Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുഭാഗത്തു ധൂർത്ത് മറുഭാഗത്ത് മുണ്ടുമുറുക്കി ചെലവ് കുറയ്ക്കാൻ ഉപദേശവും; അർഹതയില്ലാത്തവർക്കും ആശ്രിത നിയമനത്തിന്റെ പേരിൽ സൂപ്പർ ന്യൂമററി പോസ്റ്റ് നൽകി ഖജനാവിൽ കൊള്ളയടി; എട്ടുവർഷത്തിനിടെ ശമ്പളയിനത്തിൽ മാത്രം അധിക തസ്തികകൾക്ക് ചെലവ് 2500 കോടി; ഒരുകൺട്രോളുമില്ലാതെ വരുമാന പരിധി ലംഘിച്ചും ആശ്രിത നിയമനം; പറ്റിക്കുന്നത് പിഎസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്ന 50 ലക്ഷത്തോളം പേരെ; തിരുകി കയറ്റലിൽ റെക്കോഡിടുമോ പിണറായി സർക്കാർ?

ഒരുഭാഗത്തു ധൂർത്ത് മറുഭാഗത്ത് മുണ്ടുമുറുക്കി ചെലവ് കുറയ്ക്കാൻ ഉപദേശവും; അർഹതയില്ലാത്തവർക്കും ആശ്രിത നിയമനത്തിന്റെ പേരിൽ  സൂപ്പർ ന്യൂമററി പോസ്റ്റ് നൽകി ഖജനാവിൽ കൊള്ളയടി; എട്ടുവർഷത്തിനിടെ ശമ്പളയിനത്തിൽ മാത്രം അധിക തസ്തികകൾക്ക് ചെലവ് 2500 കോടി; ഒരുകൺട്രോളുമില്ലാതെ വരുമാന പരിധി ലംഘിച്ചും ആശ്രിത നിയമനം; പറ്റിക്കുന്നത് പിഎസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്ന 50 ലക്ഷത്തോളം പേരെ; തിരുകി കയറ്റലിൽ റെക്കോഡിടുമോ പിണറായി സർക്കാർ?

എം മനോജ് കുമാർ

 തിരുവനന്തപുരം: ആശ്രിത നിയമനത്തിന്റെ പേരിൽ ഇല്ലാത്ത സൂപ്പർന്യൂമററി പോസ്റ്റുകൾ നിരന്തരം ക്രിയേറ്റ് ചെയ്ത് ഖജനാവിന് സർക്കാർ കോടികൾ നഷ്ടമാക്കുന്നു. മുണ്ട് മുറുക്കിയുടുത്ത് ചെലവും ധൂർത്തും കുറയ്ക്കണമെന്നു ധനമന്ത്രി തന്നെ ആവർത്തിച്ച് പറയുമ്പോൾ തന്നെയാണ് മറുവശത്ത് സർക്കാർ തന്നെ നടത്തുന്ന ശമ്പള ധൂർത്തിന്റെ ചിത്രം വ്യക്തമാകുന്നത്. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനായി പ്രതിമാസം 3500 കോടിയോളം രൂപ വേണ്ടി വരുന്ന അവസ്ഥയിൽ തന്നെയാണ് സൂപ്പർ ന്യൂമററി തസ്തികകൾ വഴി വരുന്ന ഖജനാവ് ചോർച്ചയ്ക്ക് നേരെ സർക്കാർ കണ്ണടയ്ക്കുന്നത്. കൊറോണ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ നിർബന്ധപൂർവ്വം സാലറി ചാലഞ്ച് നടത്തി ജീവനക്കാരുടെ ശമ്പളം പിടിച്ച സർക്കാർ നടപടി മുന്നിൽ നിൽക്കെ തന്നെയാണ് സർക്കാർ തന്നെ നടത്തുന്ന ശമ്പളധൂർത്ത് ചർച്ചയായി മാറുന്നത്. .

ആശ്രിത നിയമനം എന്ന് പേര് പറഞ്ഞു ഇല്ലാത്ത സൂപ്പർ ന്യൂമററി തസ്തികകൾ യഥേഷ്ടം വാരിവിതറിയാണ് കോടികളുടെ വരുമാന നഷ്ടം സർക്കാർ ഖജനാവിന് വരുത്തിവയ്ക്കുന്നത്. സർക്കാർ പോസ്റ്റുകളിൽ അഞ്ച് ശതമാനം ആശ്രിത നിയമനം എന്ന ചട്ടത്തിന്റെ മറവിലാണ് സർവീസിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത്. 2012 മുതൽ 2018 വരെ വരെ സൃഷ്ടിച്ച 13000ത്തോളം സൂപ്പർ ന്യൂമററി പോസ്റ്റ് വഴി ഈ കാലയളവിൽ ഈ ജീവനക്കാർക്ക് ശമ്പളയിനത്തിൽ മാത്രം സർക്കാർ ചെലവാക്കിയത് 1500 കോടി രൂപയാണ്. 2020 ആകുമ്പോഴേക്കും ഈ തുക 2500 കോടിയാകും എന്നാണ് എന്നാണ് ധനകാര്യവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 50 ലക്ഷത്തോളം പേരാണ് പിഎസ്‌സി എഴുതുകയും ജോലിക്ക് കാത്തിരിക്കുകയും ചെയ്യുന്നത്. ഇവരുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്‌ത്തിയാണ് ആശ്രിത നിയമനമെന്ന പിൻവാതിൽ നിയമനങ്ങൾ നടക്കുന്നത്. സർക്കാർ നിയമനങ്ങൾ മുഴുവൻ പിഎസ്‌സി വഴി മാത്രം നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. അഞ്ചു ശതമാനം മാത്രമാണ് ആശ്രിത നിയമനം. ഇരുപത് പോസ്റ്റുകൾ വന്നാൽ അതിൽ ഒരു നിയമനം ആശ്രിത നിയമനം എന്നാണ് കണക്ക്. എന്നാൽ ഇല്ലാത്ത തസ്തികൾ അധികമായി സൃഷ്ടിച്ച് ന്യൂമററി പോസ്റ്റുകൾ വഴി എല്ലാം സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന കുടുംബങ്ങൾക്ക് വരെ സർക്കാർ ആശ്രിത നിയമന പ്രകാരം ജോലി നൽകുന്നു. നിയമനപ്രക്രിയയുടെ അട്ടിമറിയാണ് നടക്കുന്നത്.

സർക്കാർ ജീവനക്കാരുടെ ബൈബിൾ ആയ കേരള സർവീസ് റൂളിൽ പോലും സൂപ്പർ ന്യൂമററി തസ്തിക എന്നവാക്ക് പോലുമില്ല. ഫിനാൻഷ്യൽ കോഡിൽ മാത്രമാണ് ഈ തസ്തികയെക്കുറിച്ച് പ്രതിപാദിക്കുന്നത്. സൂപ്പർ ന്യൂമററി തസ്തികൾ സൃഷ്ടിക്കാൻ വകുപ്പില്ല. നിലവിൽ ജോയിൻ ചെയ്തിരിക്കുന്ന ജീവനക്കാരന് അപൂർവ അവസരങ്ങളിൽ തസ്തിക നഷ്ടമാകുമ്പോൾ മാത്രമാണ് സൂപ്പർ ന്യൂമററി എടുത്തുപയോഗിക്കാൻ അനുവാദം നൽകുന്നത്. അത് തന്നെ തസ്തിക വരുമ്പോൾ നികത്തുകയും വേണം. സൂപ്പർ ന്യൂമററി പോസ്റ്റിനു അധിക ബാധ്യത വരില്ല. അധിക ബാധ്യത വരരുത് എന്ന് ഫിനാൻഷ്യൽ കോഡിൽ പറയുന്നുമുണ്ട്. എന്നാൽ ഫിനാൻഷ്യൽ കോഡിൽ നിന്നും ഈ പേര് കടംകൊണ്ട സർക്കാർ അതിന്റെ തലവരി തന്നെ മാറ്റിമറിച്ചാണ് നടപ്പിലാക്കിയത്. താത്ക്കാലിക അടിസ്ഥാനത്തിലാണ് ഇവരെ സർവീസിൽ എടുത്തു. ഇവർക്ക് ജോലിയില്ല. ഈ പ്രോസസ് ഇപ്പോഴും തുടരുകയാണ്. സൂപ്പർ ന്യുമററി തസ്തികയുടെ മറവിൽ സർവീസിൽ ജീവനക്കാർ ജീവനക്കാർ കൂടി വരുകയുമാണ്.

എന്നാൽ നിലവിൽ ആശ്രിത നിയമനം എന്ന പേരിൽ തസ്തികകൾ സർക്കാർ യഥേഷ്ടം സൃഷ്ടിക്കുകയാണ്. ഇവർക്ക് ജോലിയുമില്ല. എന്നാൽ ശമ്പളം ലഭിക്കുകയും ചെയ്യും. ഇവർ സർവീസിൽ സ്ഥിരം ആകും വരെ ശമ്പളം വാങ്ങാം. ഇങ്ങനെ സൂപ്പർ ന്യൂമററി തസ്തികകൾ വാരി വിതറി കോടികൾ ജീവനക്കാർക്ക് സർക്കാർ വെറുതെ നൽകുകയാണ്. സൂപ്പർ ന്യൂമററി തസ്തികൾ വഴി സർക്കാർ ഖജനാവിന് കോടികൾ നഷ്ടമാകുമ്പോഴും ഈ നിയമനങ്ങൾക്ക് നേരെ സർക്കാർ കണ്ണടയ്ക്കുകയാണ്. പ്രശ്‌നമായാൽ ഉരുളുക അസംഖ്യം തലകൾ എന്നതിനാലാണ് ഈ തസ്തിക വഴി വരുന്ന ധനചോർച്ചയ്ക്ക് ചർച്ചയിൽ പോലും വരാതെ സർക്കാർ അപ്രസക്തമായി നിർത്തുന്നത്.

സൂപ്പർ ന്യൂമററി എന്നത് ഷാഡോ പോസ്റ്റാണ്. ഇങ്ങിനെ സർവീസിൽ കയറുന്ന ഒരാൾ പോസ്റ്റ് സ്ഥിരമാകുന്നത് വരെ ഒരു ജോലിയും ചെയ്യേണ്ടതില്ല. എന്ന് പോസ്റ്റ് സ്ഥിരമാകുന്നുവോ അന്ന് മാത്രം ജോലി ചെയ്തു തുടങ്ങിയാൽ മതി. പോസ്റ്റ് സ്ഥിരമാകാൻ വർഷങ്ങൾ പിടിച്ചാലും ഭയക്കേണ്ടതില്ല. അതുവരെ ശമ്പളം അക്കൗണ്ടിൽ വീണു കൊണ്ടിരിക്കും. ഒരു ജോലിയും ചെയ്യാതെ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഒരു വലിയ വിഭാഗം സർവീസിൽ തുടരുമ്പോൾ തന്നെയാണ് ഇപ്പോൾ വീണ്ടും സൂപ്പർ ന്യൂമററി പോസ്റ്റ് വീണ്ടും ചർച്ചയാകുന്നത്. സൂപ്പർ ന്യൂമററി പോസ്റ്റും ആശ്രിത നിയമനവും ഒരു കാലത്തും ചോദ്യം ചെയ്യപ്പെടില്ല എന്നും സർക്കാർ ധരിക്കേണ്ടതുമില്ല. ആലപ്പുഴ തുറവൂർ സ്വദേശിയായ നീരജ് നാരായണൻ 2018-ൽ ഹൈക്കോടതിയിൽ നൽകിയ കേസ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ വിധിയോടെ സുപ്പർ ന്യൂമററി തസ്തികയിലും ആശ്രിത നിയമന കാര്യത്തിലും സർക്കാർ വെട്ടിൽ വീഴും. പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യപ്പെടുമ്പോൾ അഞ്ച് ശതമാനം മാത്രമാണ് ആശ്രിത നിയമനത്തിനു വ്യവസ്ഥയുള്ളത്. ഈ അഞ്ചു ശതമാനം എങ്ങനെയൊക്കെ വിവിധ സർക്കാരുകൾ മറികടന്നുവെന്ന് തെളിയുമ്പോൾ ഇതിനെല്ലാം തന്നെ സർക്കാർ ഹൈക്കോടതിയിൽ ഉത്തരം നൽകേണ്ടിയും വരും.

ആശ്രിത നിയമനം എന്ന പേരിൽ ഇല്ലാത്ത പോസ്റ്റുകൾ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കുന്നത് വഴിയാണ് 2012 മുതലുള്ള ആറു വർഷക്കാലം 1500 കോടി രൂപ സർക്കാർ പാഴാക്കിക്കളഞ്ഞിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ബൈബിൾ ആയ കേരള സർവീസ് റൂളിൽ പോലും സൂപ്പർ ന്യൂമററി തസ്തിക എന്നവാക്ക് പോലും ഇല്ലാതിരിക്കെയാണ് സൂപ്പർ ന്യൂമററി തസ്തികകൾ വാരി വിതറി സർക്കാർ കോടികൾ ജീവനക്കാർക്ക് വെറുതെ നൽകുന്നത്. സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് ഒരു ജോലി പോലും നൽകരുതെന്നാണ് സർവീസ് ചട്ടം. കെഎസ്ആറിൽ ഇങ്ങനെ ഒരു പോസ്റ്റോ ചട്ടമോ നിലവിലില്ല. ഈ പേരുള്ളത് കേരള ഫിനാൻഷ്യൽ കോഡിലാണ്. ഈ ഫിനാൻഷ്യൽ കോഡിൽ നിന്നും കടംകൊണ്ട സൂപ്പർന്യൂമററിയാണ് കെഎസ്ആർ റൂളുകൾ കാറ്റിൽപ്പറത്തി സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ഷാഡോ പോസ്റ്റ് മാത്രമാണിത്.

ആശ്രിത നിയമനം റൈറ്റ് അല്ല പ്രിവിലേജ് മാത്രം

ആശ്രിത നിയമനത്തിന്റെ നിഴലിലാണ് സൂപ്പർ ന്യൂമററി തസ്തികകൾ ക്രിയേറ്റ് ചെയ്യപ്പെടുന്നത്. ആശ്രിത നിയമനം തന്നെ കണ്ണും പൂട്ടിയാണ് സർക്കാർ നടപ്പിലാക്കുന്നത്. സർവീസിൽ ഇരിക്കെ ജീവനക്കാരൻ മരിക്കുമ്പോൾ അവകാശികൾക്ക് ജോലി ലഭിക്കും എന്നതിന് നിയമമൊന്നുമില്ല. ഇത് സർക്കാരിന്റെ വിവേചന അധികാരത്തിൽപ്പെട്ട കാര്യം കൂടിയാണ്. മരിക്കുന്ന ആളുടെ കുടുംബത്തിന്റെ പശ്ചാത്തലം കൂടി നോക്കി വേണം കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാൻ. ഇത് പാലിക്കപ്പെടുന്നില്ല. ജീവനക്കാരൻ മരിച്ചാൽ അപേക്ഷ നോക്കി ആ അപേക്ഷയിൽ പറയുന്ന ആൾക്ക് ജോലി നൽകുകയാണ് ചെയ്യുന്നത്. പലപ്പോഴും അഞ്ചു ശതമാനം സംവരണം എന്ന് കൂടി പാലിക്കപ്പെടുന്നില്ല. സൂപ്പർ ന്യൂമററി പോസ്റ്റുകൾ അധിക തസ്തികകൾ സൃഷ്ടിച്ചാണ് ഇവർക്ക് ജോലി നൽകുന്നത്. പോസ്റ്റ് സ്ഥിരമാകുന്നത് വരെ ഇവർ ജോലിയും ചെയ്യേണ്ടതില്ല. ഒട്ടനവധി മാനദണ്ഡങ്ങൾ ഈ നിയമനത്തിനുണ്ട്. ഇത് പാലിക്കപ്പെടാത്തതുകൊണ്ടാണ് ആശ്രിത നിയമനങ്ങൾ ഒരു കൺട്രോളുമില്ലാതെ നടപ്പിലാകുന്നത്.

സർക്കാർ ജീവനക്കാരൻ മരിച്ചാൽ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകിയില്ലെങ്കിൽ കുടുംബം പട്ടിണിയാകും എന്ന ഘട്ടത്തിൽ അവകാശികൾക്ക് ജോലി നൽകാം. അത് പക്ഷെ സർക്കാരിനു കൂടി ബോധ്യപ്പെടണം. മരിച്ച ജീവനക്കാരന്റെ കുടുംബത്തിൽ സർക്കാർ ജോലിയുള്ള ആളുകൾ ഉണ്ടെങ്കിൽ ജോലി നൽകാൻ സർക്കാരിനു ബാധ്യതയില്ല. ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാർ. ഭർത്താവ് മരിക്കുന്നു. ഭർത്താവ് മരിച്ചാൽ കുടുംബത്തിലെ മറ്റൊരാൾക്ക് ജോലി നൽകേണ്ട ആവശ്യമില്ല. മകൻ മരിക്കുകയാണെങ്കിൽ അമ്മയും അച്ഛനും സർക്കാർ ജീവനക്കാർ ആണെങ്കിൽ വേറെ ആർക്കും ജോലി നൽകേണ്ട ആവശ്യമില്ല. പക്ഷെ മിക്കവരും ജോലി നേടുന്നു.

ലംഘിക്കപ്പെടുന്നത് വരുമാന പരിധി

സർക്കാർ ജീവനക്കാരൻ മരിച്ചാൽ കുടുംബത്തിനു ജോലി ലഭിക്കാൻ വരുമാന പരിധിയുണ്ട്. അത് തുടക്ക വർഷങ്ങളിൽ ഒന്നര ലക്ഷം രൂപയായിരുന്നു. പ്രതിവർഷം ഒന്നരലക്ഷം രൂപയിൽ കുടുംബത്തിന്റെ വരുമാനം കൂടരുത്. ഇത് ഓരോ സർക്കാരുകളുടെ കാലത്തും മാറിമറിഞ്ഞുകൊണ്ടിരുന്നു. വരുമാനപരിധി പിന്നീട് മൂന്നു ലക്ഷമായി. അത് നാലര ലക്ഷമായി. ശേഷം ആറു ലക്ഷമായി. ഇപ്പോൾ എട്ടു ലക്ഷം രൂപയാണ് വാർഷിക വരുമാന പരിധി. സ്വാധീനമുള്ളവർ അന്നും എന്നും ലംഘിക്കുന്നത് ഈ വരുമാന പരിധി തന്നെ. അതിനു ഇവർ സർവമാർഗങ്ങളും പയറ്റും. തഹസിൽദാർ മുഖേന ലഭിക്കുന്ന സർട്ടിഫിക്കറ്റിലാണ് കൃത്രിമങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെട്ടത്. പലരും സർവീസിൽ കയറിക്കൂടിയത് വരുമാന പരിധി ലംഘിക്കാത്ത ഈ സർട്ടിഫിക്കറ്റുകൾ വഴിയാണ്. പ്രതിമാസം അറുപത്തി ആറായിരം രൂപയിലും കൂടുതലുള്ള ആളുകൾ പോലും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് സർക്കാർ നിഗമനം. അതുകൊണ്ടാണ് വരുമാന പരിധി എട്ടു ലക്ഷമാക്കി സർക്കാർ നിജപ്പെടുത്തിയിരിക്കുന്നത്.

2012 മുതലാണ് സുപ്പർ ന്യൂമററി എന്ന ഓമനപ്പേരിൽ പോസ്റ്റുകളുടെ ഉദയം കൊള്ളൽ വരുന്നത്. 2018 വരെ മാത്രം 13000 പോസ്റ്റുകളാണ് ഈ രീതിയിൽ ക്രിയേറ്റ് ചെയ്യപ്പെട്ടത്. അഞ്ച് ശതമാനം റിസർവേഷൻ മറികടക്കാനുള്ള ശ്രമം ആണിത്. ഒട്ടനവധി ആളുകൾ ജോലിക്ക് കാത്തിരിക്കേണ്ട അവസ്ഥ വന്നു. പക്ഷെ സർക്കാർ അധിക തസ്തികകളുടെയും ശമ്പള ധൂർത്തിന്റെയും പേരിൽ കണ്ണടയ്ക്കൽ തുടരുകയാണ്.

എന്തുകൊണ്ട് കെഎസ്ആറിൽ പോലും പറയാത്ത അധിക തസ്തികകൾ വിവിധ വകുപ്പുകളിൽ നിരന്തരം ക്രിയേറ്റ് ചെയ്യപ്പെടുന്നു എന്ന് പോലും സർക്കാർ അന്വേഷിക്കുന്നില്ല. 3500 കോടിയിൽ വെട്ടിക്കുറയ്ക്കൽ വേണോ എന്നും അന്വേഷിക്കുന്നില്ല. ഈ രീതിയിൽ അന്വേഷിച്ചാൽ സുപ്പർ ന്യൂമററി തസ്തികകൾ വഴിയുള്ള ഖജനാവ് ചോർച്ച കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. സർക്കാർ പുനർ വിചിന്തനം നടത്താത്ത സാഹചര്യത്തിൽ തൊഴിൽ അന്വേഷകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമാകും ഇനി ഉരുത്തിരിഞ്ഞു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP