Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാട്ടുകാരെ നോക്കി നാലാം പ്രതി മൻസൂറിന്റെ ചിരി; കോപാകുലരായ സ്ത്രീകൾ കല്ലെറിഞ്ഞു; അവന്റെ കുഞ്ഞുങ്ങളുടെ കാര്യം പോലും ഇവന്മാർ ഓർത്തില്ലല്ലോ എന്ന് വിലാപവും; സന്ദീപ് വധക്കേസിൽ പ്രതികളെ നാട്ടുകാർ നേരിട്ടത് ഇങ്ങനെ

നാട്ടുകാരെ നോക്കി നാലാം പ്രതി മൻസൂറിന്റെ ചിരി; കോപാകുലരായ സ്ത്രീകൾ കല്ലെറിഞ്ഞു; അവന്റെ കുഞ്ഞുങ്ങളുടെ കാര്യം പോലും ഇവന്മാർ ഓർത്തില്ലല്ലോ എന്ന് വിലാപവും; സന്ദീപ് വധക്കേസിൽ പ്രതികളെ നാട്ടുകാർ നേരിട്ടത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ പെരിങ്ങര സന്ദീപ് വധക്കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഒരു വിധം പൂർത്തിയാക്കി പൊലീസ്. സന്ദീപിനെ കുത്തിയ കലുങ്ക്, പ്രതികൾ ഒന്നിച്ചു കഴിഞ്ഞിരുന്ന കുറ്റപ്പുഴയിലെ ലോഡ്ജ്, ഒളിവിൽ കഴിഞ്ഞ കരുവാറ്റയിലെ ബന്ധു വീട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ഇതു വരെ കൊലപാതകത്തിന്റെ യഥാർഥ കാരണം അറിവായിട്ടില്ല. പ്രതികൾ വ്യക്തിവിരോധമെന്ന് പറഞ്ഞു നിൽക്കുകയാണ്. വ്യക്തി വിരോധമുണ്ടാകാനുള്ള കാരണമാണ് അറിയേണ്ടത്.

പ്രതികളായ പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദുകുമാർ (24), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി 25), കാസർകോട് കുമ്പള സ്വദേശി മൻസൂർ (22) എന്നിവരുമായിട്ടാണ് തെളിവെടുപ്പ് നടന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുമെന്നറിഞ്ഞു ചൊവ്വ രാവിലെ മുതൽ പ്രദേശവാസികൾ സ്ഥലത്ത് കാത്തു നിന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ പ്രതികളുമായി ചാത്തങ്കരിയിൽ സന്ദീപിനെ കൊലപ്പെടുത്തിയ വൈപ്പിൻ പാടത്തെ കലുങ്കിന് സമീപം തെളിവെടുപ്പിന് എത്തിയപ്പോഴാണ് ജനങ്ങളുടെ പ്രതിഷേധമിരമ്പിയത്. മൂന്നു പൊലീസ് വാഹനത്തിൽ കനത്ത പൊലീസ് ബന്തവസിലാണ് അഞ്ചു പ്രതികളെയും കൊണ്ടു വന്നത്. ആദ്യ വാഹനത്തിൽ ഒന്നാം പ്രതി ജിഷ്ണു, അഞ്ചാം പ്രതി വിഷ്ണുകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളുമായി വാഹനം വയലിറമ്പിലേക്ക് എത്തിയപ്പോൾ തന്നെ സ്ത്രീകൾ അടക്കമുള്ളവർ ക്ഷോഭിച്ച് ബഹളമുണ്ടാക്കി.

ഇരുവരേയും വാഹനത്തിൽ നിന്നിറക്കി പൊലീസ് വിവരങ്ങൾ ആരാഞ്ഞ് തുടങ്ങിയതോടെ എതിർദിശയിൽ തടിച്ചുകൂടിയ യുവാക്കളും പാർട്ടി പ്രവർത്തകരും ആക്രോശിച്ചു കൊണ്ട് വാഹനത്തിനടുത്തേക്ക് ഓടിയെത്തി.

രംഗം വഷളാകുമെന്ന് ഉറപ്പിച്ച് പൊലീസ് പ്രതികൾ എല്ലാവരേയും വേഗത്തിൽ വാഹനത്തിൽ കയറ്റി. ഇതോടെ പ്രതികളുടെ വാഹനത്തിന് മുന്നിൽ കയറി തടയാനും ഒരുകൂട്ടർ ശ്രമിച്ചു. തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ ഇടപെട്ട് ഇവരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. പിന്നീട് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ തള്ളി നീക്കി വാഹനങ്ങൾ മുന്നോട്ടെടുത്ത് പ്രതികളുമായി പോകുകയായിരുന്നു. പ്രതികളെ വിട്ടുതരണമെന്നും പരസ്യമായി കൈകാര്യം ചെയ്യണമെന്നും ചില സ്ത്രീകൾ പറഞ്ഞു.

അവന്റെ കുഞ്ഞുങ്ങളുടെ കാര്യം പോലും ഇവന്മാർ ഓർത്തില്ലല്ലോ..' സ്ത്രീകളും കുട്ടികളും പാർട്ടി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ പ്രതികൾക്കെതിരെ അസഭ്യവർഷവും നടത്തി തടിച്ചുകൂടുകയായിരുന്നു. പ്രതികൾക്ക് വി.ഐ.പി പരിഗണന നൽകിയെന്നും ചിലർ ആരോപിച്ചു. ഇതിനിടെ തടിച്ചു കൂടിയവരെ നോക്കി പുഞ്ചിരിച്ച നാലാം പ്രതി മൻസൂറിനെ സ്ത്രീകൾ കല്ലെറിയാനും മുതിർന്നു. കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന പൊലീസ് നിലപാടിലും ജനങ്ങൾ പ്രതിഷേധമുയർത്തി.

കൊലപാതകം വ്യക്തിപരമല്ലെന്നും സന്ദീപിന് ആരോടും പ്രശ്നങ്ങളില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. പിന്നീട് കുറ്റപ്പുഴയിലെ ലോഡ്ജിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോയി. സന്ദീപിനെ കൊലപ്പെടുത്തും മുമ്പ് പ്രതികളെല്ലാം ഇവിടെ ഒത്തുചേർന്നിരുന്നു.

സന്ദീപിനെ കൊലപ്പെടുത്തിയശേഷം ജിഷ്ണുവും സംഘവും രാത്രി ഒളിവിൽ കഴിഞ്ഞ ആലപ്പുഴ കരുവാറ്റയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP