Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്താം വയസിൽ അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തിയതിന് അറസ്റ്റിലായത് 13ാം വയസ്സിൽ; സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരന് 18 വയസ്സു തികയവേ വധശിക്ഷ നൽകാൻ ഒരുങ്ങി ഭരണകൂടം; അഴിക്കുള്ളിൽ അനുഭവിക്കേണ്ടി വന്നതുകൊടിയ പീഡനങ്ങൾ; ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ നീതി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോഴും കുലുങ്ങാതെ സൗദി; സൗദി ഭരണക്കൂടത്തിന്റെ നീക്കത്തിനെതിരെ 'ഫ്രീ മുർത്താസ ഖൈറെറിസ്' ഹാഷ്ടാഗുമായി സോഷ്യൽ മീഡിയ

പത്താം വയസിൽ അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തിയതിന് അറസ്റ്റിലായത് 13ാം വയസ്സിൽ; സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരന് 18 വയസ്സു തികയവേ വധശിക്ഷ നൽകാൻ ഒരുങ്ങി ഭരണകൂടം; അഴിക്കുള്ളിൽ അനുഭവിക്കേണ്ടി വന്നതുകൊടിയ പീഡനങ്ങൾ; ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ നീതി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോഴും കുലുങ്ങാതെ സൗദി; സൗദി ഭരണക്കൂടത്തിന്റെ നീക്കത്തിനെതിരെ 'ഫ്രീ മുർത്താസ ഖൈറെറിസ്' ഹാഷ്ടാഗുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: പ്രായപൂർത്തിയാകാത്ത കൗമാരക്കാർ ചെയ്ത തെറ്റുകൾ പൊറുത്തു കൊടുക്കുന്നവരാണ് ലോകം എമ്പാടുമുള്ള ഭരണകൂടങ്ങൾ. എന്നാൽ, കുരുന്നുകളോടുള്ള ക്രൂരതയുടെ പേരിൽ ലോകത്തിന്റെ വിമർശനം ഏറ്റുവാങ്ങുകയാണ് ഇസ്ലാമിക ലോകത്തെ നയിക്കുന്നു എണ്ണസമ്പന്നമായി സൗദി അറേബ്യ എന്ന രാജ്യം. ജനാധിപത്യ രാജ്യത്തിന്റെ മേന്മ എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് സൗദി രാജഭരണത്തിന്റെ കിരാത നടപടികൾ. പരസ്യമായി തലവെട്ടുകയും കൈവെട്ടുകയും ചെയ്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന സൗദി ഭരണകൂടത്തിനെതിരെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയയും പാശ്ചാത്യ മാധ്യമങ്ങളുമാണ്.

രാജ്യദ്രേഹ കുറ്റം ചുമത്തി ഒരു 18 വയസുകാരനെ വധശിക്ഷ വിധിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നതോടെയാണ് മനുഷ്യാവകാശ സംഘടനകൾ സൗദിക്കെതിരെ തിരിഞ്ഞത്. സിഎൻഎൻ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മുർത്താസയെ വധശിക്ഷയ്ക്ക് വിധിക്കാൻ പോകുന്ന നടപടി വിശദമായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതോടെ ലോക മാധ്യമങ്ങളുടെ ശ്രദ്ധയും മുർത്താസയിലേക്ക് തിരിഞ്ഞു. ഇതോടെ പാശ്ചാത്യ മാധ്യമങ്ങളിൽ ഈ കൗമാരക്കാരനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നു.

10ാം വയസിൽ അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി പ്രതിഷേധിച്ച കുറ്റത്തിനാണ് മുർത്താസ ഖൈറെറിസിനെ സൗദി തലവെട്ടാൻ ഒരുങ്ങുന്നത്. ഒന്നുമറിയാത്ത പ്രായത്തിൽ ചെയ്ത പ്രവൃത്തിയുടെ പേരിൽ 13ാം വയസിൽ അറസ്റ്റിലായ മുർത്താസക്ക് 18 വയസു തികയാൻ പോകവേയാണ് സൗദി വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പ്രായപൂർത്തിയാകും മുമ്പ് നടന്ന കുറ്റങ്ങൾക്കും കുട്ടികളെ വധശിക്ഷയ്ക്ക് വിധിക്കുന്ന സൗദിയുടെ കിരാതമായ നടപടിക്കെതിരെ ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ രംഗത്തുണ്ട്. സോഷ്യൽ മീഡിയയിൽ #freeMurtajaQureirsi എന്ന ഹാഷ്ടാഗുമായി പ്രചരണം ശക്തമാക്കിയിരിക്കയാണ് മനുഷ്യാവകാശ പ്രവർത്തകർ.

2011ലെ അറബ് വിപ്ലവത്തിന്റെ ഭാഗമായി കുട്ടികൾക്കൊപ്പം സൈക്കിൾ റാലി നടത്തിയതാണ് മുർത്താസ ഖൈറെറിസ് ചെയ്ത രാജ്യദ്രോഹ പ്രവൃത്തി. മുഖം മറയ്ക്കാതെ തെരുവിൽ ഇറങങ്ങിയതാണ് ഈ കൗമാരക്കാരന് വിനയായി മാറിയത. ക്യാമറകൾ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈവീശി കടന്നുപോയ അവന് തന്റെ ജീവിതം ദുരിതത്തിലേക്ക് നീങ്ങുന്നു എന്ന വിവരം അറിവില്ലായിരുന്നു.

മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കുട്ടികളുടെ സൈക്കിൾ റാലിക്കാണ് മുർത്താസയ്ക്ക് വധശിക്ഷ നൽകാൻ സൗദി ഭരണകൂടം ഒരുങ്ങുന്നത്. സൗദിയിലെ കിഴക്കൻ പ്രദേശമായ ആവാമിയയിലെ പൊലീസ് സ്റ്റേഷനിലേക്ക് മുർത്താസയുടെ സഹോദരൻ അലി കൈബോംബെറിഞ്ഞെന്നാണ് കുറ്റപത്രം. ഈ സംഭവത്തിന് ശേഷം മുർത്താസയുടെ കുടുംബം സൗദി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി മാറിയിരുന്നു. 2015ൽ കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യവെ സൗദി അതിർത്തിയിൽ വെച്ച് 13ാം വയസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുർത്താസ അറസ്റ്റു ചെയ്യപ്പെടുന്നത്.

അന്ന് 13 വയസുണ്ടായിരുന്ന മുർത്താസ അഴിക്കുള്ളിൽ ക്രൂരതമായ പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നത്. 18 വയസു തികഞ്ഞതോടെ മുർത്താസക്ക് വധശിക്ഷ നൽകുമെന്ന് വ്യക്തമാക്കി സൗദി രംഗത്തെത്തി. ക്രൂരതമായി നീതി നിഷേധമാണ് മുർത്താസക്ക് നേരിടേണ്ടി വന്നതെന്നാണ് ആംനെസ്റ്റി അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. 2018ലാണ് ഒരു അഭിഭാഷകനെ പോലും വെയ്ക്കാൻ രാജഭരണം അനുവദിച്ചത്. കൗമാരക്കാരനാണെന്ന പരിഗണന പോലും മുർത്താസക്ക് ലഭിക്കാതിരിക്കുന്നതിന് കാരണമായത് അദ്ദേഹം ഷിയ വിഭാഗക്കാരനാണ് എന്നതായിരുന്നു. ഷിയ വിഭാഗക്കാരായ നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു സൗദി അറേബ്യ. സർക്കാറിന്റെ അടിച്ചമർത്തൽ നയം ചൂണ്ടിക്കാട്ടിയാൽ പോലും കടുത്ത നടപടികൾ നേരിടേണ്ടി വരുന്നു എന്നതാണ് പ്രത്യേകത.

ഏപ്രിലിൽ 37 പേരെയാണ് സൗദി അറേബ്യ കൊലക്കയറിന് ഇരയാക്കിയത്. വധശിക്ഷ ലഭിക്കുന്ന കൂടുതൽ പേരും രാജ്യത്തെ ഷിയ ന്യൂനപക്ഷത്തിൽപ്പെട്ടവരാണ്. 18 വയസിന് മുമ്പ് ചെയ്ത കുറ്റത്തിന് കഴിഞ്ഞ ഏപ്രിലിൽ അബ്ദുൽ കരീം അൽ ഹവാജ്, മുജ്തബ അൽ സെവ്യ്കത്, സൽമാൻ അൽ ഖുറൈശ് എന്നീ ചെറുപ്പക്കാരുടെ വധശിക്ഷ സൗദി നടപ്പിലാക്കിയിരുന്നു. തീവ്രവാദ കുറ്റം ആരോപിച്ചു കൊണ്ടും സൗദി അറേബ്യ 37 പേരുടെ തലവെട്ടി പ്രദർശിപ്പിച്ച സംഭവം പുറത്തുവന്നത് ലോകത്തെ നടുക്കിയിരുന്നു. ഇങ്ങനെ കിരാതമായ വിധത്തിൽ തവവെട്ടി കൊലപ്പെടുത്തിയവരിർ 16ഉം 17ഉം വയസ്സിൽ അറസ്റ്റു ചെയ്യപ്പെട്ടവരും ഉണ്ടായിരുന്നു.

2011 ൽ നടന്ന അറബ് വസന്തത്തിൽ മുർത്താസയുടെ സഹോദരൻ അലി ഖുറൈറിസ് കൊല്ലപ്പെട്ടിരുന്നു. ഇതുമായ ബന്ധപ്പെട്ട പ്രക്ഷോഭ കേസിൽ അറസ്റ്റിലായ ശേഷം മുർത്താസക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയായിരുന്നു. ഇപ്പോൾ ഏറ്റവും വലിയ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വധശിക്ഷയ്ക്ക് ശേഷം കുരുശിലേറ്റണമെന്നും ജീവനോടെ ശരീര ഭാഗങ്ങൾ അറത്തുമാറ്റണമെന്നും വാദിയായ ഭരണകൂടം ആവശ്യപ്പെടുന്നു. ഇസ്ലാമിക് ശരിയ നിയമം അനുസരിച്ച് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

18 വയസാകും മുമ്പാണ് വധശിക്ഷ ആവശ്യപ്പെട്ടുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഉടൻ നടപ്പാക്കണമെന്നാണ് ആവശ്യം. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആംനെസ്റ്റി സൗദി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ദമാമിലെ ജുവനൈൽ ജയിലിൽ കഴിയുകയാണ് മുർത്താസ. നാലു വർഷത്തോളം മുർത്താസിന് അഭിഭാഷകനെ വിലക്കിയ ഭരണകൂടം കരുതിക്കൂട്ടി നീങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്.

സൗദി അറേബ്യയിൽ രാജാവ് സൽമാന്റെ അനുവാദത്തോടെ മാത്രമേ വധശിക്ഷ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. സൗദി അറേബ്യയിൽ ക്രിമിനൽ ഒരാളുടെ മേൽ ചുമത്താനുള്ള പ്രായം മിനിമം 12 ആവണമെന്ന് 2006 ഗവൺമെന്റ് റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട മുർതസ 'കുറ്റം' പത്താം വയസ്സിലായതിനാൽ ഇത് നിയമലംഘനമാണെന്നും പരാതികൾ ഉയരുന്നുുണ്ട്.

സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരൻ എന്ന വിശേഷണവും മുർതസയ്ക്കാണ്. ഒരു വർഷമായി മുർത്താസയുടെ പിതാവും ഒരു സഹോദരനും സൗദി ജയിലുകളിലാണ്. മുർതസയ്ക്ക് പുറമെ അറബ് വിപ്ലവത്തിൽ പങ്കെടുത്തതിന് പ്രായപൂർത്തിയാകുന്നതിന് മുൻപ് അറസ്റ്റിലായ അലി അൽ നിമ്ര്, അബ്ദുള്ള അൽ സഹീർ, ദാവൂദ് അൽ മർഹൂൻ എന്നീ കുട്ടികളും വധശിക്ഷ കാത്തിരിക്കുന്നുണ്ട്. മുർതസയെ വധശിക്ഷക്ക് വിധിച്ചുള്ള സൗദി അറേബ്യൻ നടപടിക്കെതിരെ ലോകവ്യാപകമായി വിമർശനങ്ങൾ ഉയരുകയാണ്. കിങ് സൽമാൻ തന്റെ മകനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന് കൂടുതൽ അധികാരം നൽകിയതോടെ പുരോഗമന പരമായ നിലപാടാണ് സൗദി സ്വീകരിക്കുന്നത് എന്ന അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ, ഇതിനിടയിലും രാഷ്ട്രീയ എതിരാളികളെയും ഷിയ വിഭാഗത്തെയും അടിച്ചമർത്തുകയാണെന്ന ആക്ഷേപവും ശക്തമായി ഉയർന്നു.

അടുത്തിടെ തലവെട്ടിയവരിൽ യുഎസ്എയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ തുടർപഠനം ആഗ്രഹിച്ച ആധുനിക കാഴ്‌ച്ചപ്പാടുള്ള മുജ്തബ അൽ സ്വീക്കാത്ത് എന്ന പതിനേഴുകാരും അബ്ദുൾ കരീം അൽ ഹവാജ് എന്നയാൾ 16ാം വയസിൽ പിടിയിലായി തടവിലാക്കപ്പെട്ട ആളും ഉൾപ്പെട്ടിരുന്നു. രാജകുടുംബത്തിനെതിരെ വാട്സ് ആപ്പിൽ പോസ്റ്റിട്ടു എന്നത് അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇത് രാജ്യദ്രോഹമായി പരിഗണിച്ചു കൊണ്ടാണ് വധശിക്ഷ നടല്ലികാക്കിയതും. അന്താരാഷ്ട്ര നിയമ പ്രാകാരം 18 വയസിൽ താഴെയുള്ളവരുടെ വധശിക്ഷ ഒരു കാരണ വശാലും അംഗീകരിക്കാനാകാത്ത കാര്യമാണ്. എന്നാൽ, ഇതൊന്നും തടവിലാക്കപ്പെട്ട ഈ കൗമാരക്കാരുടെ കാര്യത്തിൽ ബാധകമായില്ല. അബ്ദുൾ കരീം അൽ ഹവാജ് തീർത്തും സമാധാനപരമായ ഒരു പ്രക്ഷോഭത്തിന്റെ ചിത്രമായിരുന്നു വാട്സ് ആപ്പ് വഴി ഷെയർ ചെയ്തത്. എന്നിട്ടും തലയറുക്കുകയാണ് സൗദി ഭരണകൂടം ചെയ്തത്.

അതേസമയം ഭീകരവാദക്കുറ്റം ചുമത്തി കൊലപ്പെടുത്തുന്നവരുടൈ തല കമ്പിൽക്കുത്തി പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുന്നത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നാണ് സൗദി ഭരണകൂടത്തിന്റെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയർത്തിയത്. സ്വന്തം പൗരന്മാർക്ക് തന്നെയാണ് സൗദി വധശിക്ഷ നൽകിയത്. ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകൾ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേർതിരിവിനും പ്രതികൾ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. പലപ്പോഴും രാജ്യത്തെ ന്യൂനപക്ഷ മുസ്ലിം ജനതയായ ഷിയ മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭൂരിപക്ഷവും സുന്നിമതവിഭാഗക്കാരുള്ള സൗദി, ഷിയ വിഭാഗങ്ങൾക്ക് എതിരെയുള്ള അക്രമങ്ങളിൽ ഏറെ പഴികേട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP