Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കോൺക്രീറ്റ് വനങ്ങളിൽ നിന്ന് ശ്വാസം മുട്ടി ഓടുമ്പോൾ പ്രതീക്ഷ `ശാന്തിവനം` പോലുള്ള ആവാസ വ്യവസ്ഥ മാത്രം; ജൈവസമ്പത്തിനെ തുരന്ന് തിന്നാതെ വികസന നായകരാകാൻ മറ്റ് വഴികൾ തേടരുതോ? നേരെ പോകേണ്ട 110 കെവി ലൈൻ വളച്ച് വിട്ട് ഒരു പ്രദേശത്തെ ശ്വാസംമുട്ടിക്കുന്നത് ബോർഡ് ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാനോ? പ്രകൃതി സംഹാര താണ്ഡവമാടിയിട്ടും അശാസ്ത്രീയത അവസാനിക്കുന്നില്ല; മരങ്ങൾ മുറിച്ച് മാറ്റിയും പ്രകൃതിയെ ചൂഷണം ചെയ്തും `ശാന്തിവനം` നശിപ്പിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം ഫലം കാണുമോ?

കോൺക്രീറ്റ് വനങ്ങളിൽ നിന്ന് ശ്വാസം മുട്ടി ഓടുമ്പോൾ പ്രതീക്ഷ `ശാന്തിവനം` പോലുള്ള ആവാസ വ്യവസ്ഥ മാത്രം; ജൈവസമ്പത്തിനെ തുരന്ന് തിന്നാതെ വികസന നായകരാകാൻ മറ്റ് വഴികൾ തേടരുതോ? നേരെ പോകേണ്ട 110 കെവി ലൈൻ വളച്ച് വിട്ട് ഒരു പ്രദേശത്തെ ശ്വാസംമുട്ടിക്കുന്നത് ബോർഡ് ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാനോ? പ്രകൃതി സംഹാര താണ്ഡവമാടിയിട്ടും അശാസ്ത്രീയത അവസാനിക്കുന്നില്ല; മരങ്ങൾ മുറിച്ച് മാറ്റിയും പ്രകൃതിയെ ചൂഷണം ചെയ്തും `ശാന്തിവനം` നശിപ്പിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം ഫലം കാണുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂർ എന്ന സ്ഥലത്ത് കെഎസ്ഇബിയുടെ ഒരു വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു ടവർ ഉയരുകയാണ്. വൈദ്യുതി ലൈനല്ലേ സ്വാഭിവകമായും ടവറൊക്കെ ഉണ്ടാകും എന്ന് ആണ് നിങ്ങൾ ചന്തിക്കുന്നത് എങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കൂ. നിങ്ങൾക്ക് തെറ്റി. 110 കെവി ലൈൻ വലിക്കുന്നത് ശാന്തിവനത്തെ നശിപ്പിക്കുമെന്നും അത് മാറ്റി വലിക്കണം എന്ന ആവശ്യവും അതിന്മേലുള്ള പ്രതിഷേധവും ശക്തമാണ്. ഒരു വൈദ്യുതി ലൈൻ പോകുന്നതുകൊണ്ട് എന്ത് സംഭിക്കാനാണ് എന്ന് കരുതുന്നവർ ആദ്യം ശാന്തിവനം എന്താണ് എന്ന് മനസ്സിലാക്കണം. സ്വകാര്യ വ്യക്തിയായ മീന എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള രണ്ട് ഏക്കർ പ്രദേശമാണ് ശാന്തിവനം. എന്നാൽ ഇത് നശിപ്പിക്കുന്ന തരത്തിൽ ലൈൻ വലിക്കരുതെന്ന് ഉടമയായ മീനയും പരിസ്ഥിതി പ്രവർത്തകരും ആഗ്രഹിക്കുന്നതിനും ആവശ്യപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ആശങ്കയുണ്ടെന്ന് പറയുകയും പ്രകൃതിക്ക് പരിഗണനയും അതിന് കോട്ടം തട്ടാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കും മുന്തിയ പരിഗണന എന്ന് വാഗ്ദാനം ചെയ്യുകയും അമ്മട്ടിലുള്ള അജണ്ഡയുള്ള ഒരു സർക്കാർ നാട് ഭരിക്കുമ്പോൾ പ്രകൃതിയെ കാർന്ന് തിന്നുന്നത് വിഷമമുള്ള കാര്യമാണ്. ഈ മസിലു പിടുത്തം ഒന്നും ഇവിടെ ആർക്കും നഷ്ടമല്ലാത്തത് ഒന്നും തന്നെ സമ്മാനിക്കില്ല. വരാനിരിക്കുന്ന തലമുറകൾക്ക് കൂടി അവകാശപ്പെട്ട ഈ സ്ഥലം ഇത്‌പോലെയെങ്കിലും നിലനിൽക്കണം എന്നാണ് പ്രക്ഷോഭം നയിക്കുന്നവർ ആവശ്യപ്പെടുന്നത്.

ശാന്തിവനത്തെക്കുറിച്ചും അവിടെ ഉയരുന്ന പ്രശ്‌നങ്ങളെ കുറിച്ചും അറിയാം.

ശാന്തിവനം എന്നാൽ?

എറണാംകുളം ജില്ലയിലെ നോർത്ത് പറവൂർ വഴിക്കുളങ്ങരയിലാണ് മൂന്നു കാവുകളും മൂന്നു കുളങ്ങളും അടങ്ങുന്ന ശാന്തിവനം സ്ഥിതിചെയ്യുന്നത്. സ്വകാര്യ ഭൂമിയിലാണ് ഈ ജൈവസമ്പത്തായ ശാന്തിവനമെങ്കിലും വഴികുളങ്ങര ഗ്രാമത്തിന്റെ മാത്രമല്ല ചുറ്റുമുള്ള പ്രദേശങ്ങളുടെയും ജീവവായുവാണ് ശാന്തിവനം. കരിമ്പനയും കാട്ടിലഞ്ഞിയും ആറ്റുപേഴുമടക്കം നിരവധി കാട്ടുമരങ്ങൾ, കൂടാതെ പേര, ചാമ്പ, ചെറി, ആത്ത, നെല്ലിപ്പുളി, മംഗോസ്ടിൻ, വിവിധയിനം പ്ലാവുകൾ, മാവുകൾ അങ്ങനെ നാട്ടുമരങ്ങൾ, നൂറുകണക്കിന് ഔഷധ സസ്യങ്ങൾ ഉൾപ്പെടെ അപൂർവ്വമായ സസ്യ ജീവജാലങ്ങൾ രണ്ടേക്കറിൽ വ്യാപിച്ച് കിടക്കുന്ന ശാന്തി വനത്തിലുണ്ടെന്ന് നിരവധി പരിസ്ഥിതി പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്

നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ, വെരുക്, തച്ചൻകോഴി, അണ്ണാൻ, മരപ്പട്ടി, പലയിനം ശലഭങ്ങൾ, തുമ്പികൾ, ഇന്ത്യൻ ബുൾ ഫ്രോഗ് അടക്കമുള്ള വിവിധയിനം തവളയിനങ്ങൾ, ജലജീവികൾ, മത്സ്യങ്ങൾ, പാമ്പുകൾ, പതിവായെത്തുന്ന നിരവധിയിനം ദേശാടനപ്പക്ഷികൾ, നൂറുകണക്കിന് ഷട്പദങ്ങൾ ഇവയൊക്കെ ഈ ആവാസവ്യവസ്ഥയിലുണ്ട്.

കെഎസ്ഇബി 110 കെവി സ്ഥാപിക്കുമ്പോൾ

കെഎസ്ഇബി 110 കെവി ക്കുള്ള ടവർ ശാന്തിവനത്തിനു നടുവിലാണ് സ്ഥാപിക്കാൻ പോകുന്നത്. ശാന്തിവനത്തെ നശിപ്പിക്കാതെ നടപ്പിലാക്കാൻ മറ്റു വഴികൾ ഉണ്ടെന്നിരിക്കെ ശാന്തിവനത്തിന്റെ ഉടമ മീനയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അഭ്യർത്ഥനകളെ തള്ളി കളഞ്ഞുകൊണ്ട് കെഎസ്ഇബി ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മന്നം മുതൽ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈൻ പണികൾ നടക്കുന്നത്. ശാന്തിവനത്തിന്റെ ഒരു വശത്തുകൂടി നിർമ്മാണം നടത്താനാണ് അനുമതി നൽകിയതെന്ന് സ്ഥലമുടമ മീന പറയുന്നു. എന്നാൽ അൻപതോളം മരങ്ങൾ മുറിച്ച് സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് നിശ്ചയിച്ച വഴി മാറ്റി ജൈവവൈവിദ്ധത്തെ തകർക്കുന്ന രീതിയിൽ പ്ലാൻ മാറ്റുകയായിരുന്നു.

മരങ്ങൾ അനവധി മുറിച്ചുമാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇനിയും എത്രയെത്ര മരങ്ങൾ മണ്ണടിയാനിരിക്കുന്നു. ജൈവ വൈവിധ്യം നിറഞ്ഞ, ആ നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വർത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, ഇനി വരുന്ന തലമുറയുടെ കൂടി ആവശ്യമാണ് എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മീനയും ഒപ്പം പിന്തുണയുമായി എത്തുന്നവരും.വികസനത്തിന് എതിരല്ല എന്നും എന്നാൽ അതിന്റെ പേരിൽ ജൈവ വ്യവസ്ഥയെ നശിപ്പിക്കുനതിനെതിരെയാണ് പ്രക്ഷോഭമെന്നും സമരസമിതി പറയുന്നു.

എന്താണ് ശാന്തിവനം നേരിടുന്ന പ്രശ്‌നം?

മുകളിൽ കാണുന്ന ചിത്രം നിങ്ങൾക്കു ചില കാര്യവും കഥയും പറഞ്ഞു തരും കെഎസ്ഇബി യുടെ 110കെവി പവർ ലൈൻ ശെരിക്കും പോകേണ്ടത് നേരെയാണ് പക്ഷെ ശാന്തിവനത്തിനടുത് എത്തിയപ്പോൾ മാത്രം ഒരു വഴിത്തിരിവ്.ശെരിയായ മാർഗവും, ചെലവ് കുറഞ്ഞ മാർഗവും നേരെ തന്നെയാണ് എന്നിരിക്കെ എന്തിനാണ് കെഎസ്ഇബി ചെലവ് കൂടിയ വളഞ്ഞ മാർഗം തിരഞ്ഞെടുത്തത്?എന്തുകൊണ്ട് അതീവ ജൈവ സമ്പത്തുള്ള ഈ പ്രദേശം സംരക്ഷിക്കാൻ അധികൃതർ തയ്യാറാവുന്നില്ല എന്നാണ് പ്രക്ഷോഭക്കാർ ചോദിക്കുന്നത്.വിവിധ പരിസ്ഥിതി പഠനപ്രവർത്തനങ്ങൾ ശാന്തിവനത്തിൽ നടത്താറുണ്ട്. സമീപമുള്ള സ്‌കൂളുകളിൽനിന്നും ഇവിടേക്ക് പഠനത്തിനായി വിദ്യാർത്ഥികളെ കൊണ്ടുവരുന്നതും പതിവാണ്. അത്തരത്തിൽ പരിസ്ഥിതി എന്നതിലുപരി ഒരു വിജ്ഞാനകോശം കൂടിയാണ് ശാന്തിവനം. അതിനെ നശിപ്പിക്കാൻ സ്ഥാപിത താൽപര്യക്കാർ ശ്രമിക്കുന്നു എന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണം. നേരെ പോകേണ്ട ലൈൻ ഇത്രയും വളച്ച പണിയുന്നത് കെസ്ഇബി ചെയർമാന്റെ മകന്റെ സ്വകാര്യ ഭൂമി സംരക്ഷാക്കാനാണ് എന്ന് ആരോപണവും ഉയരുന്നുണ്ട്.

പ്രളയത്തിൽ തകർന്ന കേരളത്തിന് ഇത് ഇരുട്ടടി

ഒരു പ്രാദേശിക വിഷയമായോ അല്ലെങ്കിൽ ഒരു സ്വകാര്യ വ്യക്തിയുടെ മാത്രം പ്രശ്‌നമായി ശാന്തിവനത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കാണാൻ കഴിയില്ല. വലിയ ജനകീയ പങ്കാളിത്തവും അതോടൊപ്പം തന്നെ പിന്തുണയും നാൾക്കുനാൾ ഏറി വരുന്നു. പ്രളയം എന്ന ഒരു ദുരന്തത്തെ നേരിട്ടതിന്റെ അഭിമാനത്തിലാണ് കേരളം. എന്നാൽ ആവാസ വ്യവസ്ഥകളെ സംരക്ഷിക്കാതിരിക്കുമ്പോൾ അത്തരത്തിൽ ദുരന്തങ്ങൾ ഉണ്ടായിട്ടും നാം പാഠം പടിക്കാതെ പ്രകൃതിയെ തുരന്ന് തിന്നുന്നു എന്ന് സമ്മതിക്കേണ്ടി വരും. വയനാട്ടിലും ഇടുക്കിയിലും എല്ലാം പ്രളയം പലസ്ഥലങ്ങളിലും ഭയാനകമായി മാറിയത് അവിടങ്ങളിലെ പ്രകൃതിയെ ചൂഷണം ചെയ്ത് നടത്തിയ അശാസ്ത്രീയ നിർമ്മാണങ്ങൾക്ക് ഉണ്ട്. അത് തന്നെയാണ് ഇപ്പോൾ ശാനിതിവനത്തിലും ആവർത്തിക്കുന്നതും.

 

പ്രക്ഷോഭം സജീവം

ശാന്തിവനത്തിന്റെ സ്വാഭാവിക കാട് നശിപ്പിക്കുന്നതിനെതിരെ നടന്നുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ശാന്തിവനം സംരക്ഷണ സമിതിയുടെ സംസ്ഥാന കൺവെൻഷൻ ശാന്തിവനത്തിൽ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പരിസ്ഥിതി സംഘടനകളും വ്യക്തികളും ഇതിൽ പങ്കെടുത്തു. വഴിക്കുളങ്ങര ജംഗ്ഷൻ ചുറ്റി ശാന്തിവനത്തിൽ അവസാനിച്ച പ്രകടനത്തിന് സംരക്ഷണ സമിതി പ്രവർത്തകർ പങ്കെടുത്തു.

എറണാകുളം ജനറൽ ആശുപത്രിയുടെ മോർച്ചറി പരിസരത്തുനിന്നും പോസ്റ്റ്‌മോർട്ടം ചെയ്ത ശാന്തിവനത്തിന്റെ പ്രതീകാത്മക ജഡവുമായി നാടകപ്രവർത്തകനായ സുനിൽ ഞാറക്കൽ എത്തുകയും സലെയ യുടെ പണി നടക്കുന്നിടത്ത് ഈ ജഡം പൊതുദർശനത്തിന് വയ്ക്കുകയും ചെയ്തു.' പ്രളയം തകർത്ത കേരളത്തിൽ സർക്കാർ ഇത്തരമൊരു അധാർമികമായ കാര്യം ചെയ്യുമെന്ന് താൻ ഒരിക്കലും വിചാരിച്ചില്ല' എന്ന് ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ച കെ. ആർ. മീര പറഞ്ഞു.

സംരക്ഷിക്കാം പ്രകൃതിയെ

ഇവിടെ കെഎസ്ഇബി 110 കെവി ലൈൻ വരുന്നു. കൊള്ളാം വികസനത്തിന് നല്ലത് തന്നെ. എല്ലാവർക്കും വൈദ്യുതി എത്തിച്ച് വികസന നായകരാകാം വകുപ്പ് മന്ത്രിക്കും ഒപ്പം സംസ്ഥാനം ഭരിക്കുന്ന സർക്കാരിനും. എന്നാൽ കേരളത്തിൽ കടുത്ത വേനലും മീനച്ചൂടും ചരിത്രത്തിലില്ലാത്തവിധം നമ്മെ ചുട്ടുപൊള്ളിക്കുകയാണ്. മരങ്ങൾ നട്ടുവളർത്തി ചൂടിനെ പ്രതിരോധിക്കാം. എന്നാൽ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തിയ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ സങ്കടം ശാന്തിവനം ഉടമ മീന മറച്ച് വയ്ക്കുന്നില്ല.രണ്ടേക്കറുള്ള ഈ വനത്തിന്റെ ഒരു കോണിലാണ് ഉടമസ്ഥയായ മീന മേനോനും മകളും താമസിക്കുന്നത്. മീനയുടെ പിതാവും പരിസ്ഥിതി സ്നേഹിയുമായിരുന്ന അന്തരിച്ച രവീന്ദ്രനാഥും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ജോൺസിമാഷും എസ്. സതീശ് ചന്ദ്രനും ചേർന്നായിരുന്നു ഈ സ്ഥലത്തിന് ശാന്തിവനം എന്ന് പേരിട്ടത്.

ശ്രീ പിണറായി വിജയൻ, ശ്രീ എം എം മണി എന്നിവരുടെ പ്രത്യേക ശ്രദ്ധക്ക്:

ശാന്തിവനത്തെ നശിപ്പിക്കാതെ കെഎസ്ഇബിയുടെ 110 കെവി ലൈൻ മാറ്റിവലിക്കാൻ കഴിയുമോ എന്ന് അടിയന്തിരമായി ഇടപെട്ട് പരിശോധിക്കാൻ തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് തൃത്താല എംഎൽഎ വിടി ബൽറാം ആവശ്യപ്പെട്ടു. കെഎസ്ഇബി ഉന്നതർക്ക് താത്പര്യമുള്ള ചില ഭൂമികൾ ഒഴിവാക്കിയെടുക്കാൻ വേണ്ടിയാണ് ശാന്തിവനത്തിലൂടെ ഉള്ള ഈ അലൈന്മെന്റ് തെരഞ്ഞെടുത്തതെന്ന ഗുരുതരമായ ആക്ഷേപവും ഉയർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി വനതുല്യമായി നിലനിർത്തിപോരുന്ന ഇത്തരം ചെറുഇടങ്ങൾ നമ്മുടെ പട്ടണങ്ങളുടെ ശ്വാസകോശങ്ങളാണ്. അവ സംരക്ഷിക്കേണ്ടത് ഹരിത കേരളത്തിന്റെ ആവശ്യവുമാണ്. പതിവ് രീതികളിൽ അള്ളിപ്പിടിച്ചുകൊണ്ടല്ല നവകേരളം സൃഷ്ടിക്കേണ്ടത്, ബദൽ സാധ്യതകൾ ഓരോ ഘട്ടത്തിലും ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.

എല്ലാം നിഷേധിച്ച് കെഎസ്ഇബി

വൈദ്യുതി ബോർഡിന്റെ ടവർലൈൻ സ്ഥാപിക്കുന്നതിനായി 'ശാന്തിവനം' നശിപ്പിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി ബോർഡ് കട്ടായം പറയുന്നു. ചെറായി, പള്ളിപ്പുറം, മുനമ്പം, എടവനക്കാട് പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുമ്പ് ഭരണാനുമതി ലഭിച്ചതാണ് മന്നം-ചെറായി 110 കെ.വി. ടവർലൈൻ പദ്ധതി. പലവിധത്തിലുള്ള തടസ്സങ്ങളാൽ മുടങ്ങിപ്പോയ പദ്ധതിയാണിത്. ടവർലൈൻ വരുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്. 7.8 കോടിക്ക് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഇപ്പോൾ 30.47 കോടിയാണ് ചെലവ് കണക്കാക്കുന്നത്.

'ശാന്തിവന'ത്തെ പരമാവധി സംരക്ഷിച്ചുകൊണ്ട് നാട്ടുകാർക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാനാണ് വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി 19.4 മീറ്റർ ഉയരത്തിലാണ് ലൈൻ വലിക്കുന്നത്. ഇത് പരമാവധി മരങ്ങളെ ഒഴിവാക്കി പോകുന്നതിനാണ്. ഇടുങ്ങിയ ഫൗണ്ടേഷനാണ് ശാന്തിവനത്തിൽ ടവർ സ്ഥാപിക്കുന്നതിനായി എടുത്തിട്ടുള്ളത്.

സാധാരണ നിലയിൽ മൂന്ന് സെന്റ് സ്ഥലം വേണ്ടയിടത്ത് 0.62 സെന്റ് സ്ഥലം മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. മാത്രമല്ല, മൂന്നുനില കെട്ടിടങ്ങൾ വരെ ടവർലൈൻ പോകുന്ന പ്രദേശത്ത് നിർമ്മിക്കുന്നതിനുള്ള പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്.ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടവർ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചതെന്നും വൈദ്യുതി ബോർഡിന്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറയുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP