Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം സൗബിൻ നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; പുലിവാല് പിടിച്ചവരിൽ മേജർ രവിയും ബ്ലെസിയും ആൻ അഗസ്റ്റിനും അമൽ നീരദും; സ്വന്തം കിടപ്പാടം നിലംപൊത്തുന്നത് 'തന്മാത്രയുടെ' സംവിധായകൻ ഷൂട്ട് ചെയ്തത് ജീവിതം പറയുന്ന ഡോക്യുമെന്ററിക്ക്; കീർത്തിചക്രയുടെ വീര്യം പകർന്ന മേജറിന്റെ ലക്ഷ്യം സിനിമയിലൂടെ യഥാർത്ഥ കുറ്റവാളികളെ തുറന്നു കാട്ടൽ; ഫ്ളാറ്റ് പൊളിഞ്ഞ് വീഴുമ്പോൾ ക്യാമ്പിൽ മമ്മൂട്ടിയും: പൊളിഞ്ഞു വീഴ്‌ത്തൽ ക്യാമറയിലാക്കുമ്പോൾ

സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം സൗബിൻ നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; പുലിവാല് പിടിച്ചവരിൽ മേജർ രവിയും ബ്ലെസിയും ആൻ അഗസ്റ്റിനും അമൽ നീരദും; സ്വന്തം കിടപ്പാടം നിലംപൊത്തുന്നത് 'തന്മാത്രയുടെ' സംവിധായകൻ ഷൂട്ട് ചെയ്തത് ജീവിതം പറയുന്ന ഡോക്യുമെന്ററിക്ക്; കീർത്തിചക്രയുടെ വീര്യം പകർന്ന മേജറിന്റെ ലക്ഷ്യം സിനിമയിലൂടെ യഥാർത്ഥ കുറ്റവാളികളെ തുറന്നു കാട്ടൽ; ഫ്ളാറ്റ് പൊളിഞ്ഞ് വീഴുമ്പോൾ ക്യാമ്പിൽ മമ്മൂട്ടിയും: പൊളിഞ്ഞു വീഴ്‌ത്തൽ ക്യാമറയിലാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കൽ പ്രമേയമാക്കി ഡോക്യുമെന്ററി ചെയ്യുന്ന പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസി പറയുക സ്വന്തം കഥയോ? ഫ്‌ളാറ്റുകൾ പൊളിഞ്ഞു വീഴുമ്പോൾ അത് ക്യാമറയിൽ പകർത്തുകയായിരുന്നു ബ്ലെസി. പുതിയ ഡോക്യുമെന്ററിയുടെ സംവിധായകന്റെ കുപ്പായത്തിലായിരുന്നു ബ്ലെസി. ഇന്നലെ പൊളിച്ച എച്ച് ടു ഒ ഹോളി ഫെയ്ത്തിലെ താമസക്കാരനായിരുന്നു ബ്ലെസി. ഇതേ ഫ്‌ളാറ്റിലെ ആദ്യ താമസക്കാരനായിരുന്ന സംവിധായകൻ മേജർ രവിയാകട്ടെ ഈ വിഷയത്തിൽ യഥാർഥ കുറ്റവാളികളെ തുറന്നു കാട്ടുന്ന സിനിമ മനസ്സിൽ രൂപപ്പെടുത്തിക്കഴിഞ്ഞു. മേജർ രവിയും ദൃശ്യങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്.

സിനിമയ്ക്കും ഡോക്യുമെന്ററിക്കുമായി ഇന്നലെ പൊളിക്കൽ രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കലിന്റെ നേരനുഭവം ഡോക്യുമെന്ററിയാക്കുന്ന ബ്ലെസി നേരത്തെ തന്നെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ഇന്നലെ പൊളിക്കലും ഷൂട്ട് ചെയ്തു. എച്ച്2ഒയിലെ 11-ാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി മരടിലെ വാടക വീട്ടിലാണിപ്പോൾ താമസിക്കുന്നത്. മേജർ രവി സിനിമയെടുക്കാൻ തീരുമാനിച്ചത് ഒരു തുറന്നുകാട്ടൽ ലക്ഷ്യമിട്ടാണ്. 'ഈ സംഭവത്തിലെ യഥാർഥ കുറ്റവാളികളാരെന്നു വെളിച്ചത്തുകൊണ്ടു വരുന്നതാവും എന്റെ സിനിമ. ഈ അപ്പാർട്‌മെന്റിലെ ജീവിതം എന്തെന്നും സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇവിടുള്ളവർ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാൻ. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും. '- മേജർ രവി പറയുന്നു.

എച്ച്2ഒയിൽ അടുത്തിടെ അപ്പാർട്‌മെന്റ് സ്വന്തമാക്കിയിരുന്ന നടൻ സൗബിൻ ഷാഹിർ 15-ാം നിലയിലെ താമസക്കാരനായിരുന്നു. 16-ാം നിലയിൽ ക്യാമറാമാൻ ജോമോൻ ടി.ജോണിനും 17-ാം നിലയിൽ സംവിധായകൻ അമൽ നീരദിനും അപ്പാർട്‌മെന്റ് ഉണ്ടായിരുന്നു. അമൽ നീരദിന്റെ മനസ്സിലും സിനിമയുണ്ടെന്നാണ് സൂചന. മരട് സിനിമയിൽ സൗബിൻ ഷാഹിർ അഭിനയിക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ വലിയ ഹിറ്റായപ്പോൾ കിട്ടിയ തുക കൊണ്ടാണ് സൗബിൻ മരടിൽ ഫ്‌ളാറ്റ് വാങ്ങിയത്. നിയമ നടപടികളും മറ്റും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു സൗബിന്റെ ഫ്‌ളാറ്റ് വാങ്ങൽ. അതുകൊണ്ട് തന്നെ ഫ്‌ളാറ്റ് പൊളിഞ്ഞപ്പോൾ സൗബിന്റെ ദുഃഖവും മലയാളികൾ തിരിച്ചറിഞ്ഞിരുന്നു.

അസിസ്റ്റന്റ് ഡയറക്ടറായി എത്തി അഭിനയ മികവിന്റെ കരുത്ത് കാട്ടിയ സൗബിൻ സാഹിർ. സുഡാനി ഫ്രം നൈജീരിയയും കുബളങ്ങി നൈറ്റ്സിലും നിറഞ്ഞത് സൗബിനായിരുന്നു. ഈ സൗബിനും ഫ്‌ളാറ്റ് പൊളിക്കരുതെന്ന് മുദ്രാവാക്യം വിളിച്ച ഉടമകളുടെ മുമ്പിൽ ഉണ്ടായിരുന്നു. സുഹൃത്തിന് വേണ്ടി എന്തും ചെയ്യുന്ന മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രത്തെ പോലെ മുഖത്ത് മിന്നിമറഞ്ഞ മുഖഭാവം വേദനയുടേതായിരുന്നു. മരടിൽ പൊളിച്ച ഫ്ളാറ്റ് സമുച്ചയത്തിൽ ഒന്നിൽ സൗബിന്റെ വിയർപ്പിന്റെ വിലയുമുണ്ട്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കൊച്ചി മരടിലെ അഞ്ച് ഫ്ളാറ്റുകൾ സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെ പൊളിച്ചുമാറ്റാൻ സർക്കാർ നടപടി തുടങ്ങിയതിന് പിന്നാലെ കുണ്ടന്നനൂർ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധമുയർത്തി ഉടമകൾ തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ഗോ ബാക്ക് വിളികളുമായി മുതിർന്നവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പ്ലക്കാർഡുകളുമായെത്തി ചീഫ് സെക്രട്ടറിയെ തടഞ്ഞത്.

ഇതിന്റെ മുൻനിരയിൽ പ്രതിഷേധിക്കാൻ സൗബിനുമുണ്ടായിരുന്നു. സൗബിനെ കൂടാതെ ആൻ അഗസ്റ്റിനും ഭർത്താവ് ജോമോൻ ടിയും താമസിക്കുന്നത് ഇവിടെയാണ്. മേജർ രവിക്കും പൊളിക്കാൻ പോകുന്ന കെട്ടിടത്തിൽ ഒന്നിൽ ഫ്ളാറ്റുണ്ട്. എന്നാൽ സിനിമാക്കാരിൽ ഏറ്റവും പെട്ടത് സൗബിനായിരുന്നു. ആനും മേജർ രവിയുമെല്ലാം ഫ്ളാറ്റ് വാങ്ങിയത് വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ സൗബിൻ കുറച്ചു കാലമേ ആയിട്ടുള്ളൂ ഇവിടെ ഫ്ളാറ്റ് വാങ്ങിയത്. സിനിമകളിൽ ചില്ലറ വേഷവുമായി നടന്ന സൗബിൻ അറിയപ്പെടുന്ന നടനായത് കുറച്ചു കാലം മുമ്പാണ്. ഇതോടെയാണ് കൊച്ചിയിൽ സ്വന്തം ഫ്ളാറ്റ് വാങ്ങാൻ സൗബിൻ തീരുമാനിച്ചത്. ഇതിന് തെരഞ്ഞെടുത്തത് മരടിലെ അടിപൊളി ഫ്ളാറ്റും. നിയമ പോരാട്ടവും മറ്റും നടക്കുമ്പോഴാണ് സൗബിൻ ഇത്തരത്തിലൊരു വാങ്ങലിന് ഇറങ്ങിയത്. ആൽഫ എന്ന ഫ്ളാറ്റ് അത്യാഡംബരത്തിന്റെ താമസ സ്ഥലമായിരുന്നു. ഇവിടെ 3200 സ്‌ക്വയർഫീറ്റിലെ ഫ്ളാറ്റുകളാണുണ്ടായിരുന്നത്. ഇതിന് കോടികളുടെ വിലയുമുണ്ട്. കൊച്ചയിലെ അതിസമ്പന്നരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിലൊരണ്ണമാണ് സൗബിന് നഷ്ടമാകുന്നത്.

മരടിനെ പ്രമേയമാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന സിനിമയക്കും അന്തിമ രൂപമായിട്ടുണ്ട്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സിനിമ മാർച്ചിൽ റിലീസ് ചെയ്യുകയാണു ലക്ഷ്യം. 4 അപ്പാർട്‌മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന 'മരട് 357' എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങൾ ഫ്‌ളാറ്റുകൾക്കുള്ളിൽ നിന്നു ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്നു കണ്ണൻ താമരക്കുളം പറഞ്ഞു. ഒടുവിൽ ഫ്‌ളാറ്റിനു പുറത്തു നിന്നു ഷൂട്ട് ചെയ്തു.

സൂപ്പർ താരം മമ്മൂട്ടിയുടെ പൊളിക്കലിന്റെ ഭാഗം!

മരട് സ്‌ഫോടനം കാരണം സമീപത്തു നിന്ന് ഒഴിഞ്ഞ് തേവര എസ് എച്ച് കോളജിലെ ക്യാംപിലെത്തിയ ഏതാനും പേർ കോളജ് ഓഡിറ്റോറിയത്തിലിരുന്ന് മൊബൈലിൽ സ്‌ഫോടനം തൽസമയം കാണുമ്പോൾ എതിർവശത്തെ .മുറിയിൽ മമ്മൂട്ടിയെന്ന സൂപ്പർതാരം പുതിയ സിനിമയിലേക്ക് മേക്കപ്പിടുകയായിരുന്നു. . ഡബ്ബിങ് തൽസമയം നടക്കുന്ന സിനിമയായതിനാൽ പുറത്തെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്‌ഫോടനം തൽസമയം കാണുന്നവരോട് മൊബൈലിലെ ശബ്ദം ഓഫാക്കി വയ്ക്കാൻ സിനിമാ പ്രവർത്തകർ പറയുന്നുണ്ടായിരുന്നു. സ്‌ഫോടനം കഴിയുംവരെ മമ്മൂട്ടിയുടെ മെയ്‌ക്കപ്പ് കഴിയാത്തതിനാൽ ക്യാംപിലെത്തിയ 11 പേർക്കും മൊബൈലിൽ സ്‌ഫോടനം നല്ല ശബ്ദത്തിൽ തന്നെ കാണാൻ സാധിച്ചു. അൽപസമയത്തിനുശേഷം മമ്മൂട്ടി മെയ്‌ക്കപ്പ് പൂർത്തിയാക്കി പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കടന്നു.

ശബ്ദം റെക്കോർഡ് ചെയ്യുന്നയാൾ സൈലൻസ് എന്ന് അലറിയതോടെ പരിസരം നിശബ്ദമായി. 2 ടേക്കിൽ രംഗം ഷൂട്ട് ചെയ്ത് ലൈറ്റ് ഓഫ് ചെയ്തു. മമ്മൂട്ടി തിരിച്ച് മെയ്‌ക്കപ്പ് റൂമിലേക്ക്. സിനിമാ പ്രവർത്തകർക്കൊപ്പം മരടുനിവാസികളും മഹാനടൻ നടന്നുനീങ്ങുന്നത് നോക്കിനിന്നു.നവാഗതസംവിധായകൻ ജോഫിന്റെ ആദ്യസിനിമയാണിത്. പേരിടാത്ത ചിത്രത്തിലെ നായിക മഞ്ജു വാരിയർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP