Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഇരുവിഭാഗവും; സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും സംഘത്തെ നേരിടാൻ വിനയനും കൂട്ടരും; കൊട്ടിഘോഷിച്ച് നടത്തിയ ഓഫീസ് ഉദ്ഘാടനത്തിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന്; രണ്ട് കോടിക്ക് പൂർത്തിയാകാൻ ഉദ്ദേശിച്ച് തുടങ്ങിയ കെട്ടിട നിർമ്മാണം കഴിഞ്ഞപ്പോൾ ഏഴ് കോടി ചെലവ്; 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ പോര്

ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഇരുവിഭാഗവും; സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും സംഘത്തെ നേരിടാൻ വിനയനും കൂട്ടരും; കൊട്ടിഘോഷിച്ച് നടത്തിയ ഓഫീസ് ഉദ്ഘാടനത്തിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന്; രണ്ട് കോടിക്ക് പൂർത്തിയാകാൻ ഉദ്ദേശിച്ച് തുടങ്ങിയ കെട്ടിട നിർമ്മാണം കഴിഞ്ഞപ്പോൾ ഏഴ് കോടി ചെലവ്; 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ  കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ പോര്

കെ വി നിരഞ്ജൻ

കോഴിക്കോട്: രണ്ടുവർഷം കാലാവധിയുള്ള കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭരണസമിതിയിലേക്ക് അഞ്ചര വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. 27 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംഘടന പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരുവിഭാഗവും. നിലവിലെ സെക്രട്ടറി എം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ രംഗത്തുള്ളത് വിനയന്റെ നേതൃത്വത്തിലുള്ള പാനലാണ്. ഇതിനിടെ നിർമ്മാതാക്കളുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഉൾപ്പെടെ ചർച്ചയാക്കി ഇരുവിഭാഗവും കളം നിറഞ്ഞു കളിക്കുകയാണ്. ആസ്ഥാന മന്ദിരം പൂർത്തിയാക്കാൻ കഴിഞ്ഞത് ചരിത്ര സംഭവമാണെന്നാണ് നിലവിലെ ഭരണസമിതി വ്യക്തമാക്കുന്നത്. അംഗങ്ങളുടെ മൾട്ടിപ്പിൾ വോട്ടും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്. ംഗങ്ങളുടെ മൾട്ടിപ്പിൾ വോട്ട് നിലനിർത്താനായത് വലിയൊരു നേട്ടമാണ്. എന്നാൽ നേരത്തെ നടക്കേണ്ട തെരഞ്ഞെടുപ്പ് വൈകിച്ചതിന്റെ ഉത്തരവാദിത്തം മൾട്ടിപ്പിൾ വോട്ടിനെതിരെ ആക്ഷേപമുന്നയിച്ച് കോടതിയെ സമീപിച്ചവർക്കാണെന്നും ഇവർ ആരോപിക്കുന്നുണ്ട്.

എന്നാൽ ആസ്ഥാന മന്ദിരം നിർമ്മാണത്തിൽ ഉൾപ്പെടെ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. മലയാള സിനിമാ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ജി.സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും നേതൃത്വത്തിൽ വൻ അഴിമതികളാണ് അരങ്ങേറിയതെന്ന് നിർമ്മാതാക്കളായ രാജീവ് കെ.ടി, സുരേന്ദ്രൻ ടി കെ എന്നിവർ കോഴിക്കോട്ട് പറഞ്ഞു. സംഘടനയിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താതെ അഞ്ചര വർഷം സ്വയം ഭരണാധികാരികളായി വൻ അഴിമതിയും സ്വജനപക്ഷപാതവും ഇവർ നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും രാജീവ് കെ ടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2014 ലാണ് ജി സുരേഷ് കുമാർ പ്രസിഡന്റും എം.രഞ്ജിത്ത് സെക്രട്ടറിയുമായുള്ള ഭരണസമിതി അധികാരത്തിലേറിയത്. രണ്ടു വർഷമായിരുന്നു ഭരണസമിതിയുടെ കാലാവധി. 2016 ൽ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടിയിരുന്നുവെങ്കിലും അവർ തെരഞ്ഞെടുപ്പിന് തയ്യാറായില്ല. ഒടുവിൽ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് ജൂലൈ 27 ന് പുതിയ ഭരണസമിതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടത്താൻ അവർ നിർബന്ധിതരായിട്ടുള്ളത്. ഹൈക്കോടതി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടപ്പോൾ അംഗങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇവർ നടത്തിയ തട്ടിക്കൂട്ട് വിദ്യയായിരുന്നു അടുത്തിടെ നടന്ന പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടന മാമാങ്കം. അതിഭീകരമായ അഴിമതിയാണ് പുതിയ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. 2015 ൽ അസോസിയേഷൻ ജനറൽ ബോഡി നടക്കുമ്പോൾ തന്നെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയുടെ വിഷയം പൊന്തി വന്നിരുന്നു. അഴിമതി അന്വേഷിക്കാനായി മൂന്നംഗ സമിതിയെ അന്വേഷണ കമ്മീഷനായി ജനറൽ ബോഡി നിയമിക്കുകയും ചെയ്തു. നിർമ്മാതാക്കളായ രാജീവ് കെ ടി, വി എസ് അതീഷ്, ലിബർട്ടി ബഷീർ എന്നിവരായിരുന്നു മൂന്നംഗ അന്വേഷണ കമ്മിറ്റി അംഗങ്ങൾ.

കെട്ടിടത്തിന്റെ സ്ട്രക്ച്ചർ വർക്ക് മാത്രം നടന്നിരുന്ന അന്നത്തെ അവസ്ഥയിൽ തന്നെ വൻ അഴിമതി നടന്നതായി കമ്മീഷൻ കണ്ടെത്തി. അതന്റെ റിപ്പോർട്ട് സമയബന്ധിതമായി ഭരണസമിതിക്ക് കൈമാറുകയും ചെയ്തു. എന്നാൽ ആ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെന്ന് മാത്രമല്ല അന്വേഷണ കമ്മീഷനെ തെരഞ്ഞെടുത്ത പഴയ ജനറൽ ബോഡിയുടെ മിനിട്ട്‌സ് മാറ്റിയെഴുതുകയും ചെയ്തു. പിന്നീട് അന്വേഷണ കമ്മീഷൻ അംഗമായിരുന്ന തന്നെ കാരണമെന്നുമില്ലാത പുറത്താക്കുകയും ചെയ്തുവെന്നും രാജീവ് കെ ടി പറഞ്ഞു.

യാതൊരു അന്വേഷണങ്ങൾക്കും തയ്യാറാവാതെ കെട്ടിടം പണി തുടർന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് ശശി അയ്യഞ്ചിറ സെക്രട്ടറി ആയിരുന്നപ്പോൾ ഇതേ ബിൽഡിങ് പ്ലാൻ തന്നെ രണ്ട് കോടി രൂപയ്ക്ക് തീർക്കാനായിട്ട് കരാർ കൊടുത്തിരുന്നു. ഇതേ കെട്ടിടമാണ് ഇപ്പോൾ നിർമ്മാണത്തിന് ഏഴരക്കോടിയോളം രൂപ ചെലവായെന്ന് നേതൃത്വം പറയുന്നത്. അസോസിയേഷൻ ട്രഷറർ പ്രേം പ്രകാശിനെ നോക്കുകുത്തിയെപ്പോലെ നിർത്തിക്കൊണ്ടാണ് ബിൽഡിങ് കമ്മിറ്റി കൺവീനറും അസോസിയേഷൻ സെക്രട്ടറിയും സമാനതകളില്ലാത്ത ഈ അഴിമതി നടത്തിയത്. ഭരണസമിതിയുടെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും കെട്ടിട നിർമ്മാണത്തിലെ അഴമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഭരണ സമിതി അംഗമായിരുന്ന മമ്മി സെഞ്ച്വറി തൽസ്ഥാനം രാജിവെച്ച് ഇക്കാര്യങ്ങളെല്ലാം പുറത്ത് പറയുകയും ചെയ്തിരുന്നു. നാന്നൂറോളം അംഗങ്ങളുള്ള സംഘടനയിൽ അഞ്ചര വർഷം കൊണ്ട് നൂറോളം പേരാണ് പുറത്തായത്. ഇല്ലാത്ത ആരോപണം ഉന്നയിച്ച് പലരെയും പുറത്താക്കുകയായിരുന്നു ഭരണസമിതി ചെയ്തത്. നിർമ്മാണ രംഗത്തേക്ക് പുതിയ നിരവധി ആളുകൾ വന്നിട്ടും അസോസിയേഷനിൽ അംഗങ്ങൾ വർധിക്കാത്തത് ഭരണസമിതിയുടെ ഏകാധിപത്യനിലപാടുകാരണ്. അവർക്ക് താത്പര്യമുള്ളവർക്ക് മാത്രം അംഗത്വം നൽകുകയും എതിർക്കുന്നവരെ പുറത്താക്കുകയുമാണ് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് വന്നതോടെ കെട്ടിടം പണി പൂർത്തിയായെന്ന് കൊട്ടിഘോഷിച്ച് തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു ഭരണസമിതി ചെയ്തത്. 14000 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടത്തിന് ഏഴര കോടിയോളം രൂപ ചെലവ് വന്നെന്നാണ് ഭരണ സമിതി പറയുന്നത്. എത്ര ആർഭാടത്തിൽ പണിതാലും ഒരു സ്‌ക്വയർ ഫീറ്റിന് മൂവായിരം രൂപയിൽ കൂടുതൽ വരില്ലെന്നിരിക്കെ അഴിമിതിയുടെ ആഴം വ്യക്തമാണ്. സ്ട്രക്ചർ വർക്ക് നടക്കുമ്പോൾ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ട അഴിമതി പണി തീരും വരെ ഈ ഭരണസമിതി തുടർന്നു പോന്നതിന്റെ ഉദാഹരമാണ് ഏഴരക്കോടിയുടെ ഈ കണക്ക്. നിർമ്മാതാക്കളുടെ ചോരയും നീരും കൊടുത്തുണ്ടാക്കിയ കോടിക്കണക്കിന് രൂപയാണ് സുരേഷ് കുമാർ പ്രസിഡന്റായി നിലവിലുള്ള ഭരണസമിതി തട്ടിയെടുത്തിരിക്കുന്നത്. ഈ പകൽക്കൊള്ള വെളിച്ചത്തുകൊണ്ടുവരുന്നതിനായി കേന്ദ്ര-സംസ്ഥാന വിജിലൻസ് ഏജൻസിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP