Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീകളെ മല കയറ്റിയ പിണറായി സർക്കാരിന് മാപ്പില്ല! ഹൈന്ദവ ഏകീകരണത്തെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തമായ മറുപടി നൽകാതെ വയ്യ; ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി ചൂടുപിടിപ്പിക്കാൻ ഒരുങ്ങി സംഘപരിവാർ; പിണറായിയുടെ നവോത്ഥാനത്തിന് മറുപടിയുമായി നവോത്ഥാനം ആദ്ധ്യാത്മിക മുന്നേറ്റത്തിലൂടെ എന്ന് പ്രഖ്യാപിച്ച് ഹൈന്ദവം അയ്യപ്പഭക്തസംഗമം കോഴിക്കോട്ട്; സ്വാമി ചിദാനന്ദപുരി മുഖ്യസംഘാടകനായ പരിപാടി 28 ന്; ബാബ രാംദേവിനെയും ശ്രീശ്രീ രവിശങ്കറിനെയും പങ്കെടുപ്പിക്കാനും ശ്രമം

സ്ത്രീകളെ മല കയറ്റിയ പിണറായി സർക്കാരിന് മാപ്പില്ല! ഹൈന്ദവ ഏകീകരണത്തെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തമായ മറുപടി നൽകാതെ വയ്യ; ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി ചൂടുപിടിപ്പിക്കാൻ ഒരുങ്ങി സംഘപരിവാർ; പിണറായിയുടെ നവോത്ഥാനത്തിന് മറുപടിയുമായി നവോത്ഥാനം ആദ്ധ്യാത്മിക മുന്നേറ്റത്തിലൂടെ എന്ന് പ്രഖ്യാപിച്ച് ഹൈന്ദവം അയ്യപ്പഭക്തസംഗമം കോഴിക്കോട്ട്; സ്വാമി ചിദാനന്ദപുരി മുഖ്യസംഘാടകനായ പരിപാടി 28 ന്; ബാബ രാംദേവിനെയും ശ്രീശ്രീ രവിശങ്കറിനെയും പങ്കെടുപ്പിക്കാനും ശ്രമം

കെ വി നിരഞ്ജൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ വോട്ട് പിടിക്കാൻ അവസാന ശ്രമവും പയറ്റുകയാണ് ബിജെപി. ഇത്രയും കാലം പിടിച്ചു നിൽക്കാൻ അവസരം ഒരുക്കിയ ശബരിമല അയ്യപ്പനെ വിടാതെ പിടിച്ചുകൊണ്ടാണ് ബിജെപിയുടെ മുന്നോട്ട് പോക്ക്. അയ്യപ്പനെയും സന്ന്യാസിമാരെയും സന്ന്യാസി മഠങ്ങളെയും ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാനാകുമോ എന്ന ആലോചനയിലാണ് ഹൈന്ദവം എന്ന പേരിൽ 28 ന് കോഴിക്കോട് കടപ്പുറത്ത് അയ്യപ്പഭക്ത സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയമില്ലെന്നും ആധ്യാത്മിക സംഗമം മാത്രമാണെന്നും അവകാശപ്പെടുമ്പോഴും പരിപാടിയുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെയാണെന്ന് വ്യക്തമാണ്. സംഘടിത മതങ്ങൾ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും കൈകടത്തി നേട്ടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയത്തിനും ജാതീയതയ്ക്കും അതീതമായി ഹൈന്ദവ ജനത സംഘടിക്കേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണെന്ന് സംഘാടകർ തന്നെ വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതാക്കൾ മതത്തിൽ ഇടപെടുകയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ആത്മീയ നേതാക്കൾക്ക് രാഷ്ട്രീയത്തിൽ ഇടപെടൽ നടത്താമെന്നും സംഘാടകർ തന്നെ വ്യക്തമാക്കുമ്പോൾ പരിപാടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മറനീക്കി പുറത്തുവരുന്നുണ്ട്.

ശബരിമല ഹൈന്ദവ ഏകോപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയെന്നത് സന്തോഷമാണെന്ന് പരിപാടിയുടെ നോട്ടീസിൽ പറയുന്നു. തിരുവനന്തപുരത്ത് അടുത്തിടെ നടന്ന അയ്യപ്പഭക്ത സംഗമം ചടങ്ങിന്റെ പ്രൗഢി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഹൈന്ദവ ഏകോപനം നടക്കുന്നത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ തകർക്കുമെന്ന് പല രാഷ്ട്രീയ പാർട്ടികളും ഭയക്കുന്നുണ്ട്. ഹൈന്ദവ ഏകീകരണത്തെ തകർക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾക്കുള്ള ശക്തമായ മറുപടിയായി ഹൈന്ദവം അയ്യപ്പഭക്ത സംഗമത്തെ മാറ്റിത്തീർക്കുമെന്നും ചെയർമാൻ സ്വാമി ചിദാനന്ദപുരി വ്യക്തമാക്കുന്നു.

വിവിധ ഹൈന്ദവ സന്ന്യാസിമാരെ ആർഎസ്എസ് രാഷ്ട്രീയ പ്രചാരണ വേദിയിൽ അണിനിരത്താനാണ് നീക്കം. സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിലാണ് സന്ന്യാസിമാരെ അണിനിരത്തിയുള്ള പരിപാടി സംഘടിപ്പിക്കുന്നത്. പുറമെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്ന് അദ്ദേഹം പറയുമ്പോഴും പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇടയ്ക്കിടെ മറനീക്കി പുറത്തുവരുന്നുണ്ട്. നേരത്തെയും ഇപ്പോഴും തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ ചിദാനന്ദപുരി രംഗത്ത് ഇറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് കടപ്പുറത്ത് നടന്ന ധർമ്മ രക്ഷാ സംഗമം ഉദ്ഘാടനം ചെയ്തത് ബാബാ രാംദേവായിരുന്നു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അമൃത കൃപാനന്ദ പുരി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി വിനിശ്ചലാനന്ദ തുടങ്ങിയവർക്കൊപ്പം ഏറെ ആരോപണങ്ങൾ നേരിട്ട ശരവണഭവ മഠം മഠാധിപതി സ്വാമി മുരളീകൃഷ്ണനും പരിപാടിയിൽ പങ്കെടുത്തിരുന്നു. സന്യാസിമാർക്ക് പുറമെ ബിജെപിയുടെ പ്രമുഖരായ നേതാക്കളും കേന്ദ്ര മന്ത്രിമാരുമെല്ലാമായിരുന്നു അന്ന് പരിപാടിയിൽ പങ്കെടുത്തത്. രാഷ്ട്രീയമില്ലെന്ന് ചിദാനന്ദപുരി പറഞ്ഞപ്പോഴും കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നുമായിരുന്നു മുഖ്യപ്രഭാഷണം നടത്തിയ ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞത്. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന തരത്തിൽ ചിദാനന്ദപുരിയും വേദിയിൽ പ്രസംഗിക്കുകയും ചെയ്തു. ഇതേ രീതിയിൽ തന്നെയാണ് 28 ന് കോഴിക്കോട്ട് ഹൈന്ദവം മഹാ സമ്മേളനം നടത്തുന്നത്.

പട്ടയിൽ പ്രഭാകരനാണ് പരിപാടിയുടെ ജനറൽ കൺവീനർ. കാഞ്ചി കാമകോടി പീഠാധിപതി സംപൂജ്യ ശങ്കരാചാര്യ, വിജയേന്ദ്ര തി സ്വാമികൾ, പേജാവാർ മഠാധിപതി വിശ്വേശ തീർത്ഥ സ്വാമികൾ, പ്രകാശാനന്ദ സ്വാമികൾ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കർ ഉൾപ്പെടെയുള്ളവരാണ് സ്വാഗതസംഘം രക്ഷാധികാരികൾ. ശരവണ ബാബ ഉൾപ്പെടെയുള്ളവർ ഉപദേശക സമിതി അംഗങ്ങളാണ്. സംവിധായകൻ അലി അക്‌ബറും പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ട്.

കാസർക്കോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ അയ്യപ്പഭക്തർ പരിപാടിയിൽ പങ്കെടുക്കും. ശബരിമല വിഷയത്തിൽ മലബാറിലെ ഹൈന്ദവരുടെ പ്രതിഷേധത്തിന്റെ ശക്തിപ്രകടനമായി പരിപാടി മാറുമെന്നും ഇത് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നുമാണ് സംഘപരിവാർ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് ശബരിമല കർമ്മ സമിതിയുടെ ബാനറിലായിരുന്നു പരിപാടിയെങ്കിൽ കോഴിക്കോട്ട് സന്യാസിമഠങ്ങളുടെയും ഹിന്ദു സംഘടനകളുടെയും കൂട്ടായ്മയായ സനാതന ധർമ്മ പരിഷത്താണ് ഹൈന്ദവം സംഘടിപ്പിക്കുന്നത്. കുറച്ചു മുമ്പ് ഈ സംഘടനയുടെ സംസ്ഥാന സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമത്തിൽ ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്.

ബാബാ രാംദേവ്, ശ്രീ ശ്രീ രവിശങ്കർ ഉൾപ്പെടെയുള്ളവരെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. അടുത്തിടെ മൂന്നുദിവസം ശ്രീ ശ്രീ രവിശങ്കർ കേരളത്തിൽ സന്ദർശനത്തിനെത്തിയതിനാൽ പരിപാടിയിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ക്ഷാത്രവീര്യവും ബ്രഹ്മതേജസും യോജിക്കുമ്പോൾ ഐശ്വര്യവും സമൃദ്ധിയും വിജയവും നിത്യമായ നീതിയും സംഭവിക്കുമെന്ന ഭഗവദ്ഗീതാ സന്ദേശം ഏറ്റുവാങ്ങിക്കൊണ്ട് ഹൈന്ദവരക്ഷയ്ക്ക് വേണ്ടി നമ്മൾ കോഴിക്കോട് ഒത്തുചേരുന്നുവെന്ന് സംഘാടകർ വ്യക്തമാക്കുന്നു. കോഴിക്കോടിന് ശേഷം കൊച്ചിയിലും ഇത്തരം പരിപാടി സംഘടിപ്പിക്കാൻ നീക്കമുണ്ട്. വരുന്ന തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിർത്താനാണ് സംഘപരിവാർ- ബിജെപി തീരുമാനം. അതിന് സന്ന്യാസിമാരെയും മഠങ്ങളെയും ഉൾപ്പെടെ ഉപയോഗപ്പെടുത്തുകയാണ് ഇവർ. എന്നാൽ ആത്മീയകാര്യങ്ങളുമായി മുന്നോട്ട് പോകുന്ന സന്ന്യാസിമാരെയും മഠങ്ങളെയും വർഗീയവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ വിവിധ ഹൈന്ദവ സംഘടനകളിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉത്തരേന്ത്യൻ മോഡൽ സന്ന്യാസിമാരെ ഉപയോഗിച്ചുള്ള പരിപാടികൾ കേരളത്തിൽ വിലപ്പോകില്ലെന്നും വിവിധ സംഘടനകൾ ഉപദേശം നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP