Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിലും രാജസ്ഥാനിലും പിണറായി പറഞ്ഞത് പച്ചക്കള്ളം; രണ്ട് സർക്കാരുകളും ജീവനക്കാരുടെ ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നില്ല; പ്രതിസന്ധിയിൽ ചെയ്തത് പിന്നീട് കൊടുക്കുമെന്ന വ്യവസ്ഥയിലെ ശമ്പളം കുറവ് ചെയ്യൽ; തമിഴ്‌നാട്ടിൽ പിടിക്കുന്നത് ഒരു ദിവസത്തെ ശമ്പളം മാത്രം; പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ സാലറി ചലഞ്ചിൽ തീരുമാനം എടുക്കാതെ മന്ത്രിസഭാ യോഗവും; സാലറി കട്ട് തീരുമാനത്തിൽ നിന്ന് പിന്മാറിയെന്ന് സൂചന; ജീവനക്കാരെ പിണക്കാതെ തീരുമാനം വേണമെന്ന് ഐസക്കിനെ ഉപദേശിച്ച് മുഖ്യമന്ത്രിയും

മഹാരാഷ്ട്രയിലും രാജസ്ഥാനിലും പിണറായി പറഞ്ഞത് പച്ചക്കള്ളം; രണ്ട് സർക്കാരുകളും ജീവനക്കാരുടെ ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നില്ല; പ്രതിസന്ധിയിൽ ചെയ്തത് പിന്നീട് കൊടുക്കുമെന്ന വ്യവസ്ഥയിലെ ശമ്പളം കുറവ് ചെയ്യൽ; തമിഴ്‌നാട്ടിൽ പിടിക്കുന്നത് ഒരു ദിവസത്തെ ശമ്പളം മാത്രം; പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ സാലറി ചലഞ്ചിൽ തീരുമാനം എടുക്കാതെ മന്ത്രിസഭാ യോഗവും; സാലറി കട്ട് തീരുമാനത്തിൽ നിന്ന് പിന്മാറിയെന്ന് സൂചന; ജീവനക്കാരെ പിണക്കാതെ തീരുമാനം വേണമെന്ന് ഐസക്കിനെ ഉപദേശിച്ച് മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഭരിക്കുന്നത് കോൺഗ്രസ് സർക്കാരുകളാണെല്ലോ? അവിടെ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നു.... പിന്നെ എന്തുകൊണ്ട് കേരളത്തിന് പറ്റില്ലെന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ എടുത്ത നിലപാട്. നിർബന്ധപൂർവ്വമുള്ള സാലറി ചലഞ്ചിനെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ വാദത്തിന് എതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ മുഖ്യമന്ത്രി പറഞ്ഞു പരത്തിയത് പച്ചക്കള്ളമാണെന്ന് വിശദീകരിച്ച് പ്രതിപക്ഷം വീണ്ടും രംഗത്ത് വരികയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും സാലറി കട്ടില്ലെന്നും മറിച്ച് സാലറി ഡെഫർ ചെയ്യുകയാണ് സർക്കാർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലേയും സർക്കാരുകളുമായി താൻ ബന്ധപ്പെട്ടെന്നും സാലറി കട്ട് എന്നത് അടിസ്ഥാന രഹതിമായ ആരോണമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

സാലറി ഡെഫർ ചെയ്യുകയെന്ന് പറഞ്ഞാൽ അത് പിടിച്ചു വയ്ക്കുകയാണ്. കൊറോണയിലെ പ്രത്യേക സാഹചര്യത്തിൽ പിന്നീട് കൊടുക്കാമെന്ന സന്ദേശവുമായാണ് അത് ചെയ്തത്. സാമ്പത്തിക നില ഭദ്രമാകുമ്പോൾ പിടിച്ചു വച്ച ശമ്പളം ജീവക്കാർക്ക് തന്നെ കിട്ടുമെന്നാണ് ചെന്നിത്തല പറയുന്നത്. ഈ മോഡൽ അല്ല കേരളത്തിൽ പരീക്ഷിക്കാനുള്ള നീക്കം. ഇതിനെ എതിർക്കുമെന്നാണ് പ്രതിപക്ഷ നേതാവ് നൽകുന്ന സൂചന. അതിനിടെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനം ഒന്നും എടുത്തില്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ജീവനക്കാരെ പിണക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ നിയമ വശങ്ങളും പരിശോധിച്ച് മാത്രമേ സാലറി ചലഞ്ചിൽ തീരുമാനം ഉണ്ടാകൂ. ഇന്ന് മന്ത്രിസഭാ യോഗം ഇക്കാര്യം വിശദ ചർച്ചകൾക്ക് പോലും വിധേയമാക്കിയില്ലെന്നത് വിവാദം ഒഴിവാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നതിന്റെ സൂചനയാണ്.

രാജസ്ഥാനിൽ ഗ്രൂപ്പ് എ ഓഫിസർ മാരുടെ ശമ്പളത്തിന്റെ 60 ശതമാനം, ഗ്രൂപ്പ് ബി ശമ്പളത്തിന്റെ 50 ശതമാനമാണ് മാറ്റി വച്ചത്. ഇത് അവർക്ക് പിന്നീട് കൊടുക്കും. സാധാരണക്കാരായ ജീവനക്കാരുടെ ശമ്പളത്തിൽ സർക്കാർ തൊട്ടതുമില്ല. മഹാരാഷ്ട്രയിൽ ഐ എ എസ് ഓഫീസർമാരുൾപ്പെടുന്ന ഉയർന്ന തസ്തികയിലുള്ളവരുടെ വേതനമാണ് 50 ശതമാനം തടഞ്ഞു വച്ചിട്ടുള്ളത്. തമിഴ്‌നാട്ടിൽ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മാത്രമാണ് പിടിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിർബന്ധപൂർവ്വം നൽകേണ്ടതും ഒരു ദിവസത്തെ ശമ്പളമാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ നിർബന്ധിത സാലറി കട്ടിനെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ കരുതലോടെയാകും സാലറി ചലഞ്ചിൽ പിണറായി സർക്കാർ തീരുമാനം എടുക്കുക. ഈ സാഹചര്യത്തിൽ സാലറി ചാലഞ്ചിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സാലറി ചലഞ്ച് നിർബന്ധിച്ചു നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ല. എന്നാൽ ജീവനക്കാർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്തിന് യാതൊരു എതിർപ്പുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത് ശരിയായ ആരോപണമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായി. കൊവിഡ് വരും മുൻപേ തന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകർന്ന അവസ്ഥയിലായിരുന്നുവെന്നും സാമ്പത്തിക മാനേജ്‌മെന്റിലെ പാളിച്ച കൊവിഡിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. സമൂഹഅടുക്കളയിലും സന്നദ്ധസേനയും രാഷ്ട്രീയം പ്രകടമാണെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാരിന്റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയിൽപ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ ഇന്നലെ കള്ളം കൈയോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണ് ചെയ്യതത്. നിലവിലെ അന്തരീക്ഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കണം. അതു കൊണ്ടാണ് വസ്തുനിഷ്ഠമായ ചില കാര്യങ്ങൾ മാത്രമാണ് ഇന്നലെ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ഞാനും കൂടി നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്-ചെന്നിത്തല പറഞ്ഞു.

ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പലവട്ടം ചോദിച്ചിട്ടും സർക്കാരുമായി ബന്ധപ്പെട്ട പലവിവാദവിഷയങ്ങളും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. കേരളത്തിൽ പൊതുവിൽ നിലനിൽക്കുന്ന ഐക്യത്തിന്റേതായ അന്തരീക്ഷം ഇനിയും തുടരട്ടെ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സർക്കാരിന് അതിന് താത്പര്യമുണ്ടെങ്കിൽ ഞങ്ങളും അതിനു തയ്യാറാണ്. സാലറി ചലഞ്ചിന് ഞങ്ങൾ എതിരല്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതിനോട് സഹകരിക്കുന്നുണ്ട്. എന്നാൽ നിർബന്ധമായി സാലറി ചലഞ്ച് നടപ്പാക്കരുത് എന്നാണ് ഞങ്ങൾ പറഞ്ഞത്. എന്നാൽ ഇതിനോട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ രാജസ്ഥാൻ ആരോഗ്യമന്ത്രിയുമായി ഞാൻ സംസാരിച്ചു. രാജസ്ഥാനിലെ ഐഎഎസ് ഉദ്യോ?ഗസ്ഥരുടെ സാലറി 60-50 ശതമാനം ഡെഫർ ചെയ്തു എന്നാണ് അദ്ദേഹം വിശദീകരിച്ചത്. മഹാരാഷ്ട്രയിലെ കാര്യങ്ങൾ പരിശോധിച്ചപ്പോൾ അവിടേയും ഗ്രൂപ്പ് എ ജീവനക്കാരുടെ ശമ്പളം അൻപത് ശതമാനം സാലറി ഡെഫർ ചെയ്യുകയാണ് ചെയ്തത്.

തമിഴ്‌നാട് സർക്കാർ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവ് എന്റെ പക്കലുണ്ട്. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും അവിടെ അവരുടെ ഒരു ദിവസത്തെ ശമ്പളമാണ് ദുരിതാശ്വാസനിധിയിലേക്ക് വാങ്ങിയത്. കേന്ദ്രസർക്കാരും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് വാങ്ങി. കഴിഞ്ഞ പ്രളയത്തിൽ നടപ്പാക്കിയ സാലറി ചലഞ്ചിൽ ഗഡുക്കളായി ശമ്പളം വിട്ടു കൊടുത്തവർ ഈ മാസത്തോടെയാണ് അതു പൂർത്തിയാക്കുന്നത്. അപ്പോഴാണ് പുതിയ ചലഞ്ച് വരുന്നത്. പ്രളയഫണ്ടിൽ സിപിഎമ്മുക്കാർ നടത്തിയ തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇനി കൊവിഡ് ഫണ്ടും തട്ടിക്കാനുള്ള പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്താണോ ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അഞ്ച് ലക്ഷം രൂപ ചെലവാക്കി ശുചീകരിക്കേണ്ടത്. ഞാൻ ചോദിക്കട്ടെ കൊവിഡ് വന്നതിനാലാണോ കേരളത്തിലെ സാമ്പത്തിക സ്ഥിതി മോശമായത്. കെടുകാര്യസ്ഥത, ധൂർത്ത്, നികുതി പിരിവിലെ പാളിച്ച ഇതൊക്കെയാണ് ഇവിടെ സാമ്പത്തികസ്ഥിതി മോശമാകാൻ കാരണം. അതിഭീകര പ്രതിസന്ധിയിലാണ് നേരത്തെ മുതൽ ട്രഷറി. ഇതൊക്കെ പ്രതിപക്ഷത്തിന്റെ കുറ്റമാണോ ആരോഗ്യ ചെലവ്ക്ക് ആവശ്യമായ തുക കിഫ്ബിയിൽ നിന്നും എടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ഒരു തരത്തിലും അം?ഗീകരിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ കേരളത്തിലെ എംപിമാർ ശക്തമായി പ്രതിരോധം തീർക്കും. പ്രവാസികളുടെ കാര്യത്തിൽ മുല്ലപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ്. മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയോട് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് നാളേറെയായി. തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. സമൂഹഅടുക്കളിയിലും സന്നദ്ധസേനയിലും രാഷ്ട്രീയം പ്രകടമാണെന്ന് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് കാവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാർ പിന്നോട്ട് പോകുന്നത്. നിർബന്ധിത സാലറി ചലഞ്ച് ഉണ്ടാകില്ല. സമ്മതപത്രം വാങ്ങിയുള്ള സാലറി ചലഞ്ചാകും നടപ്പാക്കുക എന്നാണ് സൂചന. ഇതിൽ നിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കുകയും ചെയ്യുമെന്നാണ് സൂചന.

പ്രളയകാലത്തെ സാലറി ചലഞ്ചിനെപ്പറ്റിയുള്ള സുപ്രീംകോടതിവിധി ഇതിനും ബാധകമായതിനാലാണ് കരുതലോടെ പോകുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ നികുതി പണം ഇല്ലാത്തതു കൊണ്ട് വരുമാനം കുറഞ്ഞു. അതിനാൽ ഒരു മാസത്തെ സാലറി ഇല്ലെന്ന തരത്തിൽ ഉത്തരവിറക്കാൻ നീക്കമുണ്ടായിരുന്നു. ഇത് സർക്കാരിന്റെ ധനശേഷിയെ കുറിച്ചുള്ള ചർച്ചകൾ ഉയർത്തും. ധൂർത്തും കെടുകാര്യസ്ഥതയും വീണ്ടും ചർച്ചയാവുകയും ചെയ്യും. ഇതു കൊണ്ടാണ് കരുതലോടെ നീങ്ങുന്നത്. സാലറി കട്ട് ചെയ്താൽ ജീവനക്കാർ എതിരാവുകയും ചെയ്യും. സാലറി കട്ട് മോശം കീഴ് വഴക്കമാകുമെന്ന് എൻജിഒ യൂണിയനും നിലപാട് എടുത്തു. ഇതോടെയാണ് സമ്മത പത്രം വാങ്ങിയുള്ള സാലറി ചലഞ്ചിന് സർക്കാർ തയ്യാറെടുക്കുന്നത്.

സംഭാവനയ്ക്ക് സർക്കാർ ജീവനക്കാരെ നിർബന്ധിക്കാനാവില്ലെന്നായിരുന്നു കോടതിവിധി. അതിനാൽ അഭ്യർത്ഥനമാത്രമായിരിക്കും ഈ ഘട്ടത്തിൽ നടത്തുക. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു മാസത്തിൽക്കുറയാത്ത തുക സ്വമേധയാ നൽകാമെന്ന തരത്തിലാവും ഉത്തരവ്. ഇതിനായി 10 മുതൽ 12 വരെ തവണകൾ അനുവദിക്കും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലും ഇനിയുള്ള മാസങ്ങളിലും വരുമാനംകുറയുമെന്നതിനാലും എല്ലാ ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. പ്രതിപക്ഷ നേതാക്കളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.

എല്ലാ ജീവനക്കാരും സംഭവാന നൽകുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാനാവുമെന്ന കാര്യവും സർക്കാർ ആലോചനയിലുണ്ട്. സാലറി ചലഞ്ചിലേക്ക് ജീവനക്കാരെ ആകർഷിക്കാൻ എന്തെങ്കിലും ആനൂകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിന് നിയമപരമായ സാധുതയുണ്ടോ എന്നും സർക്കാർ പരിശോധിക്കും. പങ്കെടുക്കാത്തവരുടെ ശമ്പളം താത്കാലികമായി കുറയ്ക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിച്ചിരുന്നു. കേന്ദ്രം എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചെങ്കിലും എംഎൽഎമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും സംസ്ഥാന സർക്കാർ കുറയ്ക്കാനിടയില്ല. കേന്ദ്രത്തിന്റെ ജനപ്രതിനിധികൾക്കുള്ള ശമ്പളം കുറച്ചത് കേരളത്തിൽ നടപ്പാക്കണമെന്ന ആവശ്യമുണ്ട്. സാലറി കട്ടിലേക്ക് പോയാൽ ഇത്തരം ആവശ്യങ്ങലും പൊതു സമൂഹത്തിൽ എത്തും. ഇതെല്ലാം മനസ്സിൽ വച്ചാണ് സാലറി കട്ടിൽ നിന്നും പിന്മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP