Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഗുരുതര സാഹചര്യം; മതേതരത്വത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന മട്ടിൽ തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും പങ്കുവയ്ക്കുന്നു; വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറി'; വിമർശവുമായി സിറോ മലബാർ സഭ മുഖപത്രം സത്യദീപം

'ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഗുരുതര സാഹചര്യം; മതേതരത്വത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന മട്ടിൽ തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും പങ്കുവയ്ക്കുന്നു; വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറി'; വിമർശവുമായി സിറോ മലബാർ സഭ മുഖപത്രം സത്യദീപം

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന അഭിപ്രായ പ്രകടനത്തിൽ പി.സി. ജോർജിനെതിരെ പരോക്ഷ വിമർശവുമായി സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സഭയുടെ വിമർശം.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഗുരുതര സാഹചര്യമാണെന്ന് പി.സി.ജോർജിനെ പേരെടുത്ത് പറയാതെ സത്യദീപം കുറ്റപ്പെടുത്തി. 'മതേതരത്വത്തെ ഇനി മുതൽ പിന്തുണയ്‌ക്കേണ്ടതില്ലെന്ന മട്ടിൽ ചില തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം.

ഏറ്റവും ഒടുവിൽ 2030-ൽ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടൻ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു.' മുഖപ്രസംഗത്തിൽ പറയുന്നു.

റാസ്പുട്ടിൻ ഗാനത്തിന് ചുവടുവെച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. ഡാൻസ് ജിഹാദ് എന്ന പുതിയ സംജ്ഞയുമായാണ് ചിലർ രംഗത്ത് എത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.' കാലാകാലങ്ങളിൽ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമർത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും. ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിർവ്വികാരമാക്കുന്നതും നാം കണ്ടു.

അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടിൽ രണ്ട് തട്ടിലായി പാർട്ടികളുടെ പ്രചാരണ പ്രവർത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതിൽ പ്രീണനത്തിന്റെ ഈ പ്രതിനായകർ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോൾ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്.'

മതം ഏകകമാകാത്ത ഐക്യകേരളമാണ് യഥാർത്ഥ ഐശ്വര്യകേരളമെന്നും അതാകട്ടെ ഭാവി യുവകേരളവുമെന്ന വാചകത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ പ്രസ്താവന അബദ്ധമോ പിഴവോ അല്ലെന്ന് പി.സി ജോർജ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നടന്നത് ഭീകരസഘടനകളുടേതടക്കം പരസ്യവും രഹസ്യവുമായ വെല്ലുവിളികളും ആക്രമണവും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകളുടെ ഇടപെടലുകളുമാണ്. വരാൻ പോകുന്ന വിപത്തിനെ കുറിച്ച് ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമയാണെന്നും പി.സി ജോർജ് ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഇരുപത് ശതമാനത്തിൽ താഴെ വരുന്ന ജിഹാദികൾ ബാക്കിയുള്ള എൺപത് ശതമാനത്തോളം വരുന്ന നിഷ്‌കളങ്ക സമൂഹത്തെ അവരുടെ ഫാഷിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വർഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്‌ച്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണ്. ന്യൂനപക്ഷ പ്രീണനം നടത്തി ഏതുവിധേനെയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന മുന്നണി നേതൃത്വങ്ങൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ജിഹാദി സംഘടനകളുടെ അജണ്ട മനപ്പൂർവ്വമോ അല്ലാതെയോ കാണാതെ പോകുന്നു.

ഭാരതത്തിന്റെ മണ്ണിൽ അരാജകത്വം സൃഷ്ടിച്ചു കൊണ്ട് ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ജിഹാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഈ രാജ്യത്തെ സമാധാനം കാംക്ഷിക്കുന്ന എല്ലാ മതേതര പാർട്ടികളും ഒരുമിച്ച് നിന്ന് എതിർക്കേണ്ടത് തന്നെയാണെന്ന് പി സി ജോർജ് പറഞ്ഞു. തന്നെ വിമർശിക്കുന്ന മാവോയിസ്റ്റുകളും, ജിഹാദികളും ഹിന്ദുസ്ഥാൻ എന്ന വാക്കിനർത്ഥം മനസ്സിലാക്കിയാൽ നന്നെന്നും പി സി ജോർജ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP