Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൽമാൻ രക്ഷപ്പെടുന്നത് ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ; സാക്ഷി പറഞ്ഞു ഇല്ലാതായ രവീന്ദ്ര പാട്ടിലിന്റെ ദുരിതങ്ങൾ വെറുതെയായി; താരങ്ങൾക്ക് മുമ്പിൽ നീതി പീഠം പോലും നടുവ് വളക്കുന്നത് ഇങ്ങനെ

സൽമാൻ രക്ഷപ്പെടുന്നത് ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ; സാക്ഷി പറഞ്ഞു ഇല്ലാതായ രവീന്ദ്ര പാട്ടിലിന്റെ ദുരിതങ്ങൾ വെറുതെയായി; താരങ്ങൾക്ക് മുമ്പിൽ നീതി പീഠം പോലും നടുവ് വളക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 2002ൽ മുംബൈയിൽ വഴിയരികിൽ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻഖാനെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാകുമ്പോൾ അത് പല ചോദ്യങ്ങളും ബാക്കിയാക്കുന്നു. ഒരു ദിവസം പോലും ജയിലിൽ കിടക്കാതെയാണ് താരം കുറ്റവിമുക്തനാകുന്നത്. മുംബൈ സെഷൻസ് കോടതി ജഡ്ജി ഡി.വി ദേശ്പാണ്ഡെയുടെ അഞ്ച് വർഷത്തെ തടവ് ശിക്ഷയിൽ മണിക്കൂറുകൾ കൊണ്ട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയതിനാൽ സൽമാന് ജയിലിൽ പോകേണ്ടി വന്നിരുന്നില്ല. പണമുള്ളവന് ഇന്ത്യൻ ജുഡീഷ്യറിയെ വിലയ്ക്ക് വാങ്ങാം എന്നതിന്റെ തെളിവായാണ് ഈ കേസിനെ പല നിയമവിദഗ്ധരും വിലയിരുത്തുന്നത്. സൽമാൻ ഖാന്റെ ബോഡിഗാർഡ് രവീന്ദ്ര പാട്ടീൽ പൊലീസിനു നൽകിയ മൊഴി പോലും ഹൈക്കോടതി വിശ്വാസത്തിലെടുക്കുന്നില്ല. ഈ മൊഴിയും ഈ പൊലീസുകാരന്റെ ജീവിതവും മാത്രം മതി കേസിലെ സ്വാധീന ശക്തിയുടെ കരുത്ത് വ്യക്തമാകാൻ. എന്നാൽ ഇയാളുടെ മൊഴി കോടതിയിൽ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് ഹൈക്കോടതിയുടെ അന്തിമ വിധി.

കേസിൽ അഞ്ച് വർഷം തടവുശിക്ഷ വിധിച്ചതോടെ സൽമാൻ ജയിലിൽ പോകേണ്ട ഘട്ടത്തിലായിരുന്നു കാര്യങ്ങൾ. ഇതോടെ ബന്ധുക്കളും അദ്ദേഹത്തിന്റെ അഭിഭാഷകരും ഉടനടി കാര്യങ്ങൾ നീക്കി. കീഴ്‌കോടതി വിധിക്കെതിരെ മുംബൈ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയാണ് ഉണ്ടായത്. വിധി വന്ന് മൂന്ന് മണിയോടെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സൽമാന് വേണ്ടി മുതിർന്ന അഭിഭാഷകർ ഹരീഷ് സാൽവ തന്നെ കോടതിയിൽ ഹാജരായി. മുംബയ് സെഷൻസ് കോടതിയുടെ വിധി പകർപ്പ് പൂർണമായും ലഭിച്ചില്ലെങ്കിലും ശിക്ഷ വിധിച്ചതിന്റെ ഭാഗങ്ങൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നാടകീയ സംഭവങ്ങളാണ് അന്നുണ്ടായത്. സാധാരണക്കാർക്ക് നിഷേധിക്കപ്പെടുന്ന പലതും അന്ന് സംഭവിച്ചു. ഇപ്പോഴിതാ മുമ്പിലുള്ള തെളിവുകൾ എല്ലാം തള്ളിക്കളഞ്ഞ് കുറ്റവിമുക്തനുമാക്കുന്നു.

സൽമാൻ ഖാന് പൊലീസ് ഏർപ്പെടുത്തിയ ബോഡി ഗാർഡായിരുന്ന രവീന്ദ്ര പാട്ടീൽ എന്ന ഇരുപത്തിനാലുകാരനായിരുന്ന കേസിലെ പ്രധാന സാക്ഷി. മുംബൈ അധോലോകത്തിൽ നിന്ന് ഭീഷണിയുണ്ടെന്ന് സൽമാൻ പരാതിപ്പെട്ടപ്പോഴാണ് 2002ൽ സേന സൂപ്പർ താരത്തിന് സംരക്ഷണത്തിനായി ബോഡി ഗാർഡിനെ ഏർപ്പെടുത്തിയത്. പാട്ടീലിന്റെ ജീവിതം മാറിമറിഞ്ഞത് സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്. ജുഹുവിലെ മാരിയറ്റ് ഹോട്ടലിൽ നിന്ന് സൽമാൻ മദ്യപിച്ചെത്തിയ രാത്രിയാണ് പാട്ടീലിന്റെയും വിധി നിർണയിച്ചത്. പുറത്ത് സൽമാന്റെ കാറിലായിരുന്നു ഈ സമയം പാട്ടീൽ. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് അതിവേഗതയിൽ കാറോടിച്ചപ്പോൾ തന്നെ വേഗത കുറയ്ക്കാൻ സൽമാനോട് രവീന്ദ്ര പാട്ടീൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോഡിഗാർഡിന്റെ നിർദ്ദേശം അനുസരിക്കാൻ സൽമാൻ തയ്യാറായില്ല. പിന്നീടാണ് അപകടം നടക്കുന്നത്.

എന്നാൽ, അപകടം നടന്നശേഷം മൃതപ്രായവരെ രക്ഷിക്കാൻ കൂട്ടാക്കുന്നതിനു പകരം സ്ഥലത്തുനിന്ന് രക്ഷപ്പെടാനായിരുന്നു സൽമാന്റെ ശ്രമം. ഇക്കാര്യം പാട്ടീൽ പിന്നീട് മൊഴി നൽകുകയും ചെയ്തു. 8 മണിക്കൂറിനുശേഷം സൽമാൻ അറസ്റ്റിലാകുമ്പോൾ നടത്തിയ പരിശോധനിയിൽ അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അംശം 65 മില്ലീ ഗ്രാം ആയിരുന്നു. സൽമാനെതിരെ പാട്ടീൽ പൊലീസിൽ മൊഴി കൊടുക്കുകയും ചെയ്തു. പണവും സ്വാധീനവും കേസ് നീളാൻ ഇടയാക്കി. പ്രധാന സാക്ഷിയായ പാട്ടീലിനെ സ്വാധീനിക്കാൻ ഇതിനിടെ പലരും ശ്രമിച്ചു. പൊലീസ് സേനയിൽ നിന്നും ഇത്തരത്തിൽ സ്വാധീനിക്കാൻ ശ്രമം ഉണ്ടായി. പക്ഷേ തന്റെ മൊഴിയിൽ ഉറച്ചു നിന്ന പാട്ടീൽ നിയമം ലംഘിക്കാൻ തനിക്കാകില്ലെന്നു വ്യക്തമാക്കി. ഇതോടെ പീഡനം തുടങ്ങി. ഒടുവിൽ കടുത്ത സമ്മർദം താങ്ങാനാകാതെ ഒരുദിവസം രവീന്ദ്ര പാട്ടീൽ എങ്ങോട്ടോ ഓടിപ്പോയി. പാട്ടീലിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വാദം കേൾക്കാനായി കോടതി കൂടിയപ്പോഴൊന്നും പാട്ടീൽ ഹാജരായില്ല.

കേസിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ പാട്ടീലിന്റെ അഭാവത്തിൽ പൂർണമായി നിലച്ചു. ഒരു ലീവ് പോലും എഴുതി നൽകാതെ പോയ അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. കേസിന്റെ എഫ്‌ഐആർ തയ്യാറാക്കിയ ഉദ്യോഗസ്ഥൻ തന്നെ പാട്ടീലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രത്യേക അന്വേഷണ സംഘം പാട്ടീലിനെ പിടികൂടാൻ രൂപീകരിച്ചു. മുംബൈയിലെ ഒരു ചെറുകിട ലോഡ്ജിൽ നിന്ന് പാട്ടീലിനെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പാട്ടീലിനെ പിന്നീട് അർതർ റോഡ് ജയിലിലേക്ക് മാറ്റി. അദ്ദേഹം എന്തിന് ഓടിപ്പോയെന്നോ എങ്ങോട്ട് പോയെന്നോ ആരും അന്വേഷിച്ചില്ല. ജയിൽ മോചിതനാക്കണമെന്ന് പല തവണ കോടതിയോടപേക്ഷിച്ചിട്ടും വിധി അനുകൂലമായില്ല. അവിടെ വച്ച് അദ്ദേഹത്തിന് ട്യൂബർകുലോസിസ് പിടിപെട്ടു. മാസങ്ങൾക്ക് ശേഷം പാട്ടീൽ ജയിൽ മോചിതനായി. തിരിച്ചെത്തിയ അദ്ദേഹത്തെ വീട്ടുകാർ സ്വീകരിച്ചില്ല. അതിനിടെ ജോലിയും നഷ്ടമായി.

വീണ്ടും പാട്ടീലിനെ കാണാതായി. 2007ൽ മുംബൈയിലെ ഒരു തെരുവിൽ ഭിക്ഷ തെണ്ടിയിരുന്ന പാട്ടീലിനെ സുഹൃത്ത് തിരിച്ചറിഞ്ഞു. മൃതപ്രായനായ അദ്ദേഹത്തെ ആ സുഹൃത്ത് അവിടുത്തെ ഒരു സർക്കാർ ആശുപത്രിയിലാക്കി. അരോഗദൃഢഗാത്രനായിരുന്ന ആ ചെറുപ്പക്കാരൻ അപ്പോഴേക്ക് എല്ലുകൾ മാത്രമുള്ള വെറുമൊരു ശരീരമായി മാറിയിരുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം ഛർദ്ദിച്ച് നരകിച്ച് ഒടുവിൽ 2007 ഒക്ടോബർ 4ന് പാട്ടീലിന്റെ ജീവൻ നഷ്ടമായി. 'ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു. പക്ഷേ ഡിപ്പാർട്ട്‌മെന്റ് എന്റെ കൂടെ നിന്നില്ല. എനിക്ക് എന്റെ ജോലി തിരികെ വേണം. എനിക്ക് ജീവിക്കണം' എന്നായിരുന്നു മരിക്കുന്നതിന് ആഴ്ചകൾക്കു മുമ്പ് പാട്ടീൽ തന്റെ സുഹൃത്തിനോടു പറഞ്ഞത്. പണത്തിനും സ്വാധീനത്തിനും മുന്നിൽ സത്യസന്ധതയ്ക്കും ജോലിയോടുള്ള ആത്മാർഥതയ്ക്കും ഒരു വിലയും ഇല്ലെന്ന സന്ദേശമാണ് രവീന്ദ്ര പാട്ടീലിന്റെ ജീവിതം പങ്കുവച്ചത്. സെഷൻസ് കോടതി വിധിയോടെ മരണത്തിന് ശേഷം രവീന്ദ്ര പാട്ടീലിന്റെ നിലപാടുകളെ ജനം കൈയടിച്ചു. എന്നാൽ ബോംബെ ഹൈക്കോടതി വിധിയോടെ ഈ യുവാവിന്റെ സത്യസന്ധത വീണ്ടും വെറുതെയായി.

2002ലെ വാഹനാപകട വേളയിൽ സൽമാൻ മദ്യലഹരിയിലായിരുന്നുവെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് ബോംബെ ഹൈക്കോടതി ജസ്റ്റിസ് എ.ആർ. ജോഷി അഭിപ്രായപ്പെട്ടത്. നടന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പൊലീസ് കോൺസ്റ്റബിൾ രവീന്ദ്ര പാട്ടീലിന്റെ ദൃക്‌സാക്ഷി മൊഴിയിൽ കോടതി സംശയം പ്രകടിപ്പിച്ചത് നിയമ വിദഗ്ധരിൽ പോലും അൽഭുതമുണ്ടാക്കിയിരുന്നു. അപകടം നടന്നയുടൻ പാട്ടീൽ പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നില്ല. പിന്നീടു മജിസ്‌ട്രേട്ടിനു നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ഇങ്ങനെ മാറ്റിപ്പറഞ്ഞിരിക്കുന്ന സാക്ഷിയെ പൂർണമായി വിശ്വസിക്കാനാകില്ലെന്നു ജഡ്ജി നിരീക്ഷിച്ചു. 2007ൽ രവീന്ദ്ര പാട്ടീൽ മരണമടഞ്ഞതിനാൽ വിചാരണക്കോടതിയിൽ വിസ്തരിക്കാനായിരുന്നില്ല. അങ്ങനെ സൽമാൻ രക്ഷപ്പെട്ടു. സത്യം പുറത്തുകൊണ്ടുവരാൻ സ്വന്തം ജീവതം ബലികഴിച്ച രവീന്ദ്ര പാട്ടീൽ അനുഭവിച്ച ദുരിതങ്ങൾക്ക് അങ്ങനെ അർത്ഥമുണ്ടാകാതെ പോയി.

കീഴ്‌കോടതിയുടെ ശിക്ഷ ശരിവച്ചിരുന്നുവെങ്കിൽ ബോളിവുഡിന് ആയിരം കോടിയുടെ നഷ്ടമുണ്ടാകുമായിരുന്നു. സൽമാനെ മുന്നിൽകണ്ട് തയ്യാറാക്കിയ സിനിമാ പദ്ധതികളും ടെലിവിഷൻ പ്രോഗ്രാമുകളുമാണ് ഇപ്പോഴത്തെ വിധിയിലൂടെ രക്ഷപ്പെടുന്നത്. ബജ്‌റംഗി ഭായ് ജാൻ എന്ന സിനിമ സൂപ്പർ ഹിറ്റായതോടെ സൽമാന്റെ ബോളിവുഡിലെ വിപണി മൂല്യം വർദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സൽമാന് വേണ്ടി പ്രാർത്ഥനയോടെ ബോളിവുഡ് കാത്തിരുന്നതും. പ്രണയത്തകർച്ചകളുമായി ബന്ധപ്പെട്ട വിവാദം, തോക്ക് അനധികൃതമായി കൈവശം വച്ച കേസ്, കാറിടിച്ച് കൊലപ്പെടുത്തൽ, നിശാപാർട്ടികളിലെ തല്ലും വഴക്കും ഇങ്ങനെ ബോളിവുഡിന്റെ വിവാദതോഴനായ സൽമാൻ ഖാൻ 2009 മുതൽ വിവാദങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. മാൻവേട്ട കേസും നരഹത്യാ കേസും പൊതുജീവിതത്തിനേൽപ്പിച്ച ആഘാതവും മാനസിക സമ്മർദ്ദങ്ങളും സൽമാനെ മറ്റൊരു മനുഷ്യനാക്കിയിരുന്നുവെന്നാണ് ബോളിവുഡിന്റെ അകാശവാദം. ഇതായാലും ഇന്ന ശിക്ഷാവിധിയിൽ ബോളിവുഡ് ആഹ്ലാദത്തിലാണ്.

സെക്ഷൻ 304 (2) വകുപ്പ്, 279ാം വകുപ്പ്, 337, 338 വകുപ്പുകൾ പ്രകാരമായിരുന്നു കീഴ്‌കോടതിയുടെ ശിക്ഷ. സൽമാനെതിരെ ചുമത്തിയ എട്ടുകുറ്റങ്ങളും തെളിഞ്ഞതായും കോടതി കണ്ടെത്തി. എന്നാൽ, മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കമുള്ള കുറ്റങ്ങൾ എല്ലാം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് അപ്പീലിലുള്ള ഹൈക്കോടതി വിധി. നേരത്തെ ചെറിയ കുറ്റമാണ് പൊലീസ് സൽമാനെതിരെ ചുമത്തിയത്. എന്നാൽ 17 ദൃക്‌സാക്ഷികളെ വിചാരണ ചെയ്തശേഷം മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് തന്നെ കൂടുതൽ ശക്തമായ വകുപ്പായ മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം ചുമത്തുകയായിരുന്നു. ഇതോടെയാണ് കേസ് സെഷൻസ് കോടതിയുടെ മുന്നിലെത്തിയത്. അത്തരമൊരു കേസിലാണ് ഹൈക്കോടതി താരത്തെ പൂർണ്ണമായും കുറ്റവിമുക്തനാക്കിയത്. സൽമാൻ ഖാൻ മദ്യപിച്ച് ഓടിച്ച എസ്.യു.വി ഇടിച്ച് ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കേസ്. 2002 സെപ്റ്റംബർ 28 നായിരുന്നു സംഭവം.

സാക്ഷി മൊഴികളാണ് താരത്തിന് കീഴ്‌കോടതി ശിക്ഷ വിധിക്കാൻ ഇടയാക്കിത്. അപകടം നടന്ന സ്ഥലത്തിനടുത്തെ ഹോട്ടലിൽ സെക്യൂരിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സച്ചിൻ കദം എന്നയാൾ നൽകിയ മൊഴിയനുസരിച്ച് സൽമാൻ ഖാനെ അവിടെ കണ്ടതായി പറയുന്നു. ഈ മൊഴിയിൽ തന്നെ അദ്ദേഹം ഉറച്ചു നിന്നു. അതിവേഗതയിൽ വന്ന കാർ ആണ് അപകടം വരുത്തിയതെന്നും ഡ്രൈവറുടെ സീറ്റിൽ നിന്ന് സൽമാൻ ഖാൻ പുറത്തേക്ക് ഇറങ്ങുന്നതായി കണ്ടുവെന്നും മറ്റൊരു സാക്ഷിയും മൊഴി നൽകിയിരുന്നു. സൽമാൻ നല്ലപോലെ മദ്യപിച്ചിരുന്നതായും വേറൊരു സാക്ഷി മൊഴിയുണ്ട്. അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ തുനിയാതെ സൽമാൻ കാറിൽ നിന്ന് ഇറങ്ങി ഓടിയതായും സാക്ഷി മൊഴിയിൽ ഉണ്ട്. സൽമാന്റെ രക്ത പരിശോധന നടത്തിയതിൽ 0.062 ശതമാനം ആൽക്കഹോളിന്റെ അംശം കണ്ടത്തെിയതായി മെഡിക്കൽ റിപ്പോർട്ട് പറയുന്നു. ഇത് അനുവദനീയമായതിലും ഇരട്ടിയിലായതെന്നും കീഴ്‌കോടതി കണ്ടെത്തി.

അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ പൊലീസ് കോൺസ്റ്റബിൾ രവീന്ദ്ര പാട്ടീലടക്കമുള്ളവർ മൊഴി നൽകിയിരുന്നു. എന്നാൽ ഈ പൊലീസുകാരൻ 2007ൽ മരണമടഞ്ഞു. ഏപ്രിൽ 20ന് കോടതിയിൽ പ്രോസിക്യൂഷൻ സാക്ഷിയായി എത്തിയ ഡ്രൈവർ അശോക് സിങ് മറിച്ചു മൊഴി നൽകി. താനാണ് കാർ ഓടിച്ചിരുന്നതെന്ന് അശോക് സിങ് കോടതിയിൽ പറഞ്ഞിരുന്നു. കേസ് വാദം നടന്ന 13 വർഷത്തിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മലക്കം മറിച്ചിൽനടത്തിയത്. മദ്യം കഴിച്ചിരുന്നില്ലെന്നും ഹോട്ടലിൽനിന്നും വെള്ളം മാത്രമാണ് കുടിച്ചതെന്നും സൽമാനും മൊഴി നൽകി. വാഹനത്തിന്റെ ടയർ ഊരിപ്പോയതാണ് അപകടകാരണമെന്നായിരുന്നു സൽമാന്റെ വാദം. ഇതാണ് ബോംബെ ഹൈക്കോടതി മുഖവിലയ്ക്ക് എടുക്കുന്നത്.

ഇവിടെ നിതീ നിഷേധിക്കപ്പെടുന്നത് സൽമാൻ മദ്യലഹരിയിൽ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP