Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മികച്ച സൗകര്യങ്ങൾ സെക്രട്ടറിയേറ്റിൽ ഒരുക്കിയത് ഐടി വകുപ്പിന് വേണ്ടി; അനധികൃത നിയമനങ്ങൾക്കും വേണ്ടി വലിച്ച് ചീന്തിയത് സെക്രട്ടറിയേറ്റ് മാനുവലും; ഓഫീസുകളെ അനക്‌സിലെക്ക് കുടിയിറക്കിയപ്പോൾ എത്തിയത് പിഡബ്ലുസിയും സ്വപ്നാ സുരേഷും അടക്കമുള്ള ഗൂഢസംഘം; ശിവശങ്കറിന്റെ സമാന്തര സെക്രട്ടറിയേറ്റും; സ്വന്തം സെക്രട്ടറിയുടെ 'മിടുക്ക്' മുഖ്യമന്ത്രി മനസിലാക്കിയില്ലേയെന്ന് കോടിയേരിയും ചോദിക്കുമ്പോൾ തെളിയുന്നത് പിണറായിയുടെ രാഷ്ട്രീയ പരാജയം; സെക്രട്ടറിയേറ്റ് സംവിധാനം തകർത്തെന്ന വികാരം ശക്തം

മികച്ച സൗകര്യങ്ങൾ സെക്രട്ടറിയേറ്റിൽ ഒരുക്കിയത് ഐടി വകുപ്പിന് വേണ്ടി; അനധികൃത നിയമനങ്ങൾക്കും വേണ്ടി വലിച്ച് ചീന്തിയത് സെക്രട്ടറിയേറ്റ് മാനുവലും; ഓഫീസുകളെ അനക്‌സിലെക്ക് കുടിയിറക്കിയപ്പോൾ എത്തിയത് പിഡബ്ലുസിയും സ്വപ്നാ സുരേഷും അടക്കമുള്ള ഗൂഢസംഘം; ശിവശങ്കറിന്റെ സമാന്തര സെക്രട്ടറിയേറ്റും; സ്വന്തം സെക്രട്ടറിയുടെ 'മിടുക്ക്' മുഖ്യമന്ത്രി മനസിലാക്കിയില്ലേയെന്ന് കോടിയേരിയും ചോദിക്കുമ്പോൾ തെളിയുന്നത് പിണറായിയുടെ രാഷ്ട്രീയ പരാജയം; സെക്രട്ടറിയേറ്റ് സംവിധാനം തകർത്തെന്ന വികാരം ശക്തം

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ അടിത്തറ തോണ്ടിയത് സെക്രട്ടറിയെറ്റിൽ സ്ഥാപിക്കപ്പെട്ട സമാന്തര സെക്രട്ടറിയെറ്റ് സംവിധാനം. സെക്രട്ടറിയെറ്റ് സംവിധാനത്തെ തന്നെ അനക്‌സിലേക്ക് കുടിയോഴിപ്പിച്ചാണ് സമാന്തര സെക്രട്ടറിയേറ്റ് സ്ഥാപിക്കപ്പെട്ടത്. സെക്രട്ടറിയേറ്റ് ഇൻസ്ട്രക്ഷൻസും സെക്രട്ടറിയേറ്റ് മാനുവലും അനുസരിച്ചാണ് ഭരണസിരാകേന്ദ്രത്തിൽ കാര്യങ്ങൾ നടക്കുന്നത്. ഇത് ഭരണത്തിന്റെ അടിസ്ഥാനം കൂടിയാണ്. സെക്രട്ടറിയെറ്റ് സംവിധാനത്തിന്റെ ഈ അടിത്തറ തന്നെ മാന്തിയാണ് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് സംവിധാനത്തെ പൊളിച്ചടക്കിയത്. കൺസൾട്ടൻസി ഭരണത്തിനും അനധികൃത നിയമനങ്ങൾക്കും സെക്രട്ടറിയെറ്റ് സംവിധാനം യോജിച്ചതല്ലെന്നു മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ സെ ക്രട്ടറിയായിരുന്ന ശിവശങ്കർ സെക്രട്ടറിയെറ്റ് സംവിധാനത്തെ പൊളിച്ചടുക്കിയത്. ഇതോടെ സെക്രട്ടറിയെറ്റിൽ നിലവിൽ വന്ന സമാന്തര സെക്രട്ടറിയേറ്റ് സംവിധാനമാണ് ഇപ്പോൾ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ തന്നെ കുഴിയിൽ ചാടിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിഴലിൽ നിന്ന് സെക്രട്ടറി എം.ശിവശങ്കർ സ്ഥാപിച്ച ഈ സമാന്തര സെക്രട്ടറിയേറ്റ് സംവിധാനമാണ് പിഡബ്ല്യുസി പോലുള്ള കൺസൽട്ടൻസികൾക്ക് സെക്രട്ടറിയെറ്റിൽ വിലസാനും സ്വപ്ന സുരേഷിനെപോലുള്ളവർക്ക് സ്വർണ്ണക്കടത്ത് നടത്താനുമൊക്കെ അവസരമൊരുക്കിയതും. മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ സൗകര്യങ്ങൾ സെക്രട്ടറിയെറ്റിൽ ഒരുക്കിയത്. ഈ ഐടിവകുപ്പാണ് ഏറ്റവും കൂടുതൽ ചീത്തപ്പേര് മുഖ്യമന്ത്രിക്ക് ഉണ്ടാക്കിയത്. സ്വപ്ന ഐടി വകുപ്പിൽ വിളഞ്ഞാടിയത് ശിവശങ്കറുമായി തനിക്ക് ഉണ്ടായിരുന്ന സൗകര്യം മുതലെടുത്താണ്. സ്വപ്ന സ്വർണ്ണക്കടത്തിലെക്ക്  നീങ്ങിയപ്പോൾ തുണയാക്കിയത് ഐടി സെക്രട്ടറിയുമായി തനിക്ക് ഉണ്ടായിരുന്ന ഉറ്റബന്ധവുമായിരുന്നു.

ഏറെ നേരം സെക്രട്ടറിയേറ്റിൽ ചിലവഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് ശിവശങ്കറും സ്വപ്നയും കൂടിയുള്ള അഴിഞ്ഞാട്ടം മനസിലാക്കാൻ കഴിയാതെ പോയത് എന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോലും ചോദിച്ചത്. അവതാരങ്ങളെ ഒഴിവാക്കാൻ കുടിയൊഴിപ്പിക്കൽ ഉമ്മൻ ചാണ്ടി സർക്കാർ സോളാറിൽ അകപ്പെട്ടത് ചൂണ്ടിക്കാട്ടി അവതാരങ്ങളെ ഒഴിവാക്കാൻ എന്ന പേരിലാണ് സെക്രട്ടറിയേറ്റിൽ നിന്നും പ്രധാനവകുപ്പുകളെയും അത് നയിച്ച മികച്ച ഉദ്യോഗസ്ഥരെയും അനക്‌സ് കെട്ടിടങ്ങളിലേക്ക് കുടിയൊഴിപ്പിച്ചത്. പക്ഷെ അത് ഫലത്തിൽ ശിവശങ്കറിന്റെ പുറത്താകലിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ പതനത്തിനുമൊക്കെ വഴി വെയ്ക്കുകയുമാണ് ചെയ്തത്. സെക്രട്ടറിയെറ്റ് വകുപ്പുകളെ ഇവിടെനിന്നു പുറന്തള്ളിയപ്പോൾ പകരം സ്വകാര്യ കൺസൽട്ടൻസികൾക്കും മിഷനുകൾക്കുമൊക്കെ സെക്രട്ടറിയെറ്റ് താവളമാക്കാൻ അവസരം ലഭിച്ചു. ഈ സമാന്തര സംവിധാനം ഏറ്റെടുത്ത് ഭരണം നടത്തിയ ശിവശങ്കറാണ് സ്വപ്നാ സുരേഷിനും കൺസൽട്ടൻസികൾക്കും അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിയത്. പിഡബ്ലുസിപോലുള്ള കൺസൽട്ടൻസികൾ സെക്രട്ടറിയെറ്റ് താവളമാക്കുന്നതും സ്വപ്നയെ പോലുള്ളവരുടെ സാന്നിധ്യംകാരണം മുഖ്യമന്ത്രിയുടെ ഓഫീസിനു വരെ സ്വർണ്ണക്കടത്ത് ബന്ധം നീളുന്നത് കേരളം കണ്ടു. എല്ലാത്തിനും വഴിവെച്ചത് മുഖ്യമന്ത്രിയും ശിവശങ്കറും കൂടി സെക്രട്ടറിയേറ്റ് സംവിധാനത്തിന്റെ അടിത്തറ തോണ്ടിയത് കാരണമാണ്.

സെക്രട്ടറിയെറ്റിലേത് ബാക്ക്‌ഡോർ സംവിധാനം:

സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവർത്തിച്ച നിരവധി വകുപ്പുകളെയും അത് നയിച്ച മികച്ച ഉദ്യോഗസ്ഥരേയുമാണ് സെക്രട്ടറിയേറ്റ് അനക്‌സിലേക്ക് മാറ്റിയത്. സെക്രട്ടറിയെറ്റ് അനക്‌സിലേക്ക് മാറ്റിയപ്പോൾ ഈ സമാന്തര സംവിധാനം ഏറ്റെടുത്ത് ഭരണം നടത്തിയ ശിവശങ്കറാണ് സ്വപ്നാ സുരേഷിനും കൺസൽട്ടൻസികൾക്കും അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിയത്. പൊതുഭരണം,ധനവകുപ്പ്, നിയമവകുപ്പ് തുടങ്ങിയവ സെക്രട്ടറിയെറ്റിൽ പ്രവർത്തിക്കുമ്പോൾ മറ്റുള്ള വകുപ്പുകളെ കുടിയൊഴിപ്പിച്ചാണ് വിവിധ മിഷനുകളുടെ ഓഫീസുകൾ ഇവിടെ വന്നത്. ഇതോടൊപ്പം തന്നെ കൺസൾട്ടൻസികൾക്ക് വിലാസാനുള്ള അവസരം കൂടി ഒരുങ്ങുകയും ചെയ്തു. കരാർ നിയമങ്ങളും പ്രോജക്ടുകളും നടപ്പിലാക്കാൻ സെക്രട്ടറിയേറ്റ് നിയമങ്ങൾ അനുവദിക്കുന്നില്ല.

അഴിമതി തടയാൻ കഴിയാത്തതിനാലാണ് സെക്രട്ടറിയേറ്റ് മാനുവൽ ഇതിനു അനുമതി നൽകാത്തത്. പിണറായി ഭരണത്തിൽ നടക്കുന്നത് കൺസൽട്ടൻസികളുടെ അഴിഞാട്ടവും അനധികൃത നിയമനങ്ങളുമാണ്. ബാക്ക്‌ഡോർ കാര്യങ്ങൾ ആണ് സെക്രട്ടറിയേറ്റിൽ നടക്കുന്നത്. മിക്ക പദ്ധതികൾക്കും കൺസൽട്ടൻസിയെ ഏർപ്പാടാക്കും. പ്രോജക്റ്റിന്റെ ഭാഗമായി കരാർ നിയമനങ്ങൾ വരുമ്പോൾ
ഇവർ സെക്രട്ടറിയെറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കും. ഭരണസിരാകേന്ദ്രമെന്ന നിലയിൽ സെക്രട്ടറിയെറ്റിനു രഹസ്യാത്മകതയുണ്ട്. കരാർ നിയമനം വരുമ്പോൾ ഇവർ സ്വർണ്ണക്കടത്താണോ തീവ്രവാദ ബന്ധമുണ്ടോ എന്നൊക്കെ അന്വേഷിക്കാനും കഴിയില്ല. സ്വർണ്ണക്കള്ളക്കടത്തുകാരി സ്വപ്നയുടെ നിയമനം തന്നെ വലിയ വിരൽ ചൂണ്ടലാണ്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്തുകാരിയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഓഫീസ് കേന്ദ്രമാക്കി പ്രവർത്തിക്കുകയും മുഖ്യമന്ത്രിയുടെ ഐടി
വകുപ്പിൽ ഒരു ലക്ഷത്തിനും മുകളിലുള്ള ശമ്പളത്തിനു ജോലി ചെയ്യുകയുമൊക്കെ ചെയ്തത്. ഇത്തരം നിയമനങ്ങൾ അതുകൊണ്ട് തന്നെ സെക്രട്ടറിയെറ്റിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയായി മാറുകയാണ്.

ടെൻഡർ ഒഴിവാക്കാൻ കൺസൾട്ടൻസി

കൺസൽട്ടൻസി വരുമ്പോൾ ടെൻഡർ വിളിക്കേണ്ടതില്ല. പ്രോജക്റ്റ് കൺസൽട്ടൻസിയെ ഏൽപ്പിക്കുമ്പോൾ അവർ ഒരു ലിസ്റ്റ് നൽകും. നിയമനങ്ങളുടെ വലിയ ലിസ്റ്റ്. നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ നൽകുമ്പോൾ നിയമിക്കപ്പെടുന്നവർക്ക് നൽകുന്നത് ഒരു ലക്ഷത്തോളം രൂപ ശമ്പളമാണ്. നിയമനം നടത്തുന്നത് കൺസൽട്ടൻസിയാണെങ്കിലും ശമ്പളം പോകുന്നത് സർക്കാർ ഖജനാവിൽ നിന്നുമാണ്. നിരവധി പേർ ഇങ്ങനെ വിവിധ പ്രോജക്ടുകളിൽ തോന്നും പടി നിയമിക്കപ്പെടുമ്പോൾ അത് ഖജനാവിന് വൻ ബാധ്യതയാണ് വരുത്തുന്നത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കഴിവും പ്രയത്‌നവും ഉപയോഗിക്കാതെയാണ് ഇത്തരം തോന്നും പടി നിയമനങ്ങൾ നടത്തുന്നത്. ഇങ്ങനെ നിയമനങ്ങൾ നടത്തുമ്പോൾ അത് സാധൂകരിക്കാൻ പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ പോലുള്ളവർ കുറിപ്പിൽ എഴുതുന്നത് സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് അതിനുള്ള പ്രാപ്തിയില്ലെന്നാണ്. ഇത് സെക്രട്ടറിയേറ്റ് ജീവനക്കാരിൽ വൻ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഇത്തരം കുറിപ്പിന്റെ മറവിലാണ് ഈ ജീവനക്കാരെ പിന്നീട് സ്ഥിരപ്പെടുത്താനും ശ്രമങ്ങളും നടക്കുന്നത്. മുഖ്യമന്ത്രി ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറും പൊതുഭരണ സെക്രട്ടറി ജ്യോതിലാലും പോലുള്ളവരാണ് ഇത്തരത്തിലുള്ള ജീവനക്കാരെ പിൻവാതിൽ സ്ഥിരപ്പെടുത്തലിനും കാർമ്മികത്വം വഹിക്കുന്നത്.

നിയമനം കരാർ കമ്പനികൾ; ശമ്പളം സർക്കാർ ഖജാനയിൽ നിന്നും

കരാർ നിയമനങ്ങൾ സെക്രട്ടറിയെറ്റ് മാനുവൽ പ്രകാരം നടത്തുകയാണെങ്കിൽ താത്കാലികക്കാർക്ക് പ്രതിദിനം 740 രൂപയെ നല്കാൻ കഴിയൂ. ഇതൊഴിവാക്കാൻ ഒരു പ്രോജക്റ്റ് നടപ്പിലാക്കാൻ ഒരു കമ്പനിയെ ഏൽപ്പിക്കും. ആ കമ്പനിക്ക് വലിയ തുക നൽകും. അവർ നിയമിക്കപ്പെടേണ്ട ആളുകളുടെ ലിസ്റ്റും നൽകും. ഇവർക്ക് 35000 മുതൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം നൽകും. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശേഷി വെറുതെ കിടക്കുമ്പോഴാണ് ഇതുപോലുള്ള നിയമനങ്ങൾ നടക്കുന്നത്. വൻതോതിലുള്ള ഖജനാവ് ചോർച്ചയും ഇതു വഴി വരുന്നു. കരാർ ജീവനക്കാർക്ക് സെക്രട്ടറിയേറ്റ് ജീവനക്കാർക്കുള്ള ഐഡി കാർഡ്, സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് എന്നിവ നൽകുകയോ ഇവർ സംഘടിപ്പിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്.

കരാർ ജീവനക്കാർക്ക് സർക്കാർ മുദ്രയുള്ള വിസിറ്ററിങ് കാർഡ്

സെക്രട്ടറിയെറ്റ് സംവിധാനം അനുസരിച്ച് ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ജീവനക്കാർക്ക് മാത്രമേ സ്വന്തമായി ലെറ്റർ പാഡോ വിസിറ്റിങ് കാർഡോ അടിക്കാൻ പാടുള്ളൂ. ഏറ്റവും കുറവ് ശമ്പളം വാങ്ങിക്കുന്ന കോൺട്രാക്റ്റ് ജീവനക്കാർക്ക് വരെ ഐഡികാർഡും വിസിറ്റിങ് കാർഡുമുണ്ട്. വിസിറ്റിങ് കാർഡുകൾ സർക്കാർ പ്രസിൽ അടിച്ചാണ് ഉയർന്ന ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നത്. സർക്കാർ മുദ്രയുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. സ്വർണ്ണക്കടത്ത് ആസൂത്രക സ്വപ്നാ സുരേഷ് തന്നെ സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ആണ് ഉപയോഗിച്ചത്. സെക്രട്ടറിയെതട്ട് സംവിധാനത്തെ അട്ടിമറിച്ചതുകാരണമാണ് ഈ രീതിയിലുള്ള ഒരു ദുരന്തം പിണറായി സർക്കാരിനു മുകളിലേക്ക് പതിച്ചത്. മുൻപ് മന്ത്രിമാർ കാര്യങ്ങൾ ചെയ്യുമ്പോൾ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അഭിപ്രായം തേടുമായിരുന്നു. കരാർ നിയമനമായാലും വ്യവസ്ഥ വരും. അതെല്ലാം നടപ്പിലാക്കും. തട്ടിപ്പും വെട്ടിപ്പും നിയമനങ്ങളും നടത്താനുള്ള മറയാണ് മിഷനുകളും പ്രോജക്ടുകളും. ഇതാണ് സർക്കാർ കരാർ നിയമനങ്ങളുടെയും പ്രോജക്ടുകളുടെയും പിറകെ പോകുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ സെക്രട്ടറിയേറ്റ് സംവിധാനമില്ല. സെക്രട്ടറിയേറ്റ് ജീവനക്കാരെ മുഴുവൻ ഒഴിപ്പിച്ച് ഒരു പ്രാപ്തിയുമില്ലാത്ത ആളുകളെ സെക്രട്ടറിയേറ്റിൽ പ്രോജക്ടിന്റെയും മിഷന്റെയും ഭാഗമായി തിരുകി കയറ്റുകയാണ്.

മിഷന്റെ തലപ്പത്തുള്ളവർക്ക് കാബിനെറ്റ് റാങ്കിൽ ശമ്പളം

കാബിനെറ്റ് മന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് മിഷന്റെയും പ്രോജക്ട്കളുടെയും തലപ്പത്ത് നിയമിച്ചവർക്ക് നൽകുന്നത്. നോർക്ക സെക്രട്ടറിയുടെ ഓഫീസിൽ, ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ എല്ലാം കിൻഫ്രയിൽ നിന്നുള്ള ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. രഹസ്യകാര്യങ്ങൾ എല്ലാം ഇവരെക്കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്. ഇവർ എല്ലാം ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാതെ ഇവരുടെ വണ്ടിയാണ് ഉപയോഗിക്കുന്നത്. എല്ലാ വകുപ്പ് സെക്രട്ടറിമാരുടെ ഓഫീസുകളിലും അനധികൃതമായ നിയമനങ്ങളുണ്ട്. ഇ-മൊബിലിറ്റിയുടെ ഭാഗമായി നിയമിച്ചിരിക്കുന്നവരിൽ നാലുപേർ വകുപ്പ് ഭരിക്കുന്ന ഗതാഗത വകുപ്പിലെ ഉന്നതന്റെ ബന്ധുക്കളാണ്. ട്രാൻസ്‌പോർട്ടുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഫയൽ സ്വയം സൃഷ്ടിച്ച് മീറ്റിങ് വിളിച്ചുകൂട്ടിയാണ് ട്രാൻസ്‌പോർട്ട് ഉന്നതൻ ബന്ധുക്കളെ ഇ-മൊബിലിറ്റി പദ്ധതിയിൽ നിയമിച്ചത്. വകുപ്പ് തലത്തിൽ ഉന്നത അന്വേഷണം വന്നാൽ കൂടുതൽ വകുപ്പ് സെക്രട്ടറിമാർ കുടുങ്ങും.

ഇലക്ട്രിക് കാറുകൾ വന്നത് സർക്കാരിലേക്കോ?

ഇ മൊബിലിറ്റിയുടെ ഭാഗമായി കമ്പനികൾ ബാറ്ററിയിൽ ഓടുന്ന രണ്ടു പുതുപുത്തൻ കാറുകൾ ട്രാൻസ്‌പോർട്ട് സെക്രട്ടറി ജ്യോതിലാലിനും ഇപ്പോൾ സ്വപ്ന കേസിൽ പുറത്തായ മുൻ ഐടി സെക്രട്ടറി ശിവശങ്കറിനും നൽകിയിട്ടുണ്ട്. ഇത് സർക്കാർ തലത്തിൽ നല്കിയതാണോ ഇവർക്ക് വ്യക്തിപരമായി നൽകിയതാണോ എന്ന കാര്യം ദുരൂഹമായി നിലനിൽക്കുകയാണ്. പത്ത് നാല്പത് ലക്ഷം രൂപ മുടക്കി സെക്രട്ടറിയേറ്റ് കോഫി ഹൗസിന്റെ മുൻവശത്ത് ഈ കാറുകൾക്ക് ബാറ്ററി റീ ചാർജ് ചെയ്യാൻ ബാറ്ററി സെന്റർ സ്ഥാപിച്ചിട്ടുണ്ട്. സെക്രട്ടറിയെറ്റിലെ ഒരു ജീവനക്കാരനും ഈ വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. സർക്കാർ ഫണ്ടാണോ കമ്പനികൾ സ്‌പോൺസർ ചെയ്തതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ശിവശങ്കറിന് നൽകിയ കാർ ആരാണ് ഉപയോഗിക്കുന്നത് എന്നും അറിയില്ല. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് ഓഫീസ് സെക്രട്ടറിയേറ്റിനുള്ളിൽ വരുകയും അവർക്ക് വരാനുള്ള സംവിധാനത്തിന്റെ ഭാഗമായാണോ ഈ ബാറ്ററി റീ ചാർജിങ് സെന്റർ സ്ഥാപിച്ചത് എന്ന കാര്യവും ദുരൂഹമായി തുടരുന്നു. കുത്തഴിഞ്ഞ ഈ അവസ്ഥയ്ക്ക് കാരണം സെക്രട്ടറിയേറ്റ് സംവിധാനത്തെ കുടിയിറക്കി സമാന്തര സെക്രട്ടറിയെറ്റ് സ്ഥാപിച്ചതാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ മുഴുവനും തന്നെ ചൂണ്ടിക്കാട്ടുകയാണ്. മിക്ക ഓഫീസുകളും ഉദ്യോഗസ്ഥരും അന്ക്‌സിലേക്ക് കുടിയോഴിപ്പിക്കപ്പെട്ടതോടെ പഴയ സ്ഥിതി പുനഃസ്ഥാപിക്കാനും വിഷമമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP