Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കേരളത്തിന്റെ സർവ വിഭവങ്ങളുടെയും അധിപൻ കേരള സർക്കാറാണ്; ആ സർക്കാർ ദരിദ്രമാണ്, ഖജനാവ് കാലിയാണ് എന്ന് പറയുന്നത്ര നാണം കെട്ട സ്റ്റേറ്റ്മെന്റ് അടുത്തകാലത്തൊന്നും കേട്ടിട്ടുണ്ടാവില്ല; അതിന് ഒറ്റക്കാരണമേ ഉള്ളൂ ഭാവനാശൂന്യത; നമ്മുടെ മേൽക്കുരയിൽ വീഴുന്ന മഴവെള്ളംപോലും മൊത്തം സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമായ വിഭവമാണ്; വൈറലായി സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ

'കേരളത്തിന്റെ സർവ വിഭവങ്ങളുടെയും അധിപൻ കേരള സർക്കാറാണ്; ആ സർക്കാർ ദരിദ്രമാണ്, ഖജനാവ് കാലിയാണ് എന്ന് പറയുന്നത്ര നാണം കെട്ട സ്റ്റേറ്റ്മെന്റ് അടുത്തകാലത്തൊന്നും കേട്ടിട്ടുണ്ടാവില്ല; അതിന് ഒറ്റക്കാരണമേ ഉള്ളൂ ഭാവനാശൂന്യത; നമ്മുടെ മേൽക്കുരയിൽ വീഴുന്ന മഴവെള്ളംപോലും മൊത്തം സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമായ വിഭവമാണ്; വൈറലായി സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോകുന്ന കാലമാണിത്. 
കോവിഡ്‌ മൂലമുണ്ടായ നഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിന് ശമ്പളവും പെൻഷനും പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. പക്ഷേ അപ്പോഴും സോഷ്യൽ മീഡിയിൽ അടക്കം നിരന്തരം ഉയരുന്ന ചോദ്യമാണ്, കേരളം അതിന്റെ സാധ്യതകളെ ശരിക്കും പ്രയോജനപ്പെടുത്തിയിട്ട് ഉണ്ടോ എന്ന ചോദ്യം. അപ്പോഴാണ് ലോക യാത്രികനായ സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു വീഡിയോ വൈറൽ ആവുന്നത്. നമ്മുടെ പുരപ്പുറത്ത് വീഴുന്ന മഴവെള്ളം മാത്രം പ്രയോജനപ്പെടുത്തിയാൽ കേരളത്തിലേക്ക് കോടികളുടെ പണം കൊണ്ടുവരാമെന്ന് അദ്ദേഹം സമർഥിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർഥ കാരണം ഭാവനാശൂന്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഫാരി ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടിയിൽ സന്തോഷ് ജോർജ് കുളങ്ങര നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

സന്തോഷ് ജോർജ് കുളങ്ങരയുടെ സംഭാഷണം ഇങ്ങനെയാണ്:

' കേരളത്തിന്റെ സർവ വിഭവങ്ങളുടെയും അധിപൻ ആരാണ്. കേരള സർക്കാറാണ്. ആ സർക്കാർ ദരിദ്രമാണ്, ഖജനാവ് കാലിയാണ് എന്ന് പറയുന്നത്ര നാണം കെട്ട, സ്റ്റേറ്റ്മെന്റ് അടുത്തകാലത്തൊന്നും നാം കേട്ടിട്ടുണ്ടാവില്ല. അതിന് ഒറ്റക്കാരണമേ ഉള്ളൂ. ഭാവനാശൂന്യത. നമ്മുടെ വീടിന്റെ മേൽക്കുരയിൽ വന്ന് വീണ്, മഴക്കാലത്ത് ഭൂമിയിലേക്ക് പതിച്ച്, തോടുകളിലൂടെയും നദികളിലൂടെയും ഒഴുകി, അറബിക്കടലിൽ ഉപ്പുവെള്ളത്തിൽ ലയിച്ച് തീരുന്ന മഴവെള്ളംപോലും കേരളത്തിന്റെ മൊത്തം സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ഒരു വിഭവമാണ് എന്ന് കണ്ടെത്തുന്നതിനുള്ള കണ്ണുണ്ടായാൽ കേരളത്തിന്റെ പ്രശ്നം തീരും.

ഒരു ഉദാഹരണം പറയാം. ഞാൻ ഒരിക്കൽ ലാസ് വേഗസ് എന്ന നഗരത്തിൽ എത്തി. ലോകത്തിലെ ഏറ്റവും വലിയ എന്റർടൈന്മെന്റ് സിറ്റിയാണ് അത്. അവിടെ നാലഞ്ചുദിവസം താമസിച്ചുകൊണ്ടാണ് ഞാൻ അരിസോണ സ്റ്റേറ്റിലും നെവാദ സ്റ്റേറ്റിലുമായി ദീർഘമായ യാത്രകൾ നടത്തിയത്. ആ യാത്രകൾ എല്ലാം കഴിഞ്ഞ് ഞാൻ വൈകുന്നേരം ഇവിടുത്തെ ഹോട്ടൽ മുറിയിൽ വരും. ഈ ലാസ്‌വേഗസിൽവരാൻ കാരണം അമേരിക്കയിൽ ഏറ്റവും വിലകുറഞ്ഞ് ഫൈവ് സ്റ്റാർ മുറികൾ കിട്ടുന്നത് ഇവിടെ ആയതിനാലാണ്. 2000-2500 രുപക്ക് നമുക്ക് ഫൈവ് സ്റ്റാർ മുറി കിട്ടും. അമേരിക്കയിൽ വേറെ ഒരു പട്ടണത്തിനും ആ നിരക്കിൽ മുറി കിട്ടില്ല. പതിനയ്യായിരം രൂപയെങ്കിലുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. അതുകൊണ്ടാണ് ഇവിടെ താമസിച്ച് മറ്റ് സ്ഥലത്തേക്ക് പോകാറ്.

അങ്ങനെ ഹോട്ടലിൽ വരുമ്പോൾ എല്ലാ ദിവസവും ഈ രണ്ടുകുപ്പി വെള്ളം അവർ അവിടെ കൊണ്ടുവെക്കും. രാത്രി അത് കുടിച്ചു തീർക്കും. പിറ്റേദിവസം അവർ വീണ്ടും പകൽ വെള്ളം കൊണ്ടുവെക്കും. ഈ വെള്ളക്കുപ്പി എന്നെ വല്ലാതെ ആകർഷിച്ചു. കാരണം അതിൽ ഒരു ചിത്രമുണ്ട്.മനോഹരമായ ഒരു ഭൂപ്രകൃതിയുടെ ചിത്രം. അതിൽ ഫിജി എന്നാണ് എഴുതിയിരിക്കുന്നത്. ഫിജി നമ്മുടെ അറിവിൽ ഒരു ദ്വീപ് രാഷ്ട്രമാണ്. ഞാൻ അതിന്റെ മറുവശത്ത് ഉള്ള വിശദീകരങ്ങൾ വായിച്ചു. ഈ കുപ്പിവെള്ളം ഫിജി ദ്വീപിൽ ബോട്ടിൽ ചെയ്തിട്ട്, അവിടെ നിന്ന് ഇങ്ങോട്ട് ഇംപോർട്ട് ചെയ്തിരിക്കുന്ന വെള്ളക്കുപ്പിയാണ്.  ഞാൻ
 കണക്കുകൂട്ടിനോക്കിയപ്പോൾ,  എന്ന ഈ നഗരത്തിൽനിന്ന് ഫിജിയിലേക്ക്, എറ്റവും ചുരുക്കിയത് ആറായിരമോ എഴായിരമോ കിലോമീറ്റർ ദുരമുണ്ട്. അത്രയും ദൂരത്തുനിന്ന് വെള്ളം എത്തിച്ച് വിൽക്കയാണ്.അപ്പോൾ എന്റെയുള്ളിൽ പെട്ടൊന്നൊരു ഒരു ആശയം രൂപപ്പെട്ടു.

സമാനമായ മരുഭൂ പ്രദേശങ്ങൾ ഉള്ള മിഡിൽ ഇസ്റ്റിലേയും ഗൾഫ് രാജ്യങ്ങളിലെയും ഓരോപട്ടണത്തിലേക്കും കേരളത്തിലെ മഴവള്ളം എത്തിച്ച് കൊടുക്കാൻ കഴിയില്ലേ. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റമ്പർ മാസങ്ങളിൽ കേരളത്തിൽ നല്ല മഴ കിട്ടാറുണ്ട്. നമ്മുടെ വീടിന്റെ മേൽക്കുരകളിൽ ഈ മാസങ്ങളിൽ ഏറ്റവും ചരുങ്ങിയത് ആയിരം ലിറ്റർ എങ്കിലും വെള്ളം വന്നു വീഴുന്നുണ്ട്. ഓരോ വീട്ടിലും ശേഖരിക്കുന്ന ഈ വെള്ളം പൈപ്പുവഴിയോ ടാങ്കുവഴിയോ ശേഖരിച്ച് ഒരു പത്തോ ഇരുനൂറോ വീടുകൾ ചേരുന്ന ഒരു കേന്ദ്രത്തിലേക്ക് എത്തിക്കണം. അവിടെ ഒരു ചെറിയ ഫിൽട്ടറിങ്ങ് പ്ലാന്റും ,ഒരു ചെറിയ പാക്കേജിങ്ങ് യൂണിറ്റും ഉണ്ടാവണം. കുടുംബശ്രീകൾ വഴിയൊക്കെ അത് സാധിക്കും. പിന്നീട് ഇത് ഒരു പഞ്ചായത്തിന്റെ പൊതുവായ കേന്ദ്രത്തിലേക്ക് എത്തണം. അവിടെ നമ്മുടെ നെടുമ്പാശ്ശേരി വിമാനത്താവളമൊക്കെ പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പിലുള്ള, വലിയൊരു വ്യവസായ കേന്ദ്രം ഉണ്ടാവുകയും അവർ അവിടെനിന്ന് ഈ വെള്ളം മിഡിൽ ഈസ്ററ് മാർക്കറ്റിലേക്കേും
ഉത്തരേന്ത്യൻ മാർക്കറ്റിലേക്കും ഒക്കെ കൊണ്ടുപോയി വിതരണം ഒരു കമ്പനിയായി പ്രവർത്തിക്കുന്നത് ഓർത്തുനോക്കുക.

ഓരോവീടിന്റെയും മേൽക്കുരയിൽ വീഴുന്ന വെള്ളം മാലിന്യമില്ലാതെയാണ് സംഭരിക്കപ്പെടുന്നത് എന്ന് ഉറപ്പുരുത്തുകമാത്രമാണ് വീട്ടുകാരുടെ പണി. അതിന് ലിറ്ററിന് 25 പൈസ കൊടുത്താൽ പോലും മഴക്കാലത്ത് ഒരു ദിവസം 250 രുപവെറുതെ കിട്ടും.. ഇത് നമ്മൾ ചെറിയ ടിന്നുകളിൽ അല്ല പാക്ക് ചെയ്യേണ്ടത്. ഹോം ടിന്നുകളാണ് വേണ്ടത്. അതായത് മിഡിൽ ഈസ്റ്റിലെ ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യത്തിനുള്ള വെള്ളം കൊടുക്കാൻ കഴിയണം. സൗദിയിൽ പെട്രോളിനേക്കാൾ കൂടിയ വിലയാണ് കുടിവെള്ളത്തിന്. അപ്പോൾ ഈ കുടിവെള്ളം കൊടുത്ത് നമുക്ക് വാങ്ങാൻ കഴിയുന്ന പ്രെട്രോളും തുല്യമായിരിക്കില്ലേ. ഇനി തുല്യം വേണ്ട. പകുതി വിലക്ക് കിട്ടിയാൽപോലും ലാഭമല്ലേ.

മാത്രമല്ല കേരളത്തിൽ മഴപെയ്യുന്ന ഈ നാലുമാസങ്ങളിൽ തീയിൽ ഉരുകുകയാണ് മിഡിൽ
ഈസിറ്റ്. സമ്മറിന്റെ മൂർധന്യമാണ് അവിടെ. ഉത്തരേന്ത്യയിലും സമാനമായ അവസ്ഥയാണ്. അതായത് തൊട്ടടുത്തുതന്നെ വെള്ളത്തിന് ദാഹിക്കുന്ന ഒരു മധ്യപൗരസ്ത്യദേശം  ഉള്ളപ്പോൾ നാം വെള്ളം പാഴാക്കുകയാണ്.കോടിക്കണക്കിന് ലിറ്റർ വെള്ളം തോടുകളിലൂടെ ഒഴുകി നദികളിൽ എത്തി കടലിൽ പതിച്ച് പാഴാകുന്നു.

ഇവിടെ നാം ഒരു പരിസ്ഥിതി ചൂഷണവും ചെയ്യുന്നില്ല. ഭൂർഗഭ ജലം ഊറ്റുന്നില്ല, കിണറുകൾ വറ്റിക്കുന്നില്ല. നമ്മുടെ വീടിന്റെ മേൽക്കുരയിൽ വന്നു പതിക്കുന്ന വെള്ളംമാത്രം നാം ശേഖരിക്കുന്നു. അതിന്റെ ഷെയർ ഹോൾഡേഴ്സായി ഒരോ വീട്ടുകാരനും മാറുന്നു. ഓരോ വീട്ടുകാരനും അവന്റെ മേൽക്കൂരയുടെ വലിപ്പം അനുസരിച്ച് പണം ലഭിക്കുന്നു. 25 പൈസ വേണ്ട പത്തുപൈസ വീതം ഓരോ മഴക്കാലത്തും ലിറ്ററിന് കിട്ടുകയാണെങ്കിൽ നമ്മുടെ ഓരോഗ്രാമത്തിലും പുതുതായി എത്തുന്ന പണം എത്രയായിരിക്കും. കേരളം എന്ന സസ്യശ്യാമള കോമളമായ ഒരു ബ്രാൻഡിൽ ഈ വെള്ളം മാർക്കറ്റിലേക്ക് ഇറക്കാൻ കഴിയണം. തീർച്ചയായും വരണ്ടുണങ്ങിയ നാട്ടിൽ ഗംഭീര സ്വീകരണം ലഭിക്കും. ഇനി ഒന്നും വേണ്ട, കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ മാത്രം മതി.ഗൃഹാതുരതയോടെ അവർ
കുടിക്കും. സ്വന്തം വീടിന്റെ മേൽക്കുരയിൽ വന്നു വീഴുന്ന വെള്ളമെന്ന ആവേശത്തോടെ അവർ കുടിക്കും.


മഴക്കാലത്ത് നമ്മുടെ വീടിന്റെ മുകളിൽ വന്ന് ഒഴുകിപ്പോകുന്ന വെള്ളത്തിന് ഇത്രയും സാധ്യതകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ പറയുന്ന കേരളത്തിന്റെ ഓരോയിടവും സമ്പത്തിന്റെ അസുലഭ ഖനികളാണ്.'- സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP