Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മധുരമായ പാഴ് വാക്കുകളെ വിശ്വസിച്ച് മാരകമായ അശ്രദ്ധയിൽ ഒരു കരാറ് ഒപ്പിട്ടു; ഇപ്പോൾ ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്; കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന 'ഫസ്റ്റ് ലുക്ക്' പോസ്റ്ററിൽ ഇല്ല; ഒരു പുതിയ പേരാണ് ടൈറ്റിലും ക്രെഡിറ്റും; ചതിയിൽ ബൗദ്ധികാവകാശം മുതൽ ക്രെഡിറ്റുകൾ വരെ കയ്യടക്കുന്ന പുതിയ സംസ്‌കാരം; മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ചിത്രത്തിൽ നിന്നും പുറത്താക്കിയ തിരക്കഥാകൃത്ത് സജീവ് പിള്ള തുറന്നടിക്കുന്നു

മധുരമായ പാഴ് വാക്കുകളെ വിശ്വസിച്ച് മാരകമായ അശ്രദ്ധയിൽ ഒരു കരാറ് ഒപ്പിട്ടു; ഇപ്പോൾ ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്; കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന 'ഫസ്റ്റ് ലുക്ക്' പോസ്റ്ററിൽ ഇല്ല; ഒരു പുതിയ പേരാണ് ടൈറ്റിലും ക്രെഡിറ്റും; ചതിയിൽ ബൗദ്ധികാവകാശം മുതൽ ക്രെഡിറ്റുകൾ വരെ കയ്യടക്കുന്ന പുതിയ സംസ്‌കാരം; മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ചിത്രത്തിൽ നിന്നും പുറത്താക്കിയ തിരക്കഥാകൃത്ത് സജീവ് പിള്ള തുറന്നടിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: 12 വർഷം ഊണും ഉറക്കവുമില്ലാതെ പണിയെടുത്ത് ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടി വരെ മാർക്കിട്ട തിരക്കഥ ഒരുക്കിയിട്ടും 'മാമാങ്കത്തിൽ ' നിന്ന് പുകച്ചുപുറത്തുചാടിച്ച കഥ സജീവ് പിള്ള ഇതിനകം പലവട്ടം പറഞ്ഞുകഴിഞ്ഞു. സംവിധായകന് പരിചയക്കുറവെന്നും വൻനഷ്ടമെന്നും ആരോപിച്ച് തിരക്കഥാകൃത്തായ സജീവിനെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി മാമാങ്കത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എം. പത്മകുമാർ ചിത്രം ഏറ്റെടുത്തു. തർക്കം ഇപ്പോഴും കോടതിയിലാണ്. മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ ദിവസം തന്നെ ചതിയിൽ പെടുത്തിയ കഥ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയാണ് സജീവ്. തന്റെ തിരക്കഥയിൽ പൂർണബോധ്യം വന്നിട്ടാണ് നിർമ്മാതാവ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്. എന്നാൽ, മാപ്പർഹിക്കാത്ത ഒരു മണ്ടത്തരം താൻ ചെയ്തതായി സജീവ് പറയുന്നു. 'അമിതമായ ആവേശത്തിൽ, പിന്നിലെ കർക്കശമായ തന്ത്രങ്ങൾ മനസ്സിലാക്കാതെ മധുരമായ പാഴ് വാക്കകളെ വിശ്വസിച്ച്, മാരകമായ അശ്രദ്ധയിൽ ഒരു കരാറ് ഒപ്പിട്ടു. ഇപ്പോൾ, ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്.'

പ്രശ്‌നം തുടങ്ങുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് എല്ലാവരാലും ഇത്രയേറെ പ്രകീർത്തിക്കപ്പെട്ട സ്‌ക്രിപ്ട് വികലമാക്കാൻ കഴിയില്ല എന്ന തന്റെ നിലപാടായിരുന്നുവെന്ന് സജീവ് പറയുന്നു. ഒരു മസാല തട്ടിക്കൂട്ടിന് താൻ തയാറല്ലായിരുന്നു. ആത്മാവും വലിപ്പവും നഷ്ടപ്പെട്ട ഒരു സ്ഥിരം പടപ്പ്. തന്റെ സംശയങ്ങൾ ഇപ്പോൾ ശരിയായിരിക്കുന്നു. സൂത്രത്തിൽ അതിനെ മറികടന്നിരിക്കുകയാണ്. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന 'ഫസ്റ്റ് ലുക്ക്' പോസ്റ്ററിൽ ഇല്ല. ഒരു പുതിയ പേരാണ് ടൈറ്റിലും ക്രഡിറ്റും. ഒരു ഒപ്പിട്ട് പോയി എന്നതുകൊണ്ട്, നിയമപരമായി മുന്നോട്ട് നീങ്ങുന്നതിൽ ചില പരിമിതികൾ ഉണ്ടാകാം. എന്തായാലും കോടതി തീരുമാനിക്കേണ്ടതാണ് ചിലതൊക്കെ. കോടതിയുടെ പരിഗണനയിലുമാണ്, സജീവ് കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാനെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വലിയ സമയമാണ് മാമാങ്കം സിനിമക്കായി കൊടുത്തത്. ഇതിവൃത്തത്തിന്റെ വൈകാരിക തീവ്രതയും അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയവും ഒപ്പം അതിന്റെ സമകാലികതയും സവിശേഷമായ ചരിത്ര പശ്ചാത്തലവും ഒക്കെ അത്രയേറെ പ്രചോദിപ്പിക്കുന്നതായിരുന്നു. ആർക്കും ഒഴിഞ്ഞ്മാറാൻ പറ്റാത്ത, എന്നും മനുഷ്യൻ അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങളും അത് ഉയർത്തുന്നുണ്ടായിരുന്നു. എഴുതി കഴിഞ്ഞപ്പോഴേക്കും ഒരുപാട് പേർക്ക് സ്‌ക്രിപ്ട് ഇഷ്ടമായി എന്ന് പറയുകയും ചെയ്തു. പ്രകീർത്തനങ്ങൾ പല തലത്തിൽ നിന്നും ധാരാളമായി വന്നു. സ്‌ക്രിപ്ട് പലപ്രാവശ്യം പൂർണ്ണമായി വായിച്ച് ബോധ്യം വന്നാണ് ഇപ്പോഴത്തെ നിർമ്മാതാവ് പോലും ഈ പ്രൊജക്ടിലേക്ക് വന്നത്. പക്ഷേ, മാപ്പർഹിക്കാത്ത ഒരു മണ്ടത്തരം ഞാൻ ചെയ്തു: അമിതമായ ആവേശത്തിൽ, പിന്നിലെ കർക്കശമായ തന്ത്രങ്ങൾ മനസ്സിലാക്കാതെ മധുരമായ പാഴ് വാക്കുകളെ വിശ്വസിച്ച്, മാരകമായ അശ്രദ്ധയിൽ ഒരു കരാറ് ഒപ്പിട്ടു. ഇപ്പോൾ, ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്.

എന്നെയും ഒപ്പം രാജ്യത്തെ പേരുകേട്ട സാങ്കേതിക വിദഗ്ധരെയും അഭിനേതാക്കളേയും ഒക്കെ തൊഴിലടത്തെ കേവല മര്യാദകൾ പോലും ഇല്ലാതെ ഒഴിവാക്കി, നിർമ്മാതാവിന്റെ താല്പര്യമനുസരിച്ച് മാത്രം മുന്നോട്ട് പോയപ്പോൾ നിർമ്മാതാവിനെ കണ്ണടച്ച് പിന്തുണച്ചവരും പറഞ്ഞു: സംവിധാനം മഹാമോശം. സ്‌ക്രിപ്ട് ഗംഭീരം. സത്യത്തിൽ പ്രശ്‌നം തുടങ്ങുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് എല്ലാവരാലും ഇത്രയേറെ പ്രകീർത്തിക്കപ്പെട്ട സ്‌ക്രിപ്ട് വികലമാക്കാൻ കഴിയില്ല എന്ന എന്റെ നിലപാടായിരുന്നു. ഒരു മസാല തട്ടിക്കൂട്ടിന് ഞാൻ തയാറല്ലായിരുന്നു. ആത്മാവും വലിപ്പവും നഷ്ടപ്പെട്ട ഒരു സ്ഥിരം പടപ്പ്. എന്റെ സംശയങ്ങൾ ഇപ്പോൾ ശരിയായിരിക്കുന്നു. സൂത്രത്തിൽ അതിനെ മറികടന്നിരിക്കുകയാണ്. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന 'ഫസ്റ്റ് ലുക്ക്' പോസ്റ്ററിൽ ഇല്ല. ഒരു പുതിയ പേരാണ് ടൈറ്റിലും ക്രഡിറ്റും.

ഒരു ഒപ്പിട്ട് പോയി എന്നതുകൊണ്ട്, നിയമപരമായി മുന്നോട്ട് നീങ്ങുന്നതിൽ ചില പരിമിതികൾ ഉണ്ടാകാം. എന്തായാലും കോടതി തീരുമാനിക്കേണ്ടതാണ് ചിലതൊക്കെ. കോടതിയുടെ പരിഗണനയിലുമാണ്. ഒന്നും ഇവിടെ അവസാനിക്കുന്നില്ല. എല്ലാം പൂർണ്ണമായും വിഫലമായിട്ടില്ല. മറുവഴികൾ ഇനിയും ഇപ്പോഴും ഉണ്ട്, എന്നുപറഞ്ഞാണ് സജീവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇത്തരം ചതികളിൽ പെട്ട്, ഹൃദയം പൊട്ടിയും സ്‌ട്രോക്ക് വന്നും ഡിപ്രഷനിൽ വീണും നരകിച്ച് മരിച്ച മലയാളത്തിന്റെ എക്കാലത്തേയും വലിയ ചില സംവിധായകരേയും അഭിനേതാക്കളേയും കലാകാരന്മാരേയും കുറിച്ച് കേട്ടിട്ടുള്ളത് ഓർക്കാം. (പലതും സമീപ കാലങ്ങളിലായിരുന്നെങ്കിലും, തെളിവുകളോ തെളിയിക്കാൻ രേഖകളോ ഇല്ലാത്തതുകൊണ്ട് പേരുകൾ പരാമർശിക്കുന്നില്ല.) പരസ്യമായും രഹസ്യമായും ബഹിഷ്‌കരിക്കുകയും തമസ്‌കരിക്കുകയും ചെയ്തതല്ലാതെ ഒരു സംഘടനയും അവരെ പിന്തുണച്ചില്ലായെന്ന് മാത്രമല്ല വേട്ടക്കാർക്കും ചതിയന്മാർക്കും ഒപ്പം ആവേശത്തോടെ നിൽക്കുകയും ചെയ്തു. ഇപ്പോഴും നിൽക്കുന്നു. അത്തരം കൊലച്ചതികളിൽ പോലും ഉണ്ടായിരുന്ന തൊഴിൽ സംസ്‌കാരത്തിന്റെ ലാഞ്ചനയും ഇപ്പോൾ പോവുകയാണ്. അത്യമിതമായ പണം ഉണ്ടാക്കുന്ന മനോനില സാധാരണ അവസ്ഥകളിൽ നിൽക്കുന്നവരുടെയൊക്കെ കോംപ്രിഹെൻഷന് നിരക്കുന്നതല്ല. എത്ര പണം മുടക്കിയാലും അവനെ (സൃഷ്ടാവിനെ) നശിപ്പിക്കും എന്ന വാശി പരിചയമുള്ളതാകണമെന്നില്ല. അത് മൂർച്ഛിപ്പിച്ച്, സംസ്‌കാരശൂന്യമായ ധാർഷ്ട്യത്തിന് ദാസ്യം ചെയത്, സംഘടനാ താക്കോലുകൾ സമ്പാദിച്ച പണം ആരും അറിയാതെ പോവുമെങ്കിലും പദ്ധതിപടങ്ങളും പലതരം വേഷങ്ങളും ഒക്കെ വഴിയെ കാണാം എന്ന് പ്രതീക്ഷിക്കുന്നു.

എല്ലാം അറിഞ്ഞിട്ടും, മിണ്ടിയാൽ, ഇൻഡസ്ട്രി ബന്ധങ്ങളിൽ കോട്ടം ഉണ്ടാകുമെന്നും പിന്നെ സിനിമ ചെയ്യാൻ പാടായിരിക്കുമെന്നും ഒക്കെ കരുതി നിശബ്ദരായി കാണുന്ന പല മേഖലകളിലായി സിനിമയിൽ പണിയെടുക്കുന്ന ചിലരെങ്കിലും ഇത് ഇതേവരെ ഇല്ലാത്ത കീഴ് വഴക്കമാണ് കൊണ്ടു വരുന്നതെന്ന് തിരിച്ചറിയുക എങ്കിലും ചെയ്യും എന്ന് ഞാൻ പ്രത്യാശിക്കുന്നു. രാജ്യത്തെ പേരു കേട്ട സാങ്കേതിക വിദഗ്ധരെയും പൂർണ്ണാർപ്പണം നടത്തിയ അഭിനേതാക്കളെയുമെല്ലാം സാമാന്യ മര്യാദകൾ പോലും ഇല്ലാതെ ഒന്നടങ്കം പുറത്താക്കുക, ജീവിതം കൊടുത്ത, ഡേറ്റുൾപ്പടെ പ്രോജക്ടുണ്ടാക്കിയ, സ്രഷ്ടാവുൾപ്പടെയുള്ളവരെ പുറത്താക്കി പൂർണ്ണമായി തമസ്‌കരിക്കുക പരസ്യമായി തേജോവധം ചെയ്യുക ചതിയിൽ ബൗദ്ധികാവകാശം മുതൽ ക്രഡിറ്റുകൾ വരെ കയ്യടക്കുന്ന പുതിയ സംസ്‌കാരം ഉണ്ടാക്കുക എന്നതൊക്കെ നല്ല സൂചനയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

മാമാങ്കം തന്നെ, ആത്മാഭിമാനവും അന്തസ്സമുള്ള രാജ്യങ്ങളേയും ജനപഥങ്ങളേയും പണത്തിന്റെയും അതുവഴി ഉണ്ടാക്കിയ സൈനികബലത്തിന്റെയും ശക്തിയിൽ ചതിയിലൂടെ വളഞ്ഞ് പിടിച്ചതിന്റെയും, സൂക്ഷ്മതയിൽ ആത്മാഭിമാനത്തിന്റെയും നേരിന്റെയും നെറിയുടേയും വ്യക്തിത്വങ്ങളെ പോലും അഴിമതിയിലും പ്രലോഭനത്തിലും മുക്കിക്കൊല്ലുന്നതുമായ, സമഗ്രാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ്. ഇത്തരം ഒരു ആശയം പോലും സ്വപ്നം കാണാനുള്ള കെൽപ്പു പോലും ഇല്ലാതെ നടന്ന്, വ്യക്തിത്വമോ ആത്മാഭിമാനമോ ഇല്ലാതെ നാണം കെട്ടും ചതിച്ചും, ചതിക്കപ്പെടുന്നവരുടെ ജീവിതത്തെയും അധ്വാനത്തേയും തട്ടിയെടുത്ത് ഉളുപ്പില്ലാതെ വിജയകളാകാൻ കാത്ത് നിൽക്കുന്ന പരാന്നഭോജികൾ ഉള്ളപ്പോഴും, അടിപടലം വിജയിച്ച് വ്യാപിച്ച് നിൽക്കുന്ന സമഗ്രാധിപത്യത്തിനെതിരെ ഒറ്റപ്പെട്ട് മനുഷ്യർ നടത്തുന്ന പുറമേ ദുർബലമെന്ന് തോന്നുന്ന വെല്ലുവിളി ഏറ്റവും പ്രധാനമാണെന്ന് കരുതുന്നു. ഒറ്റപ്പെട്ട വീറുറ്റ പോരാട്ടം. അതില്ലെങ്കിൽ പിന്നെ ജീവിത്തിനെന്താണ് കാര്യം? അല്ലെങ്കിൽ എല്ലാം അടഞ്ഞ് പോവില്ലേ? അതിലൂടയല്ലേ ജീവിതം മുന്നോട്ട് പോകുന്നത്. അതാണ് പ്രത്യാശയും. ഒന്നും ഇവിടെ അവസാനിക്കുന്നില്ല. എല്ലാം പൂർണ്ണമായും വിഫലമായിട്ടില്ല. മറുവഴികൾ ഇനിയും ഇപ്പോഴും ഉണ്ട്.'

നിർമ്മാതാവുമായുള്ള തർക്കം ഒത്തുതീർപ്പിലെത്താതെ വന്നതോടെയാണ്, സജീവ് പിള്ള മാമാങ്കത്തിന് പുറത്തായത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദം മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 12 വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ്് സജീവ് പിള്ള ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. മുഖ്യനടൻ മമ്മൂട്ടി അടക്കമുള്ളവർ ഔട്ട്സ്റ്റാൻഡിങ് എന്നാണ് തിരക്കഥയെ വിശേഷിപ്പിച്ചത്. എന്നാൽ ചിത്രത്തിന്റെ ആദ്യ രണ്ടുഷെഡ്യൂളുകൾ പൂർത്തിയായപ്പോൾ നിർമ്മാതാവും സജീവും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി. സംവിധായകപ്പണി സജീവിന് അറിയില്ലെന്നായി നിർമ്മാതാവ് വേണു. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൂർണമായി നിർമ്മാതാവിനെ പിന്താങ്ങി. സജീവ് ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ തങ്ങൾ കണ്ടുവെന്നും അവ നിരാശാജനകമാണെന്നുമാണ് അസോസിയേഷൻ അംഗമായ ജി.സുരേഷ് കുമാർ പറഞ്ഞിരുന്നു. സിനിമയുടെ എഡിറ്റർ ശ്രീകർ പ്രസാദും ഇക്കാര്യം ശരിവച്ചുവെന്ന് സുരേഷ് പറഞ്ഞു. 13.5 കോടി മുതൽമുടക്കിയ ചിത്രം ഉപേക്ഷിക്കാൻ നിർമ്മാതാവ് വേണു തയ്യാറായിരുന്നില്ല. ആവശ്യം വന്നാൽ, സംവിധായകനെ നിർമ്മാതാവിന് നീക്കാമെന്ന് കരാറുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. അസോസിയേഷനും, ഫെഫ്കയും നടത്തിയ അനുരഞ്ജന ചർച്ചയിൽ സജീവിനെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു വേണു. എന്നാൽ, സജീവിനെ നിലനിർത്തിക്കൊണ്ടുതന്നെ എം.പത്മകുമാറിനെ വച്ച് ചിത്രം പൂർത്തിയാക്കാമെന്നുമായിരുന്നു അനുരഞ്ജന നിർദ്ദേശം. എന്നാൽ, താൻ സ്വന്തമായി ചിത്രം ചെയ്യുമെന്ന നിലപാടിൽ സജീവ് ഉറച്ചുനിന്നതോടെ ചർച്ച പൊളിഞ്ഞു.

ചിത്രത്തെ കുറിച്ച് പുറത്തു വന്ന വാർത്തകൾ മലയാള സിനിമയ്ക്ക് തന്നെ അപമാനകരമാണെന്ന് റസൂൽ പൂക്കുട്ടി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 2018 ൽ താൻ വായിച്ച തിരക്കഥകളിൽ ഏറ്റവും മികച്ച ഒന്നാണ് മാമാങ്കത്തിന്റേത്. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന എല്ലാം ആ തിരക്കഥയിലുണ്ടായിരുന്നു. വളരെ കഷ്ടമാണ് കാര്യങ്ങൾ ഇങ്ങനെയെല്ലാം അവസാനിക്കുന്നത്- പൂക്കുട്ടി ട്വീറ്റ് ഇങ്ങനെയായിരുന്നു.

മാമാങ്കത്തിന് വേണ്ടി ഒരു വർഷത്തോളം അധ്വാനിച്ച് ശരീരം മാറ്റിയെടുത്ത യുവനടന് ധ്രുവനെ സിനിമയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ഒഴിവാക്കിയത് മുതലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഇതിന് ശേഷം സംവിധായകന് സജീവ് പിള്ളയെയും ആദ്യ ഷെഡ്യൂളിലെ ഭൂരിഭാഗം പേരെയും മാറ്റിയതായി ആരോപണങ്ങൾ ഉയർന്നു.ഏതായാലും ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ വേളയിലും വിവാദങ്ങൾ അവസാനിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP