Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് കാലത്ത് ട്രെയിനിങ് അടക്കം ഒരുക്യാമ്പും വേണ്ടെന്ന് ഡിജിപി കർശന ഉത്തരവിട്ടിട്ടും തലസ്ഥാനത്തെ ആംഡ് പൊലീസിൽ സംഘടിപ്പിച്ചത് 10 ദിവസത്തെ ക്യാമ്പ്; പേരൂർക്കട എസ്എപിയിൽ ക്യാമ്പ് ചേർന്നത് ഡിഐജി അടക്കം ഉന്നത ഉദ്യോഗസ്ഥർ അറിയാതെ; സാമൂഹിക അകലം പാലിക്കാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചിട്ടും വഴങ്ങാതെ കമാൻഡന്റ് ഇൻ ചാർജ്; ഹവിൽദാറിന് രോഗലക്ഷണങ്ങൾ കണ്ടപ്പോൾ ക്വാറന്റൈനിലായത് ഇരുപതോളം ഉദ്യോഗസ്ഥർ

കോവിഡ് കാലത്ത് ട്രെയിനിങ് അടക്കം ഒരുക്യാമ്പും വേണ്ടെന്ന് ഡിജിപി കർശന ഉത്തരവിട്ടിട്ടും തലസ്ഥാനത്തെ ആംഡ് പൊലീസിൽ സംഘടിപ്പിച്ചത് 10 ദിവസത്തെ ക്യാമ്പ്; പേരൂർക്കട എസ്എപിയിൽ ക്യാമ്പ് ചേർന്നത് ഡിഐജി അടക്കം ഉന്നത ഉദ്യോഗസ്ഥർ അറിയാതെ; സാമൂഹിക അകലം പാലിക്കാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചിട്ടും വഴങ്ങാതെ കമാൻഡന്റ് ഇൻ ചാർജ്; ഹവിൽദാറിന് രോഗലക്ഷണങ്ങൾ കണ്ടപ്പോൾ ക്വാറന്റൈനിലായത് ഇരുപതോളം ഉദ്യോഗസ്ഥർ

എം മനോജ് കുമാർ

 തിരുവനന്തപുരം: ആംഡ് പൊലീസിലെ ഇരുപതോളം ഉദ്യോഗസ്ഥർക്ക് ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയുണ്ടാക്കിയ പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിങ് ക്യാമ്പ് വിവാദത്തിൽ. കോവിഡ് പ്രോട്ടോക്കോൾ തന്നെ ലംഘിച്ച ക്യാമ്പ് ആണ് എസ്എപിയിൽ നടന്നത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഏഴു ദിവസമായി പേരൂർക്കട എസ്എപിയിൽ ഇങ്ങനെ ഒരു ക്യാമ്പ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഉന്നത ഉദ്യോഗസ്ഥർ പലരും ഇക്കാര്യം അറിഞ്ഞില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ ട്രെയിനിങ് ക്യാമ്പിൽ പങ്കെടുത്ത ഹവിൽദാരെയാണ് ഇന്നു ജനറൽ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്യേണ്ടി വന്നിരിക്കുന്നത്.

ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഈ ഉദ്യോഗസ്ഥനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ഒപ്പമുള്ള സിഐ ഉൾപ്പെടെയുള്ള ഇരുപതോളം ഉദ്യോഗസ്ഥരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ട്രെയിനിങ് ക്യാമ്പ് പിരിച്ചു വിടുകയുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ ക്യാമ്പ് ആണ് ഏഴാം ദിവസമായ ഇന്നു പിരിച്ചു വിട്ടത്. കൊറോണ കാലത്ത് എസ്എപിയിൽ ട്രെയിനിങ് ക്യാമ്പ് നടന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ എന്തുകൊണ്ട് ഈ ക്യാമ്പ് നടത്തി എന്ന ചോദ്യമാണ് ഉന്നതതലത്തിൽ നിന്നും ഉയരുന്നത്.

ക്യാമ്പിലെ ഇരുപതോളം ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പോകേണ്ടി വന്നതിൽ കമാൻഡന്റ് ഇൻ ചാർജിനു ഗുരുതര വീഴ്ച വന്നതായാണ് സൂചന. കോവിഡ് പോലെ പൊട്ടിത്തെറിക്കുന്ന സാമൂഹിക ദുരന്തത്തിനു മുന്നിൽ നിൽക്കുമ്പോൾ ആംഡ് പൊലീസിലുൾപ്പെടെ എല്ലാ കോഴ്‌സുകൾക്കും വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് പത്ത് ദിവസത്തെ ട്രെയിനിങ് ക്യാമ്പ് എസ്എപി ക്യാമ്പിൽ നടത്തിയത്. ഡിഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ ക്യാമ്പിന്റെ കാര്യം അറിഞ്ഞില്ലെന്നും സൂചനയുണ്ട്. ക്യാമ്പ് തുടങ്ങും മുൻപ് ഇതിന്റെ അറിയിപ്പ് വന്നപ്പോൾ തന്നെ സോഷ്യൽ ഡിസ്റ്റൻസിങ് ചൂണ്ടിക്കാട്ടി ക്യാമ്പിന്റെ സാംഗത്യം പൊലീസുകാർ തന്നെ ചോദ്യം ചെയ്തിരുന്നു. പക്ഷെ ക്യാമ്പ് കമാൻഡന്റിന്റെ തീരുമാനമായതിനാൽ ക്യാമ്പ് പൊടുന്നനെ തന്നെ തുടങ്ങുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ പത്ത് ദിവസ ക്യാമ്പ് ഏഴാം ദിവസം തന്നെ കമാൻഡന്റ് ഇൻ ചാർജിനു അവസാനിപ്പിക്കേണ്ടിയും വന്നു. എസ്എപി ക്യാമ്പിൽ തന്നെയാണ് ഇവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കൊറോണ ഹോട്ട്‌സ്‌പോട്ടായ തിരുവല്ലത്ത് നിന്നും വന്ന ഹവിൽദാർക്കാണ് ഇന്നു ശാരീരികഅസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കൊറോണ ഹോട്ട്‌സ്‌പോട്ടായ സ്ഥലത്ത് നിന്നും വരുന്നവർ ഡ്യൂട്ടിക്ക് വരുന്നതിൽ നിയന്ത്രണങ്ങൾ സർക്കാർ തലത്തിൽ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഈ നിർദ്ദേശവും ട്രെയിനിഗ് ക്യാമ്പിൽ പാലിക്കപ്പെട്ടിട്ടില്ല. പുതിയ കമാൻഡന്റ് ഇൻ ചാർജാണ് പേരൂർക്കട ക്യാമ്പിലുള്ളത്. പഴയ കമാൻഡന്റ് സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്ന് സിആർപിഎഫിൽ നിന്നും വന്ന കമാൻഡന്റ് ആണ് ഇവിടെയുള്ളത്. ഈ ഉദ്യോഗസ്ഥന്റെ പരിചയക്കുറവ് കാരണമാണോ ഇത്തരമൊരു ക്യാമ്പ് നടന്നത് എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പലരും പല സ്ഥലങ്ങളിൽ നിന്നാണ് വരുന്നത്. എല്ലാവരും പരസ്പരം സമ്പർക്കവുമുണ്ട്. ഗ്രൂപ്പായി നിന്നിട്ടാണ് കോഴ്‌സ് കാര്യങ്ങൾ വർക്ക് ഔട്ട് ചെയ്യുന്നത്. ഇതെല്ലാം കോവിഡ് പ്രോട്ടോക്കോൾ ലംഘനമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം തിരുവനന്തപുരം ജില്ലയിൽ 11 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനായ കരിക്കകം സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന തിരുനൽവേലി സ്വദേശി, തമിഴ്‌നാട്ടിൽ നിന്ന് വന്ന കരമന സ്വദേശി, കുവൈത്തിൽ നിന്നുവന്ന വെഞ്ഞാറുംമൂട് സ്വദേശി, യുഎഇയിൽ നിന്നുവന്ന മടവൂർ സ്വദേശി, കുവൈത്തിൽ നിന്നുവന്ന പൊഴിയൂർ സ്വദേശി, , കുവൈത്തിൽ നിന്നുവന്ന മരുതുംകുഴി സ്വദേശി, , കുവൈത്തിൽ നിന്നുവന്ന സെന്റ് ആൻഡ്രൂസ് സ്വദേശി, യുഎഇയിൽ നിന്ന് വന്ന ആനയറ സ്വദേശി, ഖത്തറിൽ നിന്നുവന്ന കൈതമുക്ക് സ്വദേശി, സൗദിയിൽ നിന്നുവന്ന നെയ്യാറ്റിൻകര സ്വദേശി, എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. ജില്ലയിൽ 17 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ 16 പേർക്കും, എറണാകുളം ജില്ലയിൽ 14 പേർക്കും, കൊല്ലം, കോട്ടയം ജില്ലകളിൽ 13 പേർക്ക് വീതവും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ 12 പേർക്ക് വീതവും രോഗം ബാധിച്ചു. 14 ജില്ലകളിലും തിങ്കളാഴ്ച പുതിയ രോഗികളുണ്ട്. സംസ്ഥാനത്താകെ 1540 പേരാണ് ചികിത്സയിലുള്ളത്. 1747 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP