Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിങ്ങൾ ക്യാബിനിൽ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യക്ക് സിവിൽ സർവീസ് കിട്ടിയെങ്കിൽ ആ കുട്ടി മരണ മാസ്സാണ്; മൂന്ന് വർഷം അവരെ മാനസികമായി പീഡിപ്പിച്ചവരിൽ നിന്ന് ഉന്നതവിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ; അന്ന് ആ 30 പേരുടെ വാക്കിനേക്കാൾ അങ്ങേയ്ക്കു വലുത് ആ പ്രിൻസിപ്പൽ ആയിരുന്നു; അങ്ങയെ കാണാൻ അയ്യങ്കാളിയുടെ കൊച്ചുമോൻ എത്തിയപ്പോൾ ആരാണ് അയ്യങ്കാളി എന്ന് ചോദിച്ചതും ഓർക്കുന്നു: ശ്രീധന്യയെ മന്ത്രി എ കെ ബാലൻ പടിയിറക്കിവിട്ട കഥപറഞ്ഞ് മാധ്യമപ്രവർത്തക

നിങ്ങൾ ക്യാബിനിൽ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യക്ക് സിവിൽ സർവീസ് കിട്ടിയെങ്കിൽ ആ കുട്ടി മരണ മാസ്സാണ്; മൂന്ന് വർഷം അവരെ മാനസികമായി പീഡിപ്പിച്ചവരിൽ നിന്ന് ഉന്നതവിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ; അന്ന് ആ 30 പേരുടെ വാക്കിനേക്കാൾ അങ്ങേയ്ക്കു വലുത് ആ പ്രിൻസിപ്പൽ ആയിരുന്നു; അങ്ങയെ കാണാൻ അയ്യങ്കാളിയുടെ കൊച്ചുമോൻ എത്തിയപ്പോൾ ആരാണ് അയ്യങ്കാളി എന്ന് ചോദിച്ചതും ഓർക്കുന്നു: ശ്രീധന്യയെ മന്ത്രി എ കെ ബാലൻ പടിയിറക്കിവിട്ട കഥപറഞ്ഞ് മാധ്യമപ്രവർത്തക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ നിന്നും പട്ടികജാതി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടിയ ശ്രീധന്യയെ ലോകം മുഴുവൻ ആദരിക്കുന്ന അവസ്ഥയാണുള്ളത്. തിരുവനന്തപുരത്തെ സ്വകാര്യ ഐഎഎസ് അക്കാദമയിൽ പരിശീലനം നടത്തിയാണ് ശ്രീധന്യ ഈ മികച്ച വിജയം നേടിയത്. ഈ വിജയത്തിൽ പങ്കാളിത്തം അവകാശപ്പെട്ട് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. 2016-17ൽ പട്ടികജാതി വികസന വകുപ്പിന്റെ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയായിരുന്നു ശ്രീധന്യയെന്നും എന്നാൽ മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് പരിശിലനം നേടുന്നതിന് വകുപ്പു സാമ്പത്തിക സഹായം നൽകിയെന്നും പറഞ്ഞു കൊണ്ടായിരുന്നു എ കെ ബാലന്റെ അവകാശവാദം.

മന്ത്രി എ കെ ബാലനെ മുമ്പ് കാണാൻ എത്തിയ വേളയിൽ മന്ത്രിയുടെ ഓഫീസിൽ നിന്നും ശ്രീധന്യ അടക്കമുള്ളവരെ ഇറക്കിവിട്ടിരുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് മാധ്യമപ്രവർത്തക രംഗത്തെത്തി. മന്ത്രി കാബിനിൽ നിന്നും പലതവണ ഇറക്കിവിട്ടെ ശ്രീധന്യയ്ക്ക് സിവിൽ സർവീസ് കിട്ടിയെങ്കിൽ ആ കുട്ടി മരണ മാസാണ് എന്നു പറഞ്ഞു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് കെ എസ് ശരന്യമോളായിരുന്നു. മൂന്ന് വർഷം വരെ അവരെ മാനസികമായി പീഡിപ്പിച്ചതിന് എതിരായ വിജയമാണ് ഇതെന്ന് ആരോപിച്ചു കൊണ്ടാണ് ശരന്യമോളുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

പട്ടികജാതിക്ഷേമ വകുപ്പിന് കീഴിലുള്ള സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലെ പരാധീനതകളെ കുറിച്ച് പരാതി പറയാൻ ചെയ്യപ്പോഴാണ് ശ്രീധന്യ അടക്കമുള്ള വിദ്യാർത്ഥികളുടെ വാക്കു കേൾക്കാൻ മന്ത്രി തയ്യാറാകാതിരുന്നതെന്നാണ് ശരന്യമോൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിന് എതിരായ ആരോപണത്തിന് മന്ത്രിയിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടി എന്ന നിലയിലാണ് ശ്രീധന്യയുടെ കാര്യം അടക്കം സൂചിപ്പിച്ചു കൊണ്ട് ശരന്യമോൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. മണ്ണന്തലയിൽ പ്രവർത്തിച്ചുവരുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം സർക്കാർ ഇല്ലാതാക്കുന്നു എന്ന വിധത്തിലാണ് സർക്കാർ പ്രവർത്തനമെന്ന് ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ആവർത്തിക്കുകയാണ് ശര്യന്യമോൾ ചെയ്തത്.

ശരന്യമോളുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മന്ത്രി എ കെ ബാലന് ഒരു മറുപടി

സാർ,
നിങ്ങൾ ക്യാബിനിൽ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക്ക് ഇപ്പോൾ IAS കിട്ടിയെങ്കിൽ ആ കുട്ടി (കാണാൻ വന്നവർ ഉൾപ്പടെ ) മരണ മാസ്സ് ആണ്.. എന്തെന്നാൽ 3 വർഷം അവരെ മാനസികമായി പീഡിപ്പിച്ചവരിൽ നിന്ന് ഉന്നത വിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ. അന്നത്തെ ബാച്ചിലെ കുട്ടികളെ മാനസികമായി പീഡിപ്പിച്ച പ്രിൻസിപ്പലിനെതിരെ പരാതിയുമായി എത്തിയപ്പോൾ ആ 30 പേരുടെ വാക്കിനേക്കാൾ അങ്ങേയ്ക്കു വലുത് ആ പ്രിൻസിപ്പൽ ആയിരുന്നു.. അതിനെ തുടർന്നാണ് എസി കമ്മിഷണർ പോലും അറിയാതെ ആ സ്ഥാപനം പൂട്ടാൻ ശ്രെമിച്ചത്. നാട് നീളെ പറഞ്ഞു IAS കിട്ടാത്തതുകൊണ്ടാണ് പൂട്ടുന്നതെന്നു, പിന്നെന്തിനാണ് സർ ഇതുവരെ സ്വന്തമായി IAS നേടിയെടുക്കാൻ സാധിക്കാത്ത സിവിൽ സർവീസ് അക്കാദമിയൽ ഈ വർഷം 300 കുട്ടികളെ ചേർത്തത്.. ഞങ്ങൾ വളരുതെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിൽ... മണ്ണന്തലയിലെ ആ സ്ഥാപനം ഞങ്ങളുടേത് ആണ്.. എന്നിട്ടും ഞങ്ങളെ ഒതുക്കി കൂട്ടി അക്കദമിയ്ക് സ്ഥലം നൽകി..

2015 മുതൽ ICSETS പഠിച്ച 10 കുട്ടികൾ എങ്കിലും prelims ക്ലിയർ ചെയ്തവരാണ്.. ആ സമയത്താണ് അങ്ങയുടെ തീരുമാനം.. കുട്ടികൾ പിന്നെ ന്ത് ചെയ്യണം.. മാതാപിതാക്കൻ മാർക്ക് ജോലി ഉള്ളതുകൊണ്ട് നോക്കാൻ പറ്റാത്തതുകൊണ്ടല്ലഞങ്ങൾ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിക്കുന്നത്. നല്ല വിദ്യാഭ്യാസം തരാൻ സാധിക്കാത്ത (സാമ്പത്തികം ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ) മാതാപിതാക്കളെ ഓർത്താണ്.. അവിടെയും കൊടിയ പീഡനങ്ങൾ മാത്രമാണ്. 2016 ബാച്ചിലെ കുട്ടികൾ സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ട് എത്ര ചാനലുകാർ, രാഷ്ട്രീയക്കാർ, സംഘടനകളെ സമീപിച്ചു.. നിരവധിപേർ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരും വഴിയിലുപേക്ഷിച്ചതുപോലെ ആ കുട്ടികളെ പിന്തള്ളി. അവർ അന്ന് അവരക്ക് വേണ്ടി മാത്രമല്ല രംഗത്ത് വന്നത്. വരും തലമുറയിലെ ഞങ്ങളുടെ പരമ്പരയെ ഓർത്താണ്.

അങ്ങയെ കാണാൻ അയ്യങ്കാളിയുടെ കൊച്ചുമോൻ എത്തിയപ്പോൾ ആരാണ് അയ്യങ്കാളി എന്ന് അന്ന് ചോദിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു. എന്തെന്നാൽ പിന്നീട് നിങ്ങൾ ഉൾപ്പെടുന്ന സർക്കാർ അയ്യങ്കാളിയും അംബേദ്കറും ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവം തന്നെ ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഞങ്ങൾ ഇല്ലാതെ നിങ്ങൾക്കവിടെ നിലനിൽക്കില്ലെന്ന് ഒരു ഉറച്ച വാദമാണ് ഉയർത്തി കാണിക്കുന്നത്. എത്ര ചവിട്ടി താഴ്‌ത്തിയാലും ഞങ്ങൾ ഉയർന്നു വരും എന്നതിനുള്ള ഒരു തെളിവാണ് ഇപ്പോൾ ശ്രീധന്യ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് കിട്ടാത്തത് എന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ??

എത്രയോ തവണ അവർ തന്നെ ആവശ്യപ്പെട്ടിട്ടും നിങ്ങൾ നല്ല ടീച്ചേഴ്സിനെ കൊണ്ടു വരികയോ, പഠന നിലവാരം മെച്ചപ്പെടുത്തുകയോ ചെയ്തില്ല. ICSETS വന്ന് അഡ്‌മിഷൻ എടുത്ത ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട് പഠിക്കേണ്ടതിനെപ്പറ്റിയും , സിവിൽ സർവീസ് എക്സാമിനെപറ്റിയും. അതുകൊണ്ട് നിങ്ങൾ തരുന്നത് തൊണ്ട തൊടാതെ വിഴുഞ്ഞാത്തതും അതിനെതിരെ ഉച്ചഉയർത്തിയതും. ജനറൽ കാറ്റഗറിയിലെ കുട്ടികൾ വീടിന്റെ മുകളിൽ നിന്ന് തേങ്ങാ പറിക്കുമ്പോൾ തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയുള്ള ഓരോ പട്ടികജാതിപട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും.. ഞങ്ങൾക്കും ഇത്തരത്തിൽ ഏറ്റവും നല്ല സംവിധാനങ്ങൾ തന്നു നോക്കൂ ഒന്നല്ല ഞങ്ങൾക്കിടയിൽ നിന്നും മുഴുവനാളുകളെയും ഐഎഎസ് ഐപിഎസ് തലത്തിൽ എത്തിക്കാൻ സാധിക്കും.. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീധന്യ അങ്ങ് പ്രശംസിച്ചോളൂ , ഒരിക്കലും ഞങ്ങൾ വിദ്യാർത്ഥികളുടെ ഇടയിൽ ഇത്തരം ന്യായീകരണമായി വരരുത്.. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും.

അതേസമയം സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം സർക്കാർ ഇല്ലാതാക്കുന്നു എന്ന ആരോപണത്തിന് മറുപടിയായി എ കെ ബാലനും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ആ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കുമാരി. ശ്രീധന്യയെ അഭിനന്ദിച്ചു കൊണ്ടുള്ള എന്റെ പോസ്റ്റിന് താഴെ ചിലർ നൽകിയ കമന്റുകൾ ശ്രദ്ധയിൽപ്പെട്ടു. പട്ടികജാതി വികസന വകുപ്പിന് കീഴിൽ മണ്ണന്തലയിൽ പ്രവർത്തിച്ചുവരുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം സർക്കാർ ഇല്ലാതാക്കുന്നു എന്നതരത്തിലുള്ള പ്രചരണമാണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇത് വസ്തുതാവിരുദ്ധമാണ്.

1989 ലാണ് പട്ടികവിഭാഗം യുവതീ യുവാക്കൾക്ക് സിവിൽ സർവ്വീസ് പരിശീലനം നൽകുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പ് ആരംഭിച്ചത്. 1993 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്‌സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു. 28 വർഷമായി ഈ സ്ഥാപനം പട്ടികവിഭാഗം യുവതീ-യുവാക്കൾക്ക് പരിശീലനം നൽകുന്നു. ഇത്രയും വർഷത്തിനിടയിൽ വെറും 15 പേർക്ക് മാത്രമാണ് അഖിലേന്ത്യാ സിവിൽ സർവ്വീസ് പരീക്ഷകളിൽ വിജയിക്കാനായത്. ഒരാൾക്ക് പോലും ഇതുവരെ ഐഎഎസ് ലഭിച്ചിട്ടില്ല. മികച്ച ലൈബ്രറി, ഫാക്കൽറ്റി, മറ്റ് സൗകര്യങ്ങൾ എല്ലാമുണ്ടെങ്കിലും എന്തുകൊണ്ടാണ് നമുക്ക് ലക്ഷ്യം കാണാനാകാത്തത് എന്നത് സർക്കാർ ഗൗരവത്തോടെ പരിശോധിച്ചു.

സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിൽ പരിശീലനം നേടുന്ന പട്ടികവിഭാഗം വിദ്യാർത്ഥികൾ അഖിലേന്ത്യാ സിവിൽ സർവ്വീസ് പരീക്ഷകളിൽ വിജയിക്കുന്നുണ്ട് എന്നകാര്യം പരിശോധനയിൽ ബോധ്യമായി. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തെ പ്രമുഖ സിവിൽ സർവ്വീസ് പരിശീലന സ്ഥാപനങ്ങളിൽ പൊതുവിദ്യാർത്ഥികളോടൊത്ത് പഠിച്ച് മത്സരിച്ചാൽ കുറെക്കൂടി ആത്മവിശ്വാസവും വാശിയോടെ പഠിക്കാനുള്ള സാഹചര്യവും പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കും. ഈ കാഴ്ചപ്പാടിലാണ് സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുമായി സഹകരിച്ച് മികച്ച കോച്ചിങ് നൽകുവാൻ തീരുമാനിച്ചത്. പട്ടികവിഭാഗക്കാർക്കിടയിൽ നിന്നും ഒരു ഐഎഎസ് ഓഫീസറെങ്കിലും ഉണ്ടാകണം എന്ന ദൃഢനിശ്ചയം ഈ തീരുമാനത്തിന് പിന്നിൽ ഉണ്ടായിരുന്നു.

നേരത്തെ 30 കുട്ടികൾക്ക് പരിശീലനം നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 300 പട്ടികവിഭാഗം വിദ്യാർത്ഥികൾ സിവിൽ സർവ്വീസ് പരിശീലനം നേടുന്നുണ്ട്. മണ്ണന്തല പരിശീലന കേന്ദ്രത്തിലുള്ള ലൈബ്രറിയും സിവിൽ സർവ്വീസ് അക്കാദമിയുടെ ലൈബ്രറിയും കുട്ടികൾക്ക് ഒരുപോലെ ഉപയോഗിക്കാം. പഠനത്തിന്റെ മേൽനോട്ടം, ആനുകൂല്യങ്ങളുടെ വിതരണം, ഇവിടെ നടന്നുവന്നിരുന്ന മറ്റ് പരിശീലനങ്ങൾ എന്നിവ തുടരുന്നുമുണ്ട്. ഇന്നലെവരെ എങ്ങനെയാണോ ട്രെയിനിങ് സെന്റർ പ്രവർത്തിച്ചിരുന്നത്, അതുപോലെ നാളെയും സ്ഥാപനം ഇവിടെയുണ്ടാകും. സിവിൽസർവ്വീസ് പരിശീലനം നൽകുന്നതിൽ ചില ക്രമീകരണങ്ങൾ വരുത്തി എന്നത് മാത്രമാണ് വ്യത്യാസം. സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ച് പ്രിലിമിനറി പാസ്സാകുന്നവർക്ക് മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും വകുപ്പ് നൽകുന്നുമുണ്ട്. ഈ പദ്ധതിപ്രകാരമാണ് ശ്രീധന്യയ്ക്ക് സർക്കാർ എല്ലാ സഹായവും ലഭ്യമാക്കിയത്.

പട്ടികജാതി വകുപ്പിന്റെ ഐഎഎസ് പരിശീലന കേന്ദ്രം അടച്ചുപൂട്ടുന്നു എന്നും എസ്സി ഫണ്ട് ഉപയോഗിച്ച് മറ്റ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു എന്നും തെറ്റായ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം എന്താണന്ന് മനസിലാകുന്നില്ല. പട്ടികവിഭാഗം വിദ്യാർത്ഥികളുടെ മത്സര ക്ഷമത ഉയർത്തുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് സിവിൽ സർവ്വീസ് മേഖലയിൽ മാത്രമല്ല, ഈ സർക്കാർ വന്നതിന് ശേഷം പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടപ്പിലാക്കിയ പദ്ധതികളെല്ലാം ഇതേ ലക്ഷ്യം വെച്ചുള്ളതാണ്. ഈ ലക്ഷ്യത്തിലേക്ക് നാട് നടന്നടുക്കുകയാണ്. കുമാരി. ശ്രീധന്യയുടെ പിന്മുറക്കാരായി ഇനിയും ഒരുപാട് ഐഎഎസ് ജേതാക്കൾ ഉണ്ടാകും. അതാണ് ഈ സർക്കാരിന്റെ ആഗ്രഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP