Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു; ഭീകരാക്രമണത്തിനായി തൊട്ടു മുമ്പായി ചുവന്ന മാരുതി ഇക്കോ കാറിൽ ചാവേറായ ആദിൽ അഹമ്മദ് ധർ വരുന്നത് കണ്ടതായി സിആർഎപിഎഫ് ജവാന്മാരുടെ മൊഴി; കാറിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ എൻഐഎ ഉദ്യോഗസ്ഥർ ഗുഡ്ഗാവിലെ ഫാക്ടറിയിൽ എത്തി; പുൽവാമ മോഡലിൽ ആക്രമണം നടത്താൻ സ്‌ഫോടക വസ്തുക്കൾ നിറച്ച കൂടുതൽ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷണം

കാശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു; ഭീകരാക്രമണത്തിനായി തൊട്ടു മുമ്പായി ചുവന്ന മാരുതി ഇക്കോ കാറിൽ ചാവേറായ ആദിൽ അഹമ്മദ് ധർ വരുന്നത് കണ്ടതായി സിആർഎപിഎഫ് ജവാന്മാരുടെ മൊഴി; കാറിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ എൻഐഎ ഉദ്യോഗസ്ഥർ ഗുഡ്ഗാവിലെ ഫാക്ടറിയിൽ എത്തി; പുൽവാമ മോഡലിൽ ആക്രമണം നടത്താൻ സ്‌ഫോടക വസ്തുക്കൾ നിറച്ച കൂടുതൽ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

 ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിക്കാനുള്ള ഉത്തരവ് ജമ്മു കാശ്മീർ അധികൃതർ പുറത്തിറക്കി. തീവ്രാദികൾക്ക് സഹായകമായി നിലപാട് സ്വീകരിക്കുന്ന വിഘടനവാദികളുടെ സുരക്ഷയാണ് പിൻവലിക്കുന്നത്. മിർവായിസ് ഉമർ ഫാറൂഖ്, ഷാബിർ ഷാ, ഹാഷിം ഖുറേഷി, ബിലാൽ ലോൺ, അബ്ദുൾ ഘാനി ഭട്ട് എന്നിവരുടെ സുരക്ഷ പിൻവലിക്കാനാണ് നിർദ്ദേശമുള്ളത്.

അതേസമയം പാക്കിസ്ഥാൻ അനുകൂല വിഘടനവാദി നേതാവായ സൈദ് അലി ഷാ ഗീലാനിയുടെ സുരക്ഷ പിൻവലിക്കുന്നതിനെ കുറിച്ച് ഉത്തരവിൽ പരാമർശമില്ലെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. ഉത്തരവിന്റെ പശ്ചാത്തലത്തിൽ, ഞായറാഴ്ച വൈകുന്നേരത്തോടെ വിഘടനവാദികൾക്കു നൽകിയിരുന്ന സുരക്ഷയും വാഹനങ്ങളും തിരിച്ചെടുക്കും. ഇവ കൂടാതെ മറ്റെന്തെങ്കിലും സൗകര്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടെങ്കിൽ അതും ഉടനടി പിൻവലിക്കും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. പാക്കിസ്ഥാനിൽനിന്നും പാക് ചാരസംഘടനയായ ഐ എസ് ഐയിൽനിന്നും ധനസഹായം സ്വീകരിക്കുന്നവർക്ക് സുരക്ഷ നൽകുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഭീകരാക്രമണ വിഷയത്തിൽ പാക്കിസ്ഥാന് കൂടുതൽ തെളിവുകൾ തേടിയിറങ്ങിയിരിക്കയാണ് ഇന്ത്യ. പുൽവാമ ഭീകരാക്രമണത്തിനായി തൊട്ടു മുമ്പായി മാരുതി ഇക്കോ കാറിൽ ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ വരുന്നത് കണ്ടതായി സിആർഎപിഎഫ് ജവാന്മാരുടെ മൊഴി പുറത്തുവന്നതോടെ കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് സർക്കാർ വൃത്തങ്ങൾ. ഈ കാറിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ എൻഐഎ ഉദ്യോഗസ്ഥർ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയിൽ പരിശോധന നടത്തി.

പുൽവാമ മോഡലിൽ ആക്രമണം നടത്താൻ സ്‌ഫോടക വസ്തുക്കൾ നിറച്ച കൂടുതൽ വാഹനങ്ങള് തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചത് 78 ബസുകളിലായി 2500 സൈനികർ. ഇവരിൽ 4, 2 ബസ്സുകളിലെ സിആർപിഎഫ് ജവാന്മാരാണ് അന്വേഷണത്തിൽ ഏറെ നിർണായകമാവുന്ന മൊഴികൾ നൽകിയിരിക്കുന്നത്. സർവീസ് റോഡിൽ നിന്ന് ചുവന്ന മാരുതി ഇക്കോ കാർ ബസ്സുകളുടെ സമീപത്തേക്ക് വരുന്നത് കണ്ടു. ദേശീയപാതയിൽ നിന്ന് മാറി നിൽക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ തൊട്ടുപിന്നാലെ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് സൈനികരുടെ മൊഴി.

സംഭവസഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബമ്പർ കഴിഞ്ഞ ദിവസം ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. ഇതോടെ ഈ കാറിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എൻഐഎ ഉദ്യോഗസ്ഥർ. ഇതിന്റെ ഭാഗമായി മാരുതി സുസുക്കിയുടെ ഗുഡ്ഗാവിലെ ഫാക്ടറിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഖാസി റഷീദാണ് സ്‌ഫോടക വസ്തുക്കൾ കാറിൽ തയ്യാറാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് നിർമ്മാണത്തിൽ വിദഗ്ധനായ ഖാസി റഷീദ് ഇതിനായി മാത്രം പാക്കിസ്ഥാനിൽ നിന്ന് പുൽവാമയിൽ എത്തിയെന്നാണ് നിഗമനം. ഇത്രയധികം സ്‌ഫോടക വസ്തുക്കൾ ശേഖരിക്കാനും ബോംബുണ്ടാക്കാനും ഏറെ സമയം എടുക്കും.

ഈ സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങളിൽ ബോംബ് സജ്ജീകരിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. പുൽവാമ മോഡലിൽ അക്രമം നടത്താനായി ജയ്‌ഷെ മുഹമ്മദ് സമീപിച്ചിരുന്നതായി അർജു ബഷാർ എന്ന യുവാവ് 2017-ൽ പൊലീസിനെ അറിയിച്ചിരുന്നു.അർജു ബഷാറിനെ ഇപ്പോൾ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും ഇതേ സംഘം തന്നെയാണോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

അതിനിടെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കശ്മീരി ജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ മറവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരികൾക്കെതിരെ ആക്രമണം നടക്കുന്നതായി കേന്ദ്രത്തിന് റിപ്പോർട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. പുൽവാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമെതിരെ ഭീഷണികളും ആക്രമണങ്ങളും വർധിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. അതിനാൽ കശ്മീരികളെ സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികളും അതത് സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നുവെന്നാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

പല സ്ഥലങ്ങളിലും കശ്മീരികളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുന്നുണ്ട്. കശ്മീരികളുടെ വാണിജ്യസ്ഥാപനങ്ങളും തെരുവുകച്ചവട കേന്ദ്രങ്ങളും നശിപ്പിക്കുകയും വീടുകൾ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള കശ്മീരികളൈ ഒഴിപ്പിക്കാൻ കെട്ടിട ഉടമകൾക്ക് സംഘ് പരിവാർ സംഘടനകൾ അന്ത്യശാസനം നൽകുകയും ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP