈ സംഭവം കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നത്. ഹൈദരബാദിൽ പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് രാജ്യത്ത് ഉയരുന്നത്. ഇതോടെ ബലാത്സംഗക്കേസുകളിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രദമായ ഇടപെടലിനെക്കുറിച്ചും ചർച്ചകൾ തുടരുകയാണ്.

രാജ്യത്ത് പീഡന കേസുകൾ അതിവേഗം ഉയരുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകൾക്കെതിരെ മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ലൈംഗിക അതിക്രമം നടക്കുന്നു. 2017ലെ കണക്കുകൾ അനുസരിച്ച് പ്രതിദിനം ഇന്ത്യയിൽ ശരാശരി 90 പീഡനങ്ങളുണ്ടാകുന്നുവെന്നാണു കണക്ക്. എന്നാൽ ഇതിൽ അക്രമികൾ ശിക്ഷിക്കപ്പെടുന്നതു വളരെ ചുരുക്കം. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ബലാത്സംഗക്കേസുകളിൽ ശരാശരി പതിനാറു ശതമാനത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്നാണു റിപ്പോർട്ട്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ, ഇഴഞ്ഞ് നീങ്ങുന്ന കോടതി നടപടികൾ, സാക്ഷികളുടെ കൂറുമാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കേസുകളിൽ പോലും ശിക്ഷ നടപ്പാക്കുന്നതിൽ അനാവശ്യ കാലതാമസമാണ് ഉണ്ടാകുന്നത്. രാജ്യം ഏറെ ചർച്ച ചെയ്ത നിർഭയ കേസിൽ ഏഴ് വർഷം പിന്നിട്ടിട്ടും ശിക്ഷ നടപ്പാക്കാനായിട്ടില്ല.

നിർഭയ കേസിനുശേഷം രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കു വലിയ വാർത്താ പ്രാധാന്യമാണു ലഭിക്കുന്നത്. എന്നാൽ അക്രമങ്ങളുടെ നിരക്ക് മുകളിലേക്കു തന്നെ. 2012ൽ രാജ്യത്തെ സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ എണ്ണം 25,000 ആണെന്നാണു പൊലീസിന്റെ കണക്ക്. 2016ൽ ഇത് 38,000 ആയി ഉയർന്നു. 2017ൽ 32,559 പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പീഡനപരാതികൾ വർധിക്കുമ്പോഴും കേസുകൾ അവസാനിപ്പിക്കുന്നതിൽ കോടതികൾ ഏറെ പുറകിലാണ്. 2017 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1.27 ലക്ഷത്തിനും മുകളിൽ കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്.

ആ വർഷം കോടതികൾ തീർപ്പാക്കിയത് 18,300 കേസുകൾ. 2012ന്റെ അവസാനത്തെ കണക്കു പ്രകാരം കോടതികൾ തീർപ്പാക്കിയ പീഡനക്കേസുകൾ 20,660 ഉം കെട്ടിക്കിടക്കുന്നത് 113000 കേസുകളുമാണ്. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽനിന്നുള്ള വിവരങ്ങൾ രാജ്യാന്തര മാധ്യമമായ ബിബിസിയാണു പുറത്തുവിട്ടത്. 2002 മുതൽ 2011 വരെ കോടതിയിലെത്തിയ 26 ശതമാനം കേസുകളിൽ ശിക്ഷാവിധികൾ നടപ്പായി. മറ്റു ചില വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് പീഡനക്കേസുകളിൽ കുറ്റക്കാരെ കണ്ടെത്തുന്നതിൽ ഇന്ത്യ മുന്നിലാണ്. ദക്ഷിണാഫ്രിക്കയിലെ ലഭ്യമായ കണക്കുകൾ പ്രകാരം കോടതിയിലെത്തുന്ന പീഡനക്കേസുകളിൽ 8 ശതമാനം മാത്രമാണ് കുറ്റക്കാരെ കണ്ടെത്തുന്നത്. ബംഗ്ലാദേശിലും പീഡനക്കേസുകളിൽ കുറ്റക്കാരായി വിധിക്കുന്നതിന്റെ ശതമാനം ഏറെ കുറവാണ്.

റേപ്പ് കാപ്പിറ്റലായി ഉന്നാവോ

അടുത്തകാലത്തായി തുടർച്ചയായി പീഡന കേസുകൾ കൊണ്ട് കുപ്രസിദ്ധി നേടിയത് ഉത്തർപ്രദേശിലെ ഉന്നാവോയാണ്. ഇവിടെ നിന്നും പുറത്തുവന്ന പീഡന കേസുകളുടെ ഡാറ്റ പരിശോധിച്ചാൽ ശരിക്കും ഞെട്ടലാണ് ഉണ്ടാക്കുന്നത്. 2019 ജനുവരി മുതൽ നവംബർ വരെ ഉത്തർപ്രദേശിലെ ഉന്നാവോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 86 പീഡനക്കേസുകളാണ്. ലഖ്നൗവിൽ നിന്ന് 63 കിലോമീറ്ററും കാൺപൂരിൽ നിന്ന് 25 കിലോമീറ്ററും അകലെയുള്ള ഉന്നാവോയിലെ ആകെ ജനസംഖ്യ ഏകദേശം 31 ലക്ഷമാണ്. 86 പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്ത ഉന്നാവോയിൽ 185 ലൈംഗികാതിക്രമ കേസുകളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഭൂരിഭാഗം കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയോ അല്ലെങ്കിൽ അവർ കടന്നുകളയുകയോ ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇതിന് ഇടയാക്കുന്നതാകട്ടെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതിൽ പൊലീസിനെയാണ് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നത്. ' ഉന്നാവോയിലെ പൊലീസ് ഉദ്യോഗസ്ഥർ പൂർണ്ണമായും രാഷ്ട്രീയവൽക്കരിച്ചവരാണ്. അവരുടെ രാഷ്ട്രീയ നേതാവിന്റെ അനുവാദമില്ലാതെ ഒരിഞ്ച് പോലും അവർ മുന്നോട്ട് പോകില്ല. ഇതാണ് ക്രിമിനലുകൾക്ക് പ്രോത്സാഹനമാകുന്നത്.' പ്രദേശവാസികളും പറയുന്നത് ഇങ്ങനെയാണ്.

' രാഷ്ട്രീയമാണ് ഇവിടെ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിന് രാഷ്ട്രീയ നേതാക്കൾ ക്രിമിനലുകളെ ഉപയോഗിക്കുന്നു. പൊലീസുകാർ അവർക്ക് സഹായം ചെയ്തു കൊടുക്കുന്നു. അടുത്തിടെ പുതിയ ടൗൺഷിപ്പിനായുള്ള സ്ഥലമേറ്റെടുക്കലിനെതിരെ കർഷകർ പ്രതിഷേധിച്ചപ്പോൾ പോലും പൊലീസ് നിന്നത് സാധാരണക്കാർക്കൊപ്പമല്ല. ഒരിക്കൽ പോലും പൊലീസ് തങ്ങളുടെ കടമ നിർവ്വഹിച്ചിട്ടില്ല.'- പ്രദേശവാസിയായ ഒരു അഭിഭാഷകൻ പറഞ്ഞു. ബിജെപി എംഎ‍ൽഎ കുൽദീപ് സിങ് സെൻഗാറിനെതിരായ ലൈംഗിക പീഡനക്കേസ്, കഴിഞ്ഞദിവസം ബലാത്സംഗക്കേസ് പ്രതികൾ ചുട്ടുകൊന്ന പെൺകുട്ടിയുടെ കേസ് എന്നിവ ഉന്നാവോയിൽ നിന്ന് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്. എന്നാൽ, ഇത്രയേറെ വാർത്താ പ്രാധാന്യം നേടാത്ത നിരവധി കേസുകളാണ് ഉന്നാവോയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നീതി നിർവ്വഹണം വേഗത്തിലാക്കാൻ 1,023 ഫാസ്റ്റ്ട്രാക്ക് കോടതികൾ വരുന്നു

തെലുങ്കാന, ഉന്നാവോ സംഭവങ്ങൾക്ക് ശേഷം രാജ്യത്ത് സവിശേഷമായ സാഹചര്യമാണ് രൂപം കൊള്ളുന്നത്. ഭരണകൂടങ്ങൾക്കെതിരായ പ്രതിഷേധമായി അത് മാറുന്നു. ഇതോടെ അപകടം തിരിച്ചറിഞ്ഞ സർക്കാർ നീതിനിർവ്വഹണം വേഗത്തിലാക്കാൻ നടപടികൾ തുടങ്ങി. രാജ്യത്താകെ 1,023 അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കർ പ്രസാദ്. ഇതിൽ 400 എണ്ണത്തിന്റെ കാര്യത്തിൽ ഇതിനോടകം തീരുമാനമായിട്ടുണ്ടെന്നും 160 എണ്ണം പ്രവർത്തന സജ്ജമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇതിനു പുറമേ, ഇപ്പോൾ രാജ്യത്താകെ 704 അതിവേഗ കോടതികൾ നിലവിലുണ്ടെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു. രാജ്യത്തെ വിവിധയിടങ്ങളിൽ അരങ്ങേറിയ പീഡനങ്ങളുടെയും ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ കേസുകളുടെ വിചാരണ അതിവേഗത്തിലാക്കണമെന്നും എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് അതിവേഗ കോടതികൾ നിലവിൽ വരുമെന്ന് രവിശങ്കർ പ്രസാദ് അറിയിച്ചത്.

സ്വയം ചതിയിൽ വീഴാതിരിക്കാം... വേണ്ടത് മുൻകരുതലുകൾ

കേരളത്തിൽ അടക്കം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അനുനിമിഷം വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സുരക്ഷ മുൻനിർത്തി പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ട സഹചര്യം പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. ഒറ്റപ്പെടുന്ന സാഹചര്യത്തിൽ മനോധൈര്യത്തോടെ പെരുമാറുണം. അപരിചിതർ സഹായ വാഗ്ദാനവുമായി എത്തിയാൽ അപ്പോൾ തന്നെ നിരസിക്കുക. അടിയന്തരസാഹചര്യങ്ങളിൽ ഓർക്കേണ്ട നമ്പറുകൾ മനപ്പാഠമാക്കുക.

ക്രൈംസ്റ്റോപ്പർ 1090, പൊലീസ് കൺട്രോൾ റൂം 122,പിങ്ക് പൊലീസ് 1515 തുടങ്ങിയ നമ്പറുകൾ ഉപയോഗിക്കാം. കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് എയ്ഡ് േപാസ്റ്റുമായിബന്ധപ്പെടുക. വീടുകളിൽ അപരിചിതർ എത്തുമ്പോൾ വാതിൽ തുറന്നുകൊടുക്കാതിരിക്കുക. അസമയങ്ങളിൽ ഓട്ടോ, ടാക്സി തുടങ്ങിയവയിൽ യാത്രചെയ്യുമ്പോൾ അടുത്തുള്ള പൊലീസ് സ്റ്റേഷൻ അല്ലെങ്കിൽ ബന്ധുക്കളെ വിളിച്ച് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അറിയിക്കുക. സ്വയം പ്രതിറോധത്തിനായി ആയോധനകലകൾ പരിശീലിക്കുന്നതും സ്ത്രീ സുരക്ഷയിൽ നിർണായകമായ കാര്യമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP