Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎംആർഎൽ പണംകൊടുത്തു വാങ്ങുന്ന ഭൂമിയിലൂടെ റോഡ് വേണമെന്ന് ബീനാ കണ്ണന്റെ പുതിയ നിബന്ധന; മെട്രോയ്ക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീളുന്നു; ഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുക്കാൻ നോട്ടീസ് നൽകാതെ കലക്ടറും നടപടി വൈകിപ്പിക്കുന്നു

കെഎംആർഎൽ പണംകൊടുത്തു വാങ്ങുന്ന ഭൂമിയിലൂടെ റോഡ് വേണമെന്ന് ബീനാ കണ്ണന്റെ പുതിയ നിബന്ധന; മെട്രോയ്ക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീളുന്നു; ഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുക്കാൻ നോട്ടീസ് നൽകാതെ കലക്ടറും നടപടി വൈകിപ്പിക്കുന്നു

കൊച്ചി: കൊച്ചി മെട്രോയ്ക്കായി പാവപ്പെട്ടവരുടെ ഭൂമി ഏറ്റെടുക്കാൻ അതിവേഗം നടപടി സ്വീകരിച്ച കെഎംആർഎലും ജില്ലാ ഭരണകൂടവും ശീമാട്ടിക്ക് മുമ്പിൽ മുട്ടുവിറച്ച് നിൽക്കുന്നു. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ വകുപ്പുണ്ടായിട്ടും ഒരു വർഷത്തോളം ടെക്‌സ്‌റ്റെയിൽ രംഗത്തെ വൻകിടക്കാരുമായി ഇരുപതിലേറെ തവണ ചർച്ച നടത്തിയ കെഎംആർഎല്ലും ജില്ലാ ഭരണകൂടത്തെയും വീണ്ടും കബളിപ്പിക്കുകയാണ് ബീനാ കണ്ണൻ. ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ച ശേഷം വീണ്ടും ബീന കണ്ണൻ വാക്കുമാറിയതോടെ നിയമത്തിന്റെ വഴിയിൽ നീങ്ങി ഭൂമി ഏറ്റെടുക്കാൻ തുനിയാതെ നടപടികൾ മന:പ്പൂർവ്വം വൈകിപ്പിക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

പണവും കയ്യൂക്കുമുള്ള മുതലാളിമാർക്ക് മുൻപിൽ ഇന്ത്യയിൽ നിയമം എന്നും അൽപ്പം താഴ്ന്നു നിൽക്കുമെന്നതിന്റെ ഒടുവിലെ തെളിവായി മാറുകയാണ് കൊച്ചി ശീമാട്ടിയുടെ സ്ഥലം മെട്രൊ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുത്ത് തരണമെന്ന് കാണിച്ച കെ.എം.ആർ.എൽ. ജില്ലാകളക്ടർ രാജാമാണിക്യത്തിന് കത്തയച്ച് ഒരു മാസം പിന്നിട്ടിട്ടും ഭൂമി ഏറ്റെടുത്ത് നൽകാൻ ജില്ലാഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. ജില്ലാ കലക്ടർ നോട്ടീസ് നൽകിയാൽ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. എന്നിട്ടും ഇതിന് തുനിയാതെ ബീനാ കണ്ണന്റെ കനിവിനായി കാത്തിരിക്കയാണ് ഭരണകൂടം.

ശീമാട്ടി എം.ഡി ബീനാകണ്ണനുമായി സമവായം ഉണ്ടാക്കി മാത്രം സ്ഥലം മെട്രൊക്കായി ഏറ്റെടുത്താൽ മതിയെന്ന നിർദ്ദേശമാണ് ജില്ലാകളക്ടർക്ക് മുകളിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. നോട്ടീസ് നൽകി 48 മണിക്കൂറിനുള്ളിൽ തന്നെ സ്ഥലം ഏറ്റെടുക്കാൻ തുനിയാതെ പ്രശ്‌നത്തിൽ ഇപ്പോഴും മാരത്തോൺ ചർച്ച തുടരാനാണ് ഭരണകൂടത്തിന്റെ ശ്രമം. ഇത് പ്രകാരം നടത്തിയ ചർച്ചയിൽ 4 സെന്റ് സ്ഥലം തന്റെ സ്ഥാനത്തിലേക്കുള്ള വഴിക്ക് വേണമെന്ന കടും പിടുത്തത്തിൽ ബീനാകണ്ണൻ ഉറച്ച് നിന്നതോടെ സമവായ ചർച്ച പരാജയപ്പെടുകയായിരുന്നു.

എന്നിട്ടും ഭൂമി ഏറ്റെടുക്കാനുള്ള നിയമപരമായ വഴി തേടാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ പ്രധാനമായും ഉയർന്നിരിക്കുന്നത്. തൊട്ടടുത്ത് മാധവ ഫാർമസി ജംഗ്ഷനിൽ ചില സ്ഥാപനങ്ങൾ മെട്രൊക്കായി പൊളിക്കുമ്പോൾ ഉടമകൾ എതിർപ്പുമായി വന്നിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം സ്ഥലത്തിന്റെ വില കോടതിയിൽ കെട്ടിവച്ച് എതിർപ്പ് വകവയ്ക്കാതെ നിയമപരമായി തന്നെ ആസ്ഥലങ്ങളെല്ലാം ഏറ്റെടുത്തിരുന്നു. ശീമാട്ടിയുടെയും ബീനാകണ്ണന്റെയും കാര്യത്തിൽ മാത്രമാണ് ഇപ്പോഴും മാരത്തോൺ ചർച്ച നടത്തുന്നതെന്നാണ് അവരിൽ പലരുടെയും ആക്ഷേപം.

തൊട്ടടുത്ത ഗാന്ധിഭവനും ഇത് പോലെ സ്ഥലം വിട്ടു നൽകിയവരിൽ ഉൾപ്പെടും. എന്തായാലും ഈ വിഷയത്തിൽ ഇത് വരെ നിലപാട് വ്യക്തമാക്കാൻ ജില്ലാ കളക്ടർ തയ്യാറായിട്ടുമില്ല. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതിലെ അതൃപ്തി ഡി.എം.ആർ.സിയും കരാറുകാരും കെ.എം.ആർ.എൽ എംഡി ഏലിയാസ് ജോർജിനെ അറിയിച്ചിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ പ്രത്യേക വകുപ്പുകൾ പ്രകാരം മെട്രൊ നിർമ്മാണത്തിനായി ശീമാട്ടിയുടെ 30 സെന്റ് ഭൂമി എറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ രാജമാണിക്യത്തിന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്ജ് കത്ത് കഴിഞ്ഞമാസമാണ് കത്തു നൽകിയത്. കലക്ടർ ഉത്തരവിട്ട് 48 മണിക്കൂറിനകം വേണമെങ്കിൽ ജില്ലാ ഭരണകൂടത്തിന് സ്ഥലം ഏറ്റെടുക്കാം. പണം കെട്ടിവെക്കേണ്ടത് കോടതിയിലാണ് താനും. എന്നാൽ അതിന് വഴങ്ങാതെ മുന്നോട്ടു പോകുന്നത് ഉന്നത ,സമ്മർദ്ദത്താലാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

20 തവണ ചർച്ച നടത്തിയിട്ടും ഇതുവരെ വഴങ്ങാത്ത ശീമാട്ടി എം ഡി ബീന കണ്ണൻ കെ.എം.ആർ.എല്ലിനെ വിമർശിച്ചുകൊണ്ട് ഇന്നലെ പത്രങ്ങളിൽ പരസ്യം നൽകുകയുണ്ടായിരുന്നു. ഇതിന് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി ഭൂമി ഏറ്റെടുക്കാൻ തീകുമാനിച്ചെങ്കിലും ബീനാ കണ്ണൻ വഴിയുടെ പേര് പറഞ്ഞ് വീണ്ടും ഉടക്കുകയായിരുന്നു. ഇതിനിടെയാണ് കലക്ടർ നോട്ടീസ് നൽകാതെ ഭൂമി ഏറ്റെടുക്കൽ നടപടികൾ നീട്ടിക്കൊണ്ട് പോകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP