Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാജന് പാർട്ടി അംഗത്വം ഇല്ലാതെ പോയത് വിദേശത്തായതു കൊണ്ട് മാത്രം; നാട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാ പരിപാടികലുടേയും സ്‌പോൺസറായി; എന്നിട്ടും തൂങ്ങി ചാവേണ്ടി വന്നത് അന്തൂരിലെ പാർട്ടി അണികൾക്കിടയിൽ ഉണ്ടാക്കിയത് ഞെട്ടലും രോഷവും; ഉദ്യോഗസ്ഥരെ ബലിയാടാക്കി ശ്യാമളയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ പേരിൽ പാർട്ടിക്കുള്ളിലും ഉരുൾ പൊട്ടൽ; സാജന്റെ ആത്മഹത്യ ആന്തൂരിലെ സിപിഎമ്മിന്റെ അടിവേരിളക്കുമോ?

സാജന് പാർട്ടി അംഗത്വം ഇല്ലാതെ പോയത് വിദേശത്തായതു കൊണ്ട് മാത്രം; നാട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാ പരിപാടികലുടേയും സ്‌പോൺസറായി; എന്നിട്ടും തൂങ്ങി ചാവേണ്ടി വന്നത് അന്തൂരിലെ പാർട്ടി അണികൾക്കിടയിൽ ഉണ്ടാക്കിയത് ഞെട്ടലും രോഷവും; ഉദ്യോഗസ്ഥരെ ബലിയാടാക്കി ശ്യാമളയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ പേരിൽ പാർട്ടിക്കുള്ളിലും ഉരുൾ പൊട്ടൽ; സാജന്റെ ആത്മഹത്യ ആന്തൂരിലെ സിപിഎമ്മിന്റെ അടിവേരിളക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശബരിമലയിലെ ഇടപെടൽ ലോക്‌സഭയിൽ സിപിഎമ്മിന്റെ അടിതെറ്റിച്ചു. കാസർഗോഡും ആലത്തൂരും പാലക്കാടും ആറ്റിങ്ങലിലും തോറ്റത്തിന് കാരണം ഇനിയും കണ്ടെത്താൻ പാർട്ടിക്കായിട്ടില്ല. വിശ്വാസികൾ കൂട്ടത്തോടെ പാർട്ടി വിട്ടു പോയതാണ് കണ്ണൂരിലും കാസർഗോട്ടും വമ്പൻ തോൽവിക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് ആന്തൂരിലെ വിവാദം സിപിഎമ്മിനെ വെട്ടിലാക്കുന്നത്. പ്രതിപക്ഷം പോലുമില്ലാത്ത കേരളത്തിലെ നഗരസഭയാണ് ആന്തൂർ. എന്തും ഏതും തീരുമാനിക്കുന്നത് സിപിഎം. കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യമാളയാണ് ചെയർമാൻ. ഇതിനിടെയാണ് പാർട്ടിയുടെ കടുത്ത അനുഭാവിയായ പ്രവാസി സാജൻ പാറയിൽ ആത്മഹത്യ ചെയ്യുന്നത്. ആന്തൂരിലും സിപിഎമ്മിൽ ഇളക്കം തട്ടുന്ന സംഭവമാണ് ഇത്. പാർട്ടിക്ക് വേണ്ടി ജീവിച്ചിട്ടും സിപിഎം ഭരിക്കുന്ന നഗരസഭയിൽ നിന്ന് സാജന് നീതി കിട്ടിയില്ല. ഇതെന്ത് രാഷ്ട്രീമെന്ന ചോദ്യം ആന്തൂരിലെ സിപിഎമ്മുകാർക്കിടയിൽ ശക്തമാണ്.

ആന്തൂർ എക്കാലവും സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണ്. ഇവിടെ 28 ൽ 27 കൗൺസിലർമാരും സിപിഎം. ഒരു സീറ്റ് സിപിഐയ്ക്ക്. 28 ൽ 14 പേർ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. പല വാർഡുകളിലും നാമനിർദ്ദേശപത്രിക കൊടുക്കാൻ പോലും യുഡിഎഫിനു ധൈര്യമില്ലാത്ത നഗരസഭയാണ് ഇത്. ഇത്തരത്തിലൊരു സ്ഥലത്താണ് സിപിഎം പ്രതിസന്ധി നേരിടുന്നത്. അതുകൊണ്ടാണ് സാജന്റെ ആത്മഹത്യയിൽ അതിവേഗ നടപടികൾ സർക്കാർ എടുത്തത്. സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. എല്ലാം ഉദ്യോഗസ്ഥരുടെ പ്രശ്‌നമാണെന്ന് വരുത്താനാണ് ശ്രമം. ഇതിലൂടെ പ്രശ്‌നം ഒതുക്കാനാണ് നീക്കം. എന്നാൽ ചെയർപേഴ്‌സൺ ശ്യാമളായാണ് സാജന്റെ മരണത്തിന് ഉത്തരവാദിയെന്ന വാദം ഇപ്പോഴും ആന്തൂരിൽ സജീവമാണ്. ഇത് സിപിഎമ്മിന് തലവേദനയായി തുടരുകയാണ്.

അവസരം മുതലെടുക്കാൻ കോൺഗ്രസും ഉണ്ട്. ആന്തൂർ ബക്കളത്ത് പാർഥ കൺവൻഷൻ സെന്റർ ഉടമ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള, സെക്രട്ടറി എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സാജന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആന്തൂർ നഗരസഭ ഓഫിസിലേക്കു മാർച്ചും നടത്തി. ഇതും സിപിഎമ്മുകാർ മാത്രം നിയന്ത്രിക്കുന്ന നഗരസഭയിലെ വിചിത്ര കാഴ്ചയാണ്. ആന്തൂരിൽ അടുത്ത തെരഞ്ഞെടുപ്പിൽ അതിശക്തമായ മത്സരത്തിന് കോൺഗ്രസും എത്തും. കുടിവെള്ളം ലഭിക്കാത്തതിന് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവവും ഇവിടെയുണ്ടായി. കൺവൻഷൻ സെന്ററിന് അനുമതി നൽകുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിലും യുഡിഎഫ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ആന്തൂർ നഗരസഭാധികാരികളുടെ നിരന്തരമായ മാനസിക പീഡനത്തിനിരയായി യുവസംരംഭകൻ സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നു യുഡിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ഉദ്യോഗസ്ഥരുടെ പേരിൽ മാത്രം നടപടിയെടുത്തു യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കം വിലപ്പോവില്ല. നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയുടെ ദുർവാശിയാണു കാര്യങ്ങൾ വഷളാക്കിയത്. സിപിഎം നേതാവ് പി.ജയരാജൻ ഇടപെട്ടുവെന്നതിന്റെ പേരിൽ എം വിഗോവിന്ദന്റെ ഭാര്യ കൂടിയായ ശ്യാമള കൺവൻഷൻ സെന്ററിനു ബോധപൂർവം അനുമതി നൽകാതിരിക്കുകയും അനാവശ്യ തടസ്സ വാദങ്ങൾ ഉന്നയിക്കുകയുമായിരുന്നുവെന്ന് യുഡിഎഫ് പറയുന്നു. അവസരം മുതലാക്കിയുള്ള ഈ കോൺഗ്രസ് ഇടപെടലും വരും ദിനങ്ങളിൽ സിപിഎമ്മിന് തിരിച്ചടിയാകും.

വളരെ ചെറുപ്പത്തിൽ ചെറിയ ടെക്‌സ്‌റ്റൈൽ കമ്പനിയുടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയി വിവിധ ജില്ലകളിൽ പ്രവർത്തിച്ചായിരുന്നു സാജന്റെ തുടക്കം. പിന്നീട് മുംബൈയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ കമ്പനികളിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തു. വർഷങ്ങളായി കയറ്റുമതി കമ്പനിയിൽ ജനറൽ മാനേജരായി കുടുംബസമേതം നൈജീരിയയിലായിരുന്നു താമസം. 20 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിൽ നിന്നു ലഭിച്ച സമ്പാദ്യം നാടിനു കൂടി പ്രയോജനപ്പെടണമെന്നു കരുതിയാണു സാജൻ നാട്ടിൽ നിക്ഷേപത്തിനു തയാറായത്. വിവിധ വില്ല പ്രൊജക്ടുകളുടെ നിർമ്മാണം നടന്നു വരികയാണ്. ഇതിനിടെയാണ് കൺവൻഷൻ സെന്റർ പ്രതിസന്ധിയിലായത്. വില്ലകളുടെ നിർമ്മാണവും തടസ്സപ്പെടുത്താൻ നഗരസഭ ശ്രമിച്ചിരുന്നു. ഇതെല്ലാം ആന്തൂരിൽ വലിയ ചർച്ചയാണ് ഇപ്പോഴും. പി ജയരാജനെ ഇറക്കി പ്രതിഷേധം തണുപ്പിക്കാനാണ് സിപിഎം ശ്രമം.

സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭയ്‌ക്കെതിരെ സിപിഎം സൈബർ ഗ്രൂപ്പുകളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാർട്ടി അനുഭാവിയായിരുന്ന സാജൻ ആന്തൂർ അടക്കം പല പാർട്ടി ഗ്രാമങ്ങളിലെയും പരിപാടികളിലെ സജീവ സ്‌പോൺസറായിരുന്നു. പ്രവാസിയായതു കൊണ്ട് മാത്രമാണ് സാജൻ അംഗത്വം എടുക്കാതിരുന്നത്. വർഷങ്ങളായി വിദേശത്തായിരുന്നതിനാലാണു സാജൻ. നാട്ടിലെത്തിയാൽ പാർട്ടി വായനശാലകളുടെ പരിപാടികളിലും സൗകര്യങ്ങൾ വർധിപ്പിക്കാനും സാജൻ സാമ്പത്തികമായി പിന്തുണ നൽകിയിരുന്നു. അടുത്തിടെ പാർട്ടിയുടെ പിന്തുണയോടെ സംഘടിപ്പിച്ച കുളം നവീകരണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നൽകി. ഇതെല്ലാം പാർട്ടിയോടുള്ള കൂറിന്റെ പ്രതിഫലനമായിരുന്നു. എ്ന്നാൽ തന്റെ കൺവെൻഷൻ സെന്ററിന്റെ കാര്യം വന്നപ്പോൾ തീർത്തും നിരാശയായിരുന്നു ഫലം. സംഭവങ്ങളിൽ വില്ലനായത് സിപിഎമ്മിലെ വടംവലിയെന്ന ആരോപണം ശക്തമാണ്.

മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനുമായി അടുപ്പമുള്ള, പാർട്ടി അനുഭാവിയായ ഒരാൾക്ക് രേഖകൾ നൽകാതെ പിടിച്ചുവയ്ക്കാൻ ഉദ്യോഗസ്ഥർ വിചാരിച്ചാൽ എങ്ങനെ കഴിയും എന്ന ചോദ്യമാണ് ഉയരുന്നത്. രേഖ ലഭിക്കാതായപ്പോൾ പ്രശ്‌നത്തിൽ പി. ജയരാജൻ ഇടപെട്ടിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന നഗരസഭാധ്യക്ഷ, 'നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, സർട്ടിഫിക്കറ്റും അവിടെനിന്നു വാങ്ങിക്കോ' എന്നു വെല്ലുവിളിച്ചിരുന്നു. ഇതാണ് സാജനെ തളർത്തിയത്. ഇത് സാജന്റെ ഭാര്യ ആരോപണമായി ഉന്നയിച്ചു. ഇതോടെ പി ജയരാജന്റെ നേതൃത്വത്തിൽ തന്നെ സംഘം ആന്തൂരിലെത്തി. പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം വിജയരാജൻ, പി.െക.ശ്രീമതി എന്നിവരാണ് സാജന്റെ വീട് സന്ദർശിച്ചത്. കുടുംബാംഗങ്ങൾക്കു നിയമപോരാട്ടത്തിൽ പിന്തുണ അറിയിച്ചു. നഗരസഭാധ്യക്ഷ ഉൾപ്പെടെയുള്ളവർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കുടുംബം ഇന്നു പരാതി നൽകാനിരിക്കുകയാണ്. സംഭവത്തിൽ പാർട്ടിക്കെതിരെ കൂടി രോഷം ഉയർന്ന സാഹചര്യത്തിലായിരുന്നു നേതാക്കളുടെ സന്ദർശനം.

ആദ്യമെത്തിയ കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. പിന്നാലെ പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം വിജയരാജൻ എന്നിവരെത്തി ചർച്ച നടത്തി. സസ്‌പെൻഷൻ വിവരം കുടുംബാംഗങ്ങളെയും പിന്നീട് മാധ്യമപ്രവർത്തകരെയും എം വി ജയരാജൻ അറിയിച്ചു. ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്തിൽ സാജൻ ആത്മഹത്യചെയ്തതോടെ പ്രതിപക്ഷം സിപിഎമ്മിനെതിരേ ശക്തമായ ആരോപണവുമായി രംഗത്തെത്തി. ഇതോടെയാണ് സിപിഎം നേതാക്കൾ ആന്തുരിലെത്തിയത്. കണ്ണൂർ സിപിഎമ്മിലെ ചില നേതാക്കൾക്കിടയിലുള്ള വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്ന് കോൺഗ്രസും ബിജെപി.യും ആരോപിച്ചു. പാർട്ടി സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്റെ നേതൃത്വത്തിൽ വ്യവസായിക്ക് സഹായകമായ നിലപാടെടുത്തപ്പോൾ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ ഭാര്യയും ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ.ശ്യാമള ചെയർപേഴ്സണായ ആന്തൂർ നഗരസഭ അന്തിമാനുമതി നൽകുന്നതിൽ മുഖംതിരിച്ചുവെന്നതാണ് ഉയരുന്ന ആരോപണം.

നഗരസഭയുടെ സമീപനം മോശമായെന്ന് പി. ജയരാജൻതന്നെ പരസ്യമായി പറഞ്ഞു. നഗരസഭയുടെ ഭാഗത്തു വീഴ്ചയില്ലെന്ന് പി.കെ.ശ്യാമളയും പറഞ്ഞു. ചെയർപേഴ്സൺ രാജിവെക്കണമെന്ന് കോൺഗ്രസും ബിജെപി.യും ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗവും നടന്നു. വിഭാഗീയതയെന്നത് മാധ്യമസൃഷ്ടിയാണെന്നും ഉത്തരവാദികൾ ഉദ്യോഗസ്ഥരാണെന്നും ഉന്നയിച്ച് പി.ജയരാജൻ രംഗത്തെത്തി. എന്നാൽ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP