Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോൾ സർക്കാരിന്റെ ഭാഗമായിരിക്കുന്നത് അധാർമികം; രാജ്യത്തിന്റെ അടിസ്ഥാന ശിലകൾ പോലും വരും നാളുകളിൽ നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളികൾ; എല്ലാവരുടെയും നന്മയ്ക്കായി പുറത്തുവരുന്നതാണ് നല്ലത്: കണ്ണൻ ഗോപീനാഥിന്റെ പിന്നാലെ ഐഎഎസ് വേണ്ടെന്ന് തീരുമാനിച്ച് മറ്റൊരു യുവ സിവിൽ സർവ്വീസുകാരനും; ശശികാന്ത് സെന്തിലും വിരൽ ചൂണ്ടുന്നത് കേന്ദ്ര സർക്കാരിനെ തന്നെ  

ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോൾ സർക്കാരിന്റെ ഭാഗമായിരിക്കുന്നത് അധാർമികം; രാജ്യത്തിന്റെ അടിസ്ഥാന ശിലകൾ പോലും വരും നാളുകളിൽ നേരിടാൻ പോകുന്നത് കടുത്ത വെല്ലുവിളികൾ; എല്ലാവരുടെയും നന്മയ്ക്കായി പുറത്തുവരുന്നതാണ് നല്ലത്: കണ്ണൻ ഗോപീനാഥിന്റെ പിന്നാലെ ഐഎഎസ് വേണ്ടെന്ന് തീരുമാനിച്ച് മറ്റൊരു യുവ സിവിൽ സർവ്വീസുകാരനും; ശശികാന്ത് സെന്തിലും വിരൽ ചൂണ്ടുന്നത് കേന്ദ്ര സർക്കാരിനെ തന്നെ   

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ദക്ഷിണ കന്നഡ ജില്ലയിൽ ഡെപ്യൂട്ടി കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ഐഎഎസ് ഓഫിസർ ശശികാന്ത് സെന്തിലിന്റെ രാജിയും ഒളിയമ്പാകുന്നത് കേന്ദ്ര സർക്കാരിന്. 2009 ബാച്ച് ഐഎഎസ് ഓഫിസറും തമിഴ്‌നാട് സ്വദേശിയുമായ ശശികാന്ത് സെന്തിൽ, രാജ്യത്ത് മുൻപില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യപ്പെടുകയാണെന്നും രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും രാജിക്കത്ത് നൽകിയ ശേഷം പ്രതികരിച്ചു.

നേരത്തെ കശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനെതിരായ പ്രതിഷേധ സൂചകമായി മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനും രാജിവച്ചിരുന്നു. 'ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോൾ സർക്കാരിന്റെ ഭാഗമായിരിക്കുന്നത് അധാർമികമാണെന്നു തോന്നുന്നു. രാജ്യത്തിന്റെ അടിസ്ഥാന ശിലകൾ പോലും വരുംനാളുകളിൽ കടുത്ത വെല്ലുവിളികളെയാണ് നേരിടാൻ പോകുന്നതെന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും നന്മയ്ക്കായി സിവിൽ സർവീസിൽ നിന്നും പുറത്തുവരുന്നതാണ് നല്ലതെന്നും ഞാൻ കരുതുന്നു' രാജിക്കത്തിൽ സെന്തിൽ പറഞ്ഞു.

രാജി തീരുമാനത്തിൽ നിന്ന് ചില സുഹൃത്തുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആലോചിച്ചെടുത്ത തീരുമാനമാണെന്നു സെന്തിൽ പറയുന്നു. രാജി തീരുമാനം വ്യക്തിപരമാണെന്നും ദക്ഷിണ കന്നഡയിലെ ജനങ്ങളും ജനപ്രതിനിധികളും തന്നോട് അങ്ങേയറ്റം സഹകരിച്ചിട്ടുണ്ടെന്നും സേവനം അവസാനിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൻ ഗോപിനാഥനും സമാനമായ വിശദീകരണവുമയാണ് രാജിവച്ചത്. പറയാനുള്ള അവകാശം ഇല്ലാതാകുന്നതു ജനാധിപത്യവിരുദ്ധമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാണ് ഐഎഎസ് എടുത്തത്. ഇപ്പോൾ സ്വന്തം ശബ്ദം പോലുമില്ലാത്ത അവസ്ഥയാണെന്നും രാജിക്കു ശേഷം കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു. രാജി അംഗീകരിക്കുന്നതു വരെ ജോലിയിൽ തുടരണമെന്നു കണ്ണൻ ഗോപിനാഥനോടു കേന്ദ്രസർക്കാർ നിഷ്‌കർഷിച്ചിരുന്നുവെങ്കിലും നിർദ്ദേശം കണ്ണൻ തള്ളുകയായിരുന്നു.

സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് തടസ്സമാണ് ഐഎഎസ് പദവി. എന്നാൽ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു് കണ്ണൻ ഗോപിനാഥൻ. 2012 ഐ.എ.എസ്. ബാച്ചുകാരനായ കണ്ണൻ ഗോപിനാഥൻ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. കഴിഞ്ഞ പ്രളയകാലത്ത് ആരുമറിയാതെ കണ്ണൻ നടത്തിയ സേവന പ്രവർത്തനങ്ങളോടെയാണ് സോഷ്യൽ മീഡിയയിലെ താരമായത്. ദാദ്ര- നഗർ ഹവേലിയിലെ കളക്ടറായിരുന്നു കണ്ണൻ. പ്രളയ ദുരിതാശ്വാസത്തിൽ സജീവമായി പങ്കെടുത്ത ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെൽഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും അതെല്ലാം സ്നേഹപൂർവം നിരസിച്ച വ്യക്തിയാണ് കണ്ണൻ. ഒരു സന്നദ്ധ പ്രവർത്തകനായി മാത്രം ജോലിചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.

വേഷം മാറി ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ കളക്ടർ ഇതോടെ സോഷ്യൽ മീഡിയയിലെ താരമായി. ആരോടും ഒന്നും പറയാതെ എല്ലാം ചെയ്ത് മടങ്ങി ഈ യുവാവ്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ വ്യത്യസ്തതയുടെ കഥയായി കണ്ണൻ ഗോപിനാഥന്റേത് മാറി. അങ്ങനെ വേറിട്ട വഴികളിലൂടെ നടക്കാൻ ആഗ്രഹിച്ച മലയാളിയാണ് കണ്ണൻ. അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രവർത്തനത്തിനുമെല്ലാം ഐ എ എസ് പദവി തടസ്സമാണ്. അതുകൊണ്ടാണ് ഐ എ എസിൽ നിന്ന് വിരമിക്കുന്നത്. അതിന് ശേഷം പൊതു പ്രവർത്തനത്തിൽ സജീവമാകും. എന്നാൽ വിവാദത്തോടെ പ്രതികരിക്കാൻ കണ്ണൻ തയ്യാറല്ല. സാങ്കേതികമായി ഇപ്പോഴും സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പരസ്യ പ്രതികരണത്തിനില്ല. രാജി അംഗീകരിച്ച് പുറത്തു വന്നാൽ എല്ലാം പറയുമെന്ന സൂചനയാണ് കണ്ണൻ വാക്കുകളിൽ ഒളിപ്പിച്ചു വയ്ക്കുന്നത്.

ഓഗസ്റ്റ് 21നാണ് രാജി കത്ത് കൈമാറിയത്. ഓഗസ്റ്റ് 20ന് ഇട്ട ട്വീറ്റ് വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. സഹപൗരന്മാരുടെ അവകാശവും സ്വാതന്ത്ര്യവും ഉയർത്താനുള്ള അവസരമാണ് സിവിൽ സർവ്വീസിനെ താൻ കാണുന്നതെന്നായിരുന്നു ഈ ട്വീറ്റ്. ഇതിന് ശേഷമാണ് രാജി നൽകിയതെന്നാണ് സൂചന. രാജി വാർത്ത പുറത്തു വന്നതോടെ രാജി പിൻവലിക്കാൻ സമ്മർദ്ദവും ഉണ്ട്. കേന്ദ്ര സർക്കാരും ഈ രാജി സ്വീകരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതായാണ് സൂചന. നിലവിലെ തന്റെ ജോലി സാഹചര്യങ്ങൾ വ്യക്തിയെന്ന നിലയിൽ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിന് തടസമാവുന്നെന്ന് വ്യക്തമാക്കിയാണ് നടപടിയെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തീരുമാനത്തിൽ ഉറച്ച് നിൽക്കുകായാണ് കണ്ണൻ ഇപ്പോഴും.

കാക്കനാട് കെബിപിഎസ് പ്രസിൽ വന്ന ലോറികളിൽ നിന്നും എത്രയും വേഗം സാധനങ്ങൾ ഇറക്കാനുള്ള തിരക്കിനിടെ ചാക്കു കെട്ടുകൾ അയാൾ മടിയൊന്നുമില്ലാതെ എടുത്തുകൊണ്ട് പോയി. മൂന്ന് ദിവസം കെബിപിഎസിന്റെ പ്രസിൽ ഓടി നടന്ന് ദുരിതത്തിൽ വലയുന്നവർക്കായി സേവനം നടത്തിയിട്ടും ആരും അയാളെ തിരിച്ചറിഞ്ഞില്ല. എന്നാൽ ചുമടെടുത്തും പരിസരം വൃത്തിയാക്കിയും ദുരിത ബാധിതർക്കൊപ്പം കൂടെ നിന്നത് സാധാരണ ആളായിരുന്നില്ല. അദ്ദേഹം ഒരു ജില്ല ഭരിക്കുന്ന ഐഎഎസ് ഉദ്യോഗസഥൻ ആയിരുന്നു. ആളെ അറിയാതെ വഴക്കു പറഞ്ഞവരും ഉണ്ട്. അവരോടെല്ലാം സൗമ്യമായി തന്നെ പെരുമാറി. പദവിയുടെ വലുപ്പം കാട്ടിയതുമില്ല. അതുകൊണ്ട് തന്നെ സാധാരണക്കാരനായി ഏവരും കളക്ടറെ കരുതി. അങ്ങനെ നാടിനെ സേവിച്ചാണ് കണ്ണൻ താരമാകുന്നത്.

സംസ്ഥാനത്ത് ദുരിതാശ്വസ പ്രവർത്തനത്തിൽ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തതും അത് സമൂഹ മാധ്യമങ്ങളിൽ വരെ വൈറലായിട്ടും കലക്ടറുടെ സേവനം ആരും പെട്ടന്ന് തിരിച്ചറിഞ്ഞില്ല. രസകരമായ സംഗതി അതല്ല 10 ദിവസം പ്രവർത്തിച്ചിട്ടും അപൂർവ്വം ആളുകൾ മാത്രമാണ് ഈ കലക്ടറെ തിരിച്ചറിഞ്ഞത്. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര- നഗർ ഹവേലി കലക്ടറായ കണ്ണൻ ഗോപിനാഥനാണ് 10 ദിവസത്തെ അവധിയെടുത്ത് ദുരിതാശ്വാസ പ്രവർത്തനത്തിനായി കേരളത്തിലേക്ക് വണ്ടികയറിയത്. ക്യാമ്പിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം എറണാകുളത്ത് എത്തിയത്. അതിന് ശേഷം ദാദ്രനഗർ ഹവേലിക്ക് കളക്ടർ തിരിച്ചുപോയി. ആളുകൾ കൂടുതലറിഞ്ഞതിനാലാണ് അദ്ദേഹം വേഗം മടങ്ങിപ്പോയതെന്നാണ് സൂചന. ഇതോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തിയത്.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയും തലശ്ശേരി സബ് കളക്ടർ എസ്. ചന്ദ്രശേഖറും കെ.ബി.പി.എസ്. സന്ദർശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്ന വ്യക്തിയെ എല്ലാവരും തിരിച്ചറിയുന്നത്. സ്വന്തം ബാച്ചുകാരൻ എസ്. സുഹാസ് ജില്ലാ കളക്ടർ ആയിരിക്കുന്ന ആലപ്പുഴയിൽ പോലും ആരാണെന്ന് വെളിപ്പെടുത്താതെ, തന്നാൽ കഴിയുന്ന പോലെ പ്രവർത്തിച്ചശേഷമാണ് കണ്ണൻ ഗോപിനാഥൻ എറണാകുളത്ത് പ്രവർത്തിക്കാൻ അന്ന് എത്തിയത്. ആലുവ താലൂക്കിൽ ഉൾപ്പെട്ട വില്ലേജുകളിൽ പ്രളയദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവുമാണ് കെ.ബി.പി.എസിൽ നടക്കുന്നത്. കോളേജ് കുട്ടികളും മറ്റുമായി നിരവധി സന്നദ്ധ പ്രവർത്തകർ ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതിൽ ഒരാളായി മാത്രം മാറുകയായിരുന്നു കണ്ണൻ.

ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര- നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. മിസോറമിൽ കലക്ടറായിരുന്നപ്പോൾ വിദ്യാഭ്യാസരംഗത്ത് കണ്ണൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP