Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ സെപ്റ്റംബറിൽ ശിക്ഷ പൂർത്തിയാക്കി വെളിയിൽ ഇറങ്ങിയ സന്തോഷ് മാധവന്റെ പേരു വലിച്ചിഴക്കുന്ന ദുരുദ്ദേശത്തോടെ; ജയിലിൽ മാന്യമായി കഴിഞ്ഞു അർഹിക്കുന്ന ആനുകൂല്യം കൈപ്പറ്റിയ പഴയ വ്യാജ സ്വാമി ഇപ്പോൾ ആരോടും പരിഭവമില്ലാതെ ബാഗ്ലൂരിൽ കഴിയുന്നു

കഴിഞ്ഞ സെപ്റ്റംബറിൽ ശിക്ഷ പൂർത്തിയാക്കി വെളിയിൽ ഇറങ്ങിയ സന്തോഷ് മാധവന്റെ പേരു വലിച്ചിഴക്കുന്ന ദുരുദ്ദേശത്തോടെ; ജയിലിൽ മാന്യമായി കഴിഞ്ഞു അർഹിക്കുന്ന ആനുകൂല്യം കൈപ്പറ്റിയ പഴയ വ്യാജ സ്വാമി ഇപ്പോൾ ആരോടും പരിഭവമില്ലാതെ ബാഗ്ലൂരിൽ കഴിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികൾ തുടങ്ങിയത് യുഡിഎഫ് ഭരണകാലത്ത്. ടിപി വധക്കേസിലെ അഞ്ചു പ്രതികൾക്കും സന്തോഷ് മാധവനും ഉൾെപ്പടെയുള്ളവരുടെ ലിസ്റ്റായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്ന യുഡിഎഫ് ഭരണകാലത്ത് തയ്യാറായിരുന്നത്. ഇതോടെ വിവാദ സ്വാമി വീണ്ടും വാർത്തകളിലെത്തി. യുഡിഎഫ് ഏത് സാഹചര്യത്തിലാണ് സന്തോഷ് മാധവന് ശിക്ഷാ ഇളവ് നൽകാൻ ശ്രമിച്ചതെന്നായിരുന്നു അന്വേഷണം. അപ്പോഴാണ് സന്തോഷ് മാധവൻ ഇപ്പോൾ കേരളത്തിലെ ജയിലിൽ ഇല്ലെന്ന് വ്യക്തമായത്. അദ്ദേഹം ഇന്ന് ജയിൽ മോചിതനാണ്.

ബംഗ്ലുരുവിലാണ് താമസം. ചില്ലറ ബിസിനസ്സുമായി കഴിയുന്നു. ഇപ്പോഴത്തെ വിവാദങ്ങളിലൊന്നും പ്രതികരിക്കാനും തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് ശിക്ഷാ ഇളവ് നൽകാൻ നീക്കമുണ്ടായിരുന്നു. അന്ന് ശിക്ഷ പൂർത്തിയാകാൻ മാസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചില രാഷ്ട്രീയ താൽപ്പര്യങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. സന്തോഷ് മാധവനെ കൂടെ കൂട്ടി വി എസ് അച്യൂതാനന്ദനെ പ്രതിസന്ഥാനത്ത് നിർത്തുകയായിരുന്നു യുഡിഎഫിലെ ചില നേതാക്കളുടെ ശ്രമം. അതിന് സന്തോഷ് മാധവന് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ശിക്ഷാ കാലവധി കഴിയും വരെ ജയിലിൽ കിടക്കാമെന്ന നിലപാടും അദ്ദേഹം എടുത്തു-സന്തോഷ് മാധവനെ അടുത്തറിയാവുന്ന ആൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

തടവിൽ കഴിയുമ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് എന്നും ലഭിച്ചത് നല്ല പേരായിരുന്നു. ഏറിയ നാളും അദ്ദേഹം ജയിൽ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയി ജോലി നോക്കി. തടവുകാർ ഡോക്ടറെ കാണാൻ വരുമ്പോൾ അവരുടെ വിവരങ്ങൾ അവിടത്തെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുക, ഉള്ള മരുന്ന് എടുത്തു കൊടുക്കുക എന്നിങ്ങനെ ചില്ലറ പണി. ഉച്ച കഴിഞ്ഞാൽ ഫ്രീ. ആ സമയത്തും സന്തോഷ് മാധവൻ ആശുപത്രി കംപ്യൂട്ടറിൽ ജോലി തുടരുമെന്നും ജീവനക്കാർ പറയുന്നു. ജയിലിനുള്ളിൽ പ്രശ്‌നമൊന്നും ഉണ്ടാക്കിയുമില്ല. അങ്ങനെ നല്ല പേരുമായി പുറത്തിറങ്ങിയ സന്തോഷ് മാധവൻ പഴയ ജ്യോൽസ്യമുപേക്ഷിച്ച് ബംഗളുരുവിലേക്ക് മാറുകയായിരുന്നു. വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കാനായിരുന്നു ഇത്. അതുകൊണ്ട് തന്നെ യുഡിഎഫ് സർക്കാരിന്റെ കാലത്തും ശിക്ഷാ ഇളവിന് സന്തോഷ് മാധവൻ അർഹനായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് കാലത്ത് സന്തോഷ് മാധവന് ശിക്ഷാ ഇളവ് നൽകാൻ ശ്രമിച്ചത് വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്നും വിലയിരുത്തലുണ്ട്.

സന്തോഷ് മാധവനെ രണ്ട് കേസുകളിലായി പതിനാറ് വർഷത്തേയ്ക്കായിരുന്നു എറണാകുളം അഡീഷ്ണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2009ൽ ശിക്ഷിച്ചിരുന്നത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് സന്തോഷ് മാധവൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ ഒരു കേസിൽ സന്തോഷ് മാധവനെ കോടതി വെറുടെ വിട്ടു. ഇതോടെ ശിക്ഷ എട്ട് വർഷമായി കുറഞ്ഞു. അങ്ങനെയാണ് സെപ്റ്റംബറിൽ സന്തോഷ് മാധവന് ശിക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞത്. പതിനാറ് കൊല്ലത്തെ ശിക്ഷയാണ് മലയാളിയുടെ മനസ്സിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടിയാണ് സന്തോഷ് മാധവന് 2016ൽ മോചനം സാധ്യമായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിൽ ഒരു കേസിൽ പീഡനത്തിനിരയായ പെൺകുട്ടി മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഡീഷ്ണൽ സിജിഎം കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി അടിസ്ഥാനമാക്കിയാണ് ശിക്ഷ ഹൈക്കോടതിയും ശരി വെച്ചത്.

എന്നാൽ രണ്ടാമത്തെ കേസിൽ സന്തോഷ് മാധവൻ തന്നെ പകർത്തിയ പീഡന രംഗങ്ങൾ അടങ്ങിയ സിഡികളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ ഈ സിഡിയുടെ ആധികാരികത തെളിയിക്കാൻ കഴിയാത്തതിനാൽ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. അങ്ങനെയാണ് ശിക്ഷാ കാലവധി എട്ട് കൊല്ലമായി ചുരുങ്ങിയത്. 2009 മെയ്‌ 20-ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചത്. വിചാരണക്കാലത്ത് തടവും എല്ലാം കൂട്ടിയാണ് 2016 സെപ്റ്റംബറിൽ ജയിൽ മോചനത്തിനുള്ള സാഹചര്യം സന്തോഷ് മാധവന് ഒരുങ്ങിയത്. ഇതിന് കുറച്ച് കാലം മുമ്പ് ഭൂമി തട്ടിപ്പിൽ വിവാദവും സന്തോഷ് മാധവനെതിരെ ഉയർന്നു. റവന്യൂമന്ത്രി അടൂർ പ്രകാശിനെതിരെ ആരോപണമായി മാറിയ ഈ കേസ് വിജിലൻസ് പരിഗണനയിലുമാണ്.

സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവന്റെ അറസ്റ്റ് ആൾ ദൈവങ്ങൾക്കെതിരായ പ്രതിഷേധമായി മാറി. സെറാഫിൻ എഡ്വിൻധ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്റപോൾ ജാഗ്രത നിർദ്ദേശിക്കുകയും ദുബായ് പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തു. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മെയ്‌ 11, കേരള പൊലീസിന് പരാതി നൽകി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരിൽ കേസുവന്നു. ഇതിൽ ഒരു കേസിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായ വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി. പിന്നീട് സ്വയം സന്ന്യാസിയായി മാറുകയായിരുന്നു. കൊച്ചി ശാന്തിതീരം ഹോസ്റ്റലിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണമാണ് സന്തോഷ് മാധവന് കൂടുതൽ വിനയായത്. ഇതിൽ പീഡനത്തിനിരയായ രണ്ടു പെൺകുട്ടികളും രക്ഷകർത്താക്കളും പ്രതിഭാഗത്തേക്കു കൂറുമാറിയ കേസിന്റെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഈ കേസിൽ പീഡനദൃശ്യങ്ങൾ പരിശോധിച്ചു സന്തോഷ് മാധവൻ കുറ്റക്കാരനാണെന്നു കണ്ടെത്തി എട്ടുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. പീഡനത്തിനിരയായവരും രക്ഷകർത്താക്കളും കൂറുമാറിയ കേസിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ ശിക്ഷിച്ച വിചാരണ കോടതിയുടെ നടപടി നിയമപരമല്ലെന്ന് കോടതി വിലയിരുത്തി. കേസിലെ ഇരകളും പ്രധാന സാക്ഷികളും വീഡിയോ ദൃശ്യങ്ങൾ വീക്ഷിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയങ്ങൾ നിലനിൽക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ സ്വയം കണ്ടതിലൂടെ വിചാരണക്കോടതി ജഡ്ജി കേസിലെ സാക്ഷിക്ക് തുല്യമായ നിലയിൽ എത്തിയെന്നും കാസറ്റ് ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചതു നിയമപരമല്ലെന്നും കോടതി വിലയിരുത്തി.

2006 ജനുവരിയിലായിരുന്നു കേസുകൾക്ക് ആസ്പദമായ സംഭവം. ശാന്തിതീരം ഹോസ്റ്റലിലെ അന്തേവാസികളായിരുന്ന പെൺകുട്ടികളെ കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ച് സന്തോഷ് മാധവൻ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസാണ് സെറഫിൻ എഡ്വിന്റെ പരാതിയോടെ ഊരാക്കുടുക്കായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP