Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്മനത്തിന് 300നും 3000നും ഇടയിൽ ഭൂരിപക്ഷം ഉറപ്പ്; കേരളത്തിൽ ഇടത് പക്ഷത്തിന് കിട്ടുക പത്ത് സീറ്റുകൾ; യുഡിഎഫിന് ഒൻപത് എണ്ണവും കിട്ടും; തിരുവനന്തപുരത്ത് താമര വിരിയുമെന്നും സജീവൻ സ്വാമി; കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം ഉറപ്പെന്നും പ്രവചനം; ജോണിവാക്കർ വിവാദത്തിൽപ്പെട്ട കുണ്ഡലിനി സ്വാമി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഭാവി പറയുന്നത് ഇങ്ങനെ

കുമ്മനത്തിന് 300നും 3000നും ഇടയിൽ ഭൂരിപക്ഷം ഉറപ്പ്; കേരളത്തിൽ ഇടത് പക്ഷത്തിന് കിട്ടുക പത്ത് സീറ്റുകൾ; യുഡിഎഫിന് ഒൻപത് എണ്ണവും കിട്ടും; തിരുവനന്തപുരത്ത് താമര വിരിയുമെന്നും സജീവൻ സ്വാമി; കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം ഉറപ്പെന്നും പ്രവചനം; ജോണിവാക്കർ വിവാദത്തിൽപ്പെട്ട കുണ്ഡലിനി സ്വാമി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഭാവി പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്ക് മദ്യപാർട്ടിയും നോൺ ഉൾപ്പെടെയുള്ള വിഭവങ്ങളും നൽകുമെന്ന് പരസ്യ പ്രഖ്യാപനം നടത്തി വിവാദ പുരുഷനായി മാറിയ സജീവൻ സ്വാമി 20 നു നടത്തുന്ന തിരഞ്ഞെടുപ്പ് പ്രവചനത്തിൽ പ്രഖ്യാപിക്കാനിരിക്കുന്നത് കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് തന്നെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി അധികാരത്തിൽ വരുമെന്നുള്ള നിലവിലെ ഫല സൂചനകളാണ് സ്വന്തം പ്രവചനത്തിൽ സജീവൻ സ്വാമി തള്ളിക്കളയുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരും-സജീവൻ സ്വാമി മറുനാടൻ മലയാളിയോട് പറഞ്ഞു. നരേന്ദ്ര മോദി ഇക്കുറി അധികാരത്തിൽ വരില്ല. ഇതാണ് പ്രവചനത്തിൽ വിശദമാക്കാൻ ശ്രമിക്കുന്നത്.

കേരളത്തിലെ ഇടതുമുന്നണിക്ക് തന്നെ മുൻതൂക്കം ലഭിക്കും. പത്ത് സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കും. ഒമ്പത് സീറ്റാണ് യുഡിഎഫിന് ലഭിക്കുക. പത്ത് സീറ്റ് ഇടതുമുന്നണിക്ക് ലഭിക്കും. ഒരു സീറ്റ് ബിജെപിക്കും ലഭിക്കും. ബിജെപിക്ക് ലഭിക്കാൻ പോകുന്ന സീറ്റ് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് ആകും ലഭിക്കുക. പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ ജയിക്കുമോ എന്ന ചോദ്യത്തിൽ നിന്നും സജീവൻ സ്വാമി ഒഴിഞ്ഞുമാറുകയായിരുന്നു. ഏപ്രിലിൽ തന്നെ പ്രവചനങ്ങൾ ഫെയ്‌സ് ബുക്കിൽ സ്വാമി പരസ്യമാക്കിയിരുന്നു. ഇത് ശ്രദ്ധ നേടാത്തതു കൊണ്ടാണ് പത്ര സമ്മേളനത്തിന് തയ്യാറെടുത്തത്.

പാലക്കാടും കണ്ണൂരും വടകരയും കോഴിക്കോടും ആലത്തൂരും ആലപ്പുഴയും പത്തനംതിട്ടയും കൊല്ലവും ആറ്റിങ്ങലും കാസർഗോഡും ഇടതിനൊപ്പമെന്നാണ് പ്രവചനം. വയനാടും പൊന്നാനിയും മലപ്പുറവും എറണാകുളവും ഇടുക്കിയും കോട്ടയവും യുഡിഎഫിനും. തിരുവനന്തപുരത്ത് ബിജെപിക്കാണ് മുൻതൂക്കം. തിരുവനന്തപുരത്ത് മുന്നൂറ് മുതൽ മൂവായിരം വരെ വോട്ടിന് ജയിക്കുമെന്നാണ് പ്രവചനം. അങ്ങനെ മൂന്ന് കൂട്ടർക്കും സീറ്റ് നൽകുകയാണ് സ്വാമി.

ഇവിടെ കേരളമല്ല കേന്ദ്രമാണ് പ്രസക്തിയുള്ളത്. കുണ്ഡലിനി ശക്തിയാണ് എന്റെ പ്രവചനങ്ങൾക്ക് അടിസ്ഥാനമെന്ന് സജീവൻ സ്വാമി പറയുന്നു. അതുകൊണ്ട് പ്രവചനങ്ങൾ പിഴയ്ക്കുക പതിവില്ല. കുണ്ഡലിനി ശക്തി ഉണർന്ന സ്വാമിക്ക് ശാസ്ത്രീയമായ പ്രവചനങ്ങളുടെ അടിത്തറ ആവശ്യമില്ല. സിദ്ധിയാണ് എനിക്ക് ലഭിച്ചത്. ആ സിദ്ധി വഴിയാണ് പ്രവചനങ്ങൾ ഞാൻ നടത്തുന്നതും. 45 നും 48 നും ഇടയ്ക്കുള്ള സീറ്റാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രവചിച്ചത്. അതും ശരിയായി. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്നു പ്രവചിച്ചത് ഞാനായിരുന്നു. ഇടതുമുന്നണി അധികാരത്തിൽ വരുമെന്നും വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്നും പ്രവചിച്ചു. എല്ലാം സത്യമായില്ലേ-സജീവൻ സ്വാമി ചോദിക്കുന്നു.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കെ നേരിട്ട് അദ്ദേഹത്തെ കണ്ടാണ് പിണറായി മുഖ്യമന്ത്രിയാകുമെന്നു ഞാൻ പറഞ്ഞത്. ഇടതുമുന്നണി അധികാരത്തിൽ എത്തുമെന്ന് പ്രസ് ക്ലബിൽ പ്രവചിച്ച ശേഷം പിണറായിയെ നേരിട്ട് കണ്ടാണ് മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞത്. 85 സീറ്റിലും മുകളിൽ ഇടതുമുന്നണിക്ക് ലഭിക്കും എന്നാണ് ഞാൻ പറഞ്ഞത്. പിണറായിക്ക് അന്ന് അത് പറഞ്ഞപ്പോൾ വലിയ സന്തോഷമായി. ശരി സജീവാ. അത് അങ്ങിനെ തന്നെയാകട്ടെ എന്നാണ് പിണറായി വിജയൻ പറഞ്ഞത്. 27000 ലഡുവാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി വിജയം അറിഞ്ഞശേഷം എകെജി സെന്ററിന് മുന്നിൽ വിതരണം ചെയ്തത്. 27000 ലഡു ഇരിങ്ങാലക്കുട നിന്ന് എത്തിച്ചതാണ്. പെട്ടെന്ന് 27000 ലഡു എത്തില്ലല്ലോ. വിജയം പ്രവചിച്ച ശേഷം ലഡുവും ആദ്യമേ തയ്യാറാക്കി വയ്ക്കുകയായിരുന്നു. അതുകൊണ്ടാണ് ആ സമയത്ത് തന്നെ ഇത്രയും ലഡു വിതരണത്തിന് കഴിഞ്ഞത്.

140 ശ്രീചക്ര പൂജയാണ് ഞാൻ നടത്തിയത്. അതിന്റെയെല്ലാം ഫലസിദ്ധിയുണ്ട്. 2010 നു ശേഷം പൂജകൾ ഞാൻ കുറയ്ക്കുകയായിരുന്നു. 2010 നുശേഷം അത്രയധികം പൂജകൾ ചെയ്തിട്ടില്ല. ആവശ്യക്കാരുടെ സമ്മർദ്ദം കൂടുമ്പോൾ മാത്രമാണ് ഇപ്പോൾ പൂജകൾ ചെയ്യുന്നത്. പ്രമുഖ രാഷ്ട്രീയ പാർട്ടിക്ക് വിജയത്തിന് വേണ്ടി ഞാൻ നടത്തിയ പൂജയാണ് ഒടുവിൽ ചെയ്തത്. കഴിഞ്ഞമാസം മൂകാംബികയിലെ കുടജാദ്രിയിൽ ആയിരുന്നു ആ പൂജകൾ. കഴിഞ്ഞ മാസം 15 നു തുടങ്ങിയിട്ട് ഈ മാസം 13 നാണ് പൂജ തീർന്നത്.

കാട്ടിലെ ഒരു വീട്ടിലായിരുന്നു പൂജകൾ. 90-ൽ അധികം ബ്രാഹ്മണർ ഇരുന്നിട്ട് 39 ലധികം ഹോമകുണ്ഡങ്ങളിൽ തീർത്ത പൂജയാണിത്. അത് കഴിഞ്ഞ ഉടനെയാണ് ഈ വിവാദത്തിൽപ്പെട്ടത്.-സജീവൻ സ്വാമി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP