Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാർജയിലേക്ക് കടത്തിയത് 300 ൽപ്പരം പെൺകുട്ടികളെ; രക്ഷപ്പെട്ടു വന്ന യുവതിയുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസിന്റെ ഒത്തുകളി; ഒടുവിൽ കോടതിയിൽ കീഴടങ്ങിയപ്പോൾ സസ്പെൻഷനിലായത് മൂന്നു പൊലീസ് ഉദ്യോഗസ്ഥരും; പ്രമാദമായ ഷാർജ പെൺവാണിഭ കേസിലെ ഒന്നാം പ്രതി സൗദ ബീവി മരണത്തിന് കീഴടങ്ങി

ഷാർജയിലേക്ക് കടത്തിയത് 300 ൽപ്പരം പെൺകുട്ടികളെ; രക്ഷപ്പെട്ടു വന്ന യുവതിയുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസിന്റെ ഒത്തുകളി; ഒടുവിൽ കോടതിയിൽ കീഴടങ്ങിയപ്പോൾ സസ്പെൻഷനിലായത് മൂന്നു പൊലീസ് ഉദ്യോഗസ്ഥരും; പ്രമാദമായ ഷാർജ പെൺവാണിഭ കേസിലെ ഒന്നാം പ്രതി സൗദ ബീവി മരണത്തിന് കീഴടങ്ങി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രമാദമായ ഷാർജ സെക്സ് റാക്കറ്റ് കേസിലെ ഒന്നാം പ്രതി കുലശേഖരപതി കൊപ്ലിവീട്ടിൽ സൗദ ബീവി (53)മരണത്തിന് കീഴടങ്ങി. കുലശേഖരപതിയിലെ സ്വന്തം വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് തന്നെ സൗദയുടെ മൃതദേഹം കബറടക്കി. പൊലീസോ രഹസ്യാന്വേഷണ വിഭാഗമോ മരണം നടന്നത് അറിഞ്ഞിട്ടില്ല.

അവരെ അറിയിക്കാതെയാണ് കബറടക്കവും നടത്തിയത്. ഷാർജയിലേക്ക് മുന്നൂറിൽപ്പരം പെൺകുട്ടികളെ കൊണ്ടു പോയി സെക്സ് റാക്കറ്റിന് കൈമാറിയെന്നായിരുന്നു ഇവർക്കെതിരായി ഉണ്ടായിരുന്ന കേസ്. സൂപ്പർ മാർക്കറ്റിൽ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോവുകയും അവിടെ എത്തുമ്പോൾ സെക്സ് റാക്കറ്റിന് നൽകുകയുമാണ് ചെയ്തിരുന്നത്. കാസർകോഡ് നീലേശ്വരം ആലമ്പാടി ചാലക്കര(50), സൗദയുടെ മകൾ ഷെമിയ (റാണി) (35) എന്നിവരായിരുന്നു ഈ കേസിലെ രണ്ടും മൂന്നും പ്രതികൾ.

ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട കുലശേഖരപതി സ്വദേശിയായ യുവതി 2007 ൽ പത്തനംതിട്ട പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകി. സൗദയുടെ സഹോദരന്റെ അടുപ്പക്കാരായിരുന്ന അന്നത്തെ ചില ഉദ്യോഗസ്ഥർ കേസ് എടുത്തില്ല. ഷാർജയിൽ നടന്ന കുറ്റത്തിന് കേസ് എടുക്കാൻ തങ്ങൾക്ക് വകുപ്പില്ലെന്നായിരുന്നു ഇവരുടെ വാദം. പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതോടെ കഥ മാറി. പൊലീസിനെ നിശിതമായി വിമർശിച്ച കോടതി ഐജിയായിരുന്ന പത്മകുമാറിനോട് അന്വേഷണ മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു.

ഡിവൈഎസ്‌പിയായിരുന്ന വി അജിത്തിന് അന്വേഷണ ചുമതലയും കൈമാറി. മുഖം രക്ഷിക്കുന്നതിന് വേണ്ടി അന്നത്തെ പത്തനംതിട്ട ഇൻസ്പെക്ടർ ആർ ബിനു, എസ്ഐമാരായ ജി സന്തോഷ്‌കുമാർ, സുജാത എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. അതേസമയം, കേസ് വൈകിപ്പിച്ചതിലെ പ്രധാന കാരണക്കാരനായ മുൻ ഇൻസ്പെക്ടർ സുധാകരൻപിള്ളയ്ക്ക് എതിരായ അന്വേഷണം വകുപ്പു തലത്തിൽ മാത്രം ഒതുക്കി. സസ്പെൻഷൻ ഉണ്ടായതുമില്ല. ഒടുവിൽ 2011 ജൂൺ 11 ന് സൗദ പത്തനംതിട്ട പൊലീസിൽ കീഴടങ്ങുകയായിരുന്നു.

2013 സെപ്റ്റംബർ ഏഴിന് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സൗദയ്ക്കും അഹമ്മദിനും അഞ്ചു വർഷം തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു. ഷെമിയയ്ക്ക് മൂന്നു വർഷം തടവാണ് വിധിച്ചത്. കൊട്ടാരക്കര വനിതാ ജയിലിലാണ് സൗദയെ പാർപ്പിച്ചിരുന്നത്. സോളാർ കാലത്ത് സരിതയ്ക്കൊപ്പമാണ് സൗദ ജയിലിൽ കഴിഞ്ഞത്. അതിന്റെ സൗഹൃദം പുതുക്കാൻ വേണ്ടി സരിത പിന്നീട് സൗദയെ കാണാൻ എത്തിയതും വാർത്തയായിരുന്നു.

വിദേശത്ത് നടന്ന ഒരു കുറ്റകൃത്യത്തിൽ കേരളത്തിൽ ആദ്യമായി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നത് ഷാർജ പെൺവാണിഭ കേസിലായിരുന്നു. വിചാരണ വേളയിൽ അഞ്ചാം സാക്ഷിയും പത്തനംതിട്ട അക്‌ബർ ട്രാവൽസ് എം.ഡിയുമായ അബ്ദുൽ നാസർ, ആറാം സാക്ഷി അക്‌ബർ ട്രാവൽസിലെ ജീവനക്കാരൻ അജി ഖാൻ എന്നിവർ പ്രോസിക്യൂഷൻ നിലപാടിനെതിരായി മൊഴി നൽകിയിരുന്നു. പെൺകുട്ടിയെ പെൺവാണിഭ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലേക്കെത്തിച്ച ദുബൈയിലെ പീപ്പിൾ കൾച്ചറൽ ഫോറം ഭാരവാഹിയായ ഹക്കീംഷാ കേസിന്റെ വിസ്താരത്തിനായി നാട്ടിലെത്തി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു. ഇതാണ് നിർണ്ണായകമായത്.

2007ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷാർജയിലെ സൂപ്പർ മാർക്കറ്റിലേക്കെന്ന് പറഞ്ഞ് വിസ നൽകി നാട്ടിൽ നിന്നും വിദേശത്തെത്തിച്ച യുവതിയെ സൗദ പെൺവാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. ഇവിടെ നിന്നും വിദേശ മലയാളി സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി പത്തനംതിട്ട പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം അട്ടിമറിക്കുകയും എഫ്. .ഐ. ആറിൽ കൃത്രിമം കാട്ടുകയും ചെയ്തു.

ഈക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പീഡനത്തിരയായ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം കേസിന്റെ അന്വേഷണം പിന്നീട് ഐ. .ജി കെ പത്്മകുമാറാണ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP