Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലസ്ഥാനത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഡയറക്ടറെ നിയമിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടും വകവച്ചില്ല; ഡയറക്ടറായി ആശ കിഷോറിന് കാലാവധി നീട്ടി നൽകി ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ; തന്നിഷ്ടപ്രകാരമുള്ള തീരുമാനം തടഞ്ഞ് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം; ഇൻസ്റ്റിററ്യൂട്ട് പ്രസിഡന്റ് വി.കെ.സാരസ്വത് ഇറക്കിയ ഉത്തരവിന് സ്റ്റേ; ഉത്തരവിന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അനുമതിയില്ല; നടപടി ആശ കിഷോറിനെതിരെയുള്ള പരാതികൾ കൂടി കണക്കിലെടുത്ത്

തലസ്ഥാനത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഡയറക്ടറെ നിയമിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടും വകവച്ചില്ല; ഡയറക്ടറായി ആശ കിഷോറിന് കാലാവധി നീട്ടി നൽകി ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ; തന്നിഷ്ടപ്രകാരമുള്ള തീരുമാനം തടഞ്ഞ് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം; ഇൻസ്റ്റിററ്യൂട്ട് പ്രസിഡന്റ് വി.കെ.സാരസ്വത് ഇറക്കിയ ഉത്തരവിന് സ്റ്റേ; ഉത്തരവിന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അനുമതിയില്ല; നടപടി ആശ കിഷോറിനെതിരെയുള്ള പരാതികൾ കൂടി കണക്കിലെടുത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കാലാവധി നീട്ടി നൽകിയ ഉത്തരവ് ഇൻസ്റ്റിട്ട്യുട്ട് ബോർഡ് തീരുമാനം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം തടഞ്ഞു. നിലവിലെ ഡയറക്ടർ ഡോ. ആശ കിഷോറിന് അഞ്ചു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയ തീരുമാനമാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം തടഞ്ഞത്. ഏകപക്ഷീയമായ തീരുമാനം തിരുവനന്തപുരത്ത് നിന്ന് വന്നതിനെ തുടർന്നാണ് തീരുമാനം കേന്ദ്രം തടഞ്ഞത്. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് വി കെ സാരസ്വത് ഇറക്കിയ ഉത്തരവാണ് മന്ത്രാലയം തടഞ്ഞത്. ഉത്തരവിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആശ കിഷോറിന് എതിരെയുള്ള ഒട്ടവധി പരാതികൾ മന്ത്രാലയത്തിനു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി വന്നത്.

അഞ്ചു വർഷത്തേക്ക് കാലാവധി നീട്ടി നൽകിയ ഉത്തരവ് ലഭിച്ചതോടെ ആശ കിഷോർ ശ്രീ ചിത്രയിൽ വീണ്ടും ചാർജ് എടുത്തിരുന്നു. ചാർജ് എടുത്ത ഉടൻ തന്നെയാണ് നിയമനം തടഞ്ഞ തീരുമാനം കൂടി വന്നത്. ശ്രീചിത്ര ഡയറക്ടർ പോലുള്ള പോസ്റ്റുകൾക്ക് കാലാവധി നീട്ടുമ്പോൾ കാലാവധി തീരുന്നതിന് ആറു മാസം മുമ്പ് അനുമതി വാങ്ങണം. ആശ കിഷോറിന്റെ നിയമനം നീട്ടിക്കൊടുത്ത കാര്യത്തിൽ ഈ അനുമതി ലഭിച്ചില്ല. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവർ അടങ്ങുന്ന ഉന്നതാധികാര സമിതിയുടെ അംഗീകാരമാണ് ഇതിനു ലഭിക്കേണ്ടത്. ആശ കിഷോറിനു ഈ അനുമതി ലഭിച്ചിരുന്നില്ല.

പുതിയ നിയമനത്തിനു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ്മ ശ്രീചിത്രയിലെ പുതിയ ഡയറക്ടറെ നിയമിക്കുവാൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം തയ്യാറാക്കുകയും, അത് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വി.കെ. സാരസ്വതിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇത് മറച്ചു വച്ചാണ് ആശ കിഷോറിന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കാലാവധി നീട്ടി നൽകിയത്. ശ്രീചിത്ര പ്രശ്‌നത്തിൽ കേന്ദ്ര സർക്കാർ ഒരു വസ്തുത പരിശോധനാ സമിതിയെ നിയമിച്ചിരുന്നു. സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യുബുണലിന്റെ മുൻ ഉപാധ്യക്ഷൻ സച്ചിദാനന്ദൻ അധ്യക്ഷനായ ഈ സമിതി, മറ്റ് മൂന്ന് അംഗങ്ങളോടൊപ്പം പല ദിവസങ്ങളിലായി സിറ്റിങ് നടത്തുകയും, ശ്രീചിത്രയുമായി ബന്ധപ്പെട്ടവരുടെ വാദമുഖങ്ങൾ വിശദമായി കേൾക്കുകയും ചെയ്തിരുന്നു. ഈ സമിതി തങ്ങളുടെ റിപ്പോർട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധന് സമർപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി ഈ റിപ്പോർട്ട് അംഗീകരിക്കുകയും ഡോ. ആശാ കിഷോറിന്റെ അഞ്ച് വർഷത്തെ കാലാവധി തീരുന്ന മുറക്ക് പുതിയ ഡയറക്ടർ ചുമതല ഏൽക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ സ്ഥാപനത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് മന്ത്രിയുടെ നിർദ്ദേശങ്ങൾ മറികടന്നു നിയമനം നീട്ടി നൽകുകയായിരുന്നു. ഡോ. ആശാ കിഷോർ പട്ടികജാതി പട്ടികവർഗ്ഗ സംവരണ നിയമങ്ങൾ അട്ടിമറിച്ചത് വിവാദമായി മാറിയിരുന്നു. ഗവേണിങ് ബോഡി അംഗമായിരുന്ന മുൻ ഡിജിപി സെൻകുമാർ ഇത് ചൂണ്ടിക്കാട്ടുകയും ഇത് കേന്ദ്രത്തെ ധരിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വസ്തുതാന്വേഷണ സമിതി വന്നത്.

ശ്രീചിത്രയിലെ ആഭ്യന്തര പ്രശ്നങ്ങളും ക്രമക്കേടുകളും അഴിമതികളുമാണ് ഗവേണിങ് ബോഡി അംഗമായി കേന്ദ്രം നിയമിച്ചപ്പോൾ സെൻകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുൻ ഡിജിപി എന്ന നിലയിൽ എല്ലാ ക്രമവിരുദ്ധ നടപടികളെയും നിയമനങ്ങളെയും അഴിമതികളെയും ശക്തമായി എതിർക്കുന്ന നിലപാടാണ് സെൻകുമാർ സ്വീകരിച്ചത്. സ്വാഭാവികമായും ആശാ കിഷോറും സെൻകുമാറും അകന്നു. നിലവിൽ ഡയറക്ടർ എന്ന നിലയിൽ ഒട്ടനവധി അധികാരങ്ങളാണ് ആശാ കിഷോറിനുള്ളത്. ഇതെല്ലാം ആശാ കിഷോർ തോന്നും പടി എടുത്തുപയോഗിക്കുന്നതിൽ ഡോക്ടർമാരും മറ്റു സ്റ്റാഫുകളും അസ്വസ്ഥരായിരുന്നു. ഈ ഘട്ടത്തിലാണ് സെൻകുമാർ ഗവേണിങ് ബോഡി അംഗമായി എത്തുന്നത്. നിയമനങ്ങളിൽ സംവരണ തത്വങ്ങൾ കാറ്റിൽപ്പറത്തുന്നത് സെൻകുമാർ ശക്തമായി എതിർത്തിരുന്നു. ഡയറക്ടർ തന്റേതായ അധികാരങ്ങൾ ഉപയോഗിക്കുന്നത് കണ്ട സെൻകുമാർ ഗവേണിങ് അംഗത്തിന്റെ അധികാരങ്ങളും ഉപയോഗിച്ചു. ഇങ്ങനെയാണ് സെൻകുമാർ കേന്ദ്രത്തിനു ശ്രീചിത്രയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പരാതി നൽകിയത്.

സെൻകുമാറിന്റെ പരാതി ഗൗരവമായി എടുത്ത കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന മുൻ വിജിലൻസ് കമ്മിഷണറും ഡി.ജി.പി. കേഡറിലുള്ള ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഉൾപ്പെടെ മൂന്നംഗസംഘമാണ് അന്വേഷിക്കണം എന്ന് കേന്ദ്രം ഉത്തരവിട്ടത്. ഇതിൽ ജേക്കബ് തോമസിന്റെ വരവിലുള്ള അപകടം ആശാ കിഷോർ മണത്തറിഞ്ഞു. സെൻകുമാറിന് കേന്ദ്രത്തിൽ പിടിപാടുണ്ടെങ്കിൽ തനിക്ക് കേരള സർക്കാരിലും കൂടി പിടിപാടുണ്ട് എന്ന് ആശാ കിഷോർ തെളിയിച്ചു. ആശാ കിഷോറിന് പുലിവാലാകും എന്ന് കരുതിയ ജേക്കബ് തോമസിന്റെ വരവ് ആശാ കിഷോർ കേരളത്തിലിരുന്ന് വെട്ടി. കേരള സർക്കാർ കേന്ദ്രം നിർദ്ദേശിച്ച വസുതാന്വേഷണ കമ്മിഷനിലേക്ക് ജേക്കബ് തോമസിനെ വിട്ടു നൽകിയില്ല. ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ള സീനിയർ അന്വേഷണ ഉദ്യോഗസ്ഥനെ വിട്ടു നൽകാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് കേന്ദ്രത്തിനെ കേരള സർക്കാർ അറിയിച്ചത്. 51 വെട്ടു വെട്ടിയാലും മുറിയാത്ത കത്തികൾ ഉണ്ടാക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി മാത്രമായ ജേക്കബ് തോമസിന് ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്നു കേരളം അറിയിച്ചപ്പോൾ കേരളത്തിനു മറ്റു മറുപടികൾ ഈ കാര്യത്തിൽ കേന്ദ്രത്തിൽ നിന്നും ഉണ്ടായതുമില്ല. ജേക്കബ് തോമസിന്റെ അഭാവത്തിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഡോ. ഗോവർധൻ മേത്ത, നിംഹാൻസ് ഡയറക്ടറും വൈസ് ചാൻസലറുമായ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരടങ്ങിയ മറ്റംഗങ്ങളാണ് കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ശ്രീ ചിത്ര ഡയറക്ടർ ആശാ കിഷോർ വ്യക്തമാക്കുന്നത്. ലഭിക്കാത്ത റിപ്പോർട്ട് തള്ളിയതായാണ് ആശാ കിഷോർ തന്നെ വ്യക്തമാക്കുന്നത്.

സെൻകുമാറിന്റെ ആരോപണങ്ങൾ:

നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കുപോലും ശ്രീചിത്രയിൽ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും. നിയമനത്തിൽ സ്വജനപക്ഷപാതം. പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല. തിരഞ്ഞെടുപ്പുസമിതിയിൽ ആ വിഭാഗത്തിൽനിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല. ഫലത്തിൽ അവർ കാണികളായിമാറുന്നു. നിസ്സാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമോ നൽകും. പലർക്കും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും. ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനൽകാനുള്ള സംവിധാനമില്ല. രാത്രി ഒൻപതുമണിവരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായി. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാലാണ്. ഇങ്ങനെ നീളുന്നു സെൻകുമാറിന്റെ ആരോപണങ്ങൾ. ഈ ആരോപണം ഗൗരവമായി എടുത്താണ് ഡിജിപി ജേക്കബ് തോമസ് ഉൾപ്പെടെയുള്ളവരെ അന്വേഷണ കമ്മിഷണായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP