Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് അവധിയുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ശമ്പളം വാങ്ങാനാകില്ല! പ്രളയ കാലത്തിന് സമാനമായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് വേണമെന്ന് മുഖ്യമന്ത്രി; ലോക് ഡൗൺ കാലത്ത് എല്ലാവർക്കും ശമ്പളം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷ സംഘടനകൾ; ജോലി ചെയ്യാത്ത മാസം ശമ്പളം കിട്ടിയാലും അത് സാലറി ചലഞ്ചിലൂടെ ഖജനാവിൽ തിരിച്ചെത്തിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമോ 2020ലെ സാലറി ചലഞ്ച്

കോവിഡ് അവധിയുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ശമ്പളം വാങ്ങാനാകില്ല! പ്രളയ കാലത്തിന് സമാനമായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് വേണമെന്ന് മുഖ്യമന്ത്രി; ലോക് ഡൗൺ കാലത്ത് എല്ലാവർക്കും ശമ്പളം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷ സംഘടനകൾ; ജോലി ചെയ്യാത്ത മാസം ശമ്പളം കിട്ടിയാലും അത് സാലറി ചലഞ്ചിലൂടെ ഖജനാവിൽ തിരിച്ചെത്തിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമോ 2020ലെ സാലറി ചലഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് അവധിയുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ശമ്പളം വാങ്ങാനാകില്ല! പ്രളയ കാലത്തിന് സമാനമായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതായത് ഒരു മാസത്തോളം ലോക് ഡൗൺ ഉണ്ടാകുമെന്ന സൂചനകൾ സജീവമാണ്. അങ്ങനെ വന്നാലും സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ ജോലി ചെയ്യാത്ത മാസം ശമ്പളം കിട്ടിയാലും അത് സാലറി ചലഞ്ചിലൂടെ ഖജനാവിൽ തിരിച്ചെത്തിക്കാനാണ് ഇപ്പോഴത്തെ സാലറി ചലഞ്ച് എന്ന വാദം സജീവമാണ്. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ഈ ആരോപണം സജീവമാക്കും.

സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാരുടെ സംഘടനാ നേതാക്കളോടാണ് ആവശ്യപ്പെട്ടത്. പ്രത്യേക കാലഘട്ടത്തിൽ ജീവനക്കാർ സഹായിക്കണമെന്നാണ് ആവശ്യം. ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. പ്രളയകാലത്തെ സാലറി ചലഞ്ച് വലിയ നിയമ പ്രശ്‌നമായിരുന്നു. കോടതിയുടെ വിമർശനം പോലും ഏറ്റു വാങ്ങേണ്ടി വന്നു. പ്രളയകാലത്ത് ജീവനക്കാർ ജോലിക്കെത്തുന്നുണ്ടായിരുന്നു. എന്നാൽ കോവിഡ് ഭീതിയിലെ ലോക് ഡൗണിൽ എല്ലാവരും വീട്ടിലാണ്. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

പ്രളയ കാലത്തെ സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാരിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളുകയും ചെയ്തു. വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി വിസമ്മത പത്രം ആവശ്യപ്പെടുന്ന സർക്കാർ നടപടിയെ കോടതി വിമർശിച്ചു. ഈ സാഹചര്യത്തിൽ കൊറോണക്കാലത്ത് എങ്ങനെ സാലറി ചലഞ്ച് നടപ്പാക്കുമെന്നത് ഉയരുന്ന ചോദ്യമാണ്. പ്രളയ കാലത്ത് സാലറി ചലഞ്ചിൽ ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന് എതിരെയായിരുന്നു ഹൈക്കോടതിയുടെ വിധി. വിസമ്മതപത്രം നൽകണമെന്ന് നിർദേശിക്കുന്ന വിജ്ഞാപനത്തിന്റെ പത്താം വകുപ്പാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. ഈ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ ഞങ്ങളും പണം നൽകിയിട്ടുണ്ട്. അങ്ങനെ പണം നൽകേണ്ട എന്നതായിരുന്നു താൽപര്യമെങ്കിൽ പണം നൽകാതിരുന്നാൽ മതി. പല കാരണങ്ങൾക്കൊണ്ട് പണം നൽകാൻ സാധിക്കാത്തവരുണ്ടാകും. വിസമ്മത പത്രം നൽകി അവർക്ക് സ്വയം അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. നൽകുന്ന പണം ദുരിതാശ്വാസത്തിനാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ പണം നൽകുന്നവർക്ക് യാതൊരു ഉറപ്പുമില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിശ്വാസമുണ്ടാക്കുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കോടതി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ എൻജിഒ സംഘമാണ് ആദ്യം കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. അടിയന്തരമായി ഇടക്കാല ഉത്തരവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണയും ഇവർ സാലറി ചലഞ്ചിനെ ചോദ്യം ചെയ്യും.

കോവിഡിൽ സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിരുന്നില്ല. പിന്നീട് കേന്ദ്രം എല്ലാ ഓഫീസുകളും അടയ്ക്കുന്ന തരത്തിൽ പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതോടെ ജോലി എടുക്കാത്തവർക്ക് ശമ്പളം നൽകേണ്ട അവസ്ഥയിൽ സംസ്ഥാന സർക്കാരെത്തി. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ. കോവിഡ് കാലത്ത് നികുതിയും കുറയും. അതുകൊണ്ട് തന്നെ ശമ്പളം കൊടുക്കൽ വലിയ പ്രതിസന്ധിയാണ്. അതുകൊണ്ടാണ് സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതെന്ന ചർച്ചയും സജീവമാണ്. ഇത്തവണ സാലറി ചഞ്ചിന്റെ വിശദാംശങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ഇത്തണ ലോണുകൾക്കുൾപ്പെടെ മൊറട്ടോറിയം ഉണ്ട്. അതിനാൽ നിർബന്ധ പൂർവ്വം ശമ്പളം സർക്കാർ പിടിച്ചേക്കും.

കഴിഞ്ഞ തവണ സാലറി ചാലഞ്ചിലെ ആശയക്കുഴപ്പം സർക്കാർ ശമ്പളവിതരണത്തെ ബാധിച്ചു. സംസ്ഥാനത്ത് പലയിടത്തും ശമ്പളം മുടങ്ങി. സമ്മതപത്രം വാങ്ങുന്നതിലെ ആശയക്കുഴപ്പമായിരുന്നു ഇതിന് കാരണം. ശമ്പള ദിനത്തിന് രണ്ടുദിവസം മുൻപാണ് സാലറി ചാലഞ്ചിൽ ധനവകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കിയത്. വിസമ്മതപത്രത്തിനുപകരം സമ്മതപത്രം വാങ്ങാൻ ധാരണയായിരുന്നു. പുതിയതായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സമ്മതപത്രം നൽകിയാൽ മതിയാകുമെന്നതായിരുന്ന അവസ്ഥ. പിരിച്ച പണം ദുരിതാശ്വാസത്തിനുതന്നെ ഉപയോഗിക്കുമോയെന്ന് ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ കേസിൽ സംസ്ഥാനസർക്കാർ ജീവനക്കാർ നിർബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ശമ്പളം നൽകാൻ തയാറല്ലാത്ത ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

ഈവ്യവസ്ഥ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണ്. ഹൈക്കോടതി ഇക്കാര്യം കണക്കിലെടുത്തില്ലെന്നും വിസമ്മതപത്രം സംബന്ധിച്ച വ്യവസ്ഥ റദ്ദാക്കിയെന്നും സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ നിലപാട് എടുത്തത്. എന്നാൽ അതും വെറുതെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP