Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലക്ടർ ആവശ്യപ്പെട്ട കൈവശരേഖ കാണിക്കാനില്ലാതെ സേവാഭാരതി; തട്ടിയെടുത്താൽ രേഖ എവിടെന്നു കിട്ടുമെന്നും യഥാർഥ പകർപ്പ് 24ന് ഹാജരാക്കുമെന്നും മുഞ്ചിറ മഠം; തർക്കം ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാൻ ജാഗ്രത കാട്ടി ജില്ലാ ഭരണകൂടവും; 30ാം തീയതിയിലെ തീർപ്പ് അതിനിർണായകം; തട്ടിയെടുത്ത മഠം സംഘപരിവാർ സംഘടനകൾക്ക് നഷ്ടമായേക്കും എന്ന് സൂചന

കലക്ടർ ആവശ്യപ്പെട്ട കൈവശരേഖ കാണിക്കാനില്ലാതെ സേവാഭാരതി; തട്ടിയെടുത്താൽ രേഖ എവിടെന്നു കിട്ടുമെന്നും യഥാർഥ പകർപ്പ് 24ന് ഹാജരാക്കുമെന്നും മുഞ്ചിറ മഠം; തർക്കം ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാൻ ജാഗ്രത കാട്ടി ജില്ലാ ഭരണകൂടവും; 30ാം തീയതിയിലെ തീർപ്പ് അതിനിർണായകം; തട്ടിയെടുത്ത മഠം സംഘപരിവാർ സംഘടനകൾക്ക് നഷ്ടമായേക്കും എന്ന് സൂചന

എം മനോജ് കുമാർ

തിരുവനന്തപുരം: മുഞ്ചിറ മഠം ആർഎസ്എസിനും മഠം ഇപ്പോൾ കൈവശം വച്ച് ഉപയോഗിക്കുന്ന സേവാഭാരതിക്കും നഷ്ടമായേക്കും. മുഞ്ചിറ മഠം ഒരു ക്രമസമാധാന പ്രശ്‌നമായി മാറിയ സാഹചര്യത്തിൽ യഥാർത്ഥ രേഖകൾ പരിശോധിച്ച് ഒരു വിധി തീർപ്പിനു ജില്ലാ ഭരണകൂടം തയ്യാറായ അവസ്ഥയിലാണ് മുഞ്ചിറ മഠം ആർഎസ്എസിനു നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ ദിവസം കലക്ടർ കെ.ഗോപാലകൃഷ്ണൻ വിളിച്ചു ചേർത്ത യോഗത്തിൽ മുഞ്ചിറ മഠത്തിന്റെ രേഖകൾ ഹാജരാക്കാൻ സേവാഭാരതി നിയോഗിച്ച അഭിഭാഷകർക്ക് കഴിഞ്ഞിരുന്നില്ല. ഇതുകൊണ്ട് തന്നെ യോഗം പൂർത്തീകരിക്കാൻ കഴിഞ്ഞതുമില്ല. അതിനാൽ ഈ മാസം മുപ്പതിന് ഈ കാര്യത്തിൽ അന്തിമ തീരുമാനത്തിനാണ് ജില്ലാ കലക്ടർ ഒരുങ്ങുന്നത്.

അതുകൊണ്ട് തന്നെ മുപ്പതിന് തന്നെ മുഞ്ചിറ മഠം ആർഎസ്എസിനോ പുഷ്പാഞ്ജലി സ്വാമിയാർക്കോ എന്ന് തീർപ്പ് വന്നേക്കും. 24 നു കലക്ടർ മുഞ്ചിറ മഠം സന്ദർശിക്കും. അതിനുശേഷം മുപ്പതിന് തീരുമാനം. ഇതാണ് മുഞ്ചിറ മഠം പ്രശ്‌നത്തിൽ ജില്ലാ ഭരണകൂടത്തിൽ നിന്നും വരുന്ന തീരുമാനം. മുഞ്ചിറ മഠം മഠത്തിനു അവകാശപ്പെട്ടതാണെന്നും അവിടെ താമസിച്ച് ചാതുർമാസ്യം ഉൾപ്പെടെയുള്ള പൂജകൾക്ക് സൗകര്യം നല്കണമെന്നും ആവശ്യപ്പെട്ടു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പപാജലി സ്വാമിയാർ രംഗത്തു വന്നതോടെയാണ് മുഞ്ചിറ മഠം ഒരു തർക്ക പ്രശ്‌നമായും ക്രമസമാധാന പ്രശ്‌നമായും മാറുന്നത്.

മുഞ്ചിറ മഠം ആർക്ക് എന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ വേണ്ടിത്തന്നെയാണ് കലക്ടർ കഴിഞ്ഞ ദിവസം യോഗം വിളിച്ചു ചേർത്തത്. ഒന്നുകിൽ മഠം തിരികെ പുഷ്പാഞ്ജലി സ്വാമിയാർക്ക് തന്നെ ലഭിക്കും. അല്ലെങ്കിൽ സേവാഭാരതിക്ക് ലഭിക്കും. മുഞ്ചിറ മഠത്തിന്റെ അവകാശത്തർക്കം ഒരു ക്രമസമാധാന പ്രശ്നമായി തീർന്ന സാഹചര്യത്തിൽ ഈ തീർപ്പ് ഇനിയും വൈകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. രേഖകൾ ഹാജരാക്കാൻ ഇരുകൂട്ടരോടും കളക്ടർ ആവശ്യപ്പെട്ടിട്ടുമുണ്ട്.

അവകാശതർക്കവുമായി ബന്ധപ്പെട്ടു കളക്ടർ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് മുപ്പതിന് ഈ കാര്യത്തിൽ അന്തിമ തീരുമാനത്തിനു തയ്യാറാകുന്നത്. ഇപ്പോൾ മുഞ്ചിറ മഠം കൈവശം വയ്ക്കുന്ന സേവാഭാരതിക്ക് മഠവുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണ് കഴിഞ്ഞ ദിവസം കളക്ടർ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞത്. മഠവുമായി ബന്ധപ്പെട്ടു സംഘർഷം തുടരുന്ന സാഹചര്യത്തിൽ രേഖകൾ പരിശോധിച്ച് ഈ കാര്യത്തിൽ തീർപ്പ് വരുത്താൻ സർക്കാരിൽ നിന്നും കലക്ടർ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് മുപ്പതിന് ഈ കാര്യത്തിൽ തീർപ്പ് വരുത്താൻ കലക്ടർ ഒരുങ്ങുന്നത്.

മറുനാടന് ലഭിക്കുന്ന സൂചനകൾ പ്രകാരം മുഞ്ചിറ മഠത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകൾ പുഷ്പാഞ്ജലി സ്വാമിയാരുടെ കൈവശമുണ്ട്. മഠത്തിനു അവകാശവാദം ഉന്നയിച്ച് പുഷ്പാഞ്ജലി സ്വാമിയാർ രംഗത്ത് വരാൻ ഇടയായതും ഈ രേഖകൾ കൈവശമുള്ളത് കാരണമായിരുന്നു. ആർഎസ്എസ് മഠം കൈവശപ്പെടുത്തി എന്നല്ലാതെ രേഖകൾ സമാഹരിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം രേഖകൾ ഹാജരാക്കാൻ കളക്ടർ ആവശ്യപ്പെട്ടിട്ടും സേവാഭാരതിക്ക് അതിനു കഴിയാതെ പോയത്. കലക്ടർ സന്ദർശിക്കുന്ന 24 നു മഠം അധികൃതർ രേഖകൾ കളക്ടർക്ക് നൽകും.

പുഷ്പാഞ്ജലി സ്വാമിയാരുടെ ആവശ്യപ്രകാരം മുഞ്ചിറ മഠത്തിനു സമീപമുള്ള കുളത്തിൽ കുളിച്ച് സ്വാമികൾക്ക് പൂജ നടത്താനുള്ള അവകാശം നല്കണമെന്ന് കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനുള്ള പൊലീസ് സംരക്ഷണവും സ്വാമിയാർക്ക് ലഭിക്കും. അതേസമയം മുഞ്ചിറമഠത്തിനു അവകാശവാദം ഉന്നയിച്ച് പുഷ്പാഞ്ജലി സ്വാമിയാർ നടത്തിവന്ന ഉപവാസ സമരം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. മഠത്തിന്റെ നിർദ്ദേശം കാരണമാണ് സ്വാമിയാർ സമരത്തിൽ നിന്ന് പിൻവലിഞ്ഞത്. സ്വാമിയാർ സമരം ചെയ്യാൻ കെട്ടിയിരുന്ന താത്കാലിക പന്തൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ അഴിച്ചു മാറ്റുകയും സ്ഥലത്ത് സംഘർഷം നിലനിൽക്കുകയും ചെയ്തിരുന്നു. ഇത് ക്രമസമാധാന പ്രശ്‌നമാകുമെന്നു മനസിലായതോടെയാണ് മുഞ്ചിറ മഠത്തിന്റെ രേഖകൾ പരിശോധിച്ച് യഥാർത്ഥ അവകാശിയെ കണ്ടെത്താൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്.

അതേസമയം മുഞ്ചിറ മഠവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഒരു പൊലീസ് കേസും വന്നിട്ടുണ്ട്. പുഷ്പാഞ്ജലി സ്വാമിയാർ ചാതുർമാസ്യ വ്രതാനുഷ്ടാനത്തിന്റെ പൂജാ സ്ഥാനത്ത് വരച്ച കോലം വികൃതമാക്കിയതിനും വിളക്കും പൂജാ വിഗ്രഹവും അപഹരിച്ച സംഭവത്തിലുമാണ് ഫോർട്ട് പൊലീസ് കേസ് എടുത്തത്. സ്വാമിയാരുടെ സമരപ്പന്തൽ പൊളിച്ചു മാറ്റിയതിനു പിന്നാലെയാണ് ഈ പ്രശ്‌നങ്ങളും വന്നത്. പൂജാ വിഗ്രഹം അപഹരിക്കപ്പെട്ടതിനെ തുടർന്ന് മുഞ്ചിറ മഠം നൽകിയ പരാതിയിലാണ് ഫോർട്ട് പൊലീസ് കേസ് എടുത്തത്. ഞായറാഴ്ചയാണ് പൂജാ വിഗ്രഹങ്ങൾ അപഹരിക്കപെട്ടത്. സാളഗ്രാമം, വിളക്ക് തട്ടം, പഞ്ചലോഹ വിഗ്രഹം, തൂക്ക് വിളക്ക് എന്നിവയാണ് നഷ്ടമായതായി പരാതിയിൽ പറയുന്നത്.

തന്റെ ചതുർമാസ്യ വ്രതത്തിനു തടസം നേരിട്ടുവെന്ന് പറഞ്ഞു ആർഎസ്എസിന് എതിരെ ശക്തമായി സ്വാമി രംഗത്ത് വന്നതോടെയാണ് മുഞ്ചിറ മഠം ഒരു രാഷ്ട്രീയ വിവാദമായി മാറുന്നത്. പുഷ്പാഞ്ജലി സ്വാമിയാർ പരമ്പരാഗതമായി ഉപാസിച്ച് വന്ന ശ്രീരാമ ചന്ദ്രന്റെ പഞ്ച ലോഹത്തിലുള്ള ഉപാസനാ വിഗ്രഹം ആർഎസ്എസ് കടന്നു കയറ്റത്തിൽ കാണാതെ പോയെന്നുള്ള അതിനിശിതമായ ആരോപണം ഈ വിവാദങ്ങൾക്ക് മറ്റൊരു മാനം നൽകുകയും ചെയ്യുന്നു. മഠത്തിൽ ആർഎസ്എസ് കടന്നുകയറ്റമാണ് വന്നത്. മഠം പുഷ്പാഞ്ജലി സ്വാമിയാർക്ക് തിരികെ നൽകണം. ഇതാണ് അദ്ദേഹം ഉയർത്തുന്ന ആവശ്യം. മഠം ഒരു സ്വാമിയാരുടെ ധ്യാനമന്ദിരമാണ്. ക്ഷേത്രത്തിനു തുല്യമാണ്. ക്ഷേത്രം സംരക്ഷിക്കേണ്ട ആളുകൾ, സ്വമേധയാ നല്ല മനസ് തോന്നിയിട്ട് അവിടുന്ന് ഒഴിഞ്ഞു പോകണം- ഈ പ്രശ്‌നം തുടങ്ങിയശേഷം മറുനാടനു നൽകിയ വിശദമായ ഒരു അഭിമുഖത്തിൽ പുഷ്പാഞ്ജലി സ്വാമിയാർ ആവശ്യപ്പെട്ടിരുന്നു.

മുഞ്ചിറ മഠം ആർഎസ്എസിന്റെ കയ്യിൽപെട്ടതിന്റെ കഥ സ്വാമിയാർ പറയുന്നത് ഇങ്ങിനെ

1789 മലബാർ ലഹളക്കാലത്ത്, ടിപ്പുവിന്റെ ആക്രമണം മലബാറിൽ ഉണ്ടായ സമയത്ത് തൃക്കൈക്കാട്ടിൽ നിന്ന് ഒരു സ്വാമിയാര് ചാതുർമാസവ്രതം കഴിഞ്ഞു ദേശാടനമായി അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഉപാസനാ മൂർത്തിയായ ശ്രീരാമചന്ദ്രനെയും കൊണ്ട് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പോരുന്ന സമയത്ത് ആലുവ പെരിയാറിന്റെ തീരത്തിരുന്നു വരുണ മന്ത്രം ജപിക്കുകയും ശ്രീരാമനെ ഉപാസിക്കുകയും ചെയ്തു. അപ്പോൾ വെള്ളപ്പൊക്കമുണ്ടായി. തിരുവിതാംകൂറിനെ ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനും കഴിഞ്ഞു. അതിന്റെ നന്ദി സൂച്ചകമായിട്ടു ആ യോഗസിദ്ധനായി ഇരിക്കുന്ന തൃക്കൈക്കാട്ട് സ്വാമിയാരെ, ഗോവിന്ദപുരം മാർഗ തീർത്ഥ എന്നാണ് ആ സ്വാമിയാരുടെ പേര്.

അദ്ദേഹത്തിന്റെ പൂർവാശ്രമം കണ്ണൂരാണ് തൃച്ചമ്പരത്തിനു അടുത്താണ്. അദ്ദേഹം മിത്രാനന്ദപുരം കുളത്തിൽ കുളിച്ച് ശ്രീപത്മനാഭസ്വാമിയെ തൊഴാൻ ഇരിക്കുമ്പോൾ കാർത്തിക തിരുനാൾ മഹാരാജാവ്, ധർമ്മരാജാവ് യോഗസിദ്ധനായി ഇരിക്കുന്ന ഈ സ്വാമിയാരുടെ മഹാസാന്നിധ്യവും ആവശ്യമാണ് എന്ന് തോന്നി അവിടെ മഠം സ്ഥാപിച്ചു കൊടുക്കുകയും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ശ്രീരാമ ചന്ദ്ര ദേവനെ അവിടെ പ്രതിഷ്ടിക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ആ സ്വാമിയാരേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കുകയും ചെയ്തു. അങ്ങിനെയാണ് മുഞ്ചിറ മഠത്തിന്റെ ഉത്പത്തിയുണ്ടാകുന്നത്.

ആറുമാസക്കാലം അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരായി. അതിനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാർ പുഷ്പാഞ്ജലി സ്വാമിയാർമാരായി. 1980 കളിലാണ് മുഞ്ചിറ മഠത്തിൽ സ്വാമിയാർമാരുടെ അഭാവമുണ്ടാകുന്നത്. ഈ കാലയളവിൽ സന്യസിച്ച് വരുന്ന സ്വാമിയാർമാരുടെ എണ്ണം കുറവായിരുന്നു. അന്ന് ഉണ്ടായിരുന്ന സ്വാമിയാർമാർ കൃഷ്നാന്ദ ബ്രഹ്മാനന്ദ ദത്ത സ്വാമിയാർ 1982-ൽ പുഷ്പാഞ്ജലി കഴിഞ്ഞു മുഞ്ചിറയ്ക്ക് പോയി.

വയോധികനായ സ്വാമിയാർ ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹം പോകുന്ന സമയത്ത് അദ്ദേഹത്തിന്റെ പൂർവാശ്രമത്തിലെ സുഹൃത്ത് ആയിരുന്ന ആളുടെ മകൻ ഇവിടെ ബാങ്കിൽ ജോലിക്കാരനായി വന്നു. അദ്ദേഹമാണ് അനന്തപത്മനാഭൻ. അദ്ദേഹമാണ് സ്വാമിയാർമാരോട് മഠത്തിൽ താമസിച്ചോട്ടെ എന്ന് ചോദിച്ചു. അതിനു സ്വാമിയാർ അനുവദിച്ചു. ശ്രീരാമസ്വാമിയുടെ പൂജ മുടക്കാതെ നോക്കണം. ഇതാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വാടക ഒന്നും വാങ്ങിക്കാതെ ശ്രീരാമചന്ദ്രന്റെ പൂജ മുടങ്ങാതിരിക്കണം എന്ന ഒരൊറ്റ നിർദ്ദേശമാണ് സ്വാമിയാർ മുന്നോട്ട് വച്ചത്. അദ്ദേഹം പൂജ ചെയ്യാനായിട്ട് സന്നദ്ധനാവുകയും ചെയ്തു. പിന്നെ സ്വാമിയാർ അവിട്ടത്തൂര് പോയി. അവിടെ സമാധിയായി.

സ്വാമിയാർ സമാധിയാകും മുൻപ് തന്നെ അദ്ദേഹം തുടർന്നുള്ള തലമുറയിൽപ്പെട്ട കുറ്റമ്പിള്ളി സ്വാമിയാരെ പുഷ്പാഞ്ജലി സ്വാമിയാർമാരായി അവരോധിച്ചിരുന്നു. കുറ്റമ്പിള്ളി സ്വാമിയാർ ഇവിടെ വന്ന സമയത്ത് അനന്തപത്മനാഭൻ ട്രാൻസ്ഫർ ആയി പോയിരുന്നു. ട്രാൻസ്ഫർ ആയി പോയിട്ട് മൂന്നു വർഷമായിരുന്നു. അദ്ദേഹം പോകും മുൻപ് ഒരു സ്വയം സേവകനെ ഇവിടുത്തെ കാര്യങ്ങൾ ഏൽപ്പിച്ചിരുന്നു. പൂജ മുടങ്ങാതെ നോക്കണം എന്നാണ് അനന്തപത്മനാഭനും ആവശ്യപ്പെട്ടിരുന്നത്. ശ്രീരാമചന്ദ്രന്റെ ഉപാസന മുട്ടരുത് എന്ന് മാത്രമാണ് അനന്തപത്മനാഭനും ആവശ്യപ്പെട്ടത്. ഇങ്ങിനെ കൈമാറി കൈമാറി പോയപ്പോൾ പൂജ കാര്യങ്ങളിൽ എല്ലാവർക്കും ശ്രദ്ധ നഷ്ടമായി. പൂജ മുടങ്ങാൻ പ്രധാന കാരണം പൂജ ചെയ്ത ശാന്തിക്കാർക്ക് പ്രതിഫലം നൽകാതിരുന്നത് കാരണമായിരുന്നു.

പ്രതിഫലം മുടങ്ങിയപ്പോൾ പൂജ ചെയ്യാൻ ശാന്തിക്കാർ വരാതായി.ഉപാസന മുടങ്ങുകയും ചെയ്തു. അവരെയൊക്കെ ആട്ടിയോടിക്കുക എന്ന സ്വഭാവമായിരുന്നു ഇവർ പിന്തുടർന്നത്. കൂറ്റമ്പിള്ളി സ്വാമിയാർ പിന്നീട് കാഞ്ചിയിൽ പോയി. തിരികെ വരാതായപ്പോൾ രാജാവും ഹിന്ദു സേവാസംഘവും ചേർന്ന് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവന്നു. അപ്പോഴേക്കും മഠം സംഘത്തിന്റെ അധീനതയിലായി കഴിഞ്ഞിരുന്നു. സ്വാമിയാരെ ഇവർ സ്വഭാവദൂഷ്യം ആരോപിച്ചു മഠത്തിൽ കയറ്റാതായി.

തിരുവിതാംകൂർ രാജാവ് അദ്ദേഹത്തിനു താമസത്തിനു ഗസ്റ്റ് ഹൗസ് അനുവദിച്ചു. 1789-ൽ രാജാവ് പുഷ്പാഞ്ജലി സ്വാമിയാർക്ക് അനുവദിച്ച മഠമാണ് അന്യാധീനപ്പെട്ടത്. ഇവിടെ നമ്പി മഠവും തന്ത്രി മഠവുമുണ്ട്. ഇതെല്ലാം പത്മനാഭ സ്വാമിയെ സേവിക്കാൻ വേണ്ടി കൊണ്ട് വന്ന സ്ഥാനീയർക്ക് താങ്ങാനുള്ള വീടുകളാണ്. മുഞ്ചിറ മഠവും അങ്ങിനെയുള്ള ഒരു വീടാണ്. പുഷ്പാഞ്ജലി സ്വാമിയാർമാർ അവകാശവാദം ഉന്നയിച്ചപ്പോഴോന്നും ആർഎസ്എസ് മഠം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ശ്രീരാമചന്ദ്രന്റെ പൂജ മുടങ്ങാതിരിക്കാനും മുഞ്ചിറ മഠത്തിൽ താമസിക്കാനും പുഷ്പാഞ്ജലി സ്വാമിയാർ ശ്രമിച്ചപ്പോഴോന്നും ആർഎസ്എസ് എതിർപ്പ് കാരണം ഒന്നും നടന്നില്ല.

കൊട്ടാരം പുഷ്പാഞ്ജലി സ്വാമിയാർക്ക് വിട്ടു നൽകിയതാണ് മുഞ്ചിറ മഠം. കെട്ടിടത്തിനു ടാക്സ് ഇപ്പോഴും കൊട്ടാരമാണ് അടയ്ക്കുന്നത്. കൊട്ടാരം സ്വാമിയാർക്ക് നൽകിയതാണ്. അതുകൊണ്ട് അത് സ്വാമിയാർമാർ തന്നെ ശ്രദ്ധിക്കണം എന്ന നിലപാടാണ് കൊട്ടാരം കൈക്കൊണ്ടത്. പുഷ്പാഞ്ജലി സ്വാമിയാർമാരുടെ അഭാവം അങ്ങിനെ വന്നിട്ടില്ല. ചെറിയ രീതിയിലുള്ള അഭാവം മാത്രമാണ് വന്നത്. ചുഴികുന്നം സ്വാമിയാർ പിന്നീട് വന്നിരുന്നു. സ്വാമിയാർ സമാധിയായി. കവനന്റ്റ് പ്രകാരം തെക്കേ മഠത്തിലെ മൂപ്പിൽ സ്വാമിയാർമാർ മുഞ്ചിറ മഠത്തിൽ താമസിക്കാൻ വന്നു. പക്ഷെ അതിനു ആർഎസ്എസ് സമ്മതിച്ചില്ല. അതിനു കേസൊക്കെ വന്നു.

ആദ്യത്തെ സ്വാമിയാർക്ക് ശേഷം 44 ആം പുഷ്പാഞ്ജലി സ്വാമിയാർ വരെ മുഞ്ചിറ മഠത്തിൽ താമസിച്ചവരാണ്. 1992 വരെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ പോയതാണ്. ഈ കാലം വരെ നമ്പൂതിരിമാരും ശന്തിക്കാരും എല്ലാം അവിടെപ്പോയി പൂജ കഴിച്ചിരുന്നു. 1992 നു ശേഷം പൂജ മുടങ്ങി. അനന്തപത്മനാഭന്റെ കയ്യിലേക്ക് വന്ന ശേഷം പൂജ മുടങ്ങി. സ്വാമിയാർ നോക്കിയത് പുഷ്പാഞ്ജലി സ്വാമിയാരുടെ അനുഷ്ഠാനങ്ങൾ എല്ലാം നടന്നുപോകുന്നുണ്ടോ എന്ന് മാത്രമാണ്. അതുകൊണ്ട് തന്നെ രാജാവിനോട് പുഷ്പാഞ്ജലി സ്വാമിയാർ ആവശ്യപ്പെട്ടത് ഈ കാര്യത്തിൽ വഴക്ക് കൂടാൻ പോകേണ്ട എന്നാണ്. എല്ലാം 1992 വരെ മാത്രം. അതിനുശേഷം പൂജ ഉൾപ്പെടെ എല്ലാം നിലച്ചു. ഞാൻ മുൻപ് പറഞ്ഞപോലെ പൂജാരിക്ക് പ്രതിഫലമില്ല. പൂജാരിമാർ വരാതായിപൂജ നിലച്ചു.

തൃക്കൈക്കാട്ട് സ്വാമിയാർ മുഞ്ചിറ മഠത്തിൽ പ്രതിഷ്ഠ നടത്തിയ പഞ്ചലോഹ വിഗ്രഹത്തിനെക്കുറിച്ച് വ്യക്തമായി ഒന്നും അറിയില്ല. അവിടെപോയി നോക്കിയാലെ അറിയൂ. അവിടെ താമസിച്ച അത് കൈകാര്യം ചെയ്ത ആർഎസ്എസ്‌കാർക്ക് മാത്രമേ അറിയൂ. ആ വിഗ്രഹത്തിനു എന്ത് സംഭവിച്ചുവെന്ന്? വിഗ്രഹം കാണാതെ പോയ സംഭവത്തിൽ ഉത്തരം പറയേണ്ടത് ആർഎസ്എസുകാരാണ്. പഞ്ചലോഹം വിഗ്രഹം കാണാതെ പോയ സംഭവം അന്വേഷിക്കേണ്ടതാണ്. അത് അധികൃതർ അന്വേഷിക്കേണ്ടതാണ്. പക്ഷെ ഞാൻ പരാതി നൽകിയിട്ടില്ല. ഞാൻ അവിടെ പോയിട്ടില്ല.എന്നെ അവിടെ കയറ്റിയില്ല.എനിക്ക് മുൻപ് വന്ന സ്വാമിയാരെയും അവിടെ ആർഎസ്എസുകാർ കയറ്റിയില്ല. ശങ്കരാനന്ദ സ്വാമിയാരെയും കയറ്റിയില്ല, ചൂഴിക്കുന്നം സ്വാമിമാരെയും അവിടെ കയറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ പഞ്ചലോഹ വിഗ്രഹത്തിന്റെ കാര്യം ഞങ്ങൾക്ക് അറിയില്ല. മഠത്തിൽ കയറണം എന്ന് ആർഎസ്എസ് നേതാക്കളെ കണ്ടു ഞാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ എന്നെ കയറ്റിയില്ല. അതിനെക്കുറിച്ച് ഞാൻ പരാതി നൽകിയിട്ടുണ്ട്-സ്വാമിയാർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP