Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

അതിഥി തൊഴിലാളികൾ വേണ്ട, ഒരാൾക്ക് മിനിമം ജോലിസമയം രണ്ട് മണിക്കൂർ; ആദ്യത്തെ രണ്ട് മണിക്കൂറിന് ശമ്പളം 250 രൂപ; തുടർന്നുള്ള സമയം ജോലിചെയ്യുന്നതിന് മണിക്കൂറിന് 100 രൂപ വീതവും; ഊബർ ഈറ്റ്, ഡ്രൈവർ ഹയർ സമാനമായ മൊബൈൽ ആപ്പിലൂടെ അടുത്തുള്ള ലഭ്യമായ ജോലിക്കാരെ തിരെഞ്ഞടുക്കാം; കേരളത്തിന് വേണ്ടത് പുതിയൊരു തൊഴിൽ സംസ്‌ക്കാരം; സജു രവീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ; 15 പൈസയ്ക്ക് 10 കിലോ ഭാരം വഹിക്കുന്ന പേപ്പർബാഗുണ്ടാക്കിയ സജു മറുനാടനോട്

അതിഥി തൊഴിലാളികൾ വേണ്ട, ഒരാൾക്ക് മിനിമം ജോലിസമയം രണ്ട് മണിക്കൂർ; ആദ്യത്തെ രണ്ട് മണിക്കൂറിന് ശമ്പളം 250 രൂപ; തുടർന്നുള്ള സമയം ജോലിചെയ്യുന്നതിന് മണിക്കൂറിന് 100 രൂപ വീതവും; ഊബർ ഈറ്റ്, ഡ്രൈവർ ഹയർ സമാനമായ മൊബൈൽ ആപ്പിലൂടെ അടുത്തുള്ള ലഭ്യമായ ജോലിക്കാരെ തിരെഞ്ഞടുക്കാം; കേരളത്തിന് വേണ്ടത് പുതിയൊരു തൊഴിൽ സംസ്‌ക്കാരം; സജു രവീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ; 15 പൈസയ്ക്ക് 10 കിലോ ഭാരം വഹിക്കുന്ന പേപ്പർബാഗുണ്ടാക്കിയ സജു മറുനാടനോട്

സിന്ധു പ്രഭാകരൻ

തിരുവനന്തപുരം: കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്യാൻ മലയാളികളെത്തന്നെ ലഭ്യമാക്കാൻ കഴിയുന്ന ഒരു പ്രായോഗിക പ്രവർത്തനപരിപാടി മുന്നോട്ടുവെച്ചു കയ്യടി നേടുകയാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ സജു രവീന്ദ്രൻ. ഇവിടെ ഇപ്പോൾ ജോലി ചെയ്യുന്ന അതിഥിതൊഴിലാളികൾക്ക് പകരം നമ്മുടെ നാട്ടുകാരെക്കൊണ്ട് തന്നെ ഇത്തരം ജോലി ചെയ്യിപ്പിച്ചാൽ കേരളത്തിൽ വലിയ സാമ്പത്തിക ചലനം സൃഷ്ടിക്കാൻ കഴിയുമെന്നും സജു ചൂണ്ടിക്കാട്ടുന്നു. പാർട്ട് ടൈം ജോലി ചെയ്തു പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെയും ഈ പദ്ധതി ഏറെ സഹായിക്കും. അതിനായി മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്യുകയും സ്റ്റാർട്ട്അപ്പ് തുടങ്ങാൻ തയ്യാറാവുകയും ചെയ്താൽ മാത്രം മതി. കേവലം 15 പൈസ ചെലവിൽ 10 കിലോയിലധികം ഭാരം വഹിക്കാൻ കഴിയുന്ന പേപ്പർബാഗ് നിർമ്മിച്ചും ഇയാൾ ശ്രദ്ധനേടിയിരുന്നു. ഫേസ്‌ബുക്കിലൂടെ വിശദമാക്കിയ ആശയമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിനുമപ്പുറം തന്റെ ആശയം മറുനാടനോട് ഒന്നുകൂടി വിശദമാക്കുകയാണ് സജു.

തുടർച്ചയായി എട്ടു മണിക്കൂർ കായികമായി അധ്വാനിക്കാൻ മലയാളി ഇഷ്ടപ്പെടുന്നില്ല. കുറച്ചു സമയം മാത്രം ആവശ്യമുള്ള ജോലികൾക്ക് ഒരു ദിവസത്തെ വേതനം നൽകുന്നതിനും തൊഴിൽദാതാക്കൾ തയ്യാറല്ല. ഈ രണ്ടു സാഹചര്യങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് തന്റെ ആശയം സജു മുന്നോട്ടുവയ്ക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂർ മാത്രം ആവശ്യമുള്ള ചെറിയ കൃഷിപ്പണികൾക്കോ ക്ലീനിങ് ജോലികൾക്കോ ഇത്തരത്തിൽ പാർട്ട്‌ടൈം സേവനം പ്രയോജനപ്പെടുത്താം. ചെറിയ തൊഴിൽ സംരംഭങ്ങൾ നടത്തുന്ന സ്ഥലങ്ങളിലെ പാക്കിങ്, സീലിങ്, ലോഡിങ് വൈകുന്നേരം മാത്രം പ്രവർത്തിക്കുന്ന തട്ടുകടകളിലെ ജോലികൾ, ഒരു വീടിനകത്തെ ഫർണിച്ചറുകളുടെ ക്രമീകരണം, വീട്, മുറ്റം, കാർ പോലുള്ളവയുടെ ക്ലീനിങ്, രാവിലെയും വൈകുന്നേരവും കാർഷികവിളകൾക്ക് ജലസേചനം നടത്തൽ തുടങ്ങി കുറച്ചു സമയം മാത്രം ആവശ്യമുള്ള ഒട്ടനവധി ജോലികളുണ്ട്. ഇത്തരം ജോലികൾ ചെയ്യുന്നതിനാണ് അവിദഗ്ധ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടത്. ജോലിയുടെ സമയത്തിനും പരിശ്രമത്തിനും അനുസരിച്ച് കൂലി നൽകിക്കൊണ്ടുള്ള ഒരു വ്യവസ്ഥയാണ് അഭികാമ്യം.

ഇത്തരത്തിൽ ചെറിയ ചെറിയ യൂണിറ്റുകളായി തൊഴിൽവിഭജനം നടത്തുമ്പോൾ അവ ചെയ്യാൻ ആളുകളെ കിട്ടും. അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിൽത്തന്നെ ധാരാളം ചെറിയ സംരംഭങ്ങൾ ഉയർന്നു വരാനും സാധ്യതയുണ്ട്. വൈദഗ്ധ്യം ആവശ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്കൽ തുടങ്ങി പല മേഖലകളിലും ചെറുപണികൾക്കുള്ള അവസരങ്ങൾ ധാരാളം ഉണ്ട്. അവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ന് അർബൻ ക്ലാപ്പ് പോലുള്ള ചില ആപ്ലിക്കേഷനുകളും നിലവിലുണ്ട്. എന്നാൽ പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിലുകൾ നേടുന്നതിനുള്ള ഒരു സംവിധാനമാണ് ഈ ആശയത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇങ്ങനെ ജോലി ചെയ്യാൻ തയ്യാറുള്ള ആളുകളെ രജിസ്റ്റർ ചെയ്യലാണ് ആദ്യഘട്ടത്തിൽ വേണ്ടത്. തുടർന്ന് ജോലിക്കാരെ ലഭ്യമാക്കുന്ന മൊബൈൽ ആപ്പിലൂടെ ആവശ്യക്കാർക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്താം.

ആദ്യ രണ്ടുമണിക്കൂറിന് മിനിമം കൂലിയായി 250 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതം അധികം നൽകുന്ന രീതിയും അവലംബിക്കാം. തൊഴിൽദാതാക്കൾക്ക് തങ്ങളുടെ ആവശ്യങ്ങളെ ചെറിയ ചെറിയ മോഡ്യൂളുകളാക്കിത്തിരിച്ച് സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് പണിക്കാരെ കണ്ടെത്താനും ഈ രീതി സഹായകമാകും. ജോലിയുടെ രീതിയും സമയവും കൂലിയും മുൻകൂട്ടി നിശ്ചയിക്കാം. അതിലൂടെ തൊഴിലാളികളുടെയും തൊഴിൽദാതാക്കളുടെയും ഇടയിലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കുകയും ചെയ്യാം. നമ്മുടെ നാട്ടിൽ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്ന ലെംമ (self employed women's association), ഊബർ പോലുള്ള സംവിധാനങ്ങളുടെ കുറച്ചുകൂടി മെച്ചപ്പെട്ട തലത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി തൊഴിൽ ദാതാവും തൊഴിലാളികളും നേരിട്ട് ബന്ധപ്പെടുന്ന ഒരു രീതി.

കോവിഡിനു ശേഷം ലോകത്താകമാനം ഉണ്ടാകാനിടയുള്ള സാമ്പത്തിക ഞെരുക്കത്താൽ തൊഴിൽ നഷ്ടപ്പെട്ട് ധാരാളം മലയാളികൾ നാട്ടിലെത്താൻ സാധ്യതയുണ്ട്. ഇങ്ങനെ മടങ്ങിയെത്തുന്നവരിൽ ഭൂരിഭാഗവും പ്രത്യേകിച്ച് തൊഴിൽ വൈദഗ്ധ്യം ഇല്ലാത്ത സാധാരണക്കാരായ തൊഴിലാളികൾ ആയിരിക്കും. അവർക്ക് ഒരു ജോലിസാധ്യത ഉണ്ടാകുന്നതിനോടൊപ്പം സ്ഥിരവരുമാനക്കാരായ മറ്റുള്ളവർക്ക് തങ്ങളുടെ നാമമാത്രമായ പറമ്പിൽ കൃഷിപ്പണികൾ ചെയ്യിപ്പിക്കുന്നതിനും ഇത് സഹായകമാകും. കേരളത്തിലെ സാഹചര്യത്തിൽ കാർഷിക രംഗത്തെ ഉത്പാദനവർദ്ധനവിനും ഇത് വഴിതെളിക്കും. ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിഷം നിറഞ്ഞ പഴം-പച്ചക്കറികൾ എന്നിവ ഒരുപരിധിവരെ ഒഴിവാക്കാൻ കൂടി കേരളത്തിന് കഴിയും.

പാർട്ട്‌ടൈം ജോലി ചെയ്തു ഉന്നതപഠനം നടത്തുക എന്നത് ഇന്ന് ലോകരാജ്യങ്ങളിലെല്ലാം നിലനിൽക്കുന്ന ഒരു രീതിയാണ്. കേരളത്തിലും ഈ രീതിക്ക് സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. അങ്ങനെ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിൽ രഹിതർക്കും രാഷ്ട്രീയപൊതുപ്രവർത്തകർക്കുമടക്കം ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാം. അവരുടെ ഒഴിവു സമയത്തിനനുസരിച്ച് ജോലി ചെയ്ത് ആവശ്യത്തിന് വരുമാനം ഉണ്ടാക്കാം. മണിക്കൂർ അടിസ്ഥാനതിലോ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എന്ന നിലയിലോ ഒക്കെ ഈ സംവിധാനം പ്രയോജനപ്പെടുത്താം. നമ്മുടെ സമ്പത്ത് താഴെതട്ടിൽ എത്തിക്കാനും അത് ഇവിടെത്തന്നെ വിനിമയം ചെയ്യപ്പെടാനും ഇതിലൂടെ സാധിക്കും. ഇത്തരത്തിൽ ഭക്ഷ്യ,തൊഴിൽ,സാമ്പത്തിക മേഖലകളിൽ ഒരു വൻ മുന്നേറ്റത്തിന് തന്നെ ഇടയായേക്കാവുന്ന ഒരു ആശയമാണ് സജു മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ തൊഴിൽ സംസ്‌കാരത്തിന് തന്നെ കാതലായ ഒരു മാറ്റം ഇതിലൂടെ ഉണ്ടാകും, ഒപ്പം ഒരു കുതിച്ചുചാട്ടത്തിനുള്ള അവസരവും.

മാലിന്യസംസ്‌കരണം, കൃഷി, ചിലവുകുറഞ്ഞ പേപ്പർബാഗ് നിർമ്മാണം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യത്യസ്തമായ കണ്ടെത്തലുകൾ ഇതിനോടകം തന്നെ സജു മുന്നോട്ടു വച്ചിട്ടുണ്ട്. പേപ്പർബാഗ് നിർമ്മാണവുമായി ബന്ധപ്പെട്ട വാർത്ത നേരത്തെ മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആളുകളേയും കൂടി ഉൾപ്പെടുത്തി കേരളത്തിലങ്ങോളമിങ്ങോളം പേപ്പർ ബാഗുകളുടെ നിർമ്മാണപരിശീലനവും ഇതിനോടകം നടത്തിക്കഴിഞ്ഞു. നൂറോളം ചെലവുകുറഞ്ഞ പേപ്പർബാഗ് നിർമ്മാണ യൂണിറ്റുകളും ഇന്ന് പ്രവർത്തിക്കുന്നു. ഇതിനോടൊപ്പം സജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റും വായിക്കാം.

സജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തിൽ സവിശേഷമായ തൊഴിൽ സഹചര്യമാണ് നിലവിലുള്ളത്. ദിവസക്കൂലിക്ക് (കൂലിവേല) ചെയ്യുന്ന ജോലികൾ പ്രധാനമായും ഉള്ളത് ചെറിയ കൃഷിപണികൾ, വിവിധതരത്തിലുള്ള ക്ലീനിങ് ജോലികൾ, സാധനങ്ങൾ ഷിഫ്റ്റ് ചെയ്യൽ, സ്‌കിൽ വർക്കുകൾ ചെയ്യുന്നവർക്കുള്ള കൈയാൾ പണികൾ തുടങ്ങിയവ. ഇത്തരം ജോലികൾ ചെയ്യാനും അതിഥി തൊഴിലാളികളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ജോലികൾ നമ്മുടെ നട്ടുകാരെ കൊണ്ടുതന്നെ ചെയ്യിക്കാൻ കഴിയും. അതിഥിതൊഴിലാളികളെക്കാളും അവർ ഭംഗിയായി ചെയ്യും.
പറയുന്നത് ഒരു ഫാന്റെസി പ്രോഗ്രാമല്ല. ഉറപ്പയും സാധ്യമാണ്.

നിലവിലുള്ള ജോലി സമയവും ശമ്പളരീതിയും തൊഴിൽ സംവിധാനവും വച്ച് മലയാളിയെ കൊണ്ടുജോലി ചെയ്യിപ്പിക്കാനാവില്ല.

നിർദ്ദേശിക്കുന്ന രീതി ഇതാണ്:

മിനിമം ജോലിസമയം രണ്ട് മണിക്കൂർ. ആദ്യത്തെ രണ്ട് മണിക്കൂറിന് ശമ്പളം 250 രൂപ (മിനിമം 250 രൂപ) തുടർന്നുള്ള സമയം ജോലിചെയ്യുന്നതിന് മണിക്കൂറിന് 100 രൂപ വീതം. ഊബർ ഈറ്റ്, ഡ്രൈവർ ഹയർ സമാനമായ മൊബൈൽ ആപ്പിലൂടെ അടുത്തുള്ള ലഭ്യമായ ജോലിക്കാരെ തിരെഞ്ഞടുക്കാം. ജോലി സമയത്തിന് അനുസരിച്ചുള്ള വേതനവും മൊബൈൽ ആപ്പിലൂടെ ഫിക്‌സ് ചെയ്യാം

സാധ്യതകൾ:

തുടർച്ചയായി 8 മണിക്കൂർ കായികമായി ജോലിചെയ്യാൻ മലയാളികൾ തയ്യാറല്ല, അതിനുള്ള ശേഷിയും പലർക്കും ഇല്ല. തൊഴിൽസമയം തൊഴിൽ എടുക്കുന്നയാൾക്ക് തെരഞ്ഞെടുക്കൻ കഴിയുന്നതുകൊണ്ട് വിദ്യാർത്ഥികൾ അടക്കം ധാരാളം പേർ ഇതിന് തയ്യാറവും. ആപ്പിലൂടെ ജോലിയെ സംബന്ധിച്ച ധാരണ ഉണ്ടാക്കാനും അത് എഗ്രി ചെയ്യാനും കഴിയും. പ്രഷർ വാഷർ, വാക്കം ക്ലീനർ, അഗ്രി ടൂളുകൾ തുടങ്ങിയ ലഘുയന്ത്രങ്ങളുടെ സഹായത്തോടെ ജോലിചെയ്യുന്നവരും ലിസ്റ്റിൽ ഉണ്ടാവും, ലഘുയന്ത്രങ്ങൾക്ക് വാടക അധികം നൽകണം. ജോലിക്കാരെ കുറിച്ച് റിവ്യ്യൂ രേഖപെടുത്താനുള്ള സംവിധാനവും ആപ്പിൽ ഉണ്ടാവും.അതിലൂടെ നല്ല ജോലിക്കാരെ തിരഞ്ഞെടുക്കനാവും, നന്നയി ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവസരവും ലഭിക്കും. ജോലിചെയ്യാൻ മടിയില്ലാത്തവർക്ക് പ്രതിദിനം ആയിരം രൂപയിൽ കൂടുതൽ ജോലിചെയ്ത് നേടാം.

ഗുണങ്ങൾ:

ഇതു നടന്നാൽ കേരളത്തിൽ ഒരു വലിയ സാമ്പത്തിക ചലനം ഉണ്ടാവും. രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് ചെയ്ത് തീർക്കാൻ കഴിയുന്ന ജോലികൾ ധാരാളമുണ്ട്. ഒരു ജോലിക്കാരനെ മുതലാക്കാൻ അത്രയും ജോലി ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നത് അവസാനിക്കും. ജോലികൾ ഉടനടി തീർക്കും. 250 രൂപക്കുള്ള ജോലിക്ക് ഇനി 800 രൂപ കൊടുക്കേണ്ടി വരില്ല. കാർഷിക രംഗത്ത് വമ്പൻ ഉല്പാദനവർദ്ധനവ് ഉണ്ടാവും. മൂന്ന് മൂട് വാഴ വെയ്ക്കാനും ഒരു മൂട് തെങ്ങ് വയ്ക്കാനും ഒരു ദിവസത്തെ കൂലി കൊടുക്കേണ്ടി വരില്ല. വിവിധ തരത്തിലുള്ള ക്ലീനിങ് വക്കുകൾ മാറ്റി വയ്ക്കാതെ ചെയ്തുതീർക്കാനവും. ഹോട്ടലിൽ രണ്ട് മണിക്കൂർ ഊണ് വിളമ്പാൻ ഒരു ദിവസത്തെ ശമ്പളം കൊടുക്കേണ്ട. സാധ്യതകൾ അനന്തമാണ്. സമൂഹത്തിന്റെ താഴെ തട്ടിൽ കാശ് എത്തിക്കൻ പറ്റുന്ന ഒരു നല്ലമർഗ്ഗം.

വിദ്യാർത്ഥികൾ,ഓട്ടോറിക്ഷഡൈവർമാർ,ചുമട്ട് തൊഴിലാളികൾ,തൊഴിൽരഹിതരായ യുവതി യുവാക്കൾ,പൊതുപ്രവർത്തകർ,രഷ്ട്രീയ പാർട്ടിപ്രവർത്തകർ അങ്ങെനെ ഒരു വലിയ വിഭാഗം ജനത്തിന് ഈ ആാപ്പിൽ രജിസ്റ്റർ ചെയ്ത് കുറച്ച് സമയം തൊഴിലെടുത്ത് ഒരു അധിക വരുമാനം നേടാം. കേരളത്തിലെ ജനങ്ങളുടെ മൊബയിൽ ലിറ്ററസിയും സ്വന്തമായി ടൂവീലറുകൾ ഉള്ളതും ഈ സംവിധാനത്തിന് കൂടുതൽ കരുത്ത് നൽകും. പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ സർക്കരിന് ക്രൈസസ്സ് മാനേജ് ചെയ്യാനും ഈ സംവിധാനം പ്രയോജനപെടുത്താനാവും ഇത് ഒരു കൺസെപ്റ്റ് നോട്ട് മാത്രമാണ്. ഇത് കണ്ട് ഒരു സ്റ്റാർട്ടപ്പ് സംരംഭമാക്കൻ ആരെങ്ങിലും തയ്യാർ ആയേക്കാം.നല്ല ഒരു സാമൂഹ്യ സംരഭകന്റെ കൈയിൽ എത്താൻ താങ്ങൾ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. നമ്മുടെ നാടും നാട്ടുകാരും കൂടുതൽ മെച്ചപെടട്ടെ,

[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP