Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

ഇരകളെ കണ്ടെത്തിയത് ഭർത്താവ്; സൗഹൃദം പ്രണയനാടകമാക്കി ഭാര്യ; ചാറ്റിങ്ങിലൂടെ കെണിയൊരുക്കും; വീട്ടിലെത്തിച്ച് ലൈംഗിക ബന്ധം; വീഡിയോ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കുടുങ്ങിയതിൽ മന്ത്രിമാരും എംഎൽഎമാരും; ഹണിട്രാപ്പ് സൂത്രധാര അർച്ചനയുടെ ജീവിതം ഇനി സിനിമയാകും?

ഇരകളെ കണ്ടെത്തിയത് ഭർത്താവ്; സൗഹൃദം പ്രണയനാടകമാക്കി ഭാര്യ; ചാറ്റിങ്ങിലൂടെ കെണിയൊരുക്കും; വീട്ടിലെത്തിച്ച് ലൈംഗിക ബന്ധം; വീഡിയോ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കുടുങ്ങിയതിൽ മന്ത്രിമാരും എംഎൽഎമാരും; ഹണിട്രാപ്പ് സൂത്രധാര അർച്ചനയുടെ ജീവിതം ഇനി സിനിമയാകും?

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ചലച്ചിത്ര പ്രവർത്തകർ, ബിസിനസ് വമ്പന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിലെ വമ്പന്മാരുമായി അടുത്ത സൗഹൃദം സ്ഥാപിക്കും. ബന്ധം ദൃഢമാകുമ്പോൾ പ്രണയ നാടകം, പിന്നെ വീട്ടിലേക്ക് ക്ഷണിക്കും. ലൈംഗിക ബന്ധത്തിന് വഴങ്ങും. അതിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിക്കുക. പിന്നീട് ഇതേ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികൾ സമ്പാദിക്കുക. ഒരു ബോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന ജീവിതമായിരുന്നു ഒഡീഷ സ്വദേശിയായ അർച്ചന നാഗ് എന്ന ഇരുപത്തിയഞ്ചുകാരിയുടേത്. ഇരകളെ വീട്ടിലേക്കു വിളിച്ചു വരുത്തി കുരുക്കുന്നതായിരുന്നു ഹണിട്രാപ്പ് കേസിലെ പ്രതിയായ അർച്ചനയുടെ രീതി. ഇരകളും അർച്ചനയും അടുത്തിടപഴകുന്ന വീഡിയോ ഭർത്താവ് രഹസ്യമായി ചിത്രീകരിക്കുകയും അവരെ ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു ഇവരുടെ പതിവ് രീതി.

ദരിദ്ര കുടുംബത്തിൽ ജനിച്ച് അത്യാഡംബര ജീവിതത്തിലേക്ക് അർച്ചന നാഗ് എന്ന യുവതി എത്തിച്ചേർന്നതിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതും ഒരു ബ്ലാക്മെയിലിങ് പരാജയപ്പെട്ട് പരാതിയായി ഉയർന്നപ്പോഴാണ്. അറിയപ്പെടുന്ന രാഷ്ട്രീയക്കാർ ബിസിനസ്സുകാർ വമ്പൻ കോടീശ്വരന്മാർ എന്നിങ്ങനെ സമൂഹത്തിൽ ഉയർന്ന പദവി വഹിക്കുന്ന പലരും കെണിയിൽ പെട്ട വാർത്ത ഒഡീഷ രാഷ്ട്രീയത്തേയും ഇപ്പോൾ പിടിച്ചുകുലുക്കുകയാണ്.

ഒഡീഷയിലെ കാലാഹന്ദി ജില്ലയിലെ പട്ടിണിയും പരിവട്ടവും നിറഞ്ഞ കുടുംബത്തിലെ മൂത്തമകളായി ജനിച്ച അർച്ചന നാഗ് സംസ്ഥാന തലസ്ഥാനത്തെ കൊട്ടാര സമാനമായ വീട്ടിലാണ് താമസിക്കുന്നത്. മുറ്റം നിറയെ അത്യാഡംബര കാറുകൾ. ഇറക്കുമതി ചെയ്ത വസ്തുക്കൾ കൊണ്ട് അലങ്കരിക്കാത്ത ഒരു ഭാഗവുമില്ല താമസിക്കുന്ന വീട്ടിൽ. വീട്ടിൽ നാല് മുന്തിയ ഇനം നായക്കുട്ടികളും സ്വന്തമായി ഒരു വെള്ളക്കുതിരയും വരെയുണ്ട് അർച്ചനയുടെ സമ്പാദ്യത്തിൽ.

ദാരിദ്ര്യത്തിൽനിന്നു സമൃദ്ധിയിലേക്ക് പൊടുന്നനെ ഉയർന്ന അർച്ചനയയുടെ ജീവിതം അഭ്രപാളിയിലേക്ക് എത്താനും സാധ്യതയേറുകയാണ്. ഒഡിയ സിനിമാ നിർമ്മാതാവായ ശ്രീധർ മാർത്ത അർച്ചനയെക്കുറിച്ചു സിനിമ ചെയ്യാനായി പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് കോടികൾ സമ്പാദിക്കുന്നതിന് അർച്ചന ഉപയോഗിച്ചിരുന്നത്. തന്റെ അമ്മ ജോലി ചെയ്തിരുന്ന കാലാഹന്ദിയിലെ കസിംഗ പട്ടണത്തിലായിരുന്നു അർച്ചന 2015 വരെ താമസിച്ചിരുന്നത്. ഇതേ വർഷം അവർ തലസ്ഥാനമായ ഭുവനേശ്വറിലെത്തിയതാണ് ജീവിതത്തെ മാറ്റിമറിച്ചത്.

ഒരു സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അർച്ചന പിന്നീട് ഒരു ബ്യൂട്ടി പാർലറിലെ ജീവനക്കാരിയായി. 2018ൽ ജഗബന്ധു ചന്ദ് എന്നയാളെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുമ്പോൾ തന്നെ അർച്ചനയുടെ നേതൃത്വത്തിൽ ഒരു സെക്സ് റാക്കറ്റും പ്രവർത്തിച്ചിരുന്നു. ഒരു യൂസ്ഡ് കാർ ഷോറൂം നടത്തിയിരുന്ന ഭർത്താവിന്റെ ഉന്നത ബന്ധങ്ങളാണ് ഹണി ട്രാപ്പിലേക്കുള്ള വാതിൽ അർച്ചനയ്ക്ക് മുന്നിൽ തുറന്നത്.

അർച്ചനയും ഭർത്താവുമൊത്തുള്ള നിരവധി എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, ചലച്ചിത്ര താരങ്ങൾ എന്നിവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. മറ്റ് സ്ത്രീകളുമൊത്തുള്ള ചിത്രം കാണിച്ച് ഒരു ബിസിനസുകാരനെ ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. നിരവധി സ്ത്രീകൾക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ മൂന്ന് കോടി രൂപയാണ് അർച്ചന ആവശ്യപ്പെട്ടത്. എന്നാൽ തുക നൽകാൻ തയ്യാറാകാത്ത വ്യവസായി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തന്നെ സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്ന് കാണിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് അർച്ചന ഒക്ടോബർ ആറിന് പൊലീസ് കസ്റ്റഡിയിലായത്. അർച്ചനയെ അറസ്റ്റ് ചെയ്ത പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തോട് ഇവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടുകഴിഞ്ഞു. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ 30 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ട് അർച്ചനയും ഭർത്താവുമെന്നാണ് പൊലീസ് പറയുന്നത്.

ഇതുവരെ രണ്ട് പരാതികളാണ് അർച്ചനയ്ക്കെതിരെ ലഭിച്ചിട്ടുള്ളത്. കൂടുതൽ പേർ പരാതി നൽകിയാൽ എല്ലാ കേസുകളും അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. അർച്ചനയുടേയും ഭർത്താവിന്റേയും എല്ലാ ബാങ്ക് ഇടപാടുകളും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു. സെക്സ്, പണം, ചതി എന്നിവ നിറഞ്ഞ് നിൽക്കുന്ന യുവതിയുടെ ജീവിതത്തിൽ രാഷ്ട്രീയ ഇടപെടലുകളുമുണ്ടെന്ന അനുമാനത്തിലാണ് പൊലീസ്. ഭരണകക്ഷിയായ ബിജു ജനതാദൾ പാർട്ടിയുമായി അടുത്ത ബന്ധമാണ് യുവതിക്കുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.

കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത് വെറും രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്നാണ് ബി.ജെ.ഡി നേതൃത്വത്തിന്റെ പ്രതികരണം. കഴമ്പില്ലാത്ത ആരോപണങ്ങളുന്നയിക്കാതെ തങ്ങളുടെ പാർട്ടിക്കോ, നേതൃത്വത്തിനോ ഏതെങ്കിലും നേതാക്കൾക്കോ വിഷയത്തിൽ ബന്ധമുണ്ടെന്ന തെളിവ് കാണിക്കാനാണ് അവർ വെല്ലുവിളിക്കുന്നത്.

ലോക്ഡൗൺ കാലത്തും സമ്പാദിച്ചു

കോടിക്കണക്കിന് രൂപ ഇത്തരത്തിൽ അർച്ചന ഉണ്ടാക്കിയതായാണ് പൊലീസ് പറയുന്നത്, ഇതിലേറെയും സമ്പാദിച്ചത് കോവിഡ് -19 ലോക്ക്ഡൗൺ സമയത്താണ്. ഭുവനേശ്വറിലെ ജഗമാര ഏരിയയിലെ ഫ്ളാറ്റിൽ വാടകക്കു താമസിച്ചപ്പോൾ അർച്ചനയും ഭർത്താവ് ജഗബന്ധുവും ഒരു യുവതിയെ പരിചയപ്പെട്ടിരുന്നു. ഈ യുവതിയെ ഉപയോഗിച്ചാണ് ഒരു ചലച്ചിത്ര പ്രവർത്തകനിൽ നിന്നും പണം തട്ടിയത്. 2019 ൽ അർച്ചനയും ഭർത്താവും അവരുടെ ബന്ധുവും തന്നെ ഒരു പാർട്ടിക്ക് ക്ഷണിച്ചുവെന്നും മദ്യം കൊടുത്തു മയക്കി തന്റെ അശ്ലീല ചിത്രങ്ങളെടുത്തുവെന്നും ഈ യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. തങ്ങളുടെ പദ്ധതി ആരോടെങ്കിലും വെളിപ്പെടുത്തുകയോ അതിന്റെ ഭാഗമാകാൻ വിസമ്മതിക്കുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അർച്ചന യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2020 ഏപ്രിലിലാണ് ഇരയുമായി ഒരു വീഡിയോ ചാറ്റ് ആരംഭിക്കാൻ അർച്ചന ഈ യുവതിയോട് ആവശ്യപ്പെട്ടത്. ഇവരുടെ വീഡിയോ പകർത്തി, ഇരയിൽ നിന്നും പണം തട്ടുകയായിരുന്നു.

ഇരകളെ കണ്ടെത്തിയത് ഭർത്താവ്

യൂസ്ഡ് കാർ ഷോറൂം നടത്തിയിരുന്ന ഭർത്താവിന് നിരവധി ഉന്നതരുമായി ബന്ധമുണ്ടായിരുന്നു. ഇവരുമായി അർച്ചനയും അടുപ്പം സ്ഥാപിച്ചിരുന്നു. പിന്നീട് സൗഹൃദം പ്രണയനാടകമായി മാറും. ഇതിന് പിന്നാലെ വീട്ടിലേക്ക് ക്ഷണിക്കും. ഇവിടെ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഇരകൾ പോലുമറിയാതെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ഇതേ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പിന്നീട് ഭീഷണിയിലേക്ക് സ്വരം മാറ്റുക. മാനം നഷ്ടമാകുമെന്ന് ഭയന്ന് പലരും അർച്ചനയും ഭർത്താവും ആവശ്യപ്പെടുന്ന തുക നൽകി തടിയൂരും. നിരവധി ആളുകളെ ഇത്തരത്തിൽ കുടുക്കിയാണ് സമ്പാദ്യം കുമിഞ്ഞ് കൂടിയതും. കൂടുതൽ പണം ലഭിക്കുന്തോറും കുറ്റകൃത്യം ചെയ്യാനുള്ള പ്രചോദനമായി മാറുകയായിരുന്നു അർച്ചനയ്ക്കും ഭർത്താവിനുമത്.

ഞെട്ടിയത് നാട്ടുകാർ

അർച്ചനയും ഭർത്താവും ദാരിദ്ര്യ രേഖയ്ക്കും താഴെയുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഭർത്താവിന്റെ കുടുംബം ഇപ്പോഴും ഓലമേഞ്ഞ ഒരു വീട്ടിലാണ് താമസമെന്ന് നാട്ടുകാർ പറയുന്നു. അർച്ചനയും ഭർത്താവും കൊട്ടാര സമാനമായ മാളികയിൽ താമസിക്കുമ്പോഴാണിത്. വർഷങ്ങളായി ജന്മനാട്ടിലേക്ക് ഇരുവരും എത്തിയിട്ടില്ല. ഇരുവരും അതിസമ്പന്നതിയിലാണ് ജീവിക്കുന്നതെന്ന വിവരം അതിശയത്തോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP