Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഞ്ജീവ് ഭട്ടിനെ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷയ്ക്ക് വിധിച്ചതെന്ന വാദത്തിന് ബലമേകുന്ന രേഖകൾ പുറത്തുവിട്ട് ഭാര്യ ശ്വേത; കസ്റ്റഡിയിൽ മരിച്ചുവെന്ന് ആരോപിക്കുന്ന പ്രഭുദാസ് മാധവ്ജിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് രേഖകൾ; പ്രതിയെ മർദിച്ചതായി സാക്ഷിമൊഴികളുമില്ല; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്നും സഞ്ജീവ് ഭട്ടിന്റെ ഭാര്യ; മോദി സർക്കാറിന്റെ പകപോക്കലിനെതിരെ പ്രതിഷേധം

സഞ്ജീവ് ഭട്ടിനെ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷയ്ക്ക് വിധിച്ചതെന്ന വാദത്തിന് ബലമേകുന്ന രേഖകൾ പുറത്തുവിട്ട് ഭാര്യ ശ്വേത; കസ്റ്റഡിയിൽ മരിച്ചുവെന്ന് ആരോപിക്കുന്ന പ്രഭുദാസ് മാധവ്ജിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് രേഖകൾ; പ്രതിയെ മർദിച്ചതായി സാക്ഷിമൊഴികളുമില്ല; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്നും സഞ്ജീവ് ഭട്ടിന്റെ ഭാര്യ; മോദി സർക്കാറിന്റെ പകപോക്കലിനെതിരെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും കടുത്ത വിമർശകനായ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ സർക്കാർ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് ഫേസ്‌ബുക്കിലൂടെയാണ് രേഖകൾ പുറത്തുവിട്ടത്. ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവിനെ കോടതി ശിക്ഷിച്ചതെന്നും കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ടുവെന്ന് പറയുന്ന പ്രഭുദാസിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് രേഖകളിൽ സാക്ഷ്യപ്പെടുത്തിയതാണെന്നും ശ്വേത വ്യക്തമാക്കി. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്നും അവർ പറഞ്ഞു. രാജ്യം ഇരുണ്ടകാലത്തേക്കാണ് പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കസ്റ്റഡിയിലായതിന് പതിനെട്ട് ദിവസം കഴിഞ്ഞാണ് ആ മരണം നടന്നത്. ശരീരത്തിലൊരുവിധ മുറിവോ ചതവോ ഇല്ലായിരുന്നു. മർദനത്തിന്റെ ഒരുപാട് പോലും ശരീരത്തിലില്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ചയാണ് 1990 ലെ ഒരു കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരിൽ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാൻ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതേതുടർന്നുണ്ടായ പ്രതികാര നടപടികളാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. അതേസമയം ഭട്ടിന്റെ അറസ്റ്റിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും സാംസ്‌കാരിക നായകരും ഒരുപോലെ രംഗത്തെത്തിയിട്ടുണ്ട്. പ്രോസിക്യൂഷൻ 300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതിൽ 32 പേരെ മാത്രമാണ് വിചാരണ വേളയിൽ വിസ്തരിച്ചത്. നിർണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തിൽ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികൾ എന്നിവരെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ടിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെക്കുറിച്ച് ശ്വേത സഞ്ജീവ് ഭട്ട് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

1990 ഒക്ടോബർ 24ന് , അദ്വാനിയുടെ രഥയാത്രയും ബിഹാറിൽ അദ്ദേഹം അറസ്റ്റ് നേരിട്ടതിനെയും തുടർന്ന് ജാംനഗറിലെ വിവിധ ഭാഗങ്ങളിൽ കലാപം ഉണ്ടായി. സഞ്ജീവ് ഭട്ട് ആ സമയത്ത് ജാംനഗർ റൂറലിൽ എ.എസ്‌പിയായിരുന്നു. ജാംനഗറിൽ അന്ന് സിറ്റി, റൂറൽ, ഖംഭാലിയ എന്നിങ്ങനെ മൂന്ന് ഡിവിഷനുകളുണ്ടായിരുന്നു. ഖംഭാലിയ ഡിവൈഎസ്‌പി ലീവായിരുന്നതിനാൽ സഞ്ജീവിനായിരുന്നു ഒക്ടോബർ16ന് ആ ഡിവിഷന്റെ അഡീഷനൽ ചാർജ്. 24ന് ജാംനഗർ ജില്ലയിൽ വർഗീയ കലാപം പൊട്ടി്പ്പുറപ്പെട്ടു. ജാംനഗർ സിറ്റിയുടെ ചുമതലയുണ്ടായിരുന്ന പ്രവീൺ ഗോണ്ടിയ ഐപിഎസ് അന്നേ ദിവസം ലീവായതിനാൽ ആ ഡിവിഷന്റെ ചുമതലയും സഞ്ജീവിന് കൈമാറി. അതിനർത്ഥം, ജാംനഗർ ജില്ലയുടെ മുഴുവൻ ചുമതലയും സഞ്ജീവിന്റെ ചുമലിലായി.

ഒക്ടോബർ 30ന് വിശ്വഹിന്ദു പരിഷത്തും ബിജെപിയും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യം മുഴുവൻ കലാപത്തിന് സാധ്യതയുണ്ടായിരുന്നതിനാൽ, അത്തരം സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതയായിരുന്നു. ജാംനഗറിൽ അന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. കളക്ടർ കർഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ, അതിന് മുമ്പ് തന്നെ ജാംനഗറിൽ കൊള്ളയും കൊള്ളിവെയ്പും ആരംഭിച്ചു കഴിഞ്ഞിരുന്നു. ജാംഝോദ്പൂരിൽ ന്യൂനപക്ഷങ്ങളുടെ കടകളും വീടുകളും തീവെക്കുകയും സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.

കർഫ്യൂ ശക്തമാക്കി സമാധാനം സ്ഥാപിക്കുകയായിരുന്നു സഞ്ജീവിന്റെ പ്രഥമ കർത്തവ്യം. ജാംഝോദ്പൂർ സ്റ്റേഷനിൽ 133 പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരത്തിനനുസരിച്ച് അന്നേ ദിവസം ഉച്ചക്ക് 1.30ന് സഞ്ജീവ് അവിടെയെത്തി.

അറസ്റ്റിലായവരിൽ ഈ കേസുമായി ബന്ധപ്പെട്ട പ്രഭൂദാസ് മാധവ്ജി വൈഷ്നാനിയുമുണ്ടായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തത് സിഐ കെഎൻ പട്ടേൽ, എസ്ഐ താക്കൂർ, മഹാശങ്കർ ജോഷി എന്നിവരടങ്ങിയ സംഘമാണ്. ഇവരെ അറസ്റ്റ ചെയ്യുന് സമയത്ത് സഞ്ജീവ് ഭട്ട് അക്രമാസക്തരായ ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.സഞജീവ് ഭട്ടിന്റെയോ അദ്ദേഹത്തിന്റെ സംഘാംഗങ്ങളുടെയോ കസ്റ്റഡയിൽ ഒരിക്കലും ഈ 133 പേരുണ്ടായിരുന്നില്ല. വിഎച്ച്പി പ്രവർത്തകനായ അമൃത്ലാൽ വൈഷനാനി സഞ്ജീവിനെതിരെ തെറ്റായ പരാതി ഉന്നയിച്ചിരുന്നു. അറസ്റ്റിലായവരെ ഏത്തമിടീച്ചെന്നും തുറന്ന് ഒരു ഔട്ടപോസ്റ്റിൽ കസ്റ്റഡിയിൽ സൂക്ഷിച്ചെന്നുമായിരുന്നു പരാതി. അറസ്റ്റിലായവരെ പിറ്റേന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ശാരീരിക മർദനത്തെ കുറിച്ച് ഒരു പരാതിയും അവരുന്നയിച്ചിരുന്നില്ല. എല്ലാവരെയും നവംബർ 8 വരെ റിമാൻഡ് ചെയ്തു. ഇവരെ ജാമ്യത്തിൽ വിട്ടശേഷവും ശാരീരിക മർദനത്തെ കുറിച്ച് പരാതിയുണ്ടായിരുന്നില്ല

നവംബർ 12ന്, പ്രഭൂദാസിന് അസുഖമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലാക്കി. അപ്പോഴും പൊലീസ് മർദനെത്തെ കുറിച്ച പരാതി ഡോക്ടറോട് പോലും പറഞ്ഞിട്ടില്ല. 18ന് ചികിൽസയിലിരിക്കെ അയാൾ മരിച്ചു. ഫോറൻസിക് രേഖകൾ പ്രകാരവും ആശുപത്രി രേഖകൾ പ്രകാരവും അദ്ദേഹത്തിന് ശാരീരിക ക്ഷതമോ മർദനമോ ഏറ്റിട്ടില്ല.

പൊലീസ് മർദനത്തെ കുറിച്ച പരാതി ഉയർന്നത് തന്നെ മരണത്തിന് ശേഷമാണ്. അതും വിഎച്ച്പി പ്രവർത്തകനായ അമൃത്ലാൽ വൈഷ്നാനി ഉന്നയിച്ചത്.സഞ്ജീവ് ജാംനഗറിൽ പോസ്റ്റ് ചെയ്യപ്പെട്ട് ഇരുപതാം ദിവസമാണവിടെ കലാപമുണ്ടായത്. സഞ്ജീവിനെതിരെ ഉന്നയിക്കപ്പെട്ട പരാതി രാഷ്ട്രീയ പകപോക്കൽ മാത്രമായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന് നവംബർ ഒന്നാം തീയതി അവിശ്വാസ വോട്ട് നേരിടേണ്ടി വന്നിരുന്നു. ബിജെപിയിലെയും കോൺഗ്രസിലെയും എംഎൽഎമാരുടെ പിന്തുണ അദ്ദേഹത്തി്ന് ആവശ്യവുമായിരുന്നു. അറസ്റ്റിലായവർക്കെതിരെ ടാഡ ചുമത്തരുതെന്ന പട്ടേൽ സമുദായംഗങ്ങളുടെ ആവശ്യത്തിന് ചിമൻഭായിക്കും ആഭ്യന്തരമന്ത്രി നരേന്ദ്ര അമീനും വഴങ്ങേണ്ടി വന്നിരുന്നു. എന്നാൽ, സഞ്ജീവ് അത് നിരസിച്ചു.

സഞ്ജീവ് കുറ്റക്കാരനല്ലെന്ന് മേലധികാരികൾക്കും ആഭ്യന്തരവകുപ്പിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സഞ്്ജീവിന് സർക്കാർ നിയമസഹായം നൽകാൻ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തു. സഞ്ജീവിനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രോസിക്യൂഷന് സർക്കാർ അനുമതിയും നൽകിയില്ല.2011 വരെ സംസ്ഥാന സർക്കാർ നിലപാട് അതായിരുന്നു. എന്നാൽ,ജസ്റ്റിസ് നാനാവതി കമ്മീഷനും മേത്ത കമ്മീഷനും മുന്നിൽ സഞ്ജീവ് മൊഴികൊടുത്തു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച സത്യസന്ധമായ വിവരങ്ങൾ കമ്മീഷനുകൾക്ക് കൈമാറി. എന്നാൽ, വളരെ പെട്ടെന്ന് ഈ കേസ് കുത്തിപ്പൊക്കിയെടുത്ത് പ്രോസിക്യൂഷൻ ഇമ്മ്യൂണിറ്റി എടുത്തു മാറ്റി.

ഈ കേസിൽ സാക്ഷികളായ 300 പേരിൽ 32 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. 91 മുതൽ 2012 വരെ നിശബ്ദനായിരുന്ന പരാതിക്കാരൻ വളരെ വേഗം സീനയിർ അഭിഭാഷകരെ സമീപിച്ചു. കേസിലെ വിചാരണയിൽ അനുകൂലികളായ സാക്ഷികളെ ഹാജരാക്കാൻ പോലും അനുവദിച്ചില്ല. ഫോറൻസിക് വിദഗ്ധൻ ഡോ. റെഡ്ഢിയെ വിസ്തരിക്കണമെന്ന സഞ്ജീവിന്റെ ആവശ്യം പരിഗണിച്ച കോടതി ഡോ.റെഡ്ഢിയോട് രണ്ടര മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാവാനണ് ആവശ്യപ്പെട്ടത്. ഹൈദ്രാബാദിൽ അദ്ദേഹത്തിന്റെ വീടെവിടെയെന്ന് പോലും അറിയില്ലായിരുന്നു. ഒരു ദിവസം പോലും നോട്ടീസില്ലാതെ അദ്ദേഹം എങ്ങനെ ഹാജരാകും. വിചാരണ പലപ്പോഴും നടത്തിയത് സഞ്ജീവിന്റെ അഭിഭാഷകർ പോലുമറിയാതെയാണ്.

ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹം നരഹത്യക്ക് ജീവപര്യന്തത്തിന് വിധിക്കപ്പെട്ടത്. കസ്റ്റഡിയിലായതിന് പതിനെട്ട് ദിവസം കഴിഞ്ഞ് നടന്ന ആ മരണം, ശരീരത്തിലൊരുവിധ മുറിവോ ചതവോ ഇല്ലാതെയായിരുന്നു. മർദനത്തിന്റെ ഒരുപാട് പോലും ശരീരത്തിലില്ലാതെയായിരുന്നു.രാഷ്ട്രീയ പകപോക്കലിന് ഇതിലും മികച്ച ഒരുദാഹരണമില്ല. തീര്ച്ചയായും വിധി പരിശോധിച്ച് ഞങ്ങൾ അപ്പീലിന് പോകും. നീതി നിഷേധിക്കുക മാത്രമല്ല ഇവിടെയുണ്ടായത്, തന്റെ കർത്തവ്യം നേരാം വണ്ണം നിർവഹിച്ചതിന് വേട്ടയാടപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP