Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

വൈകാതെ ബഹിരാകാശത്തേക്കും ടൂർ പോകാം! സ്പെയ്സ് എക്സ് പേടക വിക്ഷേപണത്തിന്റെ വിജയം നാഴികക്കല്ല്; ഇത് സ്‌പേസ് ടൂറിസം പദ്ധതിക്ക് ഊർജ്ജമേകും; കോവിഡിലും തളരാതെ ഇത്തരം കമ്പനികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്; വലിയ പ്രതീക്ഷയോടെ ഞാനും ബഹിരാകാശ യാത്രയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി കാത്തിരിക്കയാണ്: സന്തോഷ് ജോർജ് കുളങ്ങര മറുനാടനോട്

വൈകാതെ ബഹിരാകാശത്തേക്കും ടൂർ പോകാം! സ്പെയ്സ് എക്സ് പേടക വിക്ഷേപണത്തിന്റെ വിജയം നാഴികക്കല്ല്; ഇത് സ്‌പേസ് ടൂറിസം പദ്ധതിക്ക് ഊർജ്ജമേകും; കോവിഡിലും തളരാതെ ഇത്തരം കമ്പനികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്; വലിയ പ്രതീക്ഷയോടെ ഞാനും ബഹിരാകാശ യാത്രയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി കാത്തിരിക്കയാണ്: സന്തോഷ് ജോർജ് കുളങ്ങര മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: യുഎസ് ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് സ്‌പെയ്‌സ് എക്‌സ് പേടക വിക്ഷേപണത്തിന്റെ വിജയം. ഇത് രണ്ടാം വട്ടത്തെ ശ്രമത്തിലാണ് വിജയം കണ്ടത്. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് കമ്പനി വികസിപ്പിച്ച 'ക്രൂ ഡ്രാഗൺ' കാപ്‌സ്യൂളിലേറി നാസയുടെ ബോബ് ഡെങ്കനും ഡഗ് ഹർലിയും സുരക്ഷിതരായി അന്താരാരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ഞായറാഴ്ച രാവിലെ 10.16നായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 7.46ന് ) ലോകം ഉറ്റുനോക്കിയ ഈ വിക്ഷേപണം അരങ്ങേറിയത്.

ബഹിരാകാശ നിലയത്തിലെത്താൻ റഷ്യയുടെ സോയുസ് പേടകമാണ് അമേരിക്കയുൾപ്പെടെ രാജ്യങ്ങൾ ആശ്രയിക്കുന്നത്. സ്വകാര്യകമ്പനിയുടെ പേടകം വിജയകരമായി നിലയത്തിലെത്തിയതോടെ ഇത്തരം യാത്രകൾക്ക് ഇനി മുതൽ അമേരിക്കയ്ക്കു റഷ്യയുടെ സഹായം തേടേണ്ടിവരില്ല എന്നതാണ് സവിശേഷത. ഈ സന്ദർഭത്തിൽ സ്‌പെയ്‌സ് എക്‌സിന്റെ വരവും നേട്ടവും ബഹിരാകാശ ഗവേഷണ-പഠനങ്ങളിലും ടൂറിസ പദ്ധതിയിലും വരുത്താൻ പോകുന്ന മാറ്റങ്ങളെ കൗതുകത്തോടെ കാണുകയാണ് നിരന്തര യാത്രികനായ സന്തോഷ് ജോർജ് കുളങ്ങര. വെർജിൻ ഗ്യാലക്സിയെന്ന കമ്പനിയുമായി സപേസ് ടൂറിസത്തിന് കരാർ ഒപ്പട്ട് കാത്തിരിക്കുന്ന അദ്ദേഹം മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു.

'സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ നേട്ടം ഈ വഴിക്കുള്ള ഗവേഷണ പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണെന്ന കാര്യത്തിൽ സംശയമില്ല. ഞാനടക്കം ഒരുകൂട്ടം ആളുകൾ സ്വപ്നം കാണുന്ന ബഹിരാകാശ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ നടന്നുവരുന്ന നീക്കങ്ങൾക്ക് ഇത് ശുഭപ്രതീക്ഷ സമ്മാനിക്കുന്നു'. മറ്റൊരു സ്വകാര്യ കമ്പനിയായ വെർജിൻ ഗ്യാലക്സിയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ കരാർ ഒപ്പിട്ട ഏക മലയാളിയായ സന്തോഷ് ജോർജ്ജ്് കുളങ്ങര പറയുന്നു.

നാസയ്ക്ക് വേണ്ടിയുള്ള നിരവധി സ്പെയിസ് ഓപ്പറേഷൻസ് നിലവിൽ സ്പെയ്‌സ് എക്സ് നടത്തി വരുന്നു. പലരാജ്യങ്ങളുടെയും സംയുക്ത സംരംഭമായ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേയ്ക്ക് നിർമ്മാണ സാമഗ്രികളും ഉപകരണങ്ങളും ബഹിരാകാശ സഞ്ചാരികൾക്കാവശ്യമായ വസ്തുക്കളും എത്തിച്ചുനൽകുന്നതിൽ സ്പെയിസ് എക്‌സ് പങ്കുവഹിച്ചിരുന്നു. ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭ്രമണപഥം ക്രമീകരിച്ചിരിക്കുന്നത് .അതുകൊണ്ടാണ് ഭൂമിയിൽ നിന്നാൽ ഇത് കാണാൻ സാധിക്കുന്നത്.

ഈ ബഹിരാകാശനിലയത്തിന്റെ ആദ്യകാല നിർമ്മാണങ്ങൾക്ക് ആളുകളെ എത്തിച്ചിരുന്നത് നാസ നേരിട്ടാണ്. നാസയുടെയും റഷ്യൻ സ്പെയ്‌സ് ഏജൻസിയുടെയും നേതൃത്വത്തിൽ നാസ ഈ ദൗത്യത്തിനായി എൻഡവർ, ഡിസ്‌കവറി തുടങ്ങി നിരവധി ഷട്ടിലുകൾ വിക്ഷേപിച്ചിരുന്നു. ഇത്തരത്തിൽ ഒരു യാത്രയിൽ പങ്കെടുത്തുമടങ്ങവെയാണ് പേടകം തകർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രിക കൽപ്പന ചൗള ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ മരണപ്പെടുന്നത്. പിന്നീട് ഇത്തരം ഷട്ടിലുകളുടെ വിക്ഷേപണം നാസ നിർത്തിവച്ചു. ഏകദേശം പത്ത് വർഷങ്ങൾക്കുശേഷമാണിപ്പോൾ ഇത്തരത്തിൽ ഒരു നീക്കം വിജയിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇപ്പോഴും വിപുലീകരണത്തിന്റെ പാതയിലാണ്. ഇവിടേയ്ക്ക് നിർമ്മാണ സാമഗ്രികളും ഉപകരണങ്ങളും എത്തിച്ചുനൽകേണ്ടത് ആവശ്യമാണ്. ഇതൊക്കെ നടപ്പാക്കിയിരുന്നത് റഷ്യൻ ബഹിരാകാശ ഏജൻസിയുടെ സഹകരണത്തോടെയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇലോൺ മാക്സ് എന്ന സംരംഭകന്റെ സ്പെയ്‌സ് എക്സ് കമ്പനി രൂപം കൊള്ളുന്നത്. സ്വകാര്യമേഖലയിൽ ബഹിരാകാശയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ് കമ്പനി ചെയ്തിരുന്നത്.

ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്രകൾ സംഘടിപ്പിക്കുക, ചൊവ്വയിലേയ്ക്കും മറ്റ് ഗ്രഹങ്ങളിലേയ്ക്കും യാത്ര സജ്ജമാക്കുക, ഭാവിയിൽ ഇവിടെയൊക്കെ കോളനികൾ സ്ഥാപിക്കാൻ പറ്റുമോ എന്നുള്ള സാധ്യതകൾ വിലയിരുത്തുക തുടങ്ങി വാണിജ്യപരമായ പരീക്ഷണ -ഗവേഷണ മേഖലയിലാണ് ഇലോൺ മസ്‌കിന്റെ കമ്പനി ശ്രദ്ധിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ബഹിരാകാശ നിലയത്തിലേയ്ക്ക് ആവശ്യമായ വസ്തുക്കൾ സ്പെയ്‌സ് എക്സ് എത്തിച്ചിരുന്നു. മനുഷ്യനെ ഇത്തരത്തിൽ ബഹിരാകാശ നിലയിത്തിൽ എത്തിക്കുക എന്നത് കമ്പനിയുടെ തുടക്കം മുതലുള്ള ലക്ഷ്യമായിരുന്നു. ഇതാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

വെർജിൻ ഗ്യാലക്സിയുടെ പ്രവർത്തനം കുറച്ചുകൂടി വ്യത്യസ്തമാണ്. 2006-2007 കാലഘട്ടം മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വെർജിൻ ഗ്യാലക്സി. ബഹിരാകാശത്തുകൂടി ഗതാഗതം സാധ്യമാക്കുന്നതിനുള്ള ഗവേഷണ-പരീക്ഷണ പവർത്തനങ്ങളാണ് ഈ കമ്പനി നടത്തുന്നത്. ബഹിരാകാശത്തേയ്ക്ക് ചരക്കുഗതാഗതം ഈ കമ്പനിയും ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം സ്പെയിസ് ടൂറിസം പദ്ധതിയും വിഭാവനം ചെയ്യുന്നു. സാധാരണക്കാർക്ക് ബഹിരാകാശത്തുപോയി തിരിച്ച് സുരക്ഷിതമായി ഭൂമിയിലെത്തുന്നതിനുള്ള സംവിധാനം തയ്യാറാക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിന്് അനുയോജ്യമായ വാഹനം നിർമ്മിക്കുക, ഒരു വിമാന യാത്രയെന്ന പോലെ സഞ്ചാരികളെയും കൊണ്ട് ബഹിരാകാശത്തുപോയി ഭൂമിയിൽ മടങ്ങിയെത്തുക എന്നതാണ് കമ്പനിയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം. ഇതിനായുള്ള പരീക്ഷണ-ഗവേഷണങ്ങൾ വിജയത്തിന്റെ പടിവാതിലിലെത്തി നിൽക്കുന്നു. കമ്പനി സംഘടപ്പിക്കുന്ന ബഹിരാകാശ യാത്രയിൽ ഞാനും പങ്കാളിയാണ്. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്.

ബഹിരാകാശത്തേയ്ക്ക് ആളുകളെ എത്തിക്കുക എന്നത് വളരെ അപകടകരമായ ദൗത്യമാണ്. ഇന്ത്യൻ ബഹിരാകാശ ഏജൻസി ഈ വഴിക്കുള്ള പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇനിയും ഫലപ്രാപ്തിയിലേയ്ക്കെത്തിയിട്ടില്ല .ഒന്നുരണ്ട് വർഷങ്ങൾക്കകം ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് വിമാനസർവ്വീസ് പോലെ എളുപ്പമല്ല. വിമാനം അന്തരീക്ഷത്തിൽക്കൂടി പറക്കുമ്പോൾ ഗുരുത്വാകർണവലയം ഭേദിച്ചാണ് ബഹിരാകാശ വാഹനം സഞ്ചരിക്കേണ്ടത്. വിമാനവും റോക്കറ്റും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും മനസ്സിലാക്കാത്ത സാധാരണക്കാരുണ്ടാവും. വിമാനത്തിലേതുപോലെ കയറി ഇരുന്നാൽ റോക്കറ്റ് ബഹിരാകാശത്തെത്തുമെന്നാണ് ഇവർ മനസ്സിലാക്കിയിട്ടുണ്ടാവുക. വായുവും ഭൂമിയുടെ ആകർഷണവലയവും ഒന്നുമില്ലാത്ത ബഹിരാകാശത്ത് എത്തി അപകടമില്ലാതെ തിരിയെ ഭൂമിയിലെത്തുക എന്നതാണ് ഈ യാത്രയിലെ പ്രധാന വെല്ലുവിളി.

വെർജിൻ ഗ്യാലക്സി ഈ വഴിക്കുനടത്തിയ പരീക്ഷണങ്ങൾ വിജയകരമാണ്. യാത്രയ്ക്ക് പരിശീലനം ലഭിച്ചവർ ഇതിനകം ബഹിരാകാശയാത്രകൾ നടത്തിക്കഴിഞ്ഞു. സാധാരണക്കാർക്കായുള്ള യാത്രകൾ ഇതുവരെ നടന്നിട്ടില്ല. ഇതിനായുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ് കമ്പനി നൽകിവരുന്ന ഇ-മെയിലുകളിൽ നിന്നും വ്യക്തമാവുന്നത്. ഇതിനായി ഇനി അധികം കാലതാമസം ഉണ്ടാവില്ലന്നാണ് മനസ്സിലാക്കുന്നത്. എയർലൈൻസ് മേഖലയിലാണ് പ്രധാനമായും കമ്പനി പ്രവർത്തിക്കുന്നത്. കൊറോണ രോഗബാധ കാര്യമായി ബാധിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങളെല്ലാം സാധാരണ പോലെ പോകുന്നു എന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികള് പറയുന്നത് പൂർണ്ണമായും വിശ്വസിക്കാനാവില്ല. ഈ ലക്ഷ്യത്തിലേയ്ക്കായി 2 ലക്ഷം ഡോളർ കമ്പനിക്ക് നൽകിയിട്ടുണ്ട്. 10 വർഷം മുമ്പാണ് ഇത് സംമ്പന്ധിച്ച് കമ്പനിയുമായി കരാർ ഞാൻ ഒപ്പിട്ടത്. ഞാനടക്കമുള്ള ഒരുപാട് പേർ പ്രാഥമിക പരിശീലനം പുർത്തിയാക്കി ബഹിരാകാശ യാത്രക്ക് കാത്തിരിക്കയാണ്.

ആദ്യ യാത്രയിൽ 6 പേർ ഉണ്ടാവുമെന്നാണ് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്. ഭാരം, ആരോഗ്യസ്ഥിതി തുടങ്ങി പലകാര്യങ്ങളും പരിശോധിച്ചാണ് കമ്പനി യാത്രികരെ തിരഞ്ഞെടുക്കുക. ഈ ഘട്ടത്തിൽ ചിലപ്പോൾ നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ള മുൻഗണനക്രമം തഴയപ്പെട്ടേക്കാം. അപ്പോൾ എന്റെ യാത്ര രണ്ടാമത്തെയോ മൂന്നാമത്തെയോ ദൗത്തിലേയ്ക്ക് മാറ്റപ്പെട്ടു എന്നും വരാം. എങ്കിലും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുയാണ്. ബഹിരാകാശ യാത്രയെന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി'- സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP