Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവർ കരാർ ജീവനക്കാർ; യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവർ താത്കാലികക്കാരും; കരാർ ജീവനക്കാർക്ക് ആദ്യം ഉയർന്ന ശമ്പളം, ഇപ്പോൾ സ്ഥിരപ്പെടുത്താനും ശ്രമം; സ്ഥിര നിയമനത്തിനായി പുതുതായി സൃഷ്ടിച്ചത് എൺപത് തസ്തികകൾ; ലിസ്റ്റിലുള്ളവർ മുഴുവൻ പാർട്ടി ബന്ധുക്കളും അടുപ്പക്കാരും; തസ്തികകൾ പിഎസ് സിക്ക് വിടാതെ കള്ളക്കളിയും; സ്‌കോൾ കേരളയിൽ അരങ്ങൊരുങ്ങുന്നത് സിപിഎം ബന്ധു നിയമനത്തിനുള്ള ശ്രമങ്ങൾ

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവർ കരാർ ജീവനക്കാർ; യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവർ താത്കാലികക്കാരും; കരാർ ജീവനക്കാർക്ക് ആദ്യം ഉയർന്ന ശമ്പളം, ഇപ്പോൾ സ്ഥിരപ്പെടുത്താനും ശ്രമം; സ്ഥിര നിയമനത്തിനായി പുതുതായി സൃഷ്ടിച്ചത് എൺപത് തസ്തികകൾ; ലിസ്റ്റിലുള്ളവർ മുഴുവൻ പാർട്ടി ബന്ധുക്കളും അടുപ്പക്കാരും; തസ്തികകൾ പിഎസ് സിക്ക് വിടാതെ കള്ളക്കളിയും; സ്‌കോൾ കേരളയിൽ അരങ്ങൊരുങ്ങുന്നത് സിപിഎം ബന്ധു നിയമനത്തിനുള്ള ശ്രമങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: സ്‌കോൾ കേരളയിൽ സിപിഎം ബന്ധു നിയമനങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. സ്‌കോൾ കേരളാ നിയമനങ്ങൾ പിഎസ് സിക്ക് വിടാതെ സിപിഎമ്മിന്റെ പാർട്ടി ബന്ധുക്കൾക്കും അടുപ്പക്കാർക്കും നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഇ.പി.ജയരാജന്റെ ബന്ധു നിയമന വിവാദം വന്നതിനെ തുടർന്ന് ബന്ധു നിയമനങ്ങളെ പടിക്ക് പുറത്ത് നിർത്തിയ പാർട്ടി ഇപ്പോൾ ബന്ധു നിയമനങ്ങളിൽ ഊന്നി മുന്നോട്ടു പോവുകയാണെന്ന് സൂചന നൽകുന്നതാണ് സ്‌കോൾ കേരളയിലെ ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ടു ഉയരുന്ന വിവാദങ്ങൾ. സ്ഥിര നിയമനത്തിനായി പുതുതായി സൃഷ്ടിച്ച എൺപത് തസ്തികകളും സിപിഎമ്മിന്റെ ബന്ധുനിയമനത്തിനു വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം. നിയമനം പിഎസ് സിക്ക് വിടില്ലെന്ന് തീരുമാനമെടുത്താണ്, ഒരു തസ്തികയും നിലവിലില്ലാതിരുന്ന സ്‌കോൾ കേരളയിൽ എൺപതോളം തസ്തികകൾ സൃഷ്ടിച്ചശേഷം ഇതിലെ 55 തസ്തികകളിലേക്കാണ് ഇപ്പോൾ പാർട്ടി ബന്ധുക്കളെ നിയമിക്കുന്നത്. എൺപത് തസ്തികളിൽ 73 ഉം പാർട്ടി ബന്ധുക്കൾക്ക് വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. ഏഴെണ്ണം ഡെപ്യൂട്ടെഷൻ നിയമനവുമാണ്. എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായപ്പോൾ നിയമിച്ച പാർട്ടി ബന്ധുക്കളെയാണ് ഇപ്പോൾ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവർ കരാർ ജീവനക്കാരും യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവർ താത്കാലികക്കാരുമായാണ് ഇവിടെ ജോലി ചെയ്യുന്നത്. യുഡിഎഫ് കാലത്തുള്ള നിയമനങ്ങളെ താത്കാലികക്കാരാക്കി നിലനിർത്തി ഇടത് സർക്കാരിന്റെ കാലത്ത് നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് വിവാദമായി മാറുന്നത്. ഇതിനായി താത്കാലികക്കാരായിരുന്നവരെ കരാർ തൊഴിലാളികളാക്കി മാറ്റിയിട്ടുണ്ട്. ഈ കരാർ തൊഴിലാളികളെയാണ് സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. തസ്തികകളുടെ നിയമന രീതിയും യോഗ്യതകളും സംബന്ധിച്ച് പിന്നീട് ഉത്തരവിറക്കും എന്നാണ് തസ്തിക സൃഷ്ടിച്ചുള്ള ഉത്തരവിൽ പറയുന്നത്. കാബിനെറ്റ് അപ്രൂവൽ വാങ്ങി തസ്തികകൾക്ക് അംഗീകാരം നൽകാനാണ് ശ്രമം നടക്കുന്നത്. അതേസമയം യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച താത്കാലികക്കാർ ഈ ലിസ്റ്റിൽ കടന്നുകൂടിയിട്ടുമില്ല. ഇവർ പുറത്ത് തന്നെ നിൽക്കുകയുമാണ്. താത്കാലികക്കാർ എന്ന് പറഞ്ഞാൽ അവധി ദിവസം പോലും ശമ്പളമില്ലാത്ത അവസ്ഥയിലാണ് ഇവർ ഇവിടെ ജോലി നോക്കുന്നതും. ഒരേ രീതിയിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയിരുന്ന ജീവനക്കാരിൽ ഒരു വിഭാഗക്കാർക്ക് ഇടതു സർക്കാർ വന്നശേഷം താഴ്‌ന ശമ്പളം വാങ്ങി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന നീറുന്ന കഥകൂടിയാണ് സ്‌കോൾ കേരളയിൽ നിന്നും വരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവരെ പിരിച്ചുവിടാനും നീക്കം നടത്തിയിരുന്നു. പക്ഷെ കോടതി വിധി തുണയായതിനാൽ മാത്രമാണ് ഇവർക്ക് സ്‌കോൾ കേരളയിൽ തുടരാനും കഴിയുന്നത്.

താത്ക്കാലികക്കാർ മാത്രം ജോലി ചെയ്ത ഇടത്തിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കലും സ്ഥിര നിയമനങ്ങൾ നടക്കുകയും ചെയ്യുന്നത്. എൺപത്തിയഞ്ചു പേർ ജോലി ചെയ്യുന്നിടത്ത് ഇതിൽ പാർട്ടിയുടെ ബന്ധുക്കളായ 55 പേർക്ക് മാത്രമാണ് സ്ഥിര നിയമന തസ്തികയിൽ ജോലി നൽകുന്നത്. കാബിനെറ്റ് അപ്രൂവൽ വാങ്ങി ഈ അൻപത്തിയഞ്ച് പേരെ സ്ഥിരപ്പെടുത്താനാണ് ഇപ്പോൾ നീക്കം നടത്തുന്നത്. ഇതെല്ലാം ഇടത് ഭരണ കാലത്ത് നിയമിക്കപ്പെട്ടവരാണ്. എന്നാൽ യുഡിഎഫ് ഭരണകാലത്ത് നിയമിക്കപ്പെട്ട മറ്റുള്ളവർ ഇപ്പോഴും താത്കാലിക തസ്തികയിൽ തുടരുകയാണ്. ഇവർ കുറഞ്ഞ ശമ്പളത്തിലാണ് ജോലി നോക്കുന്നത്. സിപിഎം പാർട്ടി ബന്ധുക്കൾക്ക് സ്ഥിരനിയമനവും വൻ ശമ്പള സ്‌കെയിലും വന്നപ്പോൾ മറ്റുള്ളവർ നിസ്സഹായരാണ്. ഒരു യുഡിഎഫ് നേതാവും ഇവർക്ക് വേണ്ടി പറയാനില്ല. ബന്ധുക്കളായ സിപിഎം നേതാക്കളുമില്ല. അതിനാൽ ഇവർ മേല്‌പോട്ട് നോക്കി നിൽക്കേണ്ട അവസ്ഥയിലാണ്. തങ്ങളെ സർക്കാർ പരിഗണിക്കില്ലെന്നു മനസിലാക്കിയപ്പോൾ ഇവർ നീതി തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

നിലവിലെ താത്കാലിക തസ്തികകളിൽ ജോലി ചെയ്യുന്ന സിപിഎം നേതാവിന്റെ ബന്ധുക്കൾക്ക് വേണ്ടിയാണ് താത്ക്കാലിക നിയമനം സ്ഥിര നിയമനം ആക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ടു ഉയരുന്ന ഗുരുതര ആക്ഷേപം. ആരോപണങ്ങൾ ഉയരുമ്പോൾ തത്ക്കാലം ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വം. ആർക്കൊക്കെയാണ് നിയമനങ്ങൾ എന്നും ഇവരൊക്കെ സിപിഎമ്മിന്റെ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കൾ ആണെന്നുമുള്ള കാര്യം പുറത്തെത്തിയപ്പോഴാണ് പാർട്ടി ഇത് സംബന്ധിച്ച് പ്രതിരോധത്തിലായത്. വളരെ ആസൂത്രിതമായ നീക്കമാണ് സ്‌കോൾ കേരള നിയമനങ്ങൾക്ക് വേണ്ടി നടന്നത്. സ്ഥിരപ്പെടുത്തേണ്ട 55 ജീവനക്കാരെ ആദ്യം കരാർ ജീവനക്കാരാക്കി മാറ്റി. അതിനു ശേഷം അവർക്ക് ഉയർന്ന ശമ്പള സ്‌കെയിൽ നൽകി. ഇവരെയാണ് ഇപ്പോൾ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചവരെ താത്കാലിക ജീവനക്കാരുമാക്കി മാറ്റി. കോരന് കഞ്ഞി കുമ്പിളിൽ എന്ന പോലെ തങ്ങൾക്ക് ഒപ്പമുളവർക്ക് ഉയർന്ന ശമ്പളം വന്നപ്പോൾ നീതി തേടി മറ്റുള്ളവർ കോടതിയെ സമീപിച്ചിട്ടുണ്ട്. പക്ഷെ ഈ കേസിൽ കോടതി വിധി വന്നിട്ടില്ല.

താത്ക്കാലിക തസ്തിക പുതുക്കി സ്ഥിര നിയമനം നടത്തിയപ്പോൾ രക്ഷപ്പെട്ടത് സിപിഎമ്മിന്റെ പാർട്ടി ബന്ധുക്കൾ മാത്രമാണ്. ഡിവൈഎഫ്‌ഐ നേതാവ് റഹിമിന്റെ സഹോദരി, കോർപറേഷൻ കൗൺസിലർ ഐ.പി.ബിനുവിന്റെ ഭാര്യ, ശ്രീമതി ടീച്ചറുടെ സ്റ്റാഫായിരുന്ന ഗോപിയുടെ ഭാര്യ തുടങ്ങി പാർട്ടി ബന്ധുക്കൾക്ക് മാത്രമായി നടത്തിയ പോസ്റ്റ് ക്രിയേഷൻ എന്നാണ് സ്‌കോൾ കേരള നിയമനങ്ങൾക്ക് നേരെ ഉയരുന്ന ആക്ഷേപം. കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം ആണ് ബന്ധു നിയമന വിവാദം ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. സ്‌കോൾ കേരളാ നിയമനങ്ങൾ മുഴുവനും പിഎസ് സിക്ക് വിടണം എന്നാണ് ബൽറാം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു തുടരൻ ഫെയ്‌സ് ബുക്ക് കുറിപ്പുകൾ വി.ടി.ബൽറാം ഇറക്കിയിരുന്നു. ഇതോടെയാണ് സിപിഎമ്മിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ടു വിവാദങ്ങൾ പുകഞ്ഞു തുടങ്ങിയത്.

1999-ൽ സ്ഥാപിച്ചതാണ് കേരളാ സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ. പിന്നീടാണ് ഓപ്പൺ സ്‌കൂളിനെ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യുക്കേഷൻ (സ്‌കോൾ കേരള) എന്നാക്കി മാറ്റുന്നത്. ഇതിൽ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം വന്നിരുന്നു. 2016 ലാണ് ഇത് സംബന്ധിച്ച് സർക്കാരിലേക്ക് ഇവർ അപേക്ഷ നൽകിയത്. തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടർ കൺവീനറും നിയമ-ധനവകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായുള്ള കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2017-ൽ യോഗം ചേർന്ന ഈ കമ്മിറ്റിയാണ് 79 തസ്തികകൾ സ്‌കോൾ കേരളയിൽ സൃഷ്ടിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് 80 തസ്തികകൾ സ്‌കോൾ കേരളയിൽ സൃഷ്ടിക്കപ്പെടുന്നത്.

സ്‌കോൾ കേരളയിലെ നിയമനങ്ങൾ ചൂണ്ടിക്കാട്ടി തുടരൻ ഫെയ്‌സ് ബുക്ക് പോസ്റ്റുകളുമായി വി.ടി.ബൽറാം

നിയമനം പാർട്ടി ബന്ധുക്കൾക്ക് എന്നുറപ്പായതോടെയാണ് ഈ കാര്യത്തിൽ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം രംഗത്ത് വന്നത്. കഴിഞ്ഞ 23 നു തുടരൻ രണ്ടു ഫെയ്‌സ് ബുക്ക് പോസ്റ്റുകളാണ് ബൽറാം ഈ വിഷയത്തിൽ നടത്തിയത്. അതി നിശിതമായ ആരോപണങ്ങളാണ് ബൽറാം ഈ കാര്യത്തിൽ ഉന്നയിച്ചത്. പ്രളയത്തിന്റെ മറവിൽ വീണ്ടുമൊരു പകൽക്കൊള്ളക്കാണ് പിണറായി വിജയൻ സർക്കാർ . . വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ കേരളയിൽ 80 ഓളം പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു. എന്നാൽ നിയമനം നടത്തേണ്ടത് പിഎസ് സി ആണെന്ന് ഉത്തരവിൽ പറയുന്നുമില്ല. നിലവിൽ അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ നീക്കം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിന്റെ ഗുണഭോക്താക്കളാകാൻ പോകുന്നത് ആരെല്ലാമായിരിക്കും എന്നത് കേരളമറിയേണ്ടതുണ്ട്. 'വർഗീയത വേണ്ട, തൊഴിൽ മതി' എന്ന് ആഹ്വാനം ചെയ്ത് നാടുനീളെ ജാഥ നടത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ സഹോദരിയാണ് ഒരാൾ. ശ്രീമതി ടീച്ചറുടെ പിഎ ആയിരുന്ന ദേശാഭിമാനി ജീവനക്കാരന്റെ ഭാര്യ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുടെ ഭാര്യ അടക്കം നിരവധി സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കാണ് സർക്കാർ ശമ്പളത്തിൽ ജോലി സ്ഥിരപ്പെടുത്തപ്പെടുന്നത്. മുൻ കാലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തി എന്ന് ആരോപിക്കപ്പെട്ടവർ വരെ നിയമിക്കപ്പെടാനിരിക്കുകയാണ്.

താത്ക്കാലികാടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുമ്പോൾ അതത് കാലത്തെ ഭരണക്കാരുടെ ഇഷ്ടക്കാർ കടന്നുവരുന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്. എന്നാൽ പ്രത്യേകം തസ്തിക സൃഷ്ടിച്ച് ഇവരെ സ്ഥിരപ്പെടുത്തുന്നത് അധാർമ്മികം മാത്രമല്ല, നിയമ വിരുദ്ധം കൂടിയാണ്. 2006 ലെ ഉമാദേവി കേസിൽ സുപ്രീം കോടതി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് വിലക്കിക്കൊണ്ട് കൃത്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോൾ സ്‌കോൾ കേരളയിൽ നടക്കുന്നത്.

ഇപ്പോൾ ഇറക്കിയ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് നിയമനം പിഎസ് സി ക്ക് വിടാൻ സർക്കാർ തയ്യാറാകണം. സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്ന ഈ നീക്കത്തേക്കുറിച്ച് പ്രതികരിക്കാൻ ഡിവൈഎഫ്‌ഐ നേതാക്കൾക്കും ധാർമ്മിക ബാധ്യതയുണ്ട്-ഇതാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വി.ടി.ബൽറാം ആവശ്യപ്പെട്ടത്.

നിയമന വിവാദത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം ഇങ്ങനെ:

സ്‌കോൾ കേരള സൊസൈറ്റിയായി രജിസ്റ്റർ ചെയ്തതാണ്. സൊസൈറ്റി നിയമനങ്ങൾ ഒന്നും പിഎസ് സിക്ക് വിട്ടിട്ടില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ് സ്‌കോൾ കേരള സൊസൈറ്റിയായി രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് നേതാക്കളുടെ 39 ബന്ധുക്കളെയാണ് കഴിഞ്ഞ സർക്കാർ ഇവിടെ നിയമിച്ചിരിക്കുന്നത്.

ഇവരെ ഇവിടെ സ്ഥിരപ്പെടുത്താണ് യുഡിഎഫ് സർക്കാർ ശ്രമിച്ചത്. പക്ഷെ ഈ ശ്രമം ഹൈക്കോടതി തടയുകയാണ് ചെയ്തത്. ഹൈക്കോടതി നിരീക്ഷണത്തിൽ എടുത്ത ജീവനക്കാരാണ് ഇപ്പോൾ അവിടെ തുടരുന്നത്. ഇവരെ ആരെയും സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല. തുടർ വിദ്യാഭ്യാസത്തിനു വേണ്ടി എത്രയോ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് സ്‌കോൾ കേരള. ഇവിടെ ആകെ മൂന്നു മൂന്നു പോസ്റ്റാണ് അനുവദിച്ചതും. രണ്ടു റീജിയണൽ കേന്ദ്രങ്ങളും പതിനാലു ജില്ലാ ഓഫീസുകളും സ്‌കോൾ കേരളയ്ക്കുണ്ട്. 80 തസ്തികൾ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പക്ഷെ തസ്ഥികകളിൽ എങ്ങിനെ നിയമനം എന്ന് തീരുമാനിച്ചിട്ടില്ല. തസ്തിക സൃഷ്ടിക്കൽ മാത്രമാണ് ഇപ്പോൾ നടന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഒരു ചെയർമാൻ, ഒരു വൈസ് ചെയർമാൻ തസ്തികകൾ മാത്രമാണ് ഇവിടെ ഉള്ളത്. തീരുമാനം ഇനി വരേണ്ടതുണ്ട്. പക്ഷെ തീരുമാനം ഒന്നും സർക്കാർ എടുത്തിട്ടില്ല-മന്ത്രിയുടെ ഓഫീസ് വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP