Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും

സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയം കാണനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഗോ ബാക്ക് വിളിച്ച് പ്രതിഷേധക്കാർ മടക്കി. ഇവിടെ മുദ്രാവാക്യം വിളിക്കാൻ എത്തിയവരിൽ സംസ്ഥാന ചലിച്ചിത്ര അവാർഡ് ജേതാവായ സൗബിൻ സാഹിറുമുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി എത്തി അഭിനയ മികവിന്റെ കരുത്ത് കാട്ടിയ സൗബിൻ സാഹിർ. സുഡാനി ഫ്രം നൈജീരിയയും കുബളങ്ങി നൈറ്റ്‌സിലും നിറഞ്ഞത് സൗബിനായിരുന്നു. ഈ സൗബിനായിരുന്നു മുദ്രാവാക്യം വിളിയുടെ മുമ്പിൽ നിന്ന്. സുഹൃത്തിന് വേണ്ടി എന്തും ചെയ്യുന്ന മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രത്തെ പോലെ മുഖത്ത് മിന്നിമറഞ്ഞ മുഖഭാവം വേദനയുടേതായിരുന്നു. മരടിൽ പൊളിക്കാൻ പോകുന്ന ഫ്‌ളാറ്റ് സമുച്ചയത്തിൽ ഒന്നിൽ സൗബിന്റെ വിയർപ്പിന്റെ വിലയുമുണ്ട്. ഈ അഞ്ച് ഫ്‌ളാറ്റു സമുച്ഛയത്തിൽ ഒന്നിൽ സൗബിന്റെ താമസ സ്ഥലവും ഉണ്ട്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റുകൾ സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെ പൊളിച്ചുമാറ്റാൻ സർക്കാർ നടപടി തുടങ്ങിയതിന് പിന്നാലെ കുണ്ടന്നനൂർ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധമുയർത്തി ഉടമകൾ തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ഗോ ബാക്ക് വിളികളുമായി മുതിർന്നവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പ്ലക്കാർഡുകളുമായെത്തി ചീഫ് സെക്രട്ടറിയെ തടഞ്ഞത്. സുപ്രീം കോടതി അന്ത്യശാസനത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റുകൾ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മരട് നഗരസഭയക്ക് കത്ത് നൽകിയത്. ചീഫ് സെക്രട്ടറി ഫ്ളാറ്റ് ഉടമകളെ കേൾക്കാനും തങ്ങളുടെ ആവശ്യം അറിയാനും തയ്യാറായില്ലെന്ന് ഫ്ളാറ്റ് ഉടമകൾ പറയുന്നു. ഇതിന്റെ മുൻനിരയിൽ പ്രതിഷേധിക്കാൻ സൗബിനുമുണ്ടായിരുന്നു. സൗബിനെ കൂടാതെ ആൻ അഗസ്റ്റിനും ഭർത്താവ് ജോമോൻ ടിയും താമസിക്കുന്നത് ഇവിടെയാണ്. മേജർ രവിക്കും പൊളിക്കാൻ പോകുന്ന കെട്ടിടത്തിൽ ഒന്നിൽ ഫ്‌ളാറ്റുണ്ട്. എന്നാൽ സിനിമാക്കാരിൽ ഏറ്റവും പെട്ടത് സൗബിനായിരുന്നു.

ആനും മേജർ രവിയുമെല്ലാം ഫ്‌ളാറ്റ് വാങ്ങിയത് വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ സൗബിൻ കുറച്ചു കാലമേ ആയിട്ടുള്ളൂ ഇവിടെ ഫ്‌ളാറ്റ് വാങ്ങിയത്. സിനിമകളിൽ ചില്ലറ വേഷവുമായി നടന്ന സൗബിൻ അറിയപ്പെടുന്ന നടനായത് കുറച്ചു കാലം മുമ്പാണ്. ഇതോടെയാണ് കൊച്ചിയിൽ സ്വന്തം ഫ്‌ളാറ്റ് വാങ്ങാൻ സൗബിൻ തീരുമാനിച്ചത്. ഇതിന് തെരഞ്ഞെടുത്തത് മരടിലെ അടിപൊളി ഫ്‌ളാറ്റും. നിയമ പോരാട്ടവും മറ്റും നടക്കുമ്പോഴാണ് സൗബിൻ ഇത്തരത്തിലൊരു കച്ചവടത്തിന് ഇറങ്ങിയത്. അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കുകയാണ് നടൻ ചെയ്തത്. കാർകശ്യത്തോടെ സുപ്രീംകോടതി നിലപാട് എടുത്തപ്പോൾ സൗബിനും മറ്റ് താരങ്ങളും വെട്ടിലായി. അഞ്ച് ഫ്‌ളാറ്റ് ഉടമകളുടെ കെട്ടിടമാണ് പൊളിക്കുന്നത്. ഇതിൽ ആൽഫ എന്ന ഫ്‌ളാറ്റ് അത്യാഡംബരത്തിന്റെ താമസ സ്ഥലങ്ങളാണ്.

ഇവിടെ 3200 സ്‌ക്വയർഫീറ്റിലെ ഫ്‌ളാറ്റുകളാണുള്ളത്. ഇതിന് കോടികളുടെ വിലയുമുണ്ട്. കൊച്ചയിലെ അതിസമ്പന്നരാണ് ഇവിടെ താമസിക്കുന്നത്. വൻ മുതലാളിമാരും ഡോക്ടർമാരും താമസിക്കുന്ന അടിപൊളി കെട്ടിട സമുച്ഛയവും പൊളിക്കേണ്ടി വരും. ഇവരാണ് ചീഫ് സെക്രട്ടറിയെ തകർക്കുന്നത്. മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതേ സമയം ഫ്ളാറ്റിലുള്ളവരെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടം വേണ്ട നടപടികൾ നടത്തുമെന്ന് കളക്ടർ അറിയിച്ചു. സർക്കാർ അതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. എന്നാൽ എന്ത് വന്നാലും ഫ്ളാറ്റിൽ നിന്ന് ഒഴിയില്ലെന്നാണ് താമസക്കാർ പറയുന്നത്. ചീഫ് സെക്രട്ടറിയെ തടഞ്ഞ ഫ്ളാറ്റ് ഉടമകൾ തങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്നും പറഞ്ഞു.

കോടതിയുടെ അന്ത്യശാസനം കണക്കിലെടുത്ത് ഈ മാസം 20 നകം പൊളിക്കാനാണ് സർക്കാരിന്റെ നീക്കം. 20-നകം ഫ്ളാറ്റ് പൊളിച്ച് ചീഫ് സെക്രട്ടറി നേരിട്ട് റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിന്റെ ഭാഗമായി മരട് പഞ്ചായത്ത് അധികൃതരുമായും ജില്ലാ ഭരണകൂടവുമായും നടപടിക്രമങ്ങളെ കുറിച്ച് ചീഫ് സെക്രട്ടറി ചർച്ച നടത്തി. ഇതിനിടെ ഫ്ളാറ്റ് പൊളിച്ച് നീക്കണമെന്ന ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകൾ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകി. മരട് പഞ്ചായത്തായിരുന്നപ്പോൾ അന്നത്തെ ഇടതുപക്ഷ ഭരണസമിതി നിർമ്മാണാനുമതി നൽകിയ ഫ്‌ളാറ്റുകളാണ് തീരദേശചട്ടലംഘനംകാട്ടി പൊളിച്ചുനീക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഉത്തരവ് വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സർക്കാരും മരട് നഗരസഭയും ഒന്നും ചെയ്തില്ല. ഏകദേശം 30 കോടി രൂപയാണ് പൊളിക്കാൻ ചെലവ് കണക്കാക്കുന്നത്. പരിസ്ഥിതി പ്രശ്‌നമുണ്ടാകാതെ പൊളിച്ച് നീക്കുന്ന അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സ്ഥലവും നഗരസഭ കണ്ടെത്തേണ്ടതുണ്ട്. ഉപയോഗശൂന്യമായ പാറമടകളിലോ, കടൽഭിത്തി കെട്ടുന്ന സ്ഥലത്തോ പൊളിച്ച് നീക്കുന്ന അവശിഷ്ടങ്ങൾ തള്ളാവുന്നതാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രീം കോടതിയുടെ ഇന്നലത്തെ അന്ത്യശാസനത്തിൽ മരടിലെ ഫ്‌ളാറ്റുടമകൾ തകർന്ന അവസ്ഥയിലാണ്. ചിലർ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. മറ്റുള്ളവർക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ല.

ബാങ്ക് ലോൺ എടുത്തപ്പോഴും അഭിഭാഷകരടക്കം തലനാരിഴകീറി നിയമലംഘനമുണ്ടോയെന്ന വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിച്ചത്. അപ്പോഴൊന്നും തീരസംരക്ഷണ നിയമത്തിന്റെ ഊരാക്കുടുക്ക് ആരും അറിഞ്ഞില്ല. 60 ലക്ഷം രൂപമുതൽ ഒന്നരകോടി വരെ വിലവരുന്ന ഫ്‌ളാറ്റുകളാണ് വിറ്റുപോയത്. നിയമക്കുരുക്കിൽ പെടുന്നതിന് ഒരു മാസം മുമ്പ് 80 ലക്ഷം രൂപയ്ക്ക് ആൽഫ സെറീനിൽ ഒരു ഫ്‌ളാറ്റ് വിറ്റു. ഈ ഫ്‌ളാറ്റ് വാങ്ങിയത് സൗബിനാണെന്നാണ് സൂചന. എല്ലാ നിയമങ്ങളും പാലിച്ചാണ് ഫ്‌ളാറ്റ് കെട്ടിയുയർത്തിയതെന്നായിരുന്നു ബിൽഡർമാർ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതിയും ഫ്‌ളാറ്റ് ഉടമകൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. പക്ഷേ, ഇതിനിടയിൽ സുപ്രീംകോടതിയിൽ എത്തിയപ്പോഴാണ് തീര സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിത്. ഇതോടെയാണ് പൊളിക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങിയത്.

ഫ്‌ളാറ്റുകൾ ഉടമകൾക്ക് വിറ്റ് മാറിയ ബിൽഡർമാരാകട്ടെ പ്രതികരിക്കുന്നുമില്ല. ഫ്‌ളാറ്റ് പൊളിക്കേണ്ടിവന്നാൽ എല്ലാവർക്കും പുതിയ ഫ്‌ളാറ്റുകൾ പണിതുനൽകുമെന്ന് ആൽഫാ വെൻഞ്ചേഴ്‌സ് ഉടമ നേരത്തേ വ്യക്തമാക്കിയിരുന്നു. അഞ്ചു ഫ്‌ളാറ്റുകളാണ് പൊളിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും നാലെണ്ണം മാത്രമാണ് പണിപൂർത്തിയായി കൈമാറ്റം ചെയ്തിട്ടുള്ളത്. മരട് ശ്മശാനത്തിനടുത്ത് നിർമ്മാണം തുടങ്ങാനിരുന്ന ഫ്‌ളാറ്റും പൊളിക്കാൻ പറഞ്ഞവയിൽപ്പെടുന്നുണ്ട്. നെട്ടൂരിലെ ആൽഫ വെഞ്ചേഴ്‌സ്, ജയിൻ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റുകൾക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്. ഹോളിഡേ ഹെറിറ്റേജ് എന്ന ഫ്‌ളാറ്റിന് നിർമ്മാണ അനുമതി ലഭിച്ചിരുന്നെങ്കിലും ഫ്‌ളാറ്റ് നിർമ്മാണം ആരംഭിക്കാതിരുന്നതിനാൽ ഉത്തരവ് ബാധകമല്ല. ഇതിൽ ഹോളിഫെയ്ത്ത് കായലിലേക്ക് ഇറങ്ങിയാണ് നിൽപ്.

മരട് നഗരസഭയിൽനിന്ന് വിളിപ്പാടകലെയാണ് ഹോളിഫെയ്ത്ത്, ആൽഫാ സെറീൻ എന്നിവ കായലോരത്ത് നിൽക്കുന്നത്. നാഷണൽ ഹൈവേ 47ൽ നിന്ന് ശരാശരി 200 മീറ്റർ അകലെയാണ് ഈ ഫ്‌ളാറ്റുകളെല്ലാം. മരട് മാർക്കറ്റിനു സമീപമാണ് ജയിൻ ഹൗസിങ് ഫ്‌ളാറ്റുകൾ. ആകെ 370 ഫ്‌ളാറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. കുറച്ചെണ്ണത്തിൽ ആളുകളില്ല. ഉടമകളിൽ കുറേപ്പേർ വിദേശത്തു ജോലി ചെയ്യുന്നവരാണ്. ഇതിൽ ഫ്‌ളാറ്റുകൾ വാങ്ങി വാടകയ്ക്ക് കൊടുത്തവരും അവധിനാളുകളിൽ വരുമ്പോൾ താമസിക്കാനായി ഫ്‌ളാറ്റ് സൂക്ഷിച്ചിട്ടുള്ളവരും ഉണ്ട്. പ്രമുഖ സിനിമാ നടന്മാരും കോർപറേറ്റ് കമ്പനികളിൽ ജോലി നോക്കുന്നവരും ഫ്‌ളാറ്റ് ഉടമകളായുണ്ട്. ഏകദേശം 350 കുടുംബങ്ങളെ കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ 30 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്ക്.

തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റുകൾ സെപ്റ്റംബർ 20ന് അകം പൊളിക്കണമെന്നാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കിയെന്ന് അന്ന് കോടതിയിൽ റിപ്പോർട്ട് നൽകണം. ചീഫ് സെക്രട്ടറി 23ന് ഹാജരാവണമെന്നും ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടിരുന്നു. തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP