Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർത്ഥാ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തത് ചുളു വിലയ്ക്ക് കെട്ടിടം സ്വന്തമാക്കാൻ; എല്ലാം നടന്നത് ചില ഉന്നതരുടെ മക്കൾക്ക് വേണ്ടി; അപവാദ കഥകൾ കുടുംബത്തിനെതിരെ പ്രചരിപ്പിച്ചത് അന്വേഷണത്തിൽ പ്രമുഖർ കുടുങ്ങാതിരിക്കാൻ; എല്ലാത്തിനും നേതൃത്വം നൽകിയത് ഡി.വൈ.എസ്‌പിമാരായ സദാനന്ഗനും കൃഷ്ണദാസും; അപസർപ്പക കഥയ്ക്ക് പിന്നിലുള്ളത് പാർട്ടിയിൽ സാജന്റെ പണം കൊണ്ട് തടിച്ചു കൊഴുത്തവർ; ആഞ്ഞടിച്ച് കെ സുധാകരൻ; സാജൻ പാറയിലിനെ ചർച്ചയാക്കി ആന്തൂർ പിടിക്കാൻ കോൺഗ്രസ്

പാർത്ഥാ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തത് ചുളു വിലയ്ക്ക് കെട്ടിടം സ്വന്തമാക്കാൻ; എല്ലാം നടന്നത് ചില ഉന്നതരുടെ മക്കൾക്ക് വേണ്ടി; അപവാദ കഥകൾ കുടുംബത്തിനെതിരെ പ്രചരിപ്പിച്ചത് അന്വേഷണത്തിൽ പ്രമുഖർ കുടുങ്ങാതിരിക്കാൻ; എല്ലാത്തിനും നേതൃത്വം നൽകിയത് ഡി.വൈ.എസ്‌പിമാരായ സദാനന്ഗനും കൃഷ്ണദാസും; അപസർപ്പക കഥയ്ക്ക് പിന്നിലുള്ളത് പാർട്ടിയിൽ സാജന്റെ പണം കൊണ്ട് തടിച്ചു കൊഴുത്തവർ; ആഞ്ഞടിച്ച് കെ സുധാകരൻ; സാജൻ പാറയിലിനെ ചർച്ചയാക്കി ആന്തൂർ പിടിക്കാൻ കോൺഗ്രസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാർത്ഥാസ് കൺവെൻഷൻ സെന്റർ ചുളുവിലക്ക് തട്ടിയെടുക്കാൻ സിപിഎം. ഉന്നതരുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് നേതാക്കൾ. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിന് ഐക്യദാർഢ്യമായി നടത്തിയ സ്നേഹ സാന്ത്വന യാത്രയുടെ സമാപന പൊതുയോഗത്തിലാണ് കെ.പി.സി. സി. വർക്കിങ് പ്രസിഡണ്ട് കെ. സുധാകരനും സാന്ത്വന യാത്ര നടത്തിയ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും ഇത്തരമൊരു ആരോപണമുന്നയിച്ചത്.

പ്രവാസി വ്യവസായി സാജന്റെ മരണത്തെ തുടർന്ന് ആന്തൂർ നഗരസഭ വാർത്തകളിൽ നിറയുകയായായിരുന്നു. കൺവെൻഷൻ സെന്ററിന് നഗരസഭയുടെ ലൈസൻസ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. നഗരസഭാ ചെയർപേഴ്സൺ പികെ ശ്യാമളക്ക് എതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സാജന്റെ കുടുംബം. നഗരസഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ കണ്ണൂരിലെ സിപിഎമ്മിനെയാണ് പ്രതിരോധത്തിലാക്കുന്നത്. കാരണം നഗരസഭയിലെ 28 ജനപ്രതിനിധികളും സിപിഎം അംഗങ്ങളാണ് എന്നതു തന്നെ. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിഷേധം ആആളിക്കത്തിക്കുന്നത്.
കോൺഗ്രസ് ആരോപണം ഇങ്ങനെ:

ജില്ലയിലെ ദിനേശ് ഓഡിറ്റോറിയം ഉൾപ്പെടെയുള്ള പല കെട്ടിടങ്ങൾക്കും ലൈസൻസ് നൽകിയതുപോലെ സാജന്റെ കെട്ടിടത്തിനും നൽകേണ്ടതായിരുന്നു. ആന്തൂരിലെ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കുകയും അപ്പോൾ തന്നെ കുറഞ്ഞ വിലയ്ക്ക് ഈ സെന്റർ വിൽക്കാൻ സാജനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. സാജന്റെ ആത്മഹത്യയിൽ സംശയിക്കപ്പെടുന്ന ചില ഉന്നതരുടെ മക്കൾക്ക് വേണ്ടിയായിരുന്നു ഇത്തരത്തിൽ പ്രവാസിയെ സമ്മർദ്ദത്തിലാക്കിയത്. അതിനായി സാജൻ തനിച്ച് പങ്കെടുത്ത ഒരു കൂടിക്കാഴ്ച ഒരുക്കിയിരുന്നു. അതിന് ശേഷമാണ് സാജന്റെ മനോനില തകർന്നതെന്നും കുടുംബം തന്നെ ആരോപിക്കുന്നുണ്ട്. കെ.സുധാകരൻ പറഞ്ഞു. എവിടെയായിരുന്നു ആ കൂടിക്കാഴ്ച? ആരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്? ഇത്തരം കാര്യങ്ങളെല്ലാം അന്വേഷിച്ചു കണ്ടെത്താൻ പൊലീസിന് കഴിയുമായിരുന്നു. എന്നാൽ അതൊന്നും അന്വേഷിക്കാതെ സാജന്റെ കുടുംബത്തിന് നേരെ അപവാദ കഥകൾ പ്രചരിപ്പിച്ച് അപമാനിക്കുന്ന സമീപനമാണ് പൊലീസും സ്വീകരിച്ചത്.

ഇതിന് നേതൃത്വം നൽകിയത് കണ്ണൂർ ഡി.വൈ.എസ്‌പി. പി.പി.സദാനന്ദനും നാർക്കോട്ടിക് ഡി.വൈ. എസ്. പി. വി.കെ. കൃഷ്ണദാസുമാണ്. നേതാക്കൾ ആരോപിച്ചു. വ്യവസായി സാജൻ വിശ്വാസമർപ്പിച്ച പാർട്ടിയിൽ സാജന്റെ പണം കൊണ്ട് തടിച്ചു കൊഴുത്തപ്പോഴാണ് ഇത്തരം അപസർപ്പക കഥയുണ്ടാക്കി രംഗത്ത് വരുന്നത്. ഇനി സാജന്റെ കുടുംബം കൂടി ആത്മഹത്യ ചെയ്യണമോ എന്ന ആഗ്രഹം സിപിഎം. ന് ഉണ്ടോ എന്ന് വ്യക്തമാക്കണം. സിപിഎം. പ്രവർത്തകർക്ക് നട്ടെല്ലുണ്ടെങ്കിൽ പാർട്ടിയുടെ ഇത്തരം ശൈലിക്കെതിരെ ചോദ്യം ചെയ്യാൻ തയ്യാറാവണമെന്ന് നേതാക്കൾ ചോദിച്ചു. കെ. സുധാകരൻ എം. പി. പൊതുയോഗം ഉത്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി അദ്ധ്യക്ഷനായിരുന്നു. വളപട്ടണത്തു നിന്നും ആരംഭിച്ച സാന്ത്വന യാത്ര സാജൻ പാറയിലിന്റെ കൊറ്റാളിയിലെ വീട്ടിന് സമീപത്താണ് സമാപിച്ചത്. കോൺഗ്രസ്സ് നേതാക്കളായ കെ.സി. ജോസഫ് എം. എൽ.എ, ഷാനി മോൾ ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. സാന്ത്വന ജാഥയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ തെരുവു നാടകവും അവതരിക്കപ്പെട്ടു.

തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ചതാണ് ആന്തൂർ നഗരസഭ. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും അഞ്ചാംപീടികയും തളിയിലും വെള്ളിക്കീലുമൊക്കെ ഉൾപ്പെടുന്ന നഗരസഭയിൽ വോട്ടെടുപ്പിന് മുമ്പ് തന്നെ സിപിഎം ഭരണം ഉറപ്പിച്ചിരുന്നു. 2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ 28ൽ 14 വാർഡുകളിലും സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിക്കുകയായിരുന്നു. സിപിഎമ്മിന് എതിരെ മത്സരിക്കാൻ പത്ത് വാർഡുകളിലേക്ക് സ്ഥാനാർത്ഥികളെ നിർത്താൻ പോലും കോൺഗ്രസിനോ ബിജെപിക്കോ കഴിഞ്ഞിരുന്നില്ല. ആന്തൂരിൽ പിടിമുറുക്കാൻ ഈ സാഹചര്യം ഉപയോഗിക്കുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമാണ് സിപിഎമ്മിനെ കടന്നാക്രമിക്കുന്നത്.

നാലിടത്തെ എതിരാളികളുടെ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളുകകൂടി ചെയ്തതോടെയാണ് സിപിഎം വോട്ടെടുപ്പിന് മുന്നേ നഗരസഭ ഭരണം ഉറപ്പിച്ചത്. മറ്റു പതിനാല് വാർഡുകളിലും എതിർ സ്താനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു സിപിഎം സ്ഥാനാർത്ഥികളുടെ വിജയം. 12 ഇടത്ത് യുഡിഎഫ് രണ്ടാമതെത്തിയപ്പോൾ രണ്ടിടത്ത് ബിജെപിയും രണ്ടാം സ്ഥാനത്തെത്തി. ഇതിൽ മിക്ക വാർഡുകളിലും നൂറിൽ താഴെ വോട്ടു മാത്രമായിരുന്നു രണ്ടാമതെത്തിയവർക്ക് ലഭിച്ചത്. ഈ ഇടത് കോട്ടയാണ് പൊളിക്കാൻ സുധാകരനും സതീശൻ പാച്ചേനിയും ശ്രമിക്കുന്നത്.

ആന്തൂർ പ്രശ്നത്തിൽ സിപിഎം നേതൃത്വം രണ്ടു തട്ടിലാണെന്നു വെളിപ്പെട്ടു കഴിഞ്ഞു. സിപിഎം ജില്ലാ നേതൃത്വം എടുത്ത തീരുമാനത്തെ സംസ്ഥാന സെക്രട്ടറി പരസ്യമായി തള്ളിയിരിക്കുകയാണ്. പ്രവാസി വ്യവസായി സാജൻ പാറയിൽ ആന്തൂർ നഗരസഭയിൽ നിർമ്മിച്ച കെട്ടിടത്തിന് അന്തിമാനുമതി ലഭിക്കാനുള്ള അപേക്ഷ വച്ചുതാമസിപ്പിച്ചതിന്റെ ഉത്തരവാദിത്തം ആർക്കെന്ന കാര്യത്തിൽ സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ രണ്ടു തട്ടിലാണ്. നിയമപരമായ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെങ്കിലും ജനപ്രതിനിധിയെന്ന നിലയിൽ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കും വീഴ്ചയുണ്ടായെന്നാണു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഉദ്യോഗസ്ഥർ മാത്രമാണു കുറ്റക്കാരെന്നും ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടില്ലെന്നുമാണു സംസ്ഥാന നേതൃത്വം പറയുന്നത്. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്നും അവർ രാജിസന്നദ്ധത അറിയിച്ചെന്നും പൊതുയോഗം നടത്തി ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശ്യാമളയ്ക്കു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ക്ലീൻചിറ്റ് നൽകിയത്.

ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയെ വേദിയിലിരുത്തിയാണ് അവർക്കു വീഴ്ച പറ്റിയെന്നു ജില്ലാ സെക്രട്ടറി എം വിജയരാജനും സംസ്ഥാന സമിതി അംഗം പി.ജയരാജനും പറഞ്ഞത്. നഗരസഭയിലെ പ്രശ്നങ്ങളിൽ പി.ജയരാജൻ ഇടപെട്ടതു പാർട്ടിയിലെ ചില നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന ആരോപണമുണ്ട്. ഇതിനിടെയിലും സിപിഎം സംസ്ഥാന നേതൃത്വം ശ്യാമളയ്ക്ക് പിന്തുണ നൽകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP