Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാവിലെ സീറ്റുകിട്ടിയാലും വൈകുന്നേരം മടക്കയാത്രയിൽ സീറ്റുകിട്ടുന്നില്ല; വിഷമിക്കുന്നത് മുതിർന്ന പൗരന്മാരും സ്ത്രീകളും ഭിന്നശേഷിക്കാരും; കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ; 5 രൂപ കൂപ്പണുകൾ ബസിൽ നിന്നു തന്നെ; സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ സിഎംഡി ബിജു പ്രഭാകറിന്റെ പുതിയ പദ്ധതി ഇങ്ങനെ

രാവിലെ സീറ്റുകിട്ടിയാലും വൈകുന്നേരം മടക്കയാത്രയിൽ സീറ്റുകിട്ടുന്നില്ല; വിഷമിക്കുന്നത് മുതിർന്ന പൗരന്മാരും സ്ത്രീകളും ഭിന്നശേഷിക്കാരും; കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ; 5 രൂപ കൂപ്പണുകൾ ബസിൽ നിന്നു തന്നെ; സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ സിഎംഡി ബിജു പ്രഭാകറിന്റെ പുതിയ പദ്ധതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രക്കാർക്ക് നൽകും. ഓർഡിനറി സർവ്വീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർ , വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർ വൈകുന്നേരങ്ങളിൽ തിരിച്ചുള്ള ബസുകളിൽ സീറ്റുകൾ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടർമാരിൽ നിന്നും കൂപ്പണുകൾ വാങ്ങാവുന്നതാണ്.

എന്നാൽ ഒരു ദിവസം ഒരു ബസിൽ 30 ൽ കൂടുതൽ കൂപ്പണുകൾ നൽകില്ല. ശേഷിക്കുന്ന സീറ്റുകൾ റിസർവേഷൻ കൂപ്പണില്ലാത്ത യാത്രക്കാർക്കായി മാറ്റിവെക്കും. വൈകുന്നേരത്തെ മടക്ക യാത്രയിൽ റിസർവേഷൻ കൂപ്പണുള്ള യാത്രക്കാർക്ക് ബസിൽ കയറുന്നതിനുള്ള മുൻഗണന കണ്ടക്ടർമാർ തന്നെ ഉറപ്പാക്കും. ഒരേ ബസിലെ മുഴുവൻ സീറ്റുകളും മുൻഗണനാ കൂപ്പൺപ്രകാരം യാത്രാക്കർ ആവശ്യപ്പെട്ടാൽ ആ ഷെഡ്യൂഡിൽ അതേ റൂട്ടിൽ പകരം മറ്റൊരു ബസ് കൂടി സർവ്വീസ് നടത്തും.

ഇതിനായി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻഗണന കൂപ്പണുകളിൽ തീയതി, സീറ്റ് നമ്പർ, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉൾപ്പെടെ രേഖപ്പെടുത്തിയിക്കും. സ്ഥിരം യാത്രാക്കാർക്ക് സീറ്റുകൾ ഉറപ്പ് വരുത്തി കൂടുതൽ സ്ഥിരം യാത്രക്കാരെ കെഎസ്ആർടിസി സർവ്വീസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

യാത്ര സുഗമമാക്കാൻ ബിജു പ്രഭാകറിന്റെ പൊടിക്കൈകൾ

കെഎസ്ആർടിസിയിലെ യാത്ര സുഗമമാക്കാൻ കഴിഞ്ഞ മാസവും ബിജു പ്രഭാകർ ചില നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ബസിൽ ഇനി തർക്കവും വഴക്കുമൊന്നും ഉണ്ടാകാതിരിക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം പുറത്തിറക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് ബിജുപ്രഭാകർ ഐഎഎസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്രക്കാരോട് ജീവനക്കാർ എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് സിഎംഡി മാർഗനിർദ്ദേശം പുറത്തിറക്കിയത്.

യാത്രാക്കാർ ബസിനുള്ളിലോ , ബസിന് പുറത്തോവെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാൽ അതേ രീതിയിൽ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും, യാത്രാക്കാർ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്താൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. തുടർന്നുള്ള നടപടികൾ യൂണിറ്റ് തലത്തിലോ, കേന്ദ്ര ഓഫീസ് തലത്തിലോ തീരുമാനിക്കും.

ജീവനക്കാർ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, മുതിർന്ന പൗരന്മാർ, അംഗവൈകല്യമുള്ളവർ , രോഗബാധിതരായ യാത്രാക്കാർ തുടങ്ങിയവർക്ക് ആവശ്യമുള്ള സൗകര്യം ബസുകളിൽ ഒരുക്കി നൽകണം. കൂടാതെ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ഇത്തരത്തിലുള്ള യാത്രാക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്തി കൊടുക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ ജനതാ ഓർഡിനറി ബസുകളുടെ കാര്യത്തിലും, അൺലിമിറ്റഡ് ഓർഡിനറി ബസുകളുടെ കാര്യത്തിലും ഈ നിർദ്ദേശങ്ങൾ പാലിക്കണം.

സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ബന്ധപ്പെട്ട യാത്രാക്കാർക്ക് കണ്ടക്ടർ തന്നെ ലഭ്യമാക്കി കൊടുക്കണം. ഇത്തരത്തിലുള്ള യാത്രാക്കാർ എവിടെ നിന്നും കൈകാണിച്ചാലും ബസ് നിർത്തി അവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ഡ്രൈവർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൈകുഞ്ഞുമായി വരുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേകം പരിഗണന നൽകണം. യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയതായി പരാതി ലഭിച്ചാൽ തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ അത് ശരിയെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP