Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടൂർ പൊലീസ് കാന്റീനിൽ നടന്നത് വേലി തന്നെ വിളവ് തിന്നുന്ന സമ്പ്രദായം; ലക്ഷങ്ങളുടെ ക്രമക്കേടെന്ന് അടൂർ കെഎപി കമാൻഡന്റ് ജയനാഥ്; ചെലവാകാൻ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയതിന് പുറമേ കാണാതായത് 11 ലക്ഷം രൂപയുടെ സാധനങ്ങളും

അടൂർ പൊലീസ് കാന്റീനിൽ നടന്നത് വേലി തന്നെ വിളവ് തിന്നുന്ന സമ്പ്രദായം; ലക്ഷങ്ങളുടെ ക്രമക്കേടെന്ന് അടൂർ കെഎപി കമാൻഡന്റ് ജയനാഥ്; ചെലവാകാൻ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയതിന് പുറമേ കാണാതായത് 11 ലക്ഷം രൂപയുടെ സാധനങ്ങളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അടൂർ പൊലീസ് കാന്റീനിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കമാൻഡന്റിന്റെ റിപ്പോർട്ട്. ചെലവാകാൻ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങൾ കാന്റീനിലേക്ക് വാങ്ങിയെന്നും 11 ലക്ഷം രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നുമാണ് അടൂർ കെഎപി കമാൻഡന്റ് ജയനാഥ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. രണ്ട് ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത സാധനങ്ങളും പരിശോധനയിൽ കണ്ടെത്തിയെന്നും കമാൻഡന്റ് ജയനാഥിന്റെ റിപ്പോർട്ടിലുണ്ട്.

2018-19 വർഷത്തെ ഇടപാടുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഗുരുതര ക്രമക്കേടിൽ പൊലീസുകാർക്കിടയിൽ നിന്ന് തന്നെ പരാതി ഉയർന്ന സാഹചര്യത്തിലാണ് കമാൻഡന്റ് ജയനാഥ് ഐപിഎസ് പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. 2018- 2019 കാലഘട്ടത്തിൽ പൊലീസ് കാന്റീനിൽ 42,29,956 രൂപയുടെ ചെലവാകാൻ സാധ്യത ഇല്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ജയനാഥ് ഐപിഎസിന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ ഉള്ള നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടൽ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു വനിത ഉദ്യേഗസ്ഥയുടെ നിർദ്ദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇതിന് പുറമെ കാന്റീനിൽ നിന്ന് 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും 224342 രൂപയുടെ കണക്കിൽപ്പെടാത്ത സാധനങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം 15 മുതൽ 20 കോടി രൂപ വരെ വിൽപ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളിൽ ഒന്നാണ് അടൂർ. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ മറ്റ് കാന്റീനുകളിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ജയനാഥ് ഐപിഎസ് ചൂണ്ടിക്കാട്ടുന്നു.

കാന്റീൻ പ്രവർത്തനങ്ങൾ സ്വതന്ത്രമായാ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീൻ കമ്മിറ്റികൾ പൊളിച്ചെഴുതിയാൽ മാത്രമെ കൂടുതൽ ക്രമക്കേടുകൾ പുറത്തുകൊണ്ട് വരാൻ കഴിയു എന്നും ജയനാഥ് പറയുന്നു. പൊലീസിന് പുറത്തുള്ള ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് ജയനാഥ് വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അഴിമതി പുറത്തുകാട്ടിയുള്ള റിപ്പോർട്ട്.

ഡി.ജി.പി ഇടുന്ന ഉത്തരവായാലും തെറ്റാണെന്ന് തോന്നിയാൽ രേഖാമൂലം എതിർപ്പ് അറിയിക്കുന്ന ഉദ്യോഗസ്ഥനാണ് ജെ.ജയനാഥ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് മതിയായ സൗകര്യങ്ങൾ ലഭിച്ചില്ലെന്നും ഇദ്ദേഹം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നത് പഴഞ്ചൻ ഏർപ്പാടാണെന്നും മാറ്റണമെന്നും പരസ്യമായി പറഞ്ഞതും ജയനാഥിനെ വിവാദനായകനാക്കി. തന്നെ ആരും അങ്ങിനെ സല്യൂട്ട് ചെയ്യേണ്ടെന്ന് ഉത്തരവുമിറക്കി. കോവിഡ് കാലത്തെ മികച്ച ഡ്യൂട്ടിക്കുള്ള അവാർഡ് വേണമെങ്കിൽ പണം നൽകി വാങ്ങണമെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയപ്പോൾ കാശ് മുടക്കി ആർക്കും അവാർഡ് വേണ്ടെന്ന് തിരിച്ച് കത്തയച്ചും എതിർപ്പ് അറിയിച്ചിരുന്നു. തദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാർ തൊട്ടടുത്ത ദിവസം അതാത് ജില്ലകളിൽ ഡ്യൂട്ടിക്ക് കയറണമെന്ന് ഉത്തരവിട്ടപ്പോൾ വിശ്രമമില്ലാത്ത ജോലി മനുഷ്യത്വരഹിതമെന്ന് കാണിച്ച് ഡി.ജി.പിക്ക് കത്തയച്ചതും ഏറ്റവും ഒടുവിലെ ഉദാഹരണമാണ്.

ഇതെല്ലാം അച്ചടക്കരാഹിത്യവും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്നും കാണിച്ചാണ് ജയനാഥിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അയക്കുന്ന നിർദ്ദേശങ്ങളെ പരിഹസിക്കുന്നൂവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഡി.ജി.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയനാഥിൽ നിന്ന് വിശദീകരണം തേടിയിരുന്നു. അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിനും നടപടിക്കുമായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിൻഹയുടെയും ബി. അശോകിന്റെയും നേതൃത്വത്തിൽ ചീഫ് സെക്രട്ടറി സമിതി രൂപീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP