Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

അതിജീവനത്തിനായുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപതാം ദിവസത്തിലേക്ക്; ഗ്രാമത്തെ നശിപ്പിക്കുന്ന അശാസ്ത്രീയ കരിമണൽ ഖനനത്തിന് എതിരായ സമരത്തിൽ ഒടുവിൽ നാടുണർന്നു; നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണയുമായി ടൊവിനോ ആദ്യം എത്തിയതോടെ ഏറ്റുപിടിച്ചത് പൃഥ്വിരാജും പ്രിയ വാര്യർ അടക്കമുള്ള നീണ്ട സിനിമാ നിര; അവഗണിച്ച മാധ്യമങ്ങളും ഒടുവിൽ ആലപ്പാട്ടേക്ക്; സേവ് ആലപ്പാട് ക്യാമ്പയിൻ വൻ പിന്തുണയുമായി കുതിക്കുന്നു: ഭരണകൂട നീതി ഇനി ആലപ്പാടിന് ലഭിക്കുമോ?

അതിജീവനത്തിനായുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപതാം ദിവസത്തിലേക്ക്; ഗ്രാമത്തെ നശിപ്പിക്കുന്ന അശാസ്ത്രീയ കരിമണൽ ഖനനത്തിന് എതിരായ സമരത്തിൽ ഒടുവിൽ നാടുണർന്നു; നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണയുമായി ടൊവിനോ ആദ്യം എത്തിയതോടെ ഏറ്റുപിടിച്ചത് പൃഥ്വിരാജും പ്രിയ വാര്യർ അടക്കമുള്ള നീണ്ട സിനിമാ നിര; അവഗണിച്ച മാധ്യമങ്ങളും ഒടുവിൽ ആലപ്പാട്ടേക്ക്; സേവ് ആലപ്പാട് ക്യാമ്പയിൻ വൻ പിന്തുണയുമായി കുതിക്കുന്നു: ഭരണകൂട നീതി ഇനി ആലപ്പാടിന് ലഭിക്കുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: അശാസ്ത്രീയമായി നടക്കുന്ന കരിമണൽ ഖനനത്തിന്നെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസത്തോളമെത്തുകയാണ്. ഇന്ത്യയുടെ മാപ്പിൽ നിന്നും. ആലപ്പാട് പ്രദേശം അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ് നാടിനുവേണ്ടി ഖനനത്തിന് എതിരെ ആലപ്പാട് നിന്നും ശബ്ദം ഉയരുന്നത്. 1965 മുതൽ തുടങ്ങിയ ഐആർഐയുടെ കരിമണൽ ഖനനം നോൺ സ്റ്റോപ്പായി തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഖനനം അരപ്പതിറ്റാണ്ട് കഴിഞ്ഞതോടെ ആലപ്പാട് ഇല്ലാതാവുകയാണ്. ഇപ്പോൾ വളരെ വൈകി ആലപ്പാട് നിന്നും പ്രതിഷേധം ഉയരുകയാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്ന സമരം പൊതുശ്രദ്ധയിലേക്ക് എത്തിക്കുന്നത് മറുനാടൻ ആദ്യമായി വാർത്തയോടെയാണ്.

ഇപ്പോൾ സമരത്തിനു പിന്തുണയുമായി മാധ്യമങ്ങളും സിനിമാതാരങ്ങൾ വരെയുണ്ട്, ടൊവിനോ തോമസ്, പൃഥ്വിരാജ്, രജിഷാ വിജയൻ, സണ്ണി വെയ്ൻ, അനു സിതാര, പ്രിയ വാര്യർ, ധനേഷ് ആനന്ദ്, ഫൈസൽ റാസി രജിഷാ വിജയൻ, സണ്ണി വെയ്ൻ, അനു സിതാര, പ്രിയ വാര്യർ, ധനേഷ് ആനന്ദ്, ഫൈസൽ റാസി തുടങ്ങി നിരവധി താരങ്ങൾ ആലപ്പാടിനായി രംഗത്തുണ്ട്. ഒരു ജനതയുടെ നിലനിൽപ് തന്നെ അപകടത്തിലായിട്ടും മാധ്യമങ്ങൾ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനേക്കുറിച്ചും മതത്തേക്കുറിച്ചുമുള്ള ചർച്ചകളിലാണെന്നുമാണ് പൃഥ്വിരാജ് ഫെയ്സ് ബുക്കിൽ കുറിച്ചത്.

ഒരു ഹാഷ്ടാഗ് മാത്രമായിപ്പോകുമോയെന്ന കാര്യത്തിൽ നിരാശയുണ്ട്. തന്റെ ശബ്ദം ഉയർന്നുവരുന്ന പ്രതിഷേധാരവത്തിന്റെ ഭാഗമാകുമെന്നും ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കുന്ന തരത്തിൽ ആ ശബ്ദം വളരുമെന്ന് പ്രതീക്ഷിക്കുന്നതായും പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഹാഷ് ടാഗ് കാമ്പെയിനാണ് സേവ് ആലപ്പാട്. എനിക്കിതിൽ നടപടി എടുക്കാൻ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുത്തുകയാണ്. ചിലപ്പോൾ ഞാൻ ഒരു പൊതുവേദിയിൽ പറഞ്ഞാൽ ഇത് കൂടുതൽ ആളുകൾ അറിയുമായിരിക്കും. -കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡ് സ്വീകരിച്ചുകൊണ്ട് ടൊവിനോ നടത്തിയ ഈ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഇതോടെ ശ്രദ്ധ ആലപ്പാടിലേക്ക് തിരിഞ്ഞു.

യുവതലമുറയിലെ കൂടുതൽ സിനിമാ താരങ്ങൾ ആലപ്പാടിനുവേണ്ടി രംഗത്ത് വരുകയും ചെയ്തു. മാധ്യമങ്ങളിലും തുടരൻ വാർത്തകൾ ആലപ്പാടിനായി ഇപ്പോൾ നൽകുന്നുണ്ട്. ആലപ്പാട് കരിമണൽ ഖനനം നടത്തുന്ന ഇന്ത്യൻ റെയർ എർത്ത് ഈ സമരം കൊണ്ടൊന്നും കുലുങ്ങുന്ന അവസ്ഥയിലല്ല. പെട്ടെന്ന് ഈ ഖനനം നിർത്താനും അവർക്ക് കഴിയുകയുമില്ല. പക്ഷെ ഖനനത്തിന് എതിരെ സമരം ശക്തിപ്രാപിക്കുകയാണ്. ഖനനം കാരണം ആലപ്പാട്ടെ ഭൂവിസ്തൃതി അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. നിലകൊണ്ട ഈ പ്രദേശം ഇപ്പോൾ കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഖനനം ആലപ്പാടിന് മേൽ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ തോത് മനസിലാക്കാൻ കഴിയുന്നതാണ്. ഇപ്പോൾ അവശേഷിക്കുന്ന ഭാഗം കടലെടുക്കുന്നതിന് മുൻപ് ഖനനം നിർത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കൊല്ലം കരുനാഗപ്പള്ളിയിൽ അറബിക്കടലിനും കായംകുളം കായലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വളരെ വീതി കുറഞ്ഞ പ്രദേശമാണ് ആലപ്പാട്. കടലിനും കായലിനും ഇടക്കുള്ള ഈ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ ഇടവുമായിരുന്നു പക്ഷെ എല്ലാം ഖനനം കവർന്നു എടുത്തിരിക്കുന്നു. ആലപ്പാട്ടെ കടൽത്തീരത്തെ പഞ്ചാര മണൽ തരികൾക്ക് ഇപ്പോൾ കറുപ്പ് നിറമാണ്. എല്ലാം ഖനനം കാരണം.

ഗ്രാമവാസികളുടെ ഭൂമിയും കടലെടുത്തിരിക്കുന്നു. സീ വാഷ് എന്ന പ്രക്രിയ കാരണം. തീരത്ത് നിന്ന് മണൽ എടുക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന കുഴികൾ ആലപ്പാട് റെയർ എർത്ത് നികത്തുന്നില്ല. തീരത്ത് മണൽ ഇല്ലാത്ത അവസ്ഥ വരുമ്പോൾ കടൽ ഒരിടത്ത് നിന്ന് മണൽ എടുത്ത് അത് നികത്തും. ഗ്രാമവാസികളുടെ കടലിനോട് ചേർന്ന വസ്തു നഷ്ടമാകുന്നത് ഇങ്ങിനെയാണ്. അവിടെനിന്നുള്ള മണൽ ആണ് കടൽ കോരി എടുക്കുന്നത്. അതോടെ അവിടം കടലാകുകയും ചെയ്യും. ഇങ്ങിനെയാണ് ആലപ്പാട് പ്രദേശത്തുള്ളവർക്ക് ഭൂമി നഷ്ടമാകുന്നത്. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും ശരിക്ക് കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി.

മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് ഇപ്പോൾ കഴിയില്ല. ഭൂ സ്വത്തുക്കൾ കടലാസിൽ മാത്രമായി ഒതുങ്ങുന്നു. ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റിക്കോർഡിൽ നിന്നും അവ നീക്കം ചെയ്യപ്പെടുകയാണ്. കാരണം വസ്തുക്കൾ കടലെടുത്തു കഴിഞ്ഞു. .കരിമണൽ ഖനനത്തിന്റെ നേർസാക്ഷിയായി പൊന്മന എന്ന ഗ്രാമം തകർന്നടിഞ്ഞു കിടക്കുന്നു. ഖനനം നടത്തിയ പ്രദേശങ്ങൾ പൂർവ്വ സ്ഥിതിയിലാക്കുന്നില്ല. അതിനാൽ ഓരോ മേഖലയും തകരുന്നു. ഖനനം തൊട്ടടുത്ത പ്രദേശത്തേക്ക് നീങ്ങുന്നു. ആയിടവും നശിക്കുന്നു. ഇതാണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന തുടർ പ്രക്രിയ. കമ്പനികളിൽ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുകയാണ്. കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവിവർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകർന്നിരിക്കുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് ഖനനം.

ആലപ്പാട് പഞ്ചായത്തിന്റെ നിലനില്പ് വളരെ അപകടത്തിലാക്കി ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിലുള്ള അകലം 20 മീറ്ററിലും താഴെ മാത്രവുമായിട്ടുണ്ട്. ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയും നോക്കേണ്ടതുണ്ട്. കായലിന്റെയും കടലിന്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്നതാണ് ഈ ഭാഗം. ഒരു ബഫർ സോണാണ്. ഇവിടുത്തെ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽവെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം ,അപ്പർകുട്ടനാട് , മധ്യതിരുവിതാംകൂർ മൊത്തമായി കടൽ വിഴുങ്ങും. ഇത് കാണേണ്ടതില്ലേ? ഇത് പറയുന്നതും എഴുതുന്നതും ആലപ്പാട്ടുകാർ തന്നെയാണ്. ഈ വാക്കുകളിൽ തന്നെ ആലപ്പാട് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി വ്യക്തമാണ്.

ഈ സീ വാഷ് പ്രക്രിയ വേണമെങ്കിൽ ഖനനം നടത്തുന്ന ഐആർഐയ്ക്ക് തടയാമായിരുന്നു. പക്ഷെ അതിനു ഐആർഐ തയ്യാറല്ല. കാരണം അത്തരമൊരു ശബ്ദം ആലപ്പാട് തീരത്ത് നിന്നും ഉയരാത്തതാണ് പ്രശ്നം. തീരത്തെ മണൽ എടുക്കുമ്പോൾ വേർതിരിക്കൽ കഴിഞ്ഞാൽ ആ മണൽ ഐആർഐയ്ക്ക് വേണമെങ്കിൽ ആലപ്പാട് തന്നെ തിരിച്ചത്തിക്കാവുന്നതാണ്. അപ്പോൾ ഇപ്പോൾ ആലപ്പാട് നടക്കുന്ന സീ വാഷ് പ്രക്രിയയ്ക്ക് അവസാനമാകും. ഖനനം കഴിഞ്ഞാൽ മണൽ തിരികെ എത്തിക്കുന്ന ഒരു രീതി ഐആർഐയ്ക്കുണ്ട്. പക്ഷെ ആലപ്പാട് ആ പ്രക്രിയ അവർ ചെയ്യുന്നില്ല. ഐആർഐ ഖനനം അവസാനിപ്പിക്കുന്ന സൂചനകൾ ആലപ്പാട് നിന്നും വരുന്നില്ല. പക്ഷെ ആലപ്പാട് ഇല്ലാതായിക്കൊണ്ടിരിക്കുകയുമാണ്.

ഖനനം തുടരും തോറും കടൽ കരയെ വിഴുങ്ങുകയാണ്. ഇങ്ങിനെ പോയാൽ ആലപ്പാട് ഭൂപടത്തിൽ നിന്നും ഇല്ലാതാകുക തന്നെ ചെയ്യും. 2004 ൽ സുനാമി ഏറ്റവും നാശം വിതച്ചത് ആലപ്പാട് അടങ്ങുന്ന തീരഭൂവിലായിരുന്നു. ഇനി അവിടെ ഒരു ദുരന്തം വിതക്കാൻ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലക്കു കഴിയും. ഈ ഭീതിയും ആലപ്പാട്ടുകാരെ അലട്ടുന്നു. ഇപ്പോൾ അതിജീവനത്തിനായുള്ള ഒരു പോരാട്ടത്തിലാണ് ആലപ്പാട് ജനത. ആ സമരമാണ് ഇപ്പോൾ എഴുപത് ദിവസങ്ങൾ കഴിഞ്ഞും മുന്നോട്ടു പോകുന്നത്. കേരളത്തിന്റെ ശ്രദ്ധ ആലപ്പാടിലേക്ക് തിരിയേണ്ട സമയം ആയിരിക്കുന്നു. ഭരണകൂടത്തിന്റെ ശ്രദ്ധ ആലപ്പാട്ടേയ്ക്ക് തിരിയും എന്ന് തന്നെയാണ് ആലപ്പാട്ടുകാർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP