Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

എൽഡിഎഫ് വന്നു, എല്ലാം ശരിയായി; പതിറ്റാണ്ടുകളായി ശാപമോക്ഷം ലഭിക്കാത്ത കെഎസ്ആർടിസി സ്റ്റാൻഡിനെ ​ഗോഡൗണാക്കി റോഡ് കോൺട്രാക്ടർ; ശാസ്താംകോട്ടയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എൽഎൽഎയുടെ കഴിവുകേടിന്റെ പ്രതീകമെന്ന് നാട്ടുകാർ; ഓപ്പറേറ്റിം​ഗ് സെന്റർ പൂട്ടിയത് സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാലെന്ന് കോവൂർ കുഞ്ഞുമോൻ; ​റോഡ് പണിയുടെ സാധനങ്ങൾ സൂക്ഷിക്കുന്നത് താത്ക്കാലിക സംവിധാനമെന്നും വിശദീകരണം

എൽഡിഎഫ് വന്നു, എല്ലാം ശരിയായി; പതിറ്റാണ്ടുകളായി ശാപമോക്ഷം ലഭിക്കാത്ത കെഎസ്ആർടിസി സ്റ്റാൻഡിനെ ​ഗോഡൗണാക്കി റോഡ് കോൺട്രാക്ടർ; ശാസ്താംകോട്ടയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എൽഎൽഎയുടെ കഴിവുകേടിന്റെ പ്രതീകമെന്ന് നാട്ടുകാർ; ഓപ്പറേറ്റിം​ഗ് സെന്റർ പൂട്ടിയത് സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാലെന്ന് കോവൂർ കുഞ്ഞുമോൻ; ​റോഡ് പണിയുടെ സാധനങ്ങൾ സൂക്ഷിക്കുന്നത് താത്ക്കാലിക സംവിധാനമെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സംസ്ഥാനത്തെ ഒരു കെഎസ്ആർടിസി സ്റ്റാൻഡ് ഇപ്പോൾ റോഡ് കോൺട്രാക്ടറുടെ ​ഗോഡൗൺ. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിലാണ് കണ്ണായ സ്ഥലത്ത് കോടികൾ വിലമതിക്കുന്ന റവന്യൂ ഭൂമി റോഡ് കോൺട്രാക്ടർ തന്റെ ​ഗോഡൗണായി മാറ്റിയിരിക്കുന്നത്. റോഡ് പണിക്ക് ആവശ്യമായ മെറ്റലും മറ്റ് വസ്തുക്കളുമാണ് ഇപ്പോൾ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് അറിവില്ലെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ, ഇത് വാടക വാങ്ങിയല്ലെന്നും തൊട്ടടുത്തുള്ള റോഡ് പണിക്കായി ഒരു താത്ക്കാലിക സംവിധാനം മാത്രമാണെന്നുമാണ് സ്ഥലം എംഎൽഎ കോവൂർ കുഞ്ഞുമോൻ മറുനാടനോട് വെളിപ്പെടുത്തിയത്.

ശാസ്താംകോട്ടയിലെ കെഎസ്ആർടിസി സ്റ്റാൻഡ് എന്ന താലൂക്കിലെ ആളുകളുടെ ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിറ്റാണ്ടുകളായി നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ശാസ്താംകോട്ട മാർക്കറ്റിന്റെ ഭൂരിഭാ​ഗവും സർക്കാർ ബസ്റ്റാൻഡ് പണിയാനായി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടികൾ ചിലവഴിച്ച് വലിയ കെട്ടിടവും കെഎസ്ആർടിസി ബസ്റ്റാൻഡ് എന്ന ബോർഡും വെച്ചിരുന്നു. അപ്പോഴും വെറും ഓപ്പറേറ്റിം​ഗ് സെന്റർ പ്രവർത്തിക്കാൻ മാത്രമായിരുന്നു കെഎസ്ആർടിസി അനുമതി നൽകിയത്. എന്നാൽ, സബ് ഡിപ്പോ എങ്കിലും അനുവദിക്കണം എന്ന ആവശ്യം ശക്തമായതോടെ ഓപ്പറേറ്റിം​ഗ് സെന്ററും പൂട്ടുകയായിരുന്നു. സ്ഥലം ഏറ്റെടുത്തതോടെ പതിറ്റാണ്ടുകളായി നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പ്രദേശ വാസികളുടെ കോട്ട ചന്ത എന്ന മാർക്കറ്റും ശോഭ നഷ്ടമായി. എല്ലാ ആഴ്‌ച്ചകളിലും ശനി, ബുധൻ ദിവസങ്ങളിലായി നടന്നിരുന്ന മാർക്കറ്റിന് ഇതോടെ സ്ഥല പരിമിതി വന്നു. പ്രദേശത്തെ ചെറുകിട കർഷകരും വ്യാപാരികളും മറ്റ് മാർക്കറ്റുകൾ തേടി.

Stories you may Like

സ്ഥലം കോൺട്രാക്ടർക്ക് ഉപയോ​ഗിക്കാനായി തഹസീൽ​ദാരാണ് അനുമതി നൽകിയത് എന്നാണ് എംഎൽഎ പറയുന്നത്. ബഡ്ജറ്റിൽ നാല് കോടി രൂപ വകയിരുത്തിയ ഫിൽറ്റർ ഹൗസ് ബൈപ്പാസ് റോഡിന്റെ പണിക്കുള്ള സാധനങ്ങൾ മാത്രമാണ് ഇതെന്നാണ് എംഎൽഎ വെളിപ്പെടുത്തിയത്. ഓപ്പറേറ്റിം​ഗ് സെന്റർ തത്ക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും കെഎസ്ആർടിസി നഷ്ടത്തിലായതിനാൽ ആണ് പൂട്ടിയതെന്നും എംഎൽഎ പറയുന്നു. പ്രതിമാസം 50 ലക്ഷം രൂപ ചെലവാണ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഓപ്പറേറ്റിം​ഗ് സെന്റർ പൂട്ടിയതെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

ഒന്നരക്കോടി രൂപ മുടക്കി 18 വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയതാണ് ശാസ്താംകോട്ട കെഎസ്ആർടിസി ഡിപ്പോ. പിന്നീട് ഗ്യാരേജിനായി മണ്ണെണ്ണമുക്കിന് സമീപം താലൂക്കിലെ ഏഴ് പഞ്ചായത്തുകൾചേർന്ന് ഒരു കോടി രൂപ മുടക്കി സ്ഥലവും കെട്ടിടവും നിർമ്മിച്ചു. തുടക്കത്തിൽ ചില കെഎസ്ആർടിസി ബസ്സുകൾ കയറി ഇറങ്ങുകയും ഇവിടെ നിന്നും ചില സർവീസുകൾ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഘട്ടംഘട്ടമായി സ്റ്റാൻഡിന്റെ പ്രവർത്തനം നിലച്ചു. ഇതിനിടെ നാട്ടുകാരുടെ പരാതിയെ തുർന്ന് ജനപ്രതിനിധികൾ കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഇതിനായി മാസം ലക്ഷങ്ങൾ ചെലവാകുമെന്ന തടസവാദം ഉന്നയിച്ച് പിൻതിരിഞ്ഞു. ഓപ്പറേറ്റിങ് സെന്റർ ആയി തുടങ്ങാനുള്ള അഭ്യർത്ഥനയും അധികൃതർ ചെവിക്കൊണ്ടില്ല.

ഇതേ തുടർന്നാണ് ശാസ്താംകോട്ട മാർക്കറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് 70 സെന്റ് സ്ഥലം വരുന്ന കെഎസ്ആർടിസി ഡിപ്പോ സ്വകാര്യ ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും ആശുപത്രിയിലെ ആംബുലൻസും അടക്കം പാർക്ക് ചെയ്യുന്നത് ഇവിടെയാണ്. ഇതിന് പുറമേയാണ് ഇപ്പോൾ കോൺട്രാക്ടർ തന്റെ ​ഗോഡൗണായും ഈ സർക്കാർ ഭൂമിയെ ഉപയോ​ഗിക്കുന്നത്.

കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന്റെ കെടുകാര്യസ്ഥതയുടെ സ്മാരകമായാണ് സ്റ്റാൻഡിനെ ജനം കാണുന്നത്. കാര്യക്ഷമമായ ഇടപെടൽ ഉണ്ടായാൽ സ്റ്റാൻഡ് യാത്രക്കാർക്ക് ഉപകാരമാകും. എല്ലാ ബസുകളും കയറുന്ന ഒരു പൊതു ബസ് സ്റ്റാന്റാക്കി ഡിപ്പോയെ മാറ്റണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 19 വർഷമായി കുന്നത്തൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് കോവൂർ കുഞ്ഞുമോനാണ്. എന്നാൽ, ഈ ബസ് സ്റ്റാൻ്ഡിന് വേണ്ടി സ്ഥലം എംഎൽഎ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.ഇതിനോട് തൊട്ട് ചേർന്ന് താലൂക്ക് ആശുപത്രി സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുകയാണ്. എന്നാൽ, ഒരിക്കലും നടക്കാത്ത ബസ്റ്റാൻഡ് എന്ന മോഹം ഉപേക്ഷിച്ച് ആശുപത്രിക്കായി എങ്കിലും ഈ സ്ഥലം ഉപയോ​ഗിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP