Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്ഷേത്രശാന്തിയായി തുടങ്ങി സ്വാമി അമൃത ചൈതന്യയായി; സിനിമാക്കാർ അടക്കമുള്ള ഉന്നതരുടെ ആത്മീയ ഗുരുവായി വിലസി; ഇന്റർപോൾ നോട്ടീസിൽ കുടുങ്ങി; തട്ടിപ്പ് - പീഡന കേസുകളിൽ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിൽ: ഉമ്മൻ ചാണ്ടിയുടെ ഭൂമിദാനം വഴി വാർത്തകളിൽ നിറഞ്ഞ സന്തോഷ് മാധവനെ വീണ്ടും വായിക്കുമ്പോൾ

ക്ഷേത്രശാന്തിയായി തുടങ്ങി സ്വാമി അമൃത ചൈതന്യയായി; സിനിമാക്കാർ അടക്കമുള്ള ഉന്നതരുടെ ആത്മീയ ഗുരുവായി വിലസി; ഇന്റർപോൾ നോട്ടീസിൽ കുടുങ്ങി; തട്ടിപ്പ് - പീഡന കേസുകളിൽ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിൽ: ഉമ്മൻ ചാണ്ടിയുടെ ഭൂമിദാനം വഴി വാർത്തകളിൽ നിറഞ്ഞ സന്തോഷ് മാധവനെ വീണ്ടും വായിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളം തട്ടിപ്പുകളുടെയും സ്വന്തം നാടാണ്. സാമ്പത്തിക തട്ടിപ്പുകളും ആത്മീയ തട്ടിപ്പുകളും ഇഷ്ടം പോലെ നടക്കാറുണ്ട്. ഇവരൊക്കെ മാദ്ധ്യമങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു.

ഏറ്റവും ഒടുവിൽ രണ്ട് വർഷത്തോളമായി മാദ്ധ്യമങ്ങളുടെ വാർത്താതാരങ്ങളായി വിലസുന്നത് സരിത എസ് നായരും ബിജു രാധാകൃഷ്ണനും അടങ്ങുന്ന സോളാർ തട്ടിപ്പു കേസാണ്. സംസ്ഥാന മന്ത്രിസഭയെ പോലും പിടിച്ചുലയ്ക്കുന്ന വിവാദമായി സോളാർ വിവാദം മാറിയിരുന്നു. ഈ തട്ടിപ്പു കേസുകൾ കേരളത്തിലെ അവസാനത്തേതാണെന്ന് ആരും കരുതുന്നുമില്ല.

ഇതിന് സർക്കാർ വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് കേരളത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രധാനപ്പെട്ടവയിൽ ഒന്ന് ശബരിനാഥിന്റെ ടോട്ടൽ ഫോർയു തട്ടിപ്പും സന്തോഷ് മാധവന്റെ സാമ്പത്തിക ഇടപാടുകളുമായിരുന്നു. ഇടക്കാലം കൊണ്ട് വാർത്തകളിൽ നിന്നും അപ്രത്യക്ഷമായ സന്തോഷ് മാധവനെന്ന പേരില് ഏതാനും ദിവസങ്ങളായി കേരളം ചർച്ച ചെയ്തു തുടങ്ങി. കാലാവധി അവസാനിക്കും മുമ്പ് മന്ത്രിസഭ നൽകിയ ഒരു ഉത്തരവാണ് സന്തോഷ് മാധവനെ വീണ്ടും മാദ്ധ്യമങ്ങളുടെ താരമാക്കിയത്.

അവസാന നാളുകളിൽ യുഡിഎഫ് സർക്കാർ നടത്തുന്ന കടുംവെട്ടിൽ വിവാദ സന്യാസി സന്തോഷ് മാധവനും സർക്കാർ ഭൂമി പതിച്ചു നൽകുകയായിരുന്നു. വിവാദമായ തീരുമാനം ശക്തമായ എതിർപ്പുയർന്നതിനെ തുടർന്നാണ് ഇന്ന് റദ്ദാക്കിയത്. സന്തോഷ് മാധവൻ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് റവന്യൂ ഭൂമി പതിച്ചുനൽകാനായിരുന്നു സർക്കാർ ഉത്തരവ്. റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ പ്രത്യേക താൽപ്പര്യത്താലായിരുന്നു ഈ ഉത്തരവ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൗനസമ്മതവും ഇതിനുണ്ടായിരുന്നു എന്നാണ് അറിവ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു തൊട്ടുമുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തൃശൂർ, എറണാകുളം ജില്ലകളിലായി 128 ഏക്കറോളം തണ്ണീർത്തടം ഐടി വികസനത്തിനെന്ന പേരിൽ പതിച്ചുനൽകാൻ തീരുമാനിച്ചത്. സാമ്പത്തിക തട്ടിപ്പുകളിലൂടെ സന്തോഷ് മാധവൻ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ബിനാമി കളിച്ചാണ് ഈ ഭൂമി ഇടപാടുകൾ നടത്തിയത്. 1964ലെ ഭൂപരിഷ്‌കരണനിയമം ലംഘിച്ചാണ് ബംഗളൂരുവിലെ ആർഎംഇസെഡ് ഇക്കോ വേൾഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മെസേഴ്‌സ് കൃഷി പ്രോപ്പർട്ടി ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഭൂമി കൈമാറി മാർച്ച് രണ്ടിന് ഉത്തരവിറക്കിയത്. നേരത്തെ സന്തോഷ് മാധവനും സംഘവും ഭൂമിയെടുത്ത് കൈമാറിയ ആദർശ് പ്രൈം പ്രോപ്പർട്ടീസിന്റെ പുതിയ പേരായിരുന്നു ആർഎംഇസെഡ് ഇക്കോ വേൾഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.

സ്വകാര്യമേഖലയിൽ ഹൈടെക് ഐടി പാർക്ക് സ്ഥാപിക്കുന്നതിന് എറണാകുളം ജില്ലയിലെ പുത്തൻ വേലിക്കര വില്ലേജിൽ 95.44 ഏക്കറും തൃശൂർ ജില്ലയിലെ മഠത്തുംപടി വില്ലേജിൽ 32.41 ഏക്കറും അനുവദിക്കാനും ഇതിനായി കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81(3) വകുപ്പ് ഇളവുചെയ്യാനും അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വൻതുക വാങ്ങി കബളിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, നീല ചിത്ര നിർമ്മാണം, അനധികൃതമായി ചന്ദനവും കടുവാത്തോലും കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിലെ പ്രതിയായ വ്യക്തിയുടെ ബിനാമി ഭൂമി ഇടപാടിന് വേണ്ടി സർക്കാർ ഇടപെട്ടതാണ് വിവാദം കൊഴുക്കാൻ ഇടയാക്കിയത്.

2008 മെയിൽ അമൃത ചൈതന്യയെന്ന സന്തോഷ് മാധവനെ അറസ്റ്റുചെയ്തത്. ഇന്റർപോൾ തിരയുള്ള കുറ്റവാളിയാണെങ്കിലും കേരളത്തിലെ അറിയപ്പെടുന്ന സന്യാസിയായി വിലസുകയായിരുന്നു അന്ന് സന്തോഷ് മാധവൻ. ഇപ്പോൾ അഴിക്കുള്ളിൽ കഴിയുന്ന സന്തോഷ് മാധവന്റി ജീവിതത്തിലേത്ത് തിരിഞ്ഞു നോക്കിയാൽ അതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും, പ്രായപൂർത്തി ആകാത്ത നിരവധി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത് വിലസിയ വ്യക്തിയാണ് സന്തോഷ് മാധവൻ. കൊച്ചിയിലെ ആഡംബര ഫ്‌ലാറ്റിൽ ഉന്നതരായവർക്ക് വേണ്ടി പ്രത്യേകം പൂജ നടത്തിയും സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായിരുന്നു അക്കാലത്ത് ഇയാൾ.

ജയിലിൽ അടയ്ക്കുക മാത്രമല്ല സന്തോഷ് മാധവൻ അനധികൃതമായി സമ്പാദിച്ച ഭൂമിയും അന്നത്തെ ഇടതു സർക്കാർ കണ്ടു കെട്ടി മിച്ച ഭൂമി ആക്കി മാറ്റിയിരുന്നു. ഈ ഭൂമിയാണ് ഇപ്പോൾ സർക്കാർ വിവാദമായ ഉത്തരവിറക്കി തീറെഴുതാൻ ശ്രമിച്ചതും ഇപ്പോൾ റദ്ദാക്കിയിരിക്കുന്നതും. സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാിരുന്നു സന്തോഷ് മാധവൻ.

സെറാഫിൻ എഡ്വിൻ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്റപോൾ ജാഗ്രത നിർദ്ദേശിക്കുകയും ദുബായ് പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്ത കേസിലൂടെയാണ് സന്തോഷ് മാധവന്റെ പതനം ആരംഭിക്കുന്നത്. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മെയ്‌ 11, കേരള പൊലീസിന് പരാതി നൽകിയതോടെയാണ് തുടക്കം. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

കേരളശബ്ദത്തിലെ അജയൻ എന്ന മാദ്ധ്യമപ്രവർത്തകൻ എഴുതിയ വാർത്തയാണ് പിന്നീട് കേരളത്തെ പിടിച്ചുകുലുക്കിയ വിവാദമായി ഈ സംഭവം മാറുകയായിരുന്നു. കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി.

പിന്നീടാണ് ആത്മീയ തട്ടിപ്പിന്റെ വഴിയേ തിരിഞ്ഞത്. അറിയാവുന്ന തന്ത്രവിദ്യകളെല്ലാം കൂടിയായപ്പോൾ സന്തോഷ് മാധവൻ അമൃത ചൈതന്യയായി മാറി. ഉന്നതരുമായി ബന്ധം സ്ഥാപിച്ചതും ഈ ആത്മീയ ജീവിതം വഴിയായിരുന്നു. അമൃത ചൈതന്യയെ തേടി അക്കാലത്ത് ഫ്‌ലാറ്റിൽ എത്തിയിരുന്നത് സിനിമനടിമാരും രാഷ്ട്രീയക്കാരുമൊക്കെയായിരുന്നു. ചില പ്രമുഖ നായികമാർക്കായി നഗ്‌ന നാരീ പൂജ നടത്തിയതു സംബന്ധിച്ചും വിവാദങ്ങളുണ്ടായിരുന്നെങ്കിലും പലരും നാണക്കേടും മാനഹാനിയും ഭയന്ന പല വിവരങ്ങളും പുറത്ത് പറഞ്ഞിരുന്നില്ല.

നിരവധി പേരിൽ നിന്നായി സാമ്പത്തിക തട്ടിപ്പു നടത്തിയ സന്തോഷ് മാധവന് ചുറ്റും ഒരു ഗുണ്ടാവൃന്ദം തന്നെ രൂപപ്പെട്ടിരുന്നു. എന്നാൽ മാദ്ധ്യമവാർത്തകളോട് ഇങ്ങനെ കെട്ടിപ്പൊക്കിയ സാമ്രാജ്യം തകർന്നു വീണു. 2009 മെയ്‌ 20ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വർഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരിൽ കേസുകളുണ്ടായിരുന്നു. ഇയാളുടെ സ്വാമിയൂടെ ഫ്‌ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. നീലച്ചിത്ര നിർമ്മാണവും സന്തോഷ് മാധവന്റെ പരിപാടിയായരുന്നു.

ജയിലിൽ കഴിയുന്ന വേളയിലും മിടുക്കനായ കുട്ടിയായി സന്തോഷ് മാധവൻ. ഇടക്കാലം പരോളും അനുവദിക്കുകയുണ്ടായി. തട്ടിപ്പുകളുടെ പേരിൽ സന്തോഷിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയെങ്കിലും ബിനാമി പേരിൽ ഇപ്പോഴും ഇടപാടുകൾ നടക്കുന്നുണ്ടെന്നതിന്റെ തെളിവായി മാറി ഇപ്പോൾ വിവാദമായ സർക്കാർ ഉത്തരവും അത് പിൻവലിക്കലിലൂടെയും വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP