Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വകാര്യകമ്പനികൾ വരുത്തിയ ശമ്പള കുടിശികയും ആനുകൂല്യങ്ങളും നൽകും; നാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ടിക്കറ്റും നൽകും; കെടി ജലീലും വികെ സിംഗും ഒന്നുമില്ലാതെ തൊഴിലാളി പ്രശ്‌നം പരിഹരിച്ചത് സൗദി രാജാവ് നേരിട്ട് ഇടപെട്ട്; അപൂർവ്വ മാതൃക കാട്ടിയ സൽമാൻ രാജാവിന് കൂപ്പുകൈ

സ്വകാര്യകമ്പനികൾ വരുത്തിയ ശമ്പള കുടിശികയും ആനുകൂല്യങ്ങളും നൽകും; നാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ടിക്കറ്റും നൽകും; കെടി ജലീലും വികെ സിംഗും ഒന്നുമില്ലാതെ തൊഴിലാളി പ്രശ്‌നം പരിഹരിച്ചത് സൗദി രാജാവ് നേരിട്ട് ഇടപെട്ട്; അപൂർവ്വ മാതൃക കാട്ടിയ സൽമാൻ രാജാവിന് കൂപ്പുകൈ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് സൽമാൻ രാജാവിന്റെ ഒറ്റ തീരുമാനത്തിൽ ജീവിത വഴിയിലേക്ക് മടങ്ങിയെത്തിയത്. ആറു മാസം ശമ്പളവും ആഹാരവുമില്ലാത്ത വലഞ്ഞ ഇന്ത്യൻ തൊഴിലാളികൾ ജീവിതം വഴിമുട്ടി അവസ്ഥയിലായിരുന്നു. മടക്കി കൊണ്ടു വരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം മന്ത്രി വികെ സിങ് സൗദിയിലെത്തി. എന്നാൽ ശമ്പള കുടിശിഖയില്ലാതെ ദുരിതത്തിലേക്ക് വരാൻ ഇല്ലെന്നായിരുന്നു ഭൂരിഭാഗം ഇന്ത്യാക്കാരുടേയും നിലപാട്. ഇതോടെ മന്ത്രി എന്തു ചെയ്യണമെന്ന് അറിയാതെ മടങ്ങി. അതിന് ശേഷം പ്രതിഷേധത്തിന്റെ സ്വഭാവം പ്രധാനമന്ത്രി മോദിയേയും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിനേയും വികെ സിങ് അറിയിച്ചു. ഇതോടെ നയതന്ത്ര ഇടപെടൽ എത്തി. അപ്പോഴും സൽമാൻ രാജാവ് ഇത്രയേറെ നടപടിയെടുക്കുമെന്ന് ഇന്ത്യ കരുതിയില്ല.

പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സൽമാൻ രാജകുടുംബത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തികൂടിയാണ് സൽമാൻ രാജാവ്. ഇതിന്റെ പ്രയോജനമാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ലഭിക്കുന്നത്. കഷ്ടത അനുഭവിക്കുന്നവരോട് എന്നും കരുണ കാട്ടുന്ന ഭരണാധികാരി നടത്തിയ ഏറ്റവും സുപ്രധാനമായ ഇടപെടലാണ് ഇത്. സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സൗദിയിലെത്തിയ വിദേശകാര്യസഹമന്ത്രി വി.കെ. സിങ്, സൗദി സർക്കാറുമായി വിശദമായ ചർച്ച നടത്തിയിരുന്നു. നാട്ടിലേക്ക് പോകുന്നവർക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അത് എംബസി വഴി എത്തിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദ് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകൾ കൃത്യമായ ഉൾക്കൊള്ളാൻ രാജാവിനായി. യോജിച്ച തീരുമാനം രാജാവ് എടുത്തു. ഇതിലൂടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാദങ്ങളും പൊളിച്ചു.

എണ്ണയുടെ വിലയിടിവിനെ തുടർന്ന് സൗദി പ്രതിസന്ധിയിലാണെന്നും അതാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരാണമെന്നുമായിരുന്നു പ്രചരണം. എന്നാൽ രണ്ട് കൺസ്ട്രക്ഷൻ കമ്പനികൾ സാമ്പത്തിക തിരിമറി നടത്തിയത് മാത്രമായിരുന്നു ഇതിന് കാരണമെന്ന് വ്യക്തമാക്കുകയാണ് സൗദി രാജാവ് നടപടികളിലൂടെ. അങ്ങനെ രാജ്യത്തെ വിദേശ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശം ആശ്വാസമാകുന്നത് ഇന്ത്യക്കാർക്ക് തന്നെയാമ്. സർക്കാരുമായി വിവിധ കരാറുകളിലേർപ്പെട്ട കമ്പനികളിലെ തൊഴിലാളികൾക്ക് മുടങ്ങിയ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിന് ധനമന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ തൊഴിൽസാമൂഹികക്ഷേമ മന്ത്രാലയത്തിന് അദ്ദേഹം നിർദ്ദേശം നൽകി. ഇതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രാജാവ് അടിയന്തരമായി 10 കോടി റിയാൽ അനുവദിച്ചു. ഈ തുക സൗദി മോണിറ്ററിങ് ഏജൻസി(സാമ)യുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അതായത് സർക്കാർ തന്നെ കുടിശിഖ നൽകും

തൊഴിൽസാമൂഹികക്ഷേമ മന്ത്രിയുടെ അറിവോടെയാവണം ഈ അക്കൗണ്ടിൽനിന്ന് തൊഴിലാളികൾക്കു പണം നൽകേണ്ടത്. പണം നൽകിയ വിവരങ്ങൾ ധനമന്ത്രാലയം അതതു കമ്പനികളെ അറിയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുടങ്ങിയ ശമ്പളം നൽകിയെന്ന് ഉറപ്പുവരുത്താതെ കമ്പനികൾക്ക് അവകാശപ്പെട്ട കരാർ തുക വകവച്ചുനൽകരുത്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണം. പണമടയ്ക്കാത്തതിന്റെ പേരിലോ മറ്റോ പാർപ്പിടങ്ങളിൽ വൈദ്യുതി, ജലവിതരണം നിർത്തിവച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി പുനഃസ്ഥാപിക്കണം. ബില്ല് കുടിശ്ശിക ധനമന്ത്രാലയത്തിൽനിന്ന് അനുവദിക്കേണ്ടതാണ്. പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികൾക്ക് ഭക്ഷണവും ചികിൽസയും നൽകാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നടപടി സ്വീകരിക്കമെന്നും ആവശ്യപ്പെടുന്നു. അതായത് ദാരിദ്രത്തിന്റെ പിടിയിൽ ആരുമില്ലെന്ന് ഉറപ്പാക്കുകയാണ് സൗദിയുടെ ഭരണത്തലവൻ.

ഇതിനൊപ്പം നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും മറ്റു രാജ്യക്കാർക്കും ടിക്കറ്റ് ലഭ്യമാക്കാൻ സൗദി എയർലൈൻസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണം. ഇവർക്ക് പാസ്‌പോർട്ട് വിഭാഗത്തിൽ (ജവാസാത്ത്) നിന്ന് എക്‌സിറ്റ് പതിച്ചുനൽകാൻ ആഭ്യന്തരമന്ത്രാലയത്തിന് സൽമാൻ രാജാവ് നിർദ്ദേശം നൽകി. അടിയന്തരമായി നാടുവിടാൻ ആഗ്രഹിക്കുന്നവർക്ക് സേവനാനന്തര ആനുകൂല്യം ഉൾപ്പെടെ അവകാശപ്പെട്ട മുഴുവൻ തുകയും അവരുടെ നാടുകളിൽ എത്തിച്ചുനൽകുന്നതിനു നിയമസ്ഥാപനങ്ങളുമായി കരാറിലേർപ്പെടാൻ തൊഴിൽസാമൂഹികക്ഷേമ, വിദേശമന്ത്രാലയങ്ങളോട് നിർദ്ദേശിച്ചു. ഇതിന്റെ രേഖകൾ തൊഴിലാളികൾക്കു നൽകണം. ഇന്ത്യക്കാരായ തൊഴിലാളികളുടെ വിഷയത്തിൽ സൗദി ഭരണകൂടം സ്വീകരിച്ച നടപടി ഇന്ത്യൻ അംബാസഡറെ ബോധ്യപ്പെടുത്താൻ തൊഴിൽസാമൂഹികക്ഷേമ മന്ത്രാലയത്തിന് രാജാവ് നിർദ്ദേശം നൽകി. മറ്റു രാജ്യക്കാരുടെ വിഷയത്തിലും ഇതേ നടപടി പാലിക്കണം. ഇതിനായി അംബാസഡർമാരുടെ യോഗം വിളിക്കണം.

പ്രതിസന്ധിയിലായ തൊഴിലാളികളുടെ, പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പീൻസ് രാജ്യക്കാരുടെ കാര്യത്തിൽ കൈക്കൊണ്ട നടപടികൾ സാംസ്‌കാരികവാർത്താവിനിമയ മന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യമേഖലയിൽ വളരെ കുറച്ചുപേർ മാത്രമാണ് പ്രതിസന്ധിയിലുള്ളതെന്നും രാജാവ് മന്ത്രാലയങ്ങൾക്ക് അയച്ച ഉത്തരവിൽ പറയുന്നു. അങ്ങനെ തൊഴിലാളി പ്രതിസന്ധിയുടെ എല്ലാ മേഖലയേയും കൈവച്ചാണ് ഇടപെടൽ. സൽമാൻ രാജാവ് അധികാരത്തിലെത്തിയ ശേഷം ഭീകരർക്ക് എതിരെ കർശനമായ നടപടികൾ എടുത്തിരുന്നു. അതിന് തിരിച്ചടി നൽകാൻ കൃത്രിമമായി ഉണ്ടാക്കിയെടുത്തതായിരുന്നു സാമ്പത്തിക പ്രതിസന്ധി. അതുകൂടി മനസ്സിലാക്കിയാണ് സൽമാൻ രാജാവ് പ്രവാസികളുടെ പ്രശ്‌നത്തിൽ ഇടപെടുന്നത്. ഇതോടെ അന്താരാഷ്ട്രതലത്തിൽ രാജാവിന്റെ പ്രതിച്ഛായയും ഉയരുകയാണ്.

സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെയും ഹിസ്സ ബിൻത് അഹ്മദ് സുദൈരിയുടെയും 25 മക്കളിൽ ഒരാളായി 1935 ഡിസംബർ 31 ന് റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ ജനനം. മുറബ്ബ കൊട്ടാരത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. തന്റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1935 ഡിസംബർ 31ന് ജനിച്ച സൽമാൻ രാജകുമാരൻ രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. ആദ്യം 1955 മുതൽ 1960വരെയും പിന്നീട് 1963 മുതൽ 2011വരെയുമായിരുന്നു. കിരീടവകാശി സുൽത്താൻ രാജകുമാരന്റെ മരണത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. 2012 ജൂണിലാണ് സൽമാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്.

ആരോഗ്യ കാരണങ്ങളാൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് 79കാരനായ സൽമാൻ രാജകുമാരനായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശർക് അൽ ഔസാത്ത് പത്രം സൽമാന്റെ ഉടമസ്ഥതയിലാണ്. റിയാദ് പ്രവിശ്യ ഗവർണർ, സൗദി പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള പദവിയിലെത്തിയത്. ഡെപ്യൂട്ടി ഓയിൽ മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ, മദീന ഗവർണർ ഫൈസൽ രാജകുമാരൻ, മുൻ വ്യോമസേനാ പൈലറ്റും ബഹിരാകാശ യാത്രികനും ടൂറിസം അഥോറിറ്റി മേധാവിയുമായ സുൽത്താൻ രാജകുമാരൻ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP