Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്ത് തിരക്കുകൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് ഞായറാഴ്ച കോതമംഗലം ചെറിയ പള്ളിയിൽ എത്തണം': യാക്കോബായ വിഭാഗത്തിന്റെ ശക്തിപ്രകടനമായ രണ്ടാം കൂനൻ കുരിശ് സത്യം വിജയിപ്പിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ ആഹ്വാനം; ചരിത്ര സംഭവമാക്കി മാറ്റണമെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ

'എന്ത് തിരക്കുകൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് ഞായറാഴ്ച കോതമംഗലം ചെറിയ പള്ളിയിൽ എത്തണം': യാക്കോബായ വിഭാഗത്തിന്റെ ശക്തിപ്രകടനമായ രണ്ടാം കൂനൻ കുരിശ് സത്യം വിജയിപ്പിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ ആഹ്വാനം; ചരിത്ര സംഭവമാക്കി മാറ്റണമെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നാളെ മാർത്തോമ ചെറിയ പള്ളിയിൽ നടക്കുന്ന രണ്ടാം കൂനൻ കുരിശ് സത്യം വിജയിപ്പിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്
ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. എന്ത് തിരക്കുകളുണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നാളെ വൈകിട്ട് 3 മണിക്ക് സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ പങ്കെടുക്കണമെന്നാണ് ബാവ പള്ളികൾക്കും സഭയിലെ വൈദീകർക്കും നൽകിയ കൽപനയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ബാവായുടെ ആഹ്വാനത്തിന്റെ പൂർണ്ണരൂപം ചുവടെ :

പരിശുദ്ധ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പരിശുദ്ധ സഭയ്ക്കായി കണ്ണുനീരോടെ മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ നമ്മൾ ഓരോരുത്തരും കരുതലുള്ളവരായിരിക്കണം. സത്യവിശ്വാസികൾ പടുത്തുയർത്തിയതായ ദൈവാലയങ്ങൾ കോടതി വിധിയുടെ മറവിൽ കയ്യേറുകയും ഇടവക ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നതായ സാഹചര്യമാണ് നിലനിൽക്കുന്നത്. മൃതശരീരംപോലും, മരിച്ച വിശ്വാസിയുടെ വിശ്വാസത്തിനനുസരിച്ച് അടക്കംചെയ്യാനുള്ള സാഹചര്യം ആണ് ഇല്ലാതെ വന്നിരിക്കുന്നത്.

ഈ സന്ദർഭത്തിൽ പരിശുദ്ധ സഭ നീതിക്കുവേണ്ടിയുള്ള ശക്തമായ പോരാട്ടത്തിന് മലങ്കര സഭയിൽ സത്യവിശ്വാസം നിലനിർത്തുവാനായി 334 വർഷങ്ങൾക്ക് മുമ്പ് എഴുന്നെള്ളി വന്ന 92 വയസ്സുകാരനായ മഹാപരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ കബറിങ്കൽ തുടക്കം കുറിക്കുകയാണ്. 1653 ൽ സത്യവിശ്വാസം ചോദ്യം ചെയ്തപ്പോൾ മട്ടാഞ്ചേരിയിൽ കുരിശിന്മേൽ ആലാത്തുകെട്ടി നമ്മുടെ പൂർവ്വീകന്മാർ ഏറ്റുചൊല്ലി സത്യവിശ്വാസം നിലനിർത്തുകയാണ് ഉണ്ടായത്. 2-ാം കൂനംകുരിശ് സത്യത്തിന് വീണ്ടും ഒരു വേദി ഒരുങ്ങുകയാണ്. ഈ വരുന്ന ഞായറാഴ്ച (6102019) നമ്മുടെ കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിൽ 3 മണിക്ക് ബാവായുടെ കബറിടത്തിൽ നിന്ന് ആരംഭിച്ച് പരി. ബാവ എഴുന്നുള്ളി വന്നപ്പോൾ പ്രകാശം കണ്ടതായ കൽക്കുരിശിൽ ആലാത്തുകെട്ടി പൂർവ്വീകർ നമുക്ക് പകർന്ന് തന്നതായ സത്യവിശ്വാസം ഒരിക്കൽകൂടി ഏറ്റുപറയാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്.

പരി. സഭയുടെ ചരിത്രത്തിൽ എന്നും സ്മരിക്കത്തക്കവിധം പരി.സഭയിലെ എല്ലാ ദൈവാലയങ്ങളിൽ നിന്നും ബഹു വൈദീകരുടെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിച്ചേരേണ്ടതാണ്. അന്നേദിവസം കുടുംബയൂണിറ്റുകൾ ബഹു. പള്ളിക്കാര്യത്തിൽ ഉണ്ട് എങ്കിൽ അതെല്ലാം മാറ്റിവച്ച് അന്ന് നടക്കുന്നതായ വിശ്വാസ പ്രഖ്യാപനത്തിലെ ചരിത്ര മുഹൂർത്തത്തിൽ ബഹു. പള്ളിക്കാര്യത്തിൽ നിന്നും വാഹനങ്ങൾ ക്രമീകരിച്ച് ദൈവമക്കൾ എത്തിച്ചേരുവാൻ കരുതലുള്ളവരായിരിക്കണം. പരി. സഭയിലെ എല്ലാ മെത്രാപ്പൊലീത്തന്മാരും ബഹു. വൈദീകരും ഈ വിശ്വാസ പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്ന് ഇത്തരുണത്തിൽ ഓർമ്മപ്പെടുത്തുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP