Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അറേബ്യയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗ ബാധിതനായത് ബഹ്റൈൻ വഴി ഇറാനിൽ നിന്ന് എത്തിയ പൗരൻ; ഗൾഫ് രാജ്യങ്ങളെല്ലാം കൊറോണയുടെ പിടിയിൽ; ഇറാനിൽ മരിച്ചവരിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഉപദേശകൻ മുഹമ്മദ് മിർ മുഹമ്മദ് അലിയും; ഗൾഫ് നാടുകളിലെ വൈറസ് ബാധയിൽ ആശങ്കയോടെ കേരളം

സൗദി അറേബ്യയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗ ബാധിതനായത് ബഹ്റൈൻ വഴി ഇറാനിൽ നിന്ന് എത്തിയ പൗരൻ; ഗൾഫ് രാജ്യങ്ങളെല്ലാം കൊറോണയുടെ പിടിയിൽ; ഇറാനിൽ മരിച്ചവരിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഉപദേശകൻ മുഹമ്മദ് മിർ മുഹമ്മദ് അലിയും; ഗൾഫ് നാടുകളിലെ വൈറസ് ബാധയിൽ ആശങ്കയോടെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസിനെതിരെ കടുത്ത ജാഗ്രത പുലർത്തുന്നതിനിടെയാണ് ആദ്യ കേസ് സ്ഥിരികരിച്ചിരിക്കുന്നത് എന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി അറിയിച്ചു. ബഹ്റൈൻ വഴി ഇറാനിൽ നിന്ന് എത്തിയ പൗരനാണ് കൊറോണവൈറസ് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. കൊറോണ ജാഗ്രതയുടെ ഭാഗമായി ഉംറ തീർത്ഥാടകർക്കടക്കം സൗദി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഉംറ തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണെന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും മക്ക, മദീന നഗരങ്ങളിലേക്കു പ്രവേശനമില്ലെന്നും സൗദി അറേബ്യ അറിയിച്ചിരുന്നു. ഖത്തർ അടക്കം ഗൾഫ് രാജ്യങ്ങളിലും രോഗം പടർന്നു. കൊറോണ ബാധിക്കാത്ത ഏക ഗൾഫ് രാജ്യമെന്ന നിലയിൽ വലിയ ജാഗ്രതയിലായിരുന്നു ഭരണകൂടം.

വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഗൾഫിലെ വലിയ രാഷ്ട്രങ്ങളിലൊന്നാണ് സൗദി. അതുകൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാൻ കർശന നടപടികൾ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരുംദിനങ്ങളിൽ സാഹചര്യമനുസരിച്ച് ഇവ പ്രാബല്യത്തിൽ വരും. ആരോഗ്യമന്ത്രാലയം ഒരോ ദിനവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ആലോചിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. കൊറോണ പ്രതിരോധത്തിനായുള്ള പ്രത്യേക സമിതിയുടെ എട്ടാമത്തെ യോഗമാണ് നടന്നത്.

ആദ്യ യോഗം ഫെബ്രുവരി തുടക്കത്തിലായിരുന്നു. സിവിൽ ഡിഫൻസ്, ഊർജം, ആഭ്യന്തരം, നാഷനൽ ഗാർഡ്, വിദേശകാര്യം, ആരോഗ്യം, ധനകാര്യം, മാധ്യമം, വാണിജ്യം, നിക്ഷേപം, ഹജ്ജ് ഉംറ, വിദ്യാഭ്യാസം, സിവിൽ ഏവിയേഷൻ അഥോറിറ്റി, റെഡ്ക്രസന്റ്, ഫുഡ് ആൻഡ് ഡ്രഗ്‌സ്, കസ്റ്റംസ്, ടൂറിസം, നാഷനൽ പ്രിവൻസ് ആൻ-ഡ് കൺട്രോൾ സെന്റർ തുടങ്ങിയ മന്ത്രാലയങ്ങളും വകുപ്പുകളും സമിതിയിൽ അംഗമാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും രോഗപകർച്ച തടയുന്നതിനായി വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പാക്കിയ പ്രതിരോധ മാർഗങ്ങളും യോഗത്തിൽ വിലയിരുത്തി. കൊറോണ വൈറസ് സംബന്ധമായ അന്വേഷണങ്ങൾക്ക് ഹെൽത്ത് സെന്ററിന്റെ 937 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൗദി അറേബ്യയിലും കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കേരളത്തിലും ആശങ്ക വർധിക്കുകയാണ്. മലയാളികൾ ഉൾപ്പെടെ അനവധി ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്.

നിലവിൽ മധ്യപൂർവ്വേഷ്യയിൽ 1,150 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇറാനിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഉപദേശകൻ മുഹമ്മദ് മിർ മുഹമ്മദ് അലി (71) മരിച്ചു. ഇറാൻ റേഡിയോയാണ് മരണവിവരം അറിയിച്ചത്. ഇറാൻ എക്സ്പെഡൻസി കൗൺസിലംഗമാണ് മുഹമ്മദ് മിർ മുഹമ്മദലി. കൊറോണ വൈറസ് ബാധിച്ച് 58 പേരാണ് ഇറാനിൽ മരണപ്പെട്ടത്. 978 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതർ ദക്ഷിണ കൊറിയയിലാണ്. 3150 പേരാണ് അവിടെ കൊറോണ ബാധിച്ചവരായുള്ളത്. ദക്ഷിണ കൊറിയയിൽ കോവിഡ് ബാധിച്ച് 17 പേരാണ് മരിച്ചത്. അമേരിക്കയിലും ഓസ്ട്രേലിയയിലും തായ്ലന്റിലും കൊറോണ വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. അമേരിക്കയിൽ വാഷിങ്ടണിലും ഓസ്ട്രേലിയയിൽ പെർത്തിലുമാണ് കൊറോണ വൈറസ് ബാധ മൂലമുള്ള മരണങ്ങളുണ്ടായത്. ജപ്പാനിൽ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണയുടെ വ്യാപനം തടയാൻ യുഎസ് മെക്സിക്കോ അതിർത്തിയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യുഎസിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 43 പേർ കോവിഡ് 19 ബാധിച്ചു മരിച്ചതോടെ, ഇറാൻ പാർലമെന്റ് അടച്ചു. വൈറസ് ബാധയിൽ മൂന്ന് നഗരങ്ങൾ നിശ്ചലമായ ഇറ്റലിയിൽ മരണസംഖ്യ 29 ആയി ഉയർന്നു. ഫ്രാൻസിൽ 100 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ 'ഐടിബി ബെർലിൻ' ചരിത്രത്തിൽ ആദ്യമായി ജർമനി റദ്ദാക്കി.

ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ഓരോരുത്തർക്കാണ് കോവിഡ്-19 ഇന്ന് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് വന്ന ആൾക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് വന്നയാൾക്കാണ് തെലങ്കാനയിൽ കൊറോണ കണ്ടെത്തിയത്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ്. കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരും സുഖം പ്രാപിച്ചതിന് പിന്നാലെയാണ് വീണ്ടും രാജ്യത്തുകൊറോണ റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP