Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുന്ന സിപിഎമ്മിനും ദേശാഭിമാനിക്കും മറുപടിയുമായി സാജൻ പാറയിലിന്റെ കുടുംബം; സാജന്റെ ഭാര്യയും ഡ്രൈവറും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചന നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കും; തങ്ങൾക്കെതിരെ നടക്കുന്നത് ദുഷ്പ്രചാരണമെന്ന് സാജന്റെ ഭാര്യ ബീന; കുടുംബപ്രശ്‌നങ്ങളുണ്ടെന്ന് മൊഴി നൽകിയിട്ടില്ലെന്ന് മകൾ; അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമെന്നും കുടുംബം

ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുന്ന സിപിഎമ്മിനും ദേശാഭിമാനിക്കും മറുപടിയുമായി സാജൻ പാറയിലിന്റെ കുടുംബം; സാജന്റെ ഭാര്യയും ഡ്രൈവറും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചന  നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കും; തങ്ങൾക്കെതിരെ നടക്കുന്നത് ദുഷ്പ്രചാരണമെന്ന് സാജന്റെ ഭാര്യ ബീന; കുടുംബപ്രശ്‌നങ്ങളുണ്ടെന്ന് മൊഴി നൽകിയിട്ടില്ലെന്ന് മകൾ; അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമെന്നും കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂർ സംഭവത്തെ ചൊല്ലി തങ്ങൾക്കെതിരെ നടക്കുന്നത് ദുഷ്പ്രചാരണത്തിനെതിരെ ആത്മഹത്യ ചെയ്ത് സാജൻ പാറയിലിന്റെ കുടുംബം. സിപിഎം നടത്തുന്നത് കള്ളപ്രചാരണമാണെന്ന് സാജന്റെ ഭാര്യ ബീന പറഞ്ഞു. വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കുടുംബം സിപിഎമ്മിനും ദേശാഭിമാനിക്കുമെതിരെ ശക്തമായി ആഞ്ഞടിച്ചത്. കുടുംബപ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിൽ മകൾ മൊഴി നൽകിയെന്ന വാർത്ത പച്ചക്കള്ളമാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശാഭിമാനിക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞു. കുട്ടികളുടെ പേരിലും വാർത്ത പ്രചരിപ്പിക്കുകയാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും അവർ വ്യക്തമാക്കി.

ദേശാഭിമാനി വാർത്ത ഇങ്ങനെ:

ആന്തൂരിൽ വ്യവ്യസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത കേസിൽ സുപ്രധാന വഴിത്തിരിവെന്നാണ്് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. മാധ്യമങ്ങൾ ഏറ്റുപാടിയപോലെ കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് ദേശാഭിമാനി വിശദീകരിക്കുന്നു. സിപിഎം അനുഭാവിയായിരുന്നു സാജൻ. പി ജയരാജന്റെ അടുത്ത അനുയായി. ജയരാജനുമായുള്ള ബന്ധം കാരണമാണ് ആന്തൂർ നഗരസഭ സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതെന്ന് ആരോപണമുയർന്നിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ പികെ ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂർ നഗരസഭാ അധ്യക്ഷ പികെ ശ്യാമള. ശ്യാമളയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനിയിലൂടെ അന്വേഷണത്തിലെ റിപ്പോർട്ട് പുറത്തു വിടുന്നത്.

സാജന്റെ പേരിലുള്ള മൂന്ന് സിംകാർഡുകളിൽ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് വന്ന ഫോൺകോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയത്. അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മൻസൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. ഫോണും കസ്റ്റഡിയിലെടുത്തു. സാജൻ പാറയിലിന്റെ ഡ്രൈവറായിരുന്നു മൻസൂർ. മൻസൂറിനും സാജന്റെ അടുത്ത ബന്ധുക്കളിൽ ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അതാണ് ആത്മഹത്യാ കാരണമെന്നും വിശദീകരിക്കുകയാണ് ദേശാഭിമാനി. ഇത്തരത്തിലൊരു നിഗമനത്തിലാകും അന്വേഷണ സംഘം എത്തുക. സാജന്റെ ഭാര്യയെ സംശയ നിഴലിൽ നിർത്തും വിധമാണ് ദേശാഭിമാനി വാർത്ത.

മൻസൂറിന്റെ ഫോൺകോളുകളും അതേതുടർന്നുള്ള പ്രശ്നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസെന്ന് ദേശാഭിമാനി പറയുന്നു. ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ് 2400ൽപരം കോളുകൾ വന്നത്. 25 കോളുകൾ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകൾ നീളുന്നവ. സാജൻ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോൾ വന്നു. ഇതിനുശേഷമാണ് സാജൻ ആത്മഹത്യചെയ്തതെന്ന് ദേശാഭിമാനി പറയുന്നു.

സാജന്റെയും ബന്ധുകളുടെയും ഫോണുകൾ പൊലീസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ആത്മഹത്യയുടെ യഥാർഥ കാരണം കണ്ടെത്തിയതെന്നാണ് ദേശാഭിമാനി വാർത്ത. കൺവൻഷൻ സെന്ററിന്റെ പ്രവർത്തനാനുമതി നീളുന്നതിൽ സാജന് മനോവിഷമമുണ്ടായിരുന്നു. എന്നാൽ ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമായിരുന്നില്ല. കാര്യങ്ങൾ ശരിയായി വരുന്നുണ്ടെന്ന് അദ്ദേഹം പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതെല്ലാം സാധൂകരിക്കുന്ന തെളിവാണ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ചതെന്നാണ് ദേശാഭിമാനി വിശദീകരിക്കുന്നത്.

സാജന്റ് ആത്മഹത്യയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയത് സാജന്റെ ഭാര്യയാണ്. പികെ ശ്യാമളയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും ഉയർത്തി. ഇതിന് പിന്നാലെ സാജന്റെ പ്രശ്നങ്ങൾ പി ജയരാജനും സമ്മതിച്ചു. പാർട്ടി ഗ്രാമമാണ് ആന്തൂർ. ഇവിടെ എല്ലാ നഗരസഭാ കൗൺസിലർമാരും ഇടതുപക്ഷക്കാർ. 11 ഇടത്ത് എതിരില്ലാതെയാണ് ജയിച്ചത്. പാർട്ടി കോട്ടയിൽ പാർട്ടി അനുഭാവിയായ സാജൻ ആത്മഹത്യ ചെയ്തത് പികെ ശ്യാമള കാരണമാണെന്ന ആരോപണം സിപിഎമ്മിന് വെല്ലുവിളിയായിരുന്നു. ഇത് അണികളുടെ പ്രതിഷേധത്തിനും കാരണമായി. സാജന്റെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അന്വേഷണം വാദിയെ പ്രതിയാക്കുന്നുവെന്നതാണ് വസ്തുതയെന്ന് വേണം ദേശാഭിമാനി വാർത്തയിലൂടെ അനുമാനിക്കാൻ.

സാജൻ പാറയിൽ ആത്മഹത്യാ ചെയ്ത വിഷയത്തിൽ സത്യം ഒരിക്കൽ പുറത്ത് വരുമെന്ന് പറഞ്ഞ് നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമള പ്രതികരിച്ചിരുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന വിരുദ്ധമാണെന്നും പി.കെ ശ്യാമള പറഞ്ഞു. സാജന്റെ ആത്മഹത്യ അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് തന്റെ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ ശ്യാമള .സാജന്റെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തോട് താൻ പറഞ്ഞതെന്നും ശ്യാമള വെളിപ്പെടുത്തി. ശ്യാമളയ്ക്ക് മുൻപ് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്. നർക്കോർട്ടിക്‌സ് ഡി.വൈ.എസ്‌പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ശ്യാമളയ്ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണമെന്നാണ് സാജന്റെ കുടുംബം ഇപ്പോഴും ആവശ്യപ്പെടുന്നത്.സാജന്റെ സ്ഥാപനത്തിന് ഇതിനോടകം പ്രവർത്തനാനുമതി നൽകിയിട്ടുണ്ട് . സ്ഥാപനത്തിലെ ഒന്നൊഴികെയുള്ള എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചിട്ടുണെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിലെ അപാകതകൾ പരിഹരിച്ച ശേഷമുള്ള രൂപരേഖ പാർത്ഥ കൺവെൻഷൻ സെന്ററിന്റെ ഉടമകൾ നഗരസഭയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഡ്രൈവറുടെ ഫോൺ വിളിയിൽ അന്വേഷണം.

ഇതിനൊടുവിൽ സാജന്റെ ഭാര്യയേയും ഡ്രൈവറേയും ആത്മഹത്യാ പ്രേരണകുറ്റത്തിൽ പ്രതിചേർക്കാനാണ് പൊലീസിന്റെ നീക്കം. തെളിവുണ്ടെങ്കിൽ സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യണമെന്നതാണ് സിപിഎം നിർദ്ദേശം. പാർട്ടിക്ക് ആന്തൂരിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനാണ് ഇത്.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ രാജിവെക്കണമെന്നാവശ്യപ്പെട്ടും കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന പദയാത്ര തുടരുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ പ്രധാന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സതീശൻ പാച്ചേനിക്ക് പതാക കൈമാറിയാണ് പദയാത്രയ്ക്ക് തുടക്കം കുറിച്ചത്. ഇത്തരം രാഷ്ട്രീയ സമരങ്ങളുടെ മൂർച്ച കുറയ്ക്കാൻ കൂടി വേണ്ടിയാണ് ഇന്ന് തന്നെ ദേശാഭിമാനി വാർത്ത നൽകിയതെന്ന വിലയിരുത്തലുമുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP