Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റവന്യൂ കമ്മി നികത്താൻ കേന്ദ്രത്തിന്റെ ഗ്രാന്റ്; സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ വായ്പ എടുക്കാനുള്ള കേന്ദ്രാനുമതിയും; പിന്നെന്തിന് സാലറി ചാലഞ്ച്? നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷം; നിശ്ചിത വരുമാനത്തിൽ കൂടുതൽ ഉള്ളവർക്ക് സാലറി ചാലഞ്ച് എന്നതാണ് നല്ല രീതിയെന്ന് മേരി ജോർജ് മറുനാടനോട്; ശമ്പളം പിടിക്കുമ്പോൾ മാനുഷിക കാഴ്ചപ്പാട് വേണമെന്ന് പി.ബി.ഹരിദാസനും; ഐസക്കിനെതിരെ ഉയരുന്നത് കടുത്ത എതിർപ്പുകൾ; സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നാ?

റവന്യൂ കമ്മി നികത്താൻ കേന്ദ്രത്തിന്റെ ഗ്രാന്റ്; സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ വായ്പ എടുക്കാനുള്ള കേന്ദ്രാനുമതിയും; പിന്നെന്തിന് സാലറി ചാലഞ്ച്? നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷം; നിശ്ചിത വരുമാനത്തിൽ കൂടുതൽ ഉള്ളവർക്ക് സാലറി ചാലഞ്ച് എന്നതാണ് നല്ല രീതിയെന്ന് മേരി ജോർജ് മറുനാടനോട്; ശമ്പളം പിടിക്കുമ്പോൾ മാനുഷിക കാഴ്ചപ്പാട് വേണമെന്ന് പി.ബി.ഹരിദാസനും; ഐസക്കിനെതിരെ ഉയരുന്നത് കടുത്ത എതിർപ്പുകൾ; സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നാ?

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണയെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കുന്ന സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നുണ്ടോ? ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ സാലറി ചാലഞ്ച് എന്ന പേരിൽ സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു മാസശമ്പളം പിടിക്കാനുള്ള നടപടികൾ എതിർപ്പ് നേരിടുകയാണ്. റവന്യൂ കമ്മി നികത്താൻ 1200 കോടിയോളം രൂപ കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം ഒരു ഗഡുവായി കേരളത്തിനു അനുവദിച്ചിട്ടുണ്ട്. 14000 കോടിയോളം വരുന്ന ശുപാർശയിൽ നിന്നാണ് ഈ 1300 കോടി രൂപയോളം സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. ഒരു വർഷം എടുക്കാവുന്ന 27000 കോടി രൂപ വായ്പയിൽ നിന്ന് ഏഴായിരം കോടി രൂപ ഈ സാമ്പത്തിക വർഷം ആദ്യപാദം വായ്പയായി ചോദിച്ചപ്പോൾ ആറായിരം കോടി കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. ഈ ഘട്ടത്തിൽ സാലറി ചാലഞ്ച് ആവശ്യമാണോ എന്ന ചോദ്യമാണ് സംസ്ഥാനത്തിനകത്ത് നിന്നും ഉയർത്തുന്നത്.

ജനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടവേ ജനങ്ങളിൽ നിന്നും പണം തിരികെ പിടിക്കുന്ന സർക്കാർ സമീപനത്തിന്നെതിരെയാണ് എതിർപ്പ് ഉയരുന്നത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സമൂഹം പ്രതിസന്ധി നേരിട്ടിരിക്കെ സർക്കാർ ജീവനക്കാരിൽ നിന്നും നിർബന്ധപൂർവ്വം ശമ്പളം പിരിച്ചെടുക്കുന്ന രീതിക്കെതിരെ ജീവനക്കാരുടെ സർവീസ് സംഘടനകളിൽ നിന്നും എതിർപ്പ് ശക്തമാണ്. ഈ എതിർപ്പിനെ പിന്തുണച്ച് സിഎംപിയുടെ സി.പി.ജോൺ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. റവന്യൂ കമ്മി നികത്താൻ കേന്ദ്രം അനുവദിച്ച തുക പൊരുതി നേടുക. അങ്ങിനെയെങ്കിൽ സാലറി ചാലഞ്ച് ആവശ്യമില്ല എന്ന വാദമാണ് മുൻ ആസൂത്രണ ബോർഡ് അംഗം കൂടിയായ സി.പി.ജോൺ ഉയർത്തുന്നത്. റവന്യൂ കമ്മി നികത്താൻ കേന്ദ്രം ഗ്രാൻഡ് അനുവദിക്കുന്നുണ്ടെങ്കിലും റവന്യൂ കമ്മി നികത്താനുള്ള എളുപ്പവഴി എന്ന നിലയിലാണ് സാലറി ചാലഞ്ചിനു സർക്കാർ തയ്യാറെടുക്കുന്നത്.

ഒരു മാസത്തെ റവന്യൂ വരുമാനത്തിന്റെ അൻപത് ശതമാനത്തോളമോ അതിൽ അധികമോ പോകുന്ന ജീവനക്കാരുടെ ശമ്പളത്തിനാണ്. ഇതറിയാവുന്നതുകൊണ്ടാണ് കൊറോണ മറയാക്കി ശമ്പളം പിടിച്ചെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. സർക്കാറിന്റെ സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയാണോ ഓടുന്നത് എന്നാണു സാലറി ചാലഞ്ചിന്റെ ഭാഗമായി ഇപ്പോൾ ഉയരുന്ന സംശയങ്ങൾ. കൊറോണയ്‌ക്കെതിരെയുള്ള നടപടികളുമായി ഇരുപത്തി നാലും മണിക്കൂറും തെരുവിൽ നിലയുറപ്പിച്ച പൊലീസ് വിഭാഗത്തിനും ജീവൻ പണയപ്പെടുത്തി കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സുമാർക്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെയും ശമ്പളം ഒരു മാസം നഷ്ടമാകും. കൊറോണയെ നേരിടാൻ 400 കോടി രൂപയാണ് ആവശ്യമേന്നിരിക്കെ സാലറി ചാലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്ത് 1400 കോടി സമാഹരിക്കാനുള്ള നീക്കമാണ് വിവാദത്തിൽ കലാശിച്ചിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസമായി വന്ന ഫണ്ടിൽ തന്നെ അടിച്ചു മാറ്റൽ നടന്നിട്ടുണ്ട് എന്ന ആരോപണം ശക്തമാണ്. സിപിഎമ്മിന്റെ നേതാക്കൾ തന്നെ പ്രളയ ദുരിതാശ്വാസം അടച്ചു മാറ്റിയതിന് കേസുകൾ നേരിടുന്നുണ്ട്. അർഹരേക്കാളും അനർഹരുടെ കൈകളിലേക്കാണ് ഈ തുക പോവുക എന്ന ആരോപണമാണ് ഇപ്പോഴും ഉയരുന്നത്. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്നെതിരെ എതിർപ്പ് ശക്തമാണ്. സാലറി ചാലഞ്ചിൽ ഒരു ബെഞ്ച്മാർക്ക് വേണം എന്ന ആവശ്യമാണ് സാമ്പത്തിക വിദഗ്ദ മേരി ജോർജ് അടക്കമുള്ളവർ ഉയർത്തുന്നത്. ഒരു മാനദണ്ഡം അനുസരിച്ച് തുക ഈടാക്കാൻ സർക്കാർ ശ്രമിക്കണം-മേരി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ശമ്പള കാര്യത്തിൽ കട്ട് ഓഫ് ലെവൽ വയ്ക്കണം. ആ ലെവലിന് താഴെയുള്ളവർ നൽകേണ്ടതില്ലാ എന്ന് സർക്കാർ ഉത്തരവ് നൽകണം. ഈ ബെഞ്ച് മാർക്കിനു മുകളിലുള്ളവർ ഒരു മാസത്തെ ശമ്പളം സർക്കാരിനു നൽകുക. ഈ രീതിയാണ് അനുവർത്തിക്കേണ്ടത്. സാലറി ചാലഞ്ച് തുക സർക്കാരിനു വേണമെങ്കിൽ പിന്നീട് ഗഡുക്കൾ ആയി തിരികെ നൽകാനും കഴിയുന്നതാണ്. അതിനുള്ള മനോഭാവം വേണമെന്ന് മാത്രം. പ്രതിസന്ധി ഘട്ടത്തിൽ വാങ്ങുന്ന തുക തിരികെ നൽകാവുന്ന രീതി സർക്കാരുകൾ തിരികെ നൽകാറുണ്ട്. അപ്പോൾ സാലറി ചാലഞ്ചിനു എതിർപ്പും നേരിടേണ്ടി വരില്ല-മേരി ജോർജ് പറയുന്നു.

ജിഎസ്ടി വരുമാനം നിലച്ചതിനാലാണ് സാലറി ചാലഞ്ചിനു സർക്കാർ തയ്യാറെടുക്കുന്നത്. ഈ ഘട്ടത്തിൽ അങ്ങിനെ പൂർണമായി സാലറി ചാലഞ്ചിനെ എതിർക്കാൻ കഴിയാത്ത നിലയിലാണ്-സാമ്പത്തിക വിദഗ്ദനായ പി.ബി.ഹരിദാസൻ മറുനാടനോട് പറഞ്ഞു. സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാണ്. അപ്പോൾ അവർ കാണുന്ന വഴിയാണ് സാലറി ചാലഞ്ച്. ജനങ്ങൾക്ക് പർച്ചേസിങ് പവർ ഉണ്ടാക്കണം. അത് പ്രധാനമാണ്. സാമ്പത്തിക ആക്റ്റിവിറ്റികൾ സംസ്ഥാനത്ത് നിലച്ചിരിക്കുകയാണ്. ഇതല്ലാതെ വഴിയില്ലെന്ന അവസ്ഥയിലാണ് സാലറി ചാലഞ്ച് വരുന്നത്. സാലറി ചാലഞ്ചിൽ ഒരു ഹ്യുമാനിട്ടേറിയാൻ കാഴ്ചപ്പാട് കൊണ്ടുവന്നാൽ അത് നന്നായിരിക്കും. ഒരു ബെഞ്ച് മാർക്ക് സ്വീകരിച്ചാൽ അതിനു മുകളിൽ വരുന്ന ജീവനക്കാർ തന്നെ തുക നൽകിയാൽ മതിയാകും. ഈ തീരുമാനം പക്ഷെ സർക്കാരിൽ നിന്ന് തന്നെ വരണം-ഹരിദാസൻ ചൂണ്ടിക്കാണിക്കുന്നു.

പണം കൂടുതൽ ആവശ്യം വരുമ്പോൾ അതിനാവശ്യമായ തുക റിസർവ് ബാങ്കിൽ നിന്നും നോട്ടുകൾ ആയി അടിക്കുന്ന പഴയ അവസ്ഥ ചൂണ്ടിക്കാട്ടിയതിനു ധനമന്ത്രി തോമസ് ഐസക്ക് തന്നെ വലിയ വിമർശനമാണ് നേരിട്ട്‌കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് ഈ രീതിയിൽ ഒരു ചൂണ്ടിക്കാട്ടൽ തോമസ് ഐസക്കിൽ നിന്നും വന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതൽ പണം വേണോ നോട്ട് അടക്കും. 90 ആയപ്പോൾ നയം മാറ്റി. ആർബിഐയിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. മോണിട്ടൈസ് ചെയ്യണം. ഇപ്പോൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? ഫെഡറൽ റിസർവ് ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ റിസർവ് ബാങ്കിനെ ഉപയോഗപ്പെടുത്തണം.
ഇതിൽ നിന്നും ചില വാചകങ്ങൾ അടർത്തിമാറ്റിയപ്പോഴാണ് സോഷ്യൽ മീഡിയകളിൽ നിന്നും ധനമന്ത്രിക്ക് വിമർശനം നേരിടേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധി വന്നാൽ റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. ഈ വാചകങ്ങളാണ് വിമർശനം വരുത്തിവെച്ചത്. നാണ്യപ്പെരുപ്പത്തിന്റെ വഴിയാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത് എന്നാണ് വിമർശനം വന്നത്.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഇതേ രീതിയിൽ രാജ്യങ്ങൾ പണം അടിച്ചിറക്കി. ഒരു കൂട നിറയെ നോട്ടുകളായി മാർക്കറ്റിൽ പോയി ഒരു പോക്കറ്റിൽ കൊള്ളാവുന്ന സാധനങ്ങൾ മാത്രം വാങ്ങാൻ കഴിയും. അനിയന്ത്രിതമായി നോട്ടു അടിച്ചാൽ വരുന്ന അപകടമാണിത്. അത്ര ഭയങ്കരമായ നാണ്യപ്പെരുപ്പമാണ് അന്ന് നേരിട്ടത്. കൊറോണ കാലത്ത് സത്വരമായ നടപടികൾ റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. റിപ്പോ റേറ്റ്, റിവേഴ്‌സ് റിപ്പോ റേറ്റ് കുറച്ചു. ഇതോടെ നിലവിലെ നിരക്കിൽ നിന്നും കുറഞ്ഞ നിരക്കിൽ റിസർവ് ബാങ്കിൽ നിന്നും ബാങ്കുകൾക്ക് വായ്പ ലഭിക്കും. കാഷ് റിസേർവ്ഡ് റേഷ്യുവും റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്. ബാങ്കുകൾ റിസർവ് ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്ത തുകയുമായി ബന്ധപ്പെട്ട കാഷ് റിസേർവ്ഡ് റേഷ്യുവും റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്.

നാലുശതമാനമുണ്ടായിരുന്നത് മൂന്നു ശതമാനമാക്കി. ഇതോടെ ബാങ്കുകൾക്ക് ചിലവഴിക്കാൻ, വായ്പ് നൽകാനുണ്ടായിരുന്ന കാഷ് ലിക്വിഡിറ്റി അതായത് പണലഭ്യത വളരെയധികം വർധിച്ചു. ബാങ്കുകൾക്ക് കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കാൻ ഈ രീതിയിൽ ലഭിച്ചത്. മൂന്നു ലക്ഷത്തി എഴുപതിനായിരം കോടി രൂപ അപ്പോൾ തന്നെ ബാങ്കുകൾക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് റിസർവ് ബാങ്ക് പറഞ്ഞത്. ഈ നീക്കത്തിലൂടെ വായ്പ കൊടുക്കാനുള്ള പണം ബാങ്കുകൾക്ക് വളരെയധികം വർദ്ധിച്ചു. ഇതിനു ആനുപാതികമായ നിലപാടാണ് കേന്ദ്ര സർക്കാരിൽ നിന്നും വന്നത്. കേന്ദ്ര നിലപാടുകൾ പിന്തുടർന്നു കേരളത്തിൽ നിന്നും ആശ്വാസ നടപടികൾ വരണമെന്നാണ് ആവശ്യം വരുന്നത്. സാലറി ചാലഞ്ച് ആശ്വാസ നടപടിയില്ല സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന വഴിയാണ് ഇതാണ് സാലറി ചാലഞ്ചിനെതിരെ വിമർശനം വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP