Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിസമ്മതപത്രം നൽകിയ 1,96,565 പേരുടെ ശമ്പളവും പിടിക്കുകയില്ല; സമ്മതമെന്ന് കരുതി ഒന്നും മിണ്ടാത്ത 2,88,904 പേരിൽ ഓപ്ഷൻ തെരഞ്ഞെടുക്കാത്ത 30,000 പേർ സമ്മതപത്രം നൽകിയാൽ മാത്രമേ സാലറി ചലഞ്ചിൽ പെടുത്തി ശമ്പളം പിടിക്കാൻ പറ്റൂ; സുപ്രീംകോടതി ഇടപെടലോടെ മനസില്ലാ മനസ്സോടെ ഓപ്ഷൻ നൽകിയ നിരവധി ജീവനക്കാർ തിരുത്തുമെന്ന് സൂചന; സ്‌നേഹത്തോടെ ചോദിക്കേണ്ടതിന് പകരം ആജ്ഞാപിച്ചു പിരിക്കാൻ ഇറങ്ങി സാലറി ചലഞ്ച് പൊളിഞ്ഞത് ഇങ്ങനെ

വിസമ്മതപത്രം നൽകിയ 1,96,565 പേരുടെ ശമ്പളവും പിടിക്കുകയില്ല; സമ്മതമെന്ന് കരുതി ഒന്നും മിണ്ടാത്ത 2,88,904 പേരിൽ ഓപ്ഷൻ തെരഞ്ഞെടുക്കാത്ത 30,000 പേർ സമ്മതപത്രം നൽകിയാൽ മാത്രമേ സാലറി ചലഞ്ചിൽ പെടുത്തി ശമ്പളം പിടിക്കാൻ പറ്റൂ; സുപ്രീംകോടതി ഇടപെടലോടെ മനസില്ലാ മനസ്സോടെ ഓപ്ഷൻ നൽകിയ നിരവധി ജീവനക്കാർ തിരുത്തുമെന്ന് സൂചന; സ്‌നേഹത്തോടെ ചോദിക്കേണ്ടതിന് പകരം ആജ്ഞാപിച്ചു പിരിക്കാൻ ഇറങ്ങി സാലറി ചലഞ്ച് പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും മറ്റും കാര്യങ്ങൾ നേടാമെന്ന പിണറായി സർക്കാറിന്റെ മോഹങ്ങളാണ് സുപ്രീംകോടതി ഇടപെടലോടെ പൊലിഞ്ഞത്. 2000 കോടി രൂപ ലക്ഷ്യമിട്ടു നടത്തുന്ന സാലറി ചലഞ്ചിൽ ഇപ്പോൾ 500 കോടിയോളം രൂപയുടെ ഇടിവുണ്ടാകുമെന്ന് വ്യക്തമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക ഇനിയും കുറയുമെന്നാണ് ലഭിക്കുന്ന വിവരം. സുപ്രീംകോടതി ഉത്തരവോടെ സാലറി ചലഞ്ചിൽ പുതിയ സമ്മതപത്രം പുറത്തിറക്കേണ്ട അവസ്ഥയായി. ഇതോടെ പ്രതീക്ഷ തുകയിൽ ഇനിയും കുറവു വരുമെന്ന ആശങ്കയിലാണ് സർക്കാർ.

സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാൻ താൽപര്യമുള്ളവർ ഇന്നു വൈകിട്ട് അഞ്ചിനു മുൻപ് സമ്മതപത്രം നൽകണമെന്നു ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നേരത്തെ സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടു സമ്മതപത്രം നൽകാൻ കഴിയാത്തവർക്കും ഇതു ബാധകമാണ്. സമ്മതപത്രമില്ലാതെ ഒരു ജീവനക്കാരന്റെ പോലും ശമ്പളത്തിൽ നിന്നു സംഭാവനത്തുക കുറവു ചെയ്യാൻ പാടില്ല. അതുകൊണ്ട് ഇത്തരത്തിൽ കുറവു ചെയ്തു ബിൽ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ സമ്മതപത്രം ഉടൻ വാങ്ങണം. ഇതിനു കഴിഞ്ഞില്ലെങ്കിൽ ബിൽ റദ്ദാക്കി പുതിയ ബിൽ തയാറാക്കണം.

4,85,469 സർക്കാർ ജീവനക്കാരിൽ 2,88,904 പേരാണു സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടുള്ളത്. 1,96,565 പേർ വിസമ്മത പത്രവും നൽകി. എന്നാൽ, സുപ്രീംകോടതി വിസമ്മതപത്രം റദ്ദാക്കിയതോടെ സാലറി ചാലഞ്ചിൽ പങ്കെടുത്ത 2,88,904 പേരിൽ നിന്നു സമ്മതപത്രം വാങ്ങേണ്ടതുണ്ട്. ഇതിൽ 89% പേർ തങ്ങളുടെ സംഭാവന കുറവു ചെയ്യുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തു കത്തു നൽകിയിരുന്നു. ഇതു സമ്മതപത്രമായി കണക്കാക്കും. ബാക്കിയുള്ള മുപ്പതിനായിരത്തോളം പേരിൽ നിന്നാണ് ഇനി സമ്മതപത്രം വാങ്ങാനുള്ളത്. വിസമ്മതപത്രം വാങ്ങിയവരുടെ ശമ്പളം പിടിക്കില്ല. ഇവർക്ക് ശമ്പളം വൈകിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി വാർത്തകളുണ്ട്.

ഇന്നു വൈകിട്ട് അഞ്ചിനു മുൻപ് ഇവരിൽ നിന്നു സമ്മതപത്രം വാങ്ങി ശമ്പള ബിൽ തയാറാക്കാനാണു തിരക്കിട്ട നീക്കം. ഇതിനു കഴിഞ്ഞില്ലെങ്കിൽ ബിൽ തയാറാക്കുന്നതു വൈകിപ്പിച്ച് സമ്മതപത്രം വാങ്ങാൻ ഭരണപക്ഷ അനുകൂല ഡിഡിഒമാരുടെ നീക്കമുണ്ട്. ഇതു ശമ്പള വിതരണം വൈകാൻ കാരണമാകും. സമ്മതപത്രം നൽകാതിരിക്കാൻ ഇന്ന് അവധിക്ക് അപേക്ഷിച്ച ജീവനക്കാരും ധാരാളമുണ്ട്. ഇതെല്ലാം പ്രത്യക്ഷത്തിൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയാണ്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ പുതിയ ഉത്തരവിനു മുൻപ് തയാറാക്കിയ ശമ്പള ബില്ലുകൾ ഉത്തരവിനു വിരുദ്ധമല്ലെങ്കിൽ റദ്ദാക്കേണ്ടതില്ല. ഡിഡിഒമാർ ഒരു സാക്ഷ്യപ്പെടുത്തൽ കത്തു ട്രഷറിയിൽ നൽകി ബിൽ മാറിയാൽ മതിയാകുമെന്നു ധനവകുപ്പ് നിർദേശിച്ചു. ഒരു മാസത്തെ ശമ്പളത്തിൽ കുറഞ്ഞുള്ള തുക സാലറി ചാലഞ്ചിൽ ഉൾപ്പെടുത്തി സ്വീകരിക്കില്ല. അങ്ങനെ നൽകണമെന്നുള്ളവർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നേരിട്ടു കൈമാറാം.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒരുമാസത്തെ ശമ്പളം നൽകാനാണ് സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ഇതിന് തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ വിവാദമായതോടെയാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടായത്. സംഭാവന നൽകാനാവാത്ത ജീവനക്കാരെ അപമാനിക്കാനും അവർക്കെതിരേ നടപടിയെടുക്കാനും വിസമ്മതപത്രം ഭരണാനുകൂലസംഘടനകൾ ആയുധമാക്കുമെന്നും ആരോപണമുയർന്നു. പ്രതികാര നടപടികളിലേക്കും ചിലർ കടന്നു.

പത്തുമാസ ഗഡുക്കളായാണ് സാലറി ചലഞ്ച്. ഇപ്പോഴത്തെ നിലയിൽ പത്തുമാസംകൊണ്ട് രണ്ടായിരം കോടി രൂപ കിട്ടണം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ സമ്മതപത്രം നൽകാൻ വിസമ്മതിച്ച് ഇതിൽനിന്ന് കുറെ ജീവനക്കാർ പിന്മാറിയാലും ഏറ്റവും കുറഞ്ഞത് 1500 കോടിരൂപ സർക്കാരിന് കിട്ടുമെന്നുറപ്പ്. ആഗോള ഏജൻസികളിൽനിന്നുള്ള വായ്പയല്ലാതെ ഇത്രയും തുക ഒരുമിച്ച് സമാഹരിക്കാൻ സർക്കാരിന് വേറെ മാർഗങ്ങളില്ല. ലോകബാങ്ക് കേരളത്തിന് വാഗ്ദാനം നൽകിയ വായ്പ 3600 കോടി രൂപയാണ്. പ്രളയശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെയെത്തിയത് 1874 കോടി രൂപയും.

അതേസമയം സംസ്ഥാന ഫണ്ടിന്റെ അപര്യാപ്തത സർക്കാറിനെ പുനർനിർമ്മാണ കാര്യത്തിൽ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. വിദേശ സഹായത്തിനു പിന്നാലെ സാലറി ചലഞ്ചിലും തിരിച്ചടിയായതോടെ കേന്ദ്രസർക്കാറിൽ നിന്നും പണം നേരിട്ടു സ്വരൂപിക്കാനാണ് നീക്കം. മഹാപ്രളയം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും ലക്ഷ്യമിട്ടതിന്റെ പത്തിലൊന്ന് തുക പോലും സമാഹരിക്കാൻ സർക്കാരിനായിട്ടില്ല. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സർക്കാർ കണക്കുകൂട്ടിയത് 30000 കോടിയോളം രൂപയാണ്. സംസ്ഥാനത്തിന്റെ ഒരു വർഷത്തെ പദ്ധതി തുകയോളം തന്നെ വരുന്ന ഈ തുക കണ്ടെത്താനായി സർക്കാർ ലക്ഷ്യം വച്ചത് മൂന്ന് വഴികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കേന്ദ്ര സഹായം, വിദേശ വായ്പയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായവും.

ദുരിതാശ്വാസ നിധിയിലേക്ക് നല്ല നിലയിൽ സഹായം എത്തുന്നതിനിടെയാണ് സാലറി ചലഞ്ചിന് ഹൈക്കോടതിയിൽ നിന്നും പിന്നീട് സുപ്രീം കോടതിയിൽ നിന്നുമുള്ള തിരിച്ചടി. സാലറി ചലഞ്ച് വഴി ദുരിതാശ്വാസ നിധിയിലേക്ക് 2000 കോടി രൂപയോളം പ്രതീക്ഷിച്ച സർക്കാരിന് എത്ര തുക ലഭിക്കുമെന്ന് പറയാൻ ഇപ്പോഴാകുന്നില്ല. വിസമ്മത പത്രമെന്ന വ്യവസ്ഥ സ്റ്റേ ചെയ്യപ്പെട്ടതോടെ സമ്മതം അറിയിച്ചവർ തന്നെ പിന്മാറാനുള്ള സാധ്യതയുമുണ്ട്. 4,85,469 സർക്കാർ ജീവനക്കാരിൽ 2,88904 പേരാണ് സാലറി ചലഞ്ചിന്റെ ഭാഗമായത്. 32 ശതമാനത്തോളം ജീവനക്കാർ വിസമ്മതപത്രം നൽകി. യുഎഇ മുന്നോട്ടുവച്ച 700 കോടിയുടെ സഹായത്തോട് മുഖം തിരിച്ച കേന്ദ്രസർക്കാർ വിദേശ വായ്പാ കാര്യത്തിലും മന്ത്രിമാരുടെ വിദേശ സന്ദർശന കാര്യത്തിലും കടുംപിടുത്തം തുടരുന്നു.

വിദേശ യാത്ര മുടങ്ങിയതുവഴി 5000 കോടിയോളം രൂപ നഷ്ടമായെന്നാണ് സർക്കാർ കണക്ക്. 3600 കോടി രൂപ വായ്പ നൽകാമെന്ന് ലോകബാങ്ക് അറിയിച്ചിട്ടും കേന്ദ്രം കടമെടുപ്പ് പരിധി ഉയർത്തിയിട്ടില്ല. കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടേണ്ട 4700 കോടി രൂപ എന്ന് കിട്ടുമെന്ന കാര്യത്തിലും വ്യക്തതയില്ല. വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം പ്രതീക്ഷിച്ച് തുടങ്ങിയ ക്രൗഡ് ഫണ്ടിംഗും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ചുരുക്കത്തിൽ കേന്ദ്ര സഹായമായി കിട്ടിയ 600 കോടിക്കു പുറമെ ദുരിതാശ്വാസ നിധിയിലെത്തിയ 1874 കോടി രൂപ മാത്രമാണ് സർക്കാരിന്റെ കൈയിലുള്ളത്. ഇതിൽ നിന്ന് വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 454 കോടി രൂപ നൽകി. വീടൊന്നിന് നാലു ലക്ഷം എന്ന കണക്കിൽ വീടു നഷ്ടമായവർക്ക് 1200 കോടി രൂപ ഉടൻ നൽകണം. ഇങ്ങനെ നിരവധി പ്രതിസന്ധികളാണ് സർക്കാറിന് മുന്നിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP