Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ലിസി... ഇപ്പോൾ ലേക്‌ഷോർ.. അടുത്തത് അമൃതയോ? അവയവദാനത്തിന്റെ പേരിൽ മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുത്തു സ്വകാര്യ ആശുപത്രികൾ സെൻസേഷൻ സൃഷ്ടിക്കുന്നു; ലിസിയുടെ ഹൃദയം ശ്രദ്ധ നേടിയത് ആദ്യം വിമാനത്തിൽ കയറ്റിയപ്പോൾ; ലേക്‌ഷോറിന്റേത് സ്വകാര്യ ജെറ്റിൽ കയറ്റിയപ്പോഴും

ആദ്യം ലിസി... ഇപ്പോൾ ലേക്‌ഷോർ.. അടുത്തത് അമൃതയോ? അവയവദാനത്തിന്റെ പേരിൽ മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുത്തു സ്വകാര്യ ആശുപത്രികൾ സെൻസേഷൻ സൃഷ്ടിക്കുന്നു; ലിസിയുടെ ഹൃദയം ശ്രദ്ധ നേടിയത് ആദ്യം വിമാനത്തിൽ കയറ്റിയപ്പോൾ; ലേക്‌ഷോറിന്റേത് സ്വകാര്യ ജെറ്റിൽ കയറ്റിയപ്പോഴും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ അത്യാവശ്യമുള്ളവർക്ക് കൈമാറുന്നത് മഹത്തായ മനുഷ്യ കാര്യം തന്നെ എന്നതിൽ സംശയം വേണ്ട. അതിന് മുൻകൈ എടുക്കുന്ന ആശുപത്രികൾ, ഡോക്ടർമാർ, എന്നിവർ ആദരിക്കപ്പെടണം. ഒപ്പം അവയവങ്ങൾ നൽകാൻ തയ്യാറായ കുടുംബത്തിനെ പ്രത്യേകം ആദരിക്കണം എന്നതിലും ഒരു സംശയവും വേണ്ട. എന്നാൽ ലൈവ് ചാനൽ കാഴ്ചകളും മാദ്ധ്യമ റിപ്പോർട്ടുകളും ഒരുക്കി ഇത്തരം ആഘോഷങ്ങൾ തുടർച്ചയായി നടത്തുന്ന മാദ്ധ്യമങ്ങളുടെ ലക്ഷ്യത്തെ സംശയിക്കപ്പെടേണ്ടതുണ്ട്. സർക്കാർ ആശുപത്രികളിലെ ചെറിയ പിശക് വലിയ വാർത്തയാവുകയും അധികൃതരുടെ പിശക് മൂലം രോഗികൾ മരിച്ചാൽ പോലും ഒരു സ്വകാര്യ ആശുപത്രി എന്ന് മാത്രം പറഞ്ഞ് തടി തപ്പുകയും ചെയ്യുന്ന മാദ്ധ്യമങ്ങൾ അവയവ കൈമാറ്റം ലൈവ് കാഴ്ചയാക്കുന്നതിൽ സംശയം ഇല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

സ്വകാര്യ ആശുപത്രികൾക്ക് ചുളുവിൽ പ്രചാരം നേടാൻ വേണ്ടിയാണ് ഈ ലൈവ് കാഴ്ചകൾ എന്ന ആരോപണമാണ് ശക്തമാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ കഴിഞ്ഞ ആഴ്ച പൂനയിൽ നിന്ന് ഡൽഹിയിലേക്കുള്ള അവയവ യാത്ര ഇത്രയും ശ്രദ്ധിക്കപ്പെടാതെ പോയത് ഇതേ കാരണത്താൽ ആണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ശ്രദ്ധേയമായ കാര്യം വാർത്തയാക്കാനായി കണ്ടെത്തുന്ന കാര്യങ്ങളാണ്. ആദ്യം വിമാനത്തിൽ അവയവം കൊണ്ടു പോകുന്ന സംഭവം എന്ന നിലയിൽ ആയിരുന്നു ലിസി ആശുപത്രി സംഭവം വാർത്ത ആയത്. ലേക് ഷോർ ശ്രദ്ധ നേടിയത് ആദ്യം സ്വകാര്യ വിമാനത്തിൽ കൊണ്ടു പോയ സംഭവം എന്ന നിലയിലും. ജീവൻ വളരെ വിലപിടിച്ചതാണ്. അതിനാൽ തന്നെയാണ് ഒരു ജീവൻ പൊലിഞ്ഞാലും ആ ജീവനിൽ നിന്നു മറ്റൊരാളിലേക്കു ജീവൻ പകരാനുള്ള നടപടികൾക്ക് സന്നദ്ധ സംഘടനകളും സർക്കാരും മുൻകൈ എടുക്കുന്നതും. എന്നാൽ ഇതൊക്കെ ആശുപത്രികളിലേക്ക് ആളുകളെ അടുപ്പിക്കാനുള്ള മാർഗ്ഗമാക്കി മാറ്റുകയാണ് പലരും.

കൊച്ചിയിൽ വമ്പൻ ആശുപത്രികൾ തമ്മിലെ മത്സരം രൂക്ഷമാണ്. രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ ലഭ്യമാക്കാനല്ല ഇത്. മറിച്ച് ആശുപത്രികളുടെ സൗകര്യങ്ങളുടെ മേനി പറച്ചിലിലൂടെ കസ്റ്റമേഴ്‌സിനെ വലവീശിപ്പിടിക്കൽ. അതിന് ശേഷം വലിയ തുകകൾ സ്വന്തമാക്കുകയും ചെയ്യും. ഇവിടേയും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ലിസി ആശുപത്രി ഒരു കാര്യം ചെയ്യുമ്പോൾ അതിന് ലേക് ഷോറിനും കഴിയുമെന്ന് തെളിയിക്കേണ്ടത് അവരുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. യൂസഫലിയുടെ ലേക് ഷോറിന് പിന്നിലല്ലെന്ന് തെളിയിക്കാൻ അമൃതയും അത്യാധുനിക വാർത്തയുമായി ഉടൻ എത്തിയേക്കും. അതാണ് ആരോഗ്യ മേഖലയിൽ കേരളത്തിലുള്ള മത്സരത്തിന്റെ പ്രത്യേകത. അവയവ ദാനം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. എന്നാൽ, ഈ പദ്ധതികൾ ആഘോഷമാക്കുന്നതിലൂടെ ആരുടെ താൽപര്യങ്ങളാണു സംരക്ഷിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. സ്വകാര്യ ആശുപത്രികൾ തന്നെയാണ് നേട്ടമുണ്ടാക്കുന്നത്.

ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്ത കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് അവയവങ്ങൾ വിമാനമാർഗം കൊണ്ടു പോകുന്നു എന്നതാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വാഹനാപകടത്തെ തുടർന്നു മസ്തിഷ്‌ക മരണം സംഭവിച്ച കായംകുളം സ്വദേശി എച്ച് പ്രണവി(19)ന്റെ അവയവങ്ങളാണു ചെന്നൈയിലേക്കു കൊണ്ടു പോകുന്നത്. അവയവദാനത്തിൽ പുതുചരിത്രം എന്ന നിലയിലാണ് ഇതിനെ മാദ്ധ്യമങ്ങൾ വിവരിക്കുന്നത്. ഓരോ തവണയും 'പുതുചരിത്രം' കുറിച്ച് മാദ്ധ്യമങ്ങൾ വ്യാപക പ്രചാരണം നൽകുന്നത് അവയവദാനത്തിന്റെ മഹത്വം എന്നതിലുപരി സ്വകാര്യ ആശുപത്രികൾക്കുള്ള പരസ്യം മാത്രമാണെന്ന ആരോപണമാണ് ഉയരുന്നത്. ഫുട്‌ബോൾ കമന്ററിക്ക് സമാനമായി കാര്യങ്ങൾ ആവേശത്തോടെ വിളിച്ചു പറയുന്ന റിപ്പോർട്ടർമാർ. കൃത്യമായ വിവരങ്ങൾ പകർന്ന് നൽകുന്ന സംവിധാനങ്ങൾ. അങ്ങനെ ജീവൻ രക്ഷിക്കാനുള്ള യാത്രകൾ കച്ചവടത്തിന്റെ അനന്ത സാധ്യതകളായി മാറുന്നു.

ഒറ്റ ഹൃദയ ശസ്ത്രക്രിയയിലൂടെ ലിസി ആശുപത്രിയുടെ പേരും പെരുമയും മലയാളി ഉള്ളിടത്തെല്ലാം എത്തി. അവിടെ നീലകണ്ഠ ശർമ്മയുടെ ഹൃദയം വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോൾ മലയാളി കാത്തിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയും മറ്റും അതിവേഗം കൊച്ചിയിലെത്തി. ഇതിന്റെ ഓരോ നിമിഷവും വാർത്താ ചാനലുകൾ നാടകീയമായി തന്നെ ജനങ്ങളിലെത്തിച്ചു. പുതുമയുള്ള എന്തും കേരളത്തിൽ വാർത്തയാണ്. അത് തന്നെയാണ് നീലകണ്ഠ ശർമ്മയുടെ ആവയവം കൊച്ചിയിലെത്തിയത് ആഘോഷമായത്. ഇതോടെ സ്വകാര്യ ആശുപത്രികൾ ഉറക്കമിളച്ച് ചിന്തയിലാണ്. സ്വാതന്ത്ര്യാനന്തര ഭാരത്തിൽ എണുപതുകളോടെ ഉയർന്ന് കേട്ടത് കേരളാ മോഡലായിരുന്നു. അരോഗ്യ രംഗത്തെ കേരളത്തിന്റെ തലയെടുപ്പ് അതോടൊപ്പം ലോകമറിഞ്ഞു. ഇതിന്റെ വിപണ സാധ്യതകൾ തിരിച്ചറിഞ്ഞ് സ്വകാര്യ ഹോസ്പ്പിറ്റലുകൾ കേരളത്തിൽ എങ്ങും നിറഞ്ഞു. സർക്കാർ ആശുപത്രികൾ വിട്ട് പേരും പെരുമയുമുള്ള ആശുപത്രികളിലേക്ക് മലയാളി നീങ്ങി. ഇതിനൊപ്പം മാലിയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമെല്ലാം വിദഗ്ധ ചികിൽസയ്ക്ക് കേരളത്തിൽ രോഗികളെത്തി. യൂറോപ്പിലേയും ആഫ്രിക്കയിലേയും രോഗികൾ പോലും നല്ല ചികിൽസയ്ക്കുള്ള മാർഗ്ഗമായി കേരളത്തെ കണ്ടു. മിടുക്കന്മാരായ ഡോകർമാരുടെ സാന്നിധ്യമാണ് ഇതിന് കാരണം.

മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയിൽ നിന്ന് അവയവങ്ങൾ മറ്റൊരു രോഗിയിലേക്കു മാറ്റിയ സംഭവം മുമ്പ് ചെന്നൈയിൽ നിന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ട്രാഫിക് എന്ന സിനിമ പുറത്തിറങ്ങിയത്. നല്ലൊരു സന്ദേശം പകർന്നു തന്ന ആ സിനിമയുടെ പേരു പരാമർശിച്ചാണ് പിന്നീടുള്ള ഇത്തരം ശസ്ത്രക്രിയകൾ കേരളത്തിൽ നടന്നത്. അവയവ ദാനം ആദ്യമായി എയർ ആംബുലൻസിലൂടെ, അവയവ ദാനം മറ്റൊരു സംസ്ഥാനത്തേക്ക് എന്നൊക്കെ പറഞ്ഞു പുതിയ പുതിയ ചരിത്രങ്ങൾ രചിക്കുകയാണ് മാദ്ധ്യമങ്ങൾ. റോഡു ബ്ലോക്കു ചെയ്ത് പൊലീസ് സഹായിച്ചു, സ്വകാര്യ ആശുപത്രിയുടെ നേട്ടം, മുഖ്യമന്ത്രിയുടെ നേട്ടം എന്നൊക്കെയുള്ള നിലയിൽ തകർത്ത് ആഘോഷിക്കുകയാണു മാദ്ധ്യമങ്ങൾ ചെയ്തത്. അവയവങ്ങൾ ദാനം ചെയ്ത വ്യക്തികൾക്കു പ്രാധാന്യം ലഭിക്കുന്നതിനു പകരം ഇത്തരത്തിലുള്ള ഗിമ്മിക്കുകൾ കൊണ്ടു നിറയ്ക്കുകയായിരുന്നു മാദ്ധ്യമങ്ങൾ. ഇതിനിടെയിൽ ലാഭം കൊയ്യുകയാണ് ആശുപത്രികൾ. വിമാനത്തിലൂടെ അവയവം എത്തിച്ച ശസ്ത്രക്രിയയിലൂടെ ലിസി ആശുപത്രിക്ക് പറയാനുള്ളത് ലാഭക്കണക്കുകാണ്. അടുത്ത മൂന്ന് വർഷത്തേക്ക് ഹൃദശസ്ത്രക്രിയയ്ക്ക് ആർക്കും ഇനി അവിടെ ഡേറ്റില്ല.

റോഡ് ബ്ലോക്ക് ചെയ്ത് അതിവേഗത്തിൽ അവയവുമായി ചീറിപ്പായുന്ന ആംബുലൻസ്. എസ്‌കോർട്ടായി പൊലീസ് വാഹനം. ഇതൊന്നുമില്ലാതെ തന്നെ ഇതൊക്കെ ചെയ്യാം. അതാണ് പൂനയിൽ ഇന്ത്യൻ സൈന്യം കാട്ടി തന്നത്. പൂനയിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലുള്ള ഒരാൾക്ക് മസ്തിഷ്‌ക മരണം സംഭവിക്കുന്നു. ബന്ധുക്കൾ അവയവ ദാനത്തിന് സമ്മതം അറിയിച്ചതോടെ സൈന്യം തീരുമാനമെടുത്തു. ഹൃദയം ഡൽഹിയിൽ എത്തിക്കണം. അതിന് ആരേയും അവർ ബുദ്ധിമുട്ടിച്ചില്ല. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയിൽ നിന്ന് രാത്രി ഒൻപത് മണിക്ക് ശേഷം ശസ്ത്രക്രിയയിലൂടെ ഹൃദയവും മറ്റ് അവയവങ്ങൾ പുറത്തേക്ക് എടുത്തു. അപ്പോൾ മണിയ രാത്രി പന്ത്രണ്ട്. റോഡിൽ വാഹനങ്ങളുടെ തിരക്കില്ല. ആരും ഒന്നും അറിഞ്ഞുമില്ല. വലിയ ഗതാഗത നിയന്ത്രണമൊന്നുമില്ലാതെ അവയങ്ങൾ പൂനയിലെ വിമാനത്താവളത്തിൽ അവിടെ നിന്ന് യുദ്ധവിമാനത്തിൽ അതിവേഗം ഡൽഹിയിൽ. തിരക്കിന്റെ കഥമാത്രം പറയുന്ന ഡൽഹിയുടെ റോഡും അർദ്ധ രാത്രിയിൽ ആളില്ലാ അവസ്ഥയിൽ. ഈ റോഡിലൂടെ അതിവേഗം അവയവം ആശുപത്രിയിലെത്തി. ഇവിടെ സൈനിക ആശുപത്രിക്ക് പരസ്യത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ ആരേയും ഒന്നും അറിയിക്കാതെ കാര്യങ്ങൾ നടത്തി.

ഈ മാതൃക കേരളത്തിലുമാകാം. എന്നാൽ കച്ചവട തന്ത്രമുള്ള ആശുപത്രികൾക്ക് എല്ലാം വാർത്തയാകണം. അതിന് റോഡ് ബ്ലോക്ക് ചെയ്യും. സമൂഹത്തിന് ഗുണകരമല്ലാത്ത കാര്യങ്ങൾ പലതും ഉയർത്തിക്കാട്ടും. ഇത്തരം വാർത്തകളിലൂടെ അവയവദാനത്തിന്റെ പ്രസക്തിയും ജനങ്ങളിലെത്തും. അതും സ്വകാര്യ ആശുപത്രികളുടെ കച്ചവട താൽപ്പര്യത്തെ സഹായിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കാനും അവർക്ക് അറിയാം. അതുകൊണ്ട് തന്നെ ഇനിയും വിമാനത്തിലെ അവയവ യാത്രകൾക്ക് പുതുമയുണ്ടാക്കാൻ പലതും അവതരിപ്പിക്കപ്പെടുമെന്ന് തീർച്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP