Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാളത്തൊപ്പി വെച്ച് കർഷകരുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച്; വ്യാപാരി സംഘടനകളും നിലനിൽപ്പിന്റെ പോരാട്ടമായി കണ്ട് തെരുവിൽ; രാഷ്ട്രീയക്കാരെല്ലം ഒരുമിച്ച് കൈകോർത്ത് ഒരേ ലക്ഷ്യത്തിനായി സമരവേദിയിൽ; സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളും വയനാടിനെ രക്ഷിക്കാൻ കൈകോർത്ത് പ്ലക്കാർഡുമായി തെരുവിൽ; സേവ് വയനാട് ഹാഷ് ടാഗുമായി സോഷ്യൽ മീഡിയയും; പിന്തുണക്കാൻ രാഹുൽ ഗാന്ധിയും നാളെയെത്തും; വയനാട്ടുകാരെ ബന്ദികളാക്കുന്ന രാത്രിയാത്രാ നിരോധനത്തിനെതിരെ ആളിക്കത്തുന്ന പ്രതിഷേധം

പാളത്തൊപ്പി വെച്ച് കർഷകരുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച്; വ്യാപാരി സംഘടനകളും നിലനിൽപ്പിന്റെ പോരാട്ടമായി കണ്ട് തെരുവിൽ; രാഷ്ട്രീയക്കാരെല്ലം ഒരുമിച്ച് കൈകോർത്ത് ഒരേ ലക്ഷ്യത്തിനായി സമരവേദിയിൽ; സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളും വയനാടിനെ രക്ഷിക്കാൻ കൈകോർത്ത് പ്ലക്കാർഡുമായി തെരുവിൽ; സേവ് വയനാട് ഹാഷ് ടാഗുമായി സോഷ്യൽ മീഡിയയും; പിന്തുണക്കാൻ രാഹുൽ ഗാന്ധിയും നാളെയെത്തും; വയനാട്ടുകാരെ ബന്ദികളാക്കുന്ന രാത്രിയാത്രാ നിരോധനത്തിനെതിരെ ആളിക്കത്തുന്ന പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: കോഴിക്കോടു നിന്ന് യാത്രതിരിച്ചാൽ വയനാട് വഴി കർണാടകയിലെ മൈസൂരു കടന്ന് കൊെല്ലഗലിൽ എത്തുന്നതാണ് ദേശീയപാത 766. ദൂരം 272 കി.മീറ്റർ. കേരളത്തിൽ 117 കി.മീറ്ററും കർണാടകയിൽ 155 കി.മീറ്ററുമാണ് ഈ പാതയ്ക്കുള്ളത്. ദേശീയപാത 212 എന്ന നിലയിൽ കാലങ്ങളോളം രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായിരുന്നു ഇത്. പിന്നീട് പുനർനാമകരണം ചെയ്താണ് എൻ.എച്ച് 766 ആക്കിയത്. ബന്ദിപ്പൂർ വന്യജീവി സങ്കേതമായി മാറിയതോടെയാണ് ഇതുവഴിയുള്ള രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നത്. വയനാട്ടിലെ ഏറ്റവും വലിയ പട്ടണമായ സുൽത്താൻ ബത്തേരിയുടെ സാമ്പത്തിക വളർച്ചയെ ഒറ്റയടിക്ക് ഇടയാക്കിയതിൽ പ്രധാനമായ പങ്ക് ഈ രാത്രിയാത്രാ നിരോധനത്തിനുണ്ട്.

എൻ.എച്ച് 766 വഴി രാത്രിയാത്രാ നിരോധനത്തിന് പുറമേ പകലും വാഹനങ്ങൾ നിരോധിക്കുന്നതിന് വേണ്ടിയുള്ള ശ്രമം തുടങ്ങിയതോടെയാണ് ഇതിനെതിരെ കടുത്ത പ്രതിഷേധം ഇരമ്പിയത്. വയനാട്ടിലെ രാഷ്ട്രീയക്കാർ ഒറ്റക്കെട്ടായി സമരമുഖത്തിറങ്ങിയത്. സുൽത്താൻ ബത്തേരിയിലെ സ്വതന്ത്ര മൈതാനിയിൽ വിവിധ യുവജനസംഘടനയുടെ നേതാക്കൾ നിരാഹാര സമരത്തോടെയാണ് വയനാട്ടുകാരെ ബന്ദികളാക്കാനുള്ള നീക്കത്തെ ചെറുത്തു കൊണ്ട് രംഗത്തെത്തിയത്. ഏതാനും ദിവസങ്ങളായി ബത്തേരിയിൽ പ്രതിഷേധം ഇരമ്പുകയാണ്.

കോഴിക്കോടിനയും മൈസൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ദേശീയപാത 766. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ഒക്ടോബർ മൂന്നിന് സമര പന്തലിലെത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുൽത്താൻ ബത്തേരിയിൽ നിന്ന് കർഷകരുടെ ലോങ് മാർച്ച് ആരംഭിട്ടുണ്ട്. പാളത്തൊപ്പിവച്ചുള്ള കർഷകർ അണിനിരന്ന് സമരമുഖത്തിറങ്ങി. സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ മുതിർന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നാണ് വിവരം. ഇക്കാര്യം ഡൽഹിയിലുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു. ്‌സ്വതന്ത്ര മൈതാനിയിൽ യുവജന സംഘടനാ നേതാക്കൾ നടത്തിവരുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. വയനാട്ടിൽ നിന്നുള്ള നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ യു.ഡി.എഫ് നേതാക്കൾ വിഷയമുന്നയിച്ച് വൈകീട്ട് കേന്ദ്രമന്ത്രിമാരെയും കാണുന്നുണ്ട്.

ആദ്യഘട്ടത്തിൽ നിരാഹാരം അനുഷ്ടിച്ച യുവജന നേതാക്കളെ അറസ്റ്റു ചെയ്തു നീക്കിയതോടെ രണ്ടാംഘട്ട സമരത്തിലേക്ക് യുവജനങ്ങൾ ഇറങ്ങിക്കഴിഞ്ഞു. വിവിധ സംഘടനകൾ സമരത്തെ പിന്തുണച്ച് രംഗത്തുണ്ട് എന്നതാണ് ഈ സമരത്തെ ആവേശത്തിലാക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സുൽത്താൻ ബത്തേരിയിൽ തെരുവിൽ ഇറങ്ങിയത്.

വന്യജീവികളുടെ സുരക്ഷ ചൂണ്ടിക്കാട്ടി നിരോധനം ഏർപ്പെടുത്തിയപ്പോൾ തുടങ്ങിയ ദുരന്തം

കോഴിക്കോട്-മൈസൂർ ദേശീയ പാതയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം തന്നെുണ്ട്. 2009ൽ വന്യജീവികളുടെ സംരക്ഷണം ചൂണ്ടിക്കാട്ടി വനംവകുപ്പിന്റെ ആവശ്യം പരിഗണിച്ച് കർണാടകയിലെ ചാമരാജ്‌നഗർ ജില്ല കലക്ടർ കേരള അതിർത്തി വരെ 19.4 കി.മീറ്ററിൽ രാത്രി യാത്ര നിരോധിച്ചു. രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെയാണ് ഈ നിരോധനം ഏർപ്പെടുത്തിയത്. ഇതിനെ അനുകൂലിച്ച് അന്ന് പരിസ്ഥിതി സംഘടനകൾ അടക്കമുള്ളവർ രംഗത്തുണ്ടായിരുന്നു. ഇതിന് പിന്നാലെ ഗഗത നിയന്ത്രണം തുടരാൻ ഹൈക്കോടതി നൽകിയ ഉത്തരവ് ഇന്നും തുടരുകയാണ്.

രാത്രി ഒമ്പതു മണിക്കുശേഷം വാഹനങ്ങൾക്ക് അതിർത്തി ചെക്‌പോസ്റ്റ് കടക്കാനാവില്ല. അവിചാരിതമായി ആരെങ്കിലും എത്തിപ്പെട്ടാൽ പിന്നീട് അവരുടെ കാര്യം ദുരിതമാണ്. ശരിക്കും ബന്ദികളാക്കുന്ന അവസ്ഥ. ഇതിനെതിരായ അപ്പീൽ ഹരജിയാണ് സുപ്രീംകോടതിയിലുള്ളത്. മാനന്തവാടി വഴി ബദൽ പാതയുള്ളതിനാൽ 19.4 കി.മീറ്ററിൽ പൂർണമായി ഗതാഗത നിയന്ത്രണം വരുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണം. എന്നാൽ, മാനന്തവാടി- ബാവലി-മൈസൂരു പാതയിൽ വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെ ഗതാഗതം നിരോധനം തുടരുകയാണ്. വർഷങ്ങളായി പാത ഇങ്ങനെ അടഞ്ഞുകിടക്കുന്നു. രാക്കുരുക്കിന്റെ എല്ലാ പ്രയാസങ്ങളും ഒരു പതിറ്റാണ്ടിലേറെ അനുഭവിക്കുകയാണ് അവർ.

മാനന്തവാടി -കുട്ട-ഗോണികുപ്പ-മൈസൂരു പാതയാണ് ഏക ബദൽ. ഇതിന് എൻ.എച്ച് പദവി ലഭിച്ചിട്ടില്ല. സുൽത്താൻ ബത്തേരി താലൂക്കിൽ അലയടിക്കുന്ന പ്രക്ഷോഭത്തിന് എന്നാൽ, മാനന്തവാടി താലൂക്കിൽ കാര്യമായ പ്രതികരണമില്ല. ജില്ലയിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ ഗതാഗത നിരോധനവും പ്രക്ഷോഭവും പുകയുകയാണ്. മാനന്തവാടിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള അവരമായി ഇതിനെ കാണാം എന്നാണ് ഇവിടുത്തെ വികാരം.

ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയത് ദേശീയപാത 766 പൂർണമായും അടച്ചുപൂട്ടാൻ നീക്കം തുടങ്ങിയതോടെ

സുൽത്താൻ ബത്തേരിക്കാർ ദേശീയപാത 766നെ സംരക്ഷിക്കാനായി രംഗത്തിറങ്ങിയത് ദേശീയപാത പൂർണമായും അടച്ചുപൂട്ടാൻ ശ്രമം തുടങ്ങിയതോടെയാണ്. ഈ പാത പൂർണ്ണമായി അടച്ചു പൂട്ടി കുട്ട-ഗോണിക്കുപ്പ-ഹുൻസൂർ വഴിയുള്ള ബദൽപാത വീതി കൂട്ടി ദേശീയപാത നിലവാരത്തിലാക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് സൂപ്രീംകോടതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നാല് ആഴ്ചക്കകം സമർപ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതോടെ ബന്ദിപ്പൂരിന്റെ പേരിൽ ശരിക്കും ബന്ദികളാക്കപ്പെടുന്ന അവസ്ഥയിലെി ബത്തേരിക്കാർ.

രാത്രിയാത്രാ നിരോധനം നീക്കാൻ സംസ്ഥാന സർകാർ ശക്തമായി സമ്മർദ്ദം ചെലുത്തി വരുമ്പോളാണ് ഈ പാത തന്നെ പൂർണമായി അടക്കാൻ നീക്കം നടന്നത്. ഇത് ലക്ഷങ്ങളെ ബാധിക്കുമെന്നതിനാൽ ആളുകൾ തെരുവിൽ ഇറങ്ങി. രാഷ്ട്രീയ വൈരം മറന്ന് വയനാട്ടുകാർ ഒരുമിച്ചു. എന്നാൽ കേന്ദ്രസർക്കാരും കർണാടകവും കടുംപിടുത്തം തുടരുന്നതാണ് പാതക്ക് താഴ് വീഴാൻ ഇടയാക്കുന്നത്.

മേൽപ്പാല പദ്ധതിയും തള്ളി കർണാടകം

കോഴിക്കോട് -കൊല്ലഗൽ ദേശീയ പാതയിൽ മുത്തങ്ങക്കും മൈസൂരിനുമിടയിൽ ബന്ദിപ്പുർ വനമേഖലയിലാണ് രാത്രി യാത്ര നിരോധനം നിലവിലുള്ളത്. രാത്രിയാത്ര നിരോധനത്തിന് ശാശ്വതപരിഹാരമായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി മേൽപ്പാല പദ്ധതിക്കുള്ള നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതിനാവശ്യമായ തുകയുടെ പകുതിയായ 250 കോടി രൂപ മുടക്കാൻ കേരളം തയ്യാറായി. ഇതിനിടെയാണ് കേന്ദ്ര- കർണാടക സർക്കാരുകൾ പ്രശ്നത്തിൽ കടുംപിടുത്തം തുടരുന്നത്. കേരളത്തിന്റെ താൽപര്യങ്ങൾ പൂർണമായും അവഗണിച്ചുള്ള നിലപാടാണ് കോടതിയിൽ ഇവർ സ്വീകരിച്ചത്. ഇതോടെയാണ് ഓഗസ്റ്റ് ഏഴിന് രാത്രിയാത്രാ നിരോധനകേസ് പരിഗണിച്ചപ്പോൾ ബദൽപാത വീതി കൂട്ടി ദേശീയപാത നിലവാരത്തിലാക്കാനും ദേശീയപാത 766 പൂർണ്ണമായി അടച്ചു പൂട്ടാനുമുള്ള നിർദ്ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചത്.



ദേശീയപാത 766 ൽ 19 കി.മി ദൂരമാണ് ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്നത്. ഈ പാത വഴി മാനന്തവാടിയിൽ നിന്നും മൈസൂറിലേക്കുള്ള ദൂരം 150 കി.മീറ്ററാണ് ബത്തേരിയിൽനിന്നും നിലവിൽ മൈസൂറിലേക്കുള്ള ദൂരം 113 കി.മീറ്ററാണ്. ബത്തേരിയിൽനിന്നും ബദൽപാത വഴി മൈസൂറിലേക്ക് 190 കി.മീറ്ററാണ്. ബത്തേരിയിൽനിന്നും 77 കി.മീ ആണ് അധികം സഞ്ചരിക്കേണ്ടിവരിക. കൂടാതെ ബദൽപാതയും പലഭാഗത്തായി 20 കിലോമീറ്റർ ദൂരം വന്യജീവി സങ്കേതത്തിലൂടെയാണ് കടന്നുപോവുന്നത്.

ബദൽപാതയല്ല പകരം വാഹനഗതാഗതം സാരമായി ബാധിക്കുന്നുണ്ടെങ്കിൽ പ്രധാന വനം മേഖലയിൽ മേൽപ്പാലം നിർമ്മിക്കാമെന്ന കേരളത്തിന്റെ നിലപാടിന് കർണാടകവും കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയവും പിന്തുണച്ചില്ല. വന്യജീവി സംരക്ഷണനിയമം ചുണ്ടിക്കാട്ടിയാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയവും കർണാടക സർക്കാരും ബന്ദിപ്പൂർ കടുവങ്കേതത്തിലൂടെ കടന്നുപോവുന്ന ദേശീയപാതയിലെ വാഹനയാത്രക്ക് നിരോധനം ആവശ്യപ്പെടുന്നത്. രാത്രികാലങ്ങളിൽ മാത്രമല്ല, പകലും യാത്ര അനുവദിക്കുന്നതിനെതിരായ നിലപാടിലാണ് വനം പരിസ്ഥിതിമന്ത്രാലയം. രാജ്യത്തെ എല്ലാ കടുവാ സങ്കേതങ്ങളുടെയും പരിപാലനത്തിനായുള്ള നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിക്ക് (എൻടിസിഎ)കീഴിൽ 50 കടുവാ സംരക്ഷണകേന്ദ്രങ്ങളാണുള്ളത്.

എന്നാൽ ഒരിടത്തും രാത്രിയാത്ര നിരോധിക്കുന്നതിനാവശ്യമായ ഒരു പഠനവും അഥോറിറ്റി നടത്തിയിട്ടില്ല. ശാസ്ത്രീയമായ ഒരു കണ്ടെത്തലും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും കേരളം വാദിച്ചിരുന്നു. ദേശീയപാത 766 ൽ രാത്രിയാത്ര നിരോധനം നിലവിൽ വന്നിട്ട് 10 വർഷം പിന്നിടുകയാണ്. കേന്ദ്രവും കർണാടകവും മാറി മാറി ഭരിച്ച കോൺഗ്രസും ബിജെപിയും രാത്രിയാത്രനിരോധനം നീക്കുന്നതിന് അനുകൂലമായ ഒരു നിലപാടും കോടതിയിലും കോടതിക്ക് പുറത്തും സ്വീകരിച്ചിരുന്നില്ല.

രാഹുലിലുള്ള പ്രതീക്ഷ ഫലം കാണുമോ?

വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തിയതോടെ വയനാട്ടുകാർ പ്രധാനമായും ആഗ്രഹിച്ചകാര്യം രാത്രിയാത്രാ നിരോധനം നീക്കുക എന്നതായിരുന്നു. ഇതിന് വേണ്ടി അദ്ദേഹത്തിന് കഴിയുമെന്ന് കരുതി. കേന്ദ്രത്തിൽ ഭരണം ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന് ഇതിന് സാധിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ എത്രകണ്ട് അതിന് സാധിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ബന്ദിപ്പൂർ പാതയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണം നീട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി കർണാടകയിലെ ബിജെപി സർക്കാർ രംഗത്തുവന്നിട്ടുണ്ട്.

രാഹുലിന്റെ അഭിപ്രായം തള്ളുന്നതായി കർണാടക വനം മന്ത്രി സിസി പാട്ടീൽ വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലത്ത് എന്തുകൊണ്ട് ഈ ആവശ്യം പരിഗണിച്ചില്ലെന്ന് പാട്ടീൽ ചോദിച്ചു. ഒരു ദേശീയ പാർട്ടിയുടെ തലപ്പത്ത് രാഹുൽ ഇരിക്കുന്നുണ്ടെങ്കിൽ ഇങ്ങനെ സംസാരിക്കില്ല. ഇപ്പോൾ വയനാട്ടിലെ എംപിയായതുകൊണ്ടാണ് ഇത്തരത്തിൽ പറയുന്നത്. രാത്രി യാത്രാ നിരേധന വിഷയത്തെ സമഗ്രമായി കാണാൻ രാഹുൽ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവികളുടെ സംരക്ഷണത്തിന് രാത്രി യാത്രാ നിരോധനം ആവശ്യമാണെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

അതേസമയം ദേശീയപാത 766 പൂർണമായി അടയ്ക്കരുതെന്ന നിലപാടാണ് കർണാടകത്തിനുള്ളതെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കിയത് മാത്രമാണ് ഏക ആശ്വാസം. ബിജെപി. നേതാക്കൾ കർണാടക മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ത്തുവർഷം മുമ്പ്് പാതയിൽ രാത്രികാല നിരോധനം വന്നപ്പോൾ കേരള സർക്കാരിന്റെ ആവശ്യപ്രകാരം നിരോധനം പിൻവലിക്കുന്നതിന് ഉത്തരവിട്ടത് താനാണെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു.

ആളിക്കത്തുന്നത് വയനാട് കണ്ട് ഏറ്റവും വലിയ പ്രക്ഷോഭം

രാത്രിയാത്രാ നിരോധനത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടക്കുന്ന ഘട്ടത്തിൽ തന്നെ വിവിധ സംഘടനകളാണ് സമരവുമായി രംഗത്തുള്ളത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി കടകൾ അടച്ച് പ്രതിഷേധം നടന്നു. യാത്രാ നിരോധനത്തിനെതിരെ ഇരുപത്തഞ്ചോളം കർഷക സംഘടനകളും സന്നദ്ധ സംഘടനകളും കർഷക മുന്നണി എന്ന പേരിൽ ബത്തേരിയിൽ നിന്ന് കർണാടക അതിർത്തിയിലേക്ക് ലോങ് മാർച്ച് നടത്തി. എട്ട് ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ ഫോറം പ്രവർത്തകർ സമരപ്പന്തലിൽ ഉപവസിച്ചു. സഞ്ചാരസ്വാതന്ത്യം വിലക്കുന്ന നടപടികളിൽ നിന്ന് നാടിനെ രക്ഷിക്കാൻ സർക്കാരുകൾ തയാറാവണമെന്ന് എല്ലാവരും പ്രതീക്ഷിച്ചത്.

ദേശീയപാതയിലെ യാത്രാനിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് നീക്കം നടത്തുകയും, അതിന് ശേഷം പ്രശ്‌നം ഉന്നയിച്ച് ഹർത്താൽ അടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്ക് ജില്ലാതലത്തിൽ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അറിയിച്ചു. സോഷ്യൽ മീഡിയയിൽ സേവ് വയനാട് ഹാഷ് ടാഗിലും പ്രക്ഷോഭം ആളിക്കത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP