Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശമ്പള ബിൽ മാറുന്നതിടെ ഹൈക്കോടതി ഉത്തരവ് വന്നതോടെ ധനവകുപ്പിന് ആകെ കൺഫ്യൂഷൻ; തുടർനടപടികൾക്കായി നിയമവിദഗ്ധരുമായി കൂടിയാലോചന; ശമ്പളം വഴിയല്ലാതെ പണം എവിടെ നിന്ന് കണ്ടെത്തുമെന്നും സംശയം; കോടതി വിധി കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതെന്ന് തോമസ് ഐസക്; വിധി കേന്ദ്രസർക്കാരിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമാണല്ലോയെന്നും മന്ത്രി

ശമ്പള ബിൽ മാറുന്നതിടെ ഹൈക്കോടതി ഉത്തരവ് വന്നതോടെ ധനവകുപ്പിന് ആകെ കൺഫ്യൂഷൻ; തുടർനടപടികൾക്കായി നിയമവിദഗ്ധരുമായി കൂടിയാലോചന; ശമ്പളം വഴിയല്ലാതെ പണം എവിടെ നിന്ന് കണ്ടെത്തുമെന്നും സംശയം; കോടതി വിധി കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതെന്ന് തോമസ് ഐസക്; വിധി കേന്ദ്രസർക്കാരിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമാണല്ലോയെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശമ്പളം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ തുടർനടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം വഴിയല്ലാതെ പണം എവിടെ നിന്ന് കിട്ടുമെന്ന് വിശദമായി ആലോചിക്കേണ്ടി വരും. സർക്കാർ അസാധാരണമായ പ്രതിസന്ധിയിൽ ഉഴലുമ്പോഴും ചിലർ സർക്കാരിന് ഒരു സഹായവും ചെയ്യില്ല എന്ന തീരുമാനവുമായി ഇരിക്കുകയാണെന്നും, തോമസ് ഐസക് വിമർശിച്ചു. ഏതെല്ലാം രീതിയിൽ സർക്കാരുമായി നിസ്സഹകരിക്കാം. ഏതെല്ലാം രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താം. അതിനൊക്കെ ശ്രമിച്ചു കൊണ്ടിരുക്കുന്ന ഒരു സെറ്റ് ആളുകൾ കേരളത്തിൽ രൂപാന്തരപ്പെട്ടിരിക്കുന്നു എന്നത് അത്യധികം ദൗർഭാഗ്യകരമായ അവസ്ഥയാണ്.

ലോകം മുഴുവൻ കേരളത്തിന്റെ യോജിപ്പ്, കേരളത്തിന്റെ സോഷ്യൽ ക്യാപിറ്റൽ എന്നൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെയൊക്കെ തകർക്കാൻ ശ്രമിക്കുന്ന കുറച്ചുപേർ ഉണ്ടെന്നത് വലിയൊരു തിരിച്ചറിവു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധിപ്പകർപ്പ് വന്നതിനു ശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയുടെ വിധി കേന്ദ്രസർക്കാരിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമാണല്ലോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശമ്പളം എന്ന് തിരികെ നൽകുമെന്ന പരാമർശം ഉത്തരവിൽ ഇല്ലാതിരുന്നത് തിരിച്ചടിയായോ എന്ന ചോദ്യത്തിന്, ഈ അസാധാരണമായ പ്രതിസന്ധികാലത്ത് എന്ന് ശമ്പളം തിരിച്ച് നൽകാനാകുമെന്ന് ഇപ്പോൾ ഞാനെങ്ങനെ പറയും എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.

''കോടതി വിധി ലഭിച്ചതിന് ശേഷം വിശദമായി പ്രതികരിക്കാം. ഈ സാലറി ഉത്തരവിന് സ്റ്റേ വന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവുകളും സ്റ്റേ ആകും. ഉത്തരവ് നിയമപരമാക്കുന്നതിന് എന്ത് വേണമെന്ന് ആലോചിക്കും. ഈ പ്രതിസന്ധികാലത്തും കേരളത്തിലെ ചിലരുടെ മാനസികാവസ്ഥ ഇങ്ങനെയാണെന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. വൈകിട്ട് വിശദമായി പ്രതികരിക്കാം'', എന്നും തോമസ് ഐസക്. ശമ്പള ബില്ല് മാറുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ഇതോടെ, ധനവകുപ്പ് ആകെ പ്രതിസന്ധിയിലായി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയത്. ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന് കാരണമല്ലെന്നും കോടതി വിലയിരുത്തി. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം പിടിക്കാൻ അധികാരം ഉണ്ടെന്നുമായിരുന്നു സർക്കാർ വാദിച്ചത്. എന്നാൽ സർക്കാർ ഉത്തരവിൽ ഏറെ അവ്യക്തത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി എന്നു മാത്രമാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നത്. പിടിച്ചെടുക്കുന്ന പണം കോവിഡ് പ്രതിരോധത്തിനാണോ വിനിയോഗിക്കുകയെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ നിശ്ചിത സമയത്തിനകം ശമ്പളം നൽകണമെന്ന് ചട്ടമില്ലെന്നും മാറ്റിവയ്ക്കാമെന്നുമാണ് സർക്കാർ മറുപടി നൽകിയത്.

സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേ സർക്കാരിന് മേൽക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് മെയ്‌ 20 ലേക്ക് മാറ്റുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആറു ദിവസത്തെ വീതം ശമ്പളം അഞ്ചു മാസത്തേക്കു പിടിക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP